വിജയ് കേഡിയ  
Markets

ഈ 'വിജയ് കേഡിയ' കമ്പനി ഐ.പി.ഒയ്ക്ക്; ഗ്രേ മാര്‍ക്കറ്റില്‍ ഓഹരി വില 75 ശതമാനം അധികം!

നാളെ തുടങ്ങുന്ന ഐ.പി.ഒ ഏപ്രില്‍ രണ്ടിന് അവസാനിക്കും

Dhanam News Desk

പ്രമുഖ ഓഹരി നിക്ഷേപകനായ വിജയ് കേഡിയയ്ക്ക് നിക്ഷേപമുള്ള കമ്പനിയായ ടി.എ.സി ഇന്‍ഫോസെക് ലിമിറ്റഡ് (TAC Infosec Limited) പ്രാരംഭ ഓഹരി വില്‍പനയ്ക്ക് (IPO). 28.3 ലക്ഷം ഓഹരികളാണ് കമ്പനി ഐ.പി.ഒ വഴി വിറ്റഴിക്കുക. ഐ.പി.ഒ വിജയകരമായാല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുന്ന ആദ്യ പൂര്‍ണ സൈബര്‍ സെക്യൂരിറ്റി കമ്പനിയാകും ടി.എ.സി.

നാളെ (മാര്‍ച്ച് 27) തുടങ്ങുന്ന ഐ.പി. ഏപ്രില്‍ രണ്ടിന് അവസാനിക്കും. 100 മുതല്‍ 106 രൂപ വരെയാണ് ഓഹരിക്ക് നിശ്ചയിച്ചിരിക്കുന്ന വില (Price Band).

നിലിവില്‍ 75 ശതമാനം വരെ പ്രീമിയത്തിലാണ് ഓഹരി ഗ്രേ മാര്‍ക്കറ്റില്‍ വിപണനം ചെയ്യുന്നത്. ഔദ്യോഗിക വിപണിക്കു പുറത്തുള്ള ഓഹരി വില്‍പ്പനയാണ് ഗ്രേ മാര്‍ക്കറ്റ് എന്നറിയപ്പെടുന്നത്. 

എന്‍.എസ്.ഇ എസ്.എം.ഇ പ്ലാറ്റ്‌ഫോമില്‍ 

ഐ.പി.ഒയ്ക്ക് ശേഷം സ്ഥാപകന്‍ തൃഷ്ണിത് അറോറയ്ക്ക് കമ്പനിയില്‍ 54.02 ശതമാനം ഓഹരികളുണ്ടാകും. വിജയ് കേഡിയയ്ക്ക് 10.95 ശതമാനം ഓഹരിയുമുണ്ടാകും. വിജയ്‌കേഡിയയുടെ മകന്‍ അങ്കിത് കേഡിയയ്ക്ക് 3.65 ശതമാനവും ചരണ്‍ജിത് സിംഗ്, സുബീന്ദര്‍ സിംഗ് ഖുറാന എന്നിവര്‍ക്ക് യഥാക്രമം 2.92 ശതമാനം, 1.46 ശതമാനം എന്നിങ്ങനെയും ഓഹരികളുണ്ടാകും.

ആങ്കര്‍ നിക്ഷേപകര്‍ക്കുള്ള വില്‍പ്പന ഇന്ന് നടക്കും.  ഏപ്രില്‍ അഞ്ചിന് ഓഹരി എന്‍.എസ്.ഇ എസ്.എം.ഇ പ്ലാറ്റ്‌ഫോമില്‍ ലിസ്റ്റ് ചെയ്യും.

മള്‍ട്ടി ബാഗര്‍ ഓഹരികള്‍

സ്വന്തം പേരിലും കേഡിയ സെക്യൂരിറ്റീസ് എന്ന സ്ഥാപനം വഴിയും നിരവധി കമ്പനികളില്‍ വിജയ്  കേഡിയ നിക്ഷേപം നടത്തുന്നുണ്ട്. ഏറ്റവും പുതിയ കണക്കനുസരിച്ച് 14 കമ്പനികളിലായി 1,200 കോടിയിലധികം രൂപയുടെ നിക്ഷേപമാണ് വിജയ് കേഡിയയ്ക്കുള്ളത്.

പ്രിസിഷന്‍ ക്യാംഷാഫ്റ്റ്, ഓം ഇന്‍ഫ്രാ, ടാല്‍ബ്രോസ് ഓട്ടോമോട്ടീവ് കോമ്പണന്റ്‌സ്, പട്ടേല്‍ എന്‍ജിനീയറിംഗ് സൊല്യൂഷന്‍സ്, ന്യൂലാന്‍ഡ് ലബോറട്ടറീസ് തുടങ്ങിയ ഓഹരികളിലെ നിക്ഷേപം വിജയ് കേഡിയയ്ക്ക് 100 ശതമാനത്തിലധികം നേട്ടമാണ് നല്‍കിയിട്ടുള്ളത്.

ഫെബ്രുവരി 22ന് നടന്ന ധനം ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് സമ്മിറ്റ് ആന്‍ഡ് അവാര്‍ഡ് നൈറ്റ് 2024ല്‍ മുഖ്യപ്രഭാഷകനായി വിജയ് കേഡിയ എത്തിയിരുന്നു. വിജയ് കേഡിയയുമായുള്ള അഭിമുഖം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT