Markets

ആല്‍ഫബെറ്റില്‍ 490 കോടി ഡോളര്‍ നിക്ഷേപിച്ച് വാറന്‍ ബഫറ്റ്; ആപ്പിള്‍, ബാങ്ക് ഓഫ് അമേരിക്ക ഓഹരികളിലെ വില്‍പ്പന തുടരുന്നു, വെളിപ്പെടുത്തല്‍ പടിയിറക്ക പ്രഖ്യാപനത്തിന് പിന്നാലെ

ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ബെര്‍ക്ക്‌ഷെയര്‍ മൊത്തം 640 കോടി ഡോളറിന്റെ ഓഹരികള്‍ വാങ്ങിയപ്പോള്‍ 1,250 കോടി ഡോളറിന്റെ ഓഹരികളാണ് വിറ്റഴിച്ചത്

Dhanam News Desk

ലോകപ്രശസ്ത നിക്ഷേപകനായ വാറന്‍ ബഫറ്റിന്റെ ബെര്‍ക്ക്‌ഷെയര്‍ ഹാത്തവേ (Berkshire Hathaway) മൂന്നാം പാദത്തില്‍ ഗൂഗിളിന്റെ മാതൃ സ്ഥാപനമായ ആല്‍ഫബെറ്റിന്റെ (Alphabet Inc) 17.9 ദശലക്ഷം ഓഹരികള്‍ പുതുതായി വാങ്ങി. മൊത്തം 490 കോടി ഡോളറിന്റെ (ഏകദേശം 43,450 കോടി രൂപ) നിക്ഷേപമാണ് ഇതിനായി നടത്തിയതെന്ന് കമ്പനി സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ ഫയലിംഗില്‍ വ്യക്തമാക്കി.

അതേസമയം, ബാങ്ക് ഓഫ് അമേരിക്കയിലും (Bank of America) ആപ്പിളിലുമുള്ള (Apple Inc) ഓഹരികള്‍ വിറ്റഴിക്കുന്നത് മൂന്നാം പാദത്തിലും തുടര്‍ന്നിരിക്കുകയാണ്. ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ബെര്‍ക്ക്‌ഷെയര്‍ മൊത്തം 640 കോടി ഡോളറിന്റെ ഓഹരികള്‍ വാങ്ങിയപ്പോള്‍ 1,250 കോടി ഡോളറിന്റെ ഓഹരികളാണ് വിറ്റഴിച്ചത്. കമ്പനിയുടെ കാഷ് ഹോള്‍ഡിംഗ്‌സ് 38,170 കോടി ഡോളറാണ്.

ബെര്‍ക്ക് ഷെയര്‍ ഹാത്തവേയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പദവിയില്‍ നിന്ന് ആറ് ദശാബ്ദത്തിനു ശേഷം വാറന്‍ ബഫറ്റ് ഒഴിയുന്നുവെന്ന പ്രഖ്യാപനത്തിന് പിന്നാലെയാണ് പുതിയ വെളിപ്പെടുത്തല്‍ പുറത്തു വന്നിരിക്കുന്നത്.

ആപ്പിള്‍ ഓഹരികളുടെ കാല്‍ഭാഗവും കൈവിട്ടു

ഐഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിളിലെ ഓഹരികള്‍ 280 ദശലക്ഷത്തില്‍ നിന്ന് 238.2 ദശലക്ഷമായാണ് മൂന്നാം പാദത്തില്‍ കുറച്ചത്. ഒരുകാലത്ത് 900 ദശലക്ഷത്തിലധികം ഓഹരികള്‍ ബെര്‍ക്ക് ഷെയര്‍ കൈവശം വച്ചിരുന്നു. അതായത് മുക്കാല്‍ ഭാഗവും ഇതിനകം വിറ്റഴിച്ചു. എന്നിരുന്നാലും ബെര്‍ക്ക്‌ഷെയറിന്റെ കൈവശമുള്ള ഓഹരികളില്‍ ഏറ്റവും മുന്നില്‍ ആപ്പിള്‍ തന്നെയാണ്. ഏകദേശം 6,070 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഓഹരികളാണ് ആപ്പിളില്‍ ബെര്‍ക്ക്‌ഷെയറിനുള്ളത്. ഇതു മാത്രമല്ല ബെര്‍ക്ക്‌ഷെയറിന്റെ ഓഹരി പോര്‍ട്ട്‌ഫോളിയോയുടെ കാല്‍ഭാഗവും ആപ്പിള്‍ ഓഹരികളാണ്.

ബാങ്ക് ഓഫ് അമേരിക്കയുടെ ഓഹരികളാണ് മൂന്നാം പാദത്തില്‍ വാറന്‍ ബഫറ്റിന്റെ കമ്പനി വിറ്റ മറ്റൊരു ഓഹരി., മൊത്തം 37.2 മില്യണ്‍ ഓഹരികള്‍ (6 ശതമാനം) വിറ്റു. ഇതോടെ ബാങ്ക് ഓഫ് അമേരിക്കയിലെ ഓഹരി പങ്കാളിത്തം 7.7 ശതമാനമായി. കഴിഞ്ഞ വര്‍ഷം മൂന്നാം പാദം മുതല്‍ ഈ ഓഹരി തുടര്‍ച്ചയായി വിറ്റഴിക്കുന്നുണ്ട്. ബെര്‍ക്ക്‌ഷെയറിന്റെ ഹോള്‍ഡിംഗില്‍ മൂന്നാം സ്ഥാനത്താണ്‌ ഇപ്പോഴും ബാങ്ക് ഓഫ് അമേരിക്ക.

മൂന്നാം പാദത്തില്‍ അമേരിക്കയിലെ പ്രമുഖ ഭവന നിര്‍മാണ കമ്പനിയായ ഡി.ആര്‍. ഹോര്‍ട്ടണ്‍ ഇന്‍കോര്‍പ്പറേറ്റഡിലെ (D.R. Horton Inc.) ഓഹരികളും ബെര്‍ക്ക്‌ഷെയര്‍ വിറ്റിട്ടുണ്ട്. അതേസമയം ചബ്ബ് (Chubb), ഡോമിനോസ് പിസ (Domino’s Pizza) തുടങ്ങിയ കമ്പനികളില്‍ നിക്ഷേപം കൂട്ടിയിട്ടുമുണ്ട്.

വാറന്‍ ബഫറ്റിന്റെ പടിയിറക്കം

ഏകദേശം ആറ് പതിറ്റാണ്ടോളം കമ്പനിയെ നയിച്ച ബഫറ്റ് പടിയിറങ്ങുമ്പോള്‍ പകരക്കാരനായെത്തുക ഗ്രെഗ് ആബെല്‍ ആണ്. 1965 മുതല്‍ കമ്പനിയുടെ വാര്‍ഷിക റിപ്പോര്‍ട്ടുകള്‍ക്കൊപ്പം വാറന്‍ ബഫറ്റ് പ്രസിദ്ധീകരിച്ചിരുന്ന വാര്‍ഷിക കത്തുകളും ഇനി ഗ്രെഗ് ആകും എഴുതുക. വാറന്‍ ബഫറ്റിന്റെ ആവേശകരമായ കത്തുകള്‍ക്കായി നിക്ഷേപകര്‍ എല്ലാവര്‍ഷവും കാത്തിരിക്കാറുണ്ട്. വിവിധ കമ്പനികളുടെ ഓഹരികള്‍ കൈവശം വയ്ക്കുന്നത് കൂടിതെ 200 ഓളം ബിസിനസുകളും ബെര്‍ക്ക്‌ഷെയറിന്റെ നിയന്ത്രണത്തിലുണ്ട്. ഡയറക് ക്യൂന്‍, ഫ്രൂട്ട് ഓഫ് ദി ലൂം തുടങ്ങിയ കമ്പനുകള്‍ കൂടാതെ ഊര്‍ജ് മേഖലയിലും മാനുഫാചറിംഗ് മേഖലയിലുമുള്ള കമ്പനികളുമുണ്ട്. 1.1 ലക്ഷം കോടി ഡോളര്‍ സാമ്രാജ്യമാണ് വാറന്‍ ബഫറ്റ് കെട്ടിപ്പെടുത്തിരിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT