Vedanta group facebook page
Markets

വീണ്ടും ഷോര്‍ട് സെല്ലിംഗ് ഗെയിം! വേദാന്തയെ ലക്ഷ്യമിട്ട് വൈസ്രോയി റിസര്‍ച്ച്, കറക്കുകമ്പനിയെന്ന് ആരോപണം, ഓഹരിക്ക് കനത്ത നഷ്ടം

വേദാന്തയുടെ യു.കെ കേന്ദ്രമായ മാതൃകമ്പനി ഇന്ത്യയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട വേദാന്ത ലിമിറ്റഡിനെ സാമ്പത്തികമായി നശിപ്പിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു

Dhanam News Desk

യു.എസ് ഷോര്‍ട് സെല്ലിംഗ് കമ്പനിയായ വൈസ്രോയി റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടിന് പിന്നാലെ ശതകോടീശ്വരന്‍ അനില്‍ അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള വേദാന്ത റിസോഴ്‌സിന്റെ ഓഹരികള്‍ക്ക് ഇടിവ്. വേദാന്തയുടെ യു.കെ കേന്ദ്രമായ മാതൃകമ്പനി ഇന്ത്യയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട വേദാന്ത ലിമിറ്റഡിനെ സാമ്പത്തികമായി നശിപ്പിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. നിക്ഷേപകര്‍ക്ക് പ്രതീക്ഷിക്കാനാവാത്ത നഷ്ടമുണ്ടാക്കുന്ന തരത്തില്‍ സാമ്പത്തിക തട്ടിപ്പ് നടത്തുന്ന രീതിയിലാണ് കമ്പനിയുടെ പ്രവര്‍ത്തനമെന്നാണ് പ്രധാന ആരോപണം. പിന്നാലെ 8 ശതമാനത്തോളമാണ് ഇന്ന് വേദാന്തയുടെ ഓഹരി ഇടിഞ്ഞത്. വൈസ്രോയി റിസര്‍ച്ചിന്റെ ആരോപണം അടിസ്ഥാനമില്ലാത്തതാണെന്ന് വേദാന്തയും പ്രതികരിച്ചു.

വൈസ്രോയി റിസര്‍ച്ച്

സാമ്പത്തിക ഗവേഷണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ന്യൂയോര്‍ക്ക് കേന്ദ്രമായ സ്ഥാപനമെന്നാണ് വൈസ്രോയി റിസര്‍ച്ച് എല്‍.എല്‍.സിയുടെ വെബ്‌സൈറ്റ് പറയുന്നത്. ഓസ്‌ട്രേലിയന്‍ പങ്കാളികളായ ഐഡന്‍ ലൗ, ഗബ്രിയേല്‍ ബെര്‍ണാര്‍ഡ് എന്നിവര്‍ക്കൊപ്പം 2016ല്‍ ഫ്രേസര്‍ ജോണ്‍ പെറിംഗാണ് കമ്പനി സ്ഥാപിക്കുന്നത്. ആഗോള സാമ്പത്തിക രംഗത്ത് ഗുണപരമായ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് പ്രവര്‍ത്തനമെന്നാണ് വിശദീകരണം. എന്നാല്‍ ഓഹരികളുടെ വിലയിടിച്ച ശേഷം കുറഞ്ഞ വിലയില്‍ വാങ്ങിക്കൂട്ടുകയും വില ഉയരുമ്പോള്‍ വില്‍ക്കുകയും ചെയ്യുന്ന ഷോര്‍ട് സെല്ലിംഗാണ് വൈസ്രോയി ചെയ്യുന്നതെന്നാണ് ആരോപണം. യു.എസ് ഡ്യൂട്ടി ഒഴിവാക്കാന്‍ കുറുക്കുവഴികള്‍ തേടിയെന്ന പേരില്‍ 2023ല്‍ ജാപ്പനീസ് കമ്പനിയായ അവലാഞ്ചിനെതിരെയും (Abalance) സമാന തന്ത്രം ഉപയോഗിച്ചിരുന്നു. യു.കെയിലെ ഹോം ആര്‍.ഇ.ഐ.ടി പി.എല്‍.സി, സി.ടി.എസ് ലാബ് അടക്കം 29 കമ്പനികള്‍ക്കെതിരെയാണ് വൈസ്രോയി ഇതുവരെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

എന്താണ് ആരോപണം

വേദാന്തയുടെ 3 ബില്യന്‍ ഡോളറിന്റെ വായ്പാകുടിശിക മൂന്ന് വര്‍ഷത്തിനുള്ളില്‍ തീര്‍ക്കാന്‍ വേദാന്ത റിസോഴ്സസ് വിവിധ ബിസിനസുകളായി വേര്‍പെടുത്തുമെന്ന് 2024ല്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കമ്പനിയുടെ ഘടന സാമ്പത്തികപരമായി ഉറപ്പില്ലാത്തതാണെന്നും നിക്ഷേപകര്‍ക്ക് വലിയ ഭീഷണിയാണെന്നും വൈസ്രോയി റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. അന്വേഷണത്തില്‍ ഇതിന് വ്യക്തമായ തെളിവ് ലഭിച്ചതായും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. വേദാന്തയുടെ സാമ്പത്തിക നേട്ടങ്ങള്‍ മാതൃകമ്പനിയ്ക്ക് ഉപകാരമാകുന്ന രീതിയിലാണ് തയ്യാറാക്കിയിരിക്കുന്നത്. മതിയായ കണക്കില്ലാതെ പണം ചെലവാക്കുന്നതായും റിപ്പോര്‍ട്ടില്‍ തുടരുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ വേദാന്തയില്‍ നിന്ന് 75,800 കോടി രൂപയും സഹകമ്പനിയായ ഹിന്ദുസ്ഥാന്‍ സിങ്ക് 57,300 കോടി രൂപയുമാണ് ലാഭവിഹിതമായി അനുവദിച്ചതെന്നാണ് ഓഹരി വിപണിയിലെ കണക്കുകള്‍ വ്യക്തമാക്കുന്നത്. വേദാന്തയില്‍ 56.38 ശതമാനവും ഹിന്ദുസ്ഥാന്‍ സിങ്കില്‍ 61.62 ശതമാനവും ഓഹരിയാണ് വേദാന്ത റിസോഴ്‌സിനുള്ളത്.

അടിസ്ഥാനമില്ലാത്ത ആരോപണം

അതേസമയം, വൈസ്രോയി റിസര്‍ച്ചിന്റെ ആരോപണം ചില അസത്യങ്ങള്‍ ചേര്‍ത്തുവെച്ചതാണെന്നും കമ്പനിയെ താറടിക്കാനുള്ള ശ്രമമാണ് പിന്നിലെന്നുമാണ് വേദാന്തയുടെ മറുപടി. കമ്പനിയുടെ ഭാഗം കേള്‍ക്കാതെയുള്ള അന്വേഷണ റിപ്പോര്‍ട്ട് ദുരുദ്ദേശത്തോടെ മാത്രമാണെന്നേ കരുതാനാകൂ. പൊതുസമൂഹത്തിന്റെ മുന്നിലുള്ള കാര്യങ്ങള്‍ തെറ്റായ രീതിയില്‍ ലാഭേച്ഛയോടെ അവതരിപ്പിച്ചിരിക്കുകയാണെന്നും കമ്പനി ആരോപിക്കുന്നു. റിപ്പോര്‍ട്ട് പുറത്തുവന്നത് കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കിടെയാണെന്നും അസത്യപ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും മറുപടിയില്‍ പറയുന്നു.

ഓഹരിയില്‍ ഇടിവ്

വാര്‍ത്തകള്‍ക്ക് പിന്നാലെ വേദാന്തയുടെ ഓഹരികള്‍ 8 ശതമാനം ഇടിഞ്ഞ് ഒരോഹരിക്ക് 420.62 രൂപയിലെത്തിയിരുന്നു. എന്നാല്‍ വ്യാപാരാന്തം നില മെച്ചപ്പെടുത്തി ഒരോഹരിക്ക് 441.30 രൂപയിലെത്തി. വേദാന്തയുടെ സബ്‌സിഡിയറിയായ ഹിന്ദുസ്ഥാന്‍ സിങ്ക് ലിമിറ്റഡ് ഓഹരികള്‍ക്ക് അഞ്ച് ശതമാനം നഷ്ടമുണ്ടായി. കഴിഞ്ഞ ഒരു മാസത്തിനിടെ 19 ശതമാനം നഷ്ടം നേരിട്ട കമ്പനിയുടെ ഇക്കൊല്ലത്തെ നഷ്ടം 37 ശതമാനത്തിലെത്തിയെന്നും കണക്കുകള്‍ പറയുന്നു.

ഇനിയെന്ത്?

വേദാന്തക്കെതിരെ നിലവിലുള്ള ആരോപണങ്ങള്‍ മാത്രമാണ് വൈസ്രോയി റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടിലുള്ളതെന്നാണ് വിദഗ്ധര്‍ പറയുന്നത്. പുതിയ കണ്ടെത്തലുകളൊന്നുമില്ല. അതുകൊണ്ടാണ് ശക്തമായ തകര്‍ച്ചയില്‍ നിന്ന് ഓഹരികള്‍ തിരിച്ചുവരാനുള്ള പ്രവണത കാട്ടിയത്. ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകരെ ഈ വാര്‍ത്തകള്‍ സ്വാധീനിക്കുന്നുണ്ടോ എന്നാണ് ഇനി പരിശോധിക്കേണ്ടതെന്നും ഇവര്‍ പറയുന്നു.

Viceroy Research takes a short position on Vedanta Resources’ $4.9 bn debt, accusing it of draining its Indian unit. Vedanta calls the claims “baseless.” Shares dip ~7.8%.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT