Canva
Markets

ഫെഡ് മിനിറ്റ്സിൽ 'ട്വി​സ്റ്റ്' ഉണ്ടാകുമോ? അടുത്തയാഴ്ച കമ്മോഡിറ്റി വിപണി എങ്ങനെയാകും? സ്വർണവും വെള്ളിയും മുന്നേറുമോ?

വരുന്ന ആഴ്ചയിൽ (ജൂലൈ 6 - 10) കമ്മോഡിറ്റി വിപണിയുടെ ഗതി നിർണ്ണയിക്കുന്നതിൽ യു.എസ് ഫെഡ് റിസർവിന്റെ ഇക്കഴിഞ്ഞ എഫ്.ഒ.എം.സി യോ​ഗത്തിന്റെ മിനിറ്റ്‌സ് രേഖകൾ പ്രധാന പങ്ക് വഹിക്കും

Jose Mathew T

ഇക്കഴിഞ്ഞ വ്യാപാര ആഴ്ചയിൽ (ജൂൺ 29 - ജൂലൈ 3) ആഗോള കമ്മോഡിറ്റി വിപണിയിൽ സമ്മിശ്ര പ്രകടനമാണ് കാണാനായത്. തൊട്ട് മുൻ ആഴ്ചകളിലെ തളർച്ചയ്ക്കുശേഷം സ്വർണവും വെള്ളിയും താഴ്ന്ന നിലവാരങ്ങളിൽ നിന്നും ഉയർന്ന നിലയിലേക്ക് മടങ്ങാനുള്ള ശക്തമായ പരിശ്രമങ്ങൾക്കും സാക്ഷ്യംവഹിച്ചു. എന്നാൽ, പശ്ചിമേഷ്യയിൽ സംഘർഷങ്ങൾക്ക് ശമനമായതോടെ ആഗോളതലത്തിൽ ഇന്ധന ലഭ്യത സ്ഥിരതയാർജിക്കുമെന്ന പ്രതീക്ഷ സജീവമായതും വികസിത സമ്പദ്ഘടനകളിൽ നിന്നുള്ള ഇന്ധന ആവശ്യകത കുറഞ്ഞേക്കുന്ന ആശങ്കകളും ശക്തമായതോടെ ക്രൂഡ് ഓയിൽ, നാച്വറൽ ​ഗ്യാസ് എന്നിവയിൽ വിലയിടിവ് നേരിട്ടു.

വരുന്ന വ്യാപാര ആഴ്ചയിൽ (ജൂലൈ 6 - 10) വിവിധ കമ്മോഡിറ്റികളുടെ പ്രകടനം എങ്ങനെയാകുമെന്നും വിപണിയിൽ സ്വാധീനിക്കാവുന്ന പ്രധാന ഘടകങ്ങളും വിശദമായി പരിശോധിക്കാം.

വിലയേറിയ ലോഹങ്ങൾ (സ്വർണവും വെള്ളിയും)

കഴിഞ്ഞ ഏതാനും ആഴ്ചകളായുണ്ടായ തിരുത്തലുകൾക്ക് ശേഷം സ്വർണവില സ്ഥിരതയാർജ്ജിക്കുന്ന ലക്ഷണങ്ങളാണ് കാണിക്കുന്നത്. ഈയാഴ്ച തുടക്കത്തിൽ 4,125 ഡോളറിൽ നേരിയ നേട്ടത്തോടെ വ്യാപാരം ആരംഭിച്ച സ്വർണം, അമേരിക്കൻ സാമ്പത്തിക സൂചകങ്ങളിൽ നേരിട്ട തളർച്ചയും ബോണ്ടിന്റെ നിക്ഷേപ നേട്ടം (യീൽഡ്) കുറഞ്ഞതും കാരണം സുരക്ഷിത നിക്ഷേപമെന്ന നിലയിൽ താത്പര്യം ഉയർത്തി. എങ്കിലും യു.എസ് തൊഴിൽ വിപണിയിലെ കരുത്ത് മുന്നേറ്റത്തിന് നേരിയ തടസ്സമായി. സാങ്കേതികമായി, സ്വർണത്തിന് 4,085 ഡോളറിൽ നിന്നും പിന്തുണയുണ്ട്. ഈ നിലവാരം നിലനിർത്തിയാൽ വരുന്ന ആഴ്ചയിൽ 4,220 - 4,330 ഡോളർ വരെയുള്ള പ്രതിരോധ മേഖലകളുടെ ബലം പരീക്ഷിക്കുന്നവിധം സ്വർണ വില ഉയർന്നേക്കാം. താഴേക്ക് ആണെങ്കിൽ 3,940 ഡോളറിലാണ് സ്വർണത്തിന്റെ തൊട്ടടുത്തുള്ള പ്രധാന സപ്പോർട്ട് മേഖല പ്രതീക്ഷിക്കുന്നത്.

അതേസമയം താഴ്ന്ന വിലകളിൽ നിക്ഷേപകർ താത്പര്യം പ്രകടമാക്കിയതോടെ വെള്ളി വിലയിൽ 2.26 ശതമാനം നേട്ടം രേഖപ്പെടുത്തി. ഈയാഴ്ചയുടെ തുടക്കത്തിൽ 61 ഡോളറിൽ വ്യാപാരം തുടങ്ങിയ വെള്ളി, ഏഷ്യൻ വിപണികളിലെ മികച്ച മാനുഫാക്ചറിംഗ് ഡാറ്റയുടെ പിൻബലത്തിൽ 62.37 ഡോളറിലാണ് ക്ലോസ് ചെയ്തത്. വെള്ളിയുടെ വില അടുത്ത ആഴ്ചയിൽ 60-61 ഡോളർ പരിധിക്ക് മുകളിൽ തുടരുകയാണെങ്കിൽ 64.80 ഡോളർ വരെയുള്ള മുന്നേറ്റം പ്രതീക്ഷിക്കാം. താഴേക്ക് വീഴുകയാണെങ്കിൽ 56.50 ഡോളറിൽ നിന്നാണ് പ്രധാന പിന്തുണ പ്രതീക്ഷിക്കാനാകുന്നത്.

ഊർജ്ജ മേഖല (ക്രൂഡ് ഓയിൽ & നാച്വറൽ ​ഗ്യാസ്)

പശ്ചിമേഷ്യയിലെ സംഘർത്തിന് അറുതിയായതും ആഗോള ഇന്ധന ആവശ്യകതയിലെ അനിശ്ചിതത്വവും കാരണം ബ്രെന്റ് ക്രൂഡ് ഓയിൽ വിലയിൽ 2.28 ശതമാനം ഇടിവ് രേഖപ്പെടുത്തി. കൂടാതെ വിപണിയിൽ ലാഭമെടുപ്പ് ശക്തമായതോടെ ക്രൂഡ് ഓയിൽ ബാരലിന് 71.93 ഡോളറിലേക്ക് താഴ്ന്നു. നിലവിൽ ക്രൂഡ് ഓയിൽ ഒരു കൺസോളിഡേഷൻ ഘട്ടത്തിലാണ് ഉള്ളത്. വരുന്ന ആഴ്ചയിൽ 69.85 ഡോളർ നിലവാരം നിലനിർത്താൻ സാധിച്ചില്ലെങ്കിൽ ക്രൂഡ് ഓയിൽ വില 65.20 ഡോളറിലേക്ക് ഇടിഞ്ഞേക്കാം. മറിച്ച് തൊട്ടടുത്തുള്ള പ്രതിരോധമായ 75.75 ഡോളർ നിലവാരം മറികടന്നാൽ മാത്രമേ ക്രൂഡ് ഓയിൽ വിപണിയിൽ പുതിയൊരു മുന്നേറ്റത്തിന് (ബുൾ റാലി) സാധ്യതയുള്ളൂ.

മതിയായ സംഭരണമുണ്ടെന്ന റിപ്പോർട്ടുകളും അനുകൂല കാലാവസ്ഥാ പ്രവചനങ്ങളും നാച്വറൽ ഗ്യാസ് വിലയെ പ്രതികൂലമായി ബാധിച്ചു. ആഴ്ചയുടെ തുടക്കത്തിൽ മികച്ച മുന്നേറ്റം നടത്തിയെങ്കിലും പ്രതിവാര അടിസ്ഥാനത്തിൽ 2.20 ശതമാനം ഇടിവോടെ 3.20 ഡോളറിലാണ് നാച്വറൽ ഗ്യാസ് വ്യാപാരം അവസാനിപ്പിച്ചത്. സാങ്കേതികമായി 2.98 ഡോളർ നിലവാരത്തിലെ പിന്തുണ നിലനിർത്തിയാൽ നാച്വറൽ ​ഗ്യാസ് വിപണിയിൽ 3.40 - 3.60 ഡോളർ വരെയുള്ള പ്രതിരോധ നിലവാരങ്ങൾ വീണ്ടും പരീക്ഷിച്ചേക്കാവുന്ന മുന്നേറ്റത്തിനുള്ള സാധ്യത തെളിയാം.

അടുത്ത ആഴ്ചയിലെ വിപണി സാധ്യതകൾ

വരുന്ന ആഴ്ചയിൽ (ജൂലൈ 6 - 10) കമ്മോഡിറ്റി വിപണിയുടെ ഗതി നിർണ്ണയിക്കുന്നതിൽ യു.എസ് ഫെഡ് റിസർവിന്റെ ഇക്കഴിഞ്ഞ എഫ്.ഒ.എം.സി യോ​ഗത്തിന്റെ മിനിറ്റ്‌സ് രേഖകൾ പ്രധാന പങ്ക് വഹിക്കും. പലിശ നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച ഫെഡ് റിസർവിന്റെ നിലപാടുകൾക്കായി ആ​ഗോള നിക്ഷേപകർ ഈ റിപ്പോർട്ട് ഉറ്റുനോക്കുകയാണ്. ഇതുകൂടാതെ യു.എസ് തൊഴിലില്ലായ്മ നിരക്ക്, ഉപഭോക്തൃ പണപ്പെരുപ്പത്തെ കുറിച്ചുള്ള പ്രതീക്ഷകളും വിലയേറിയ ലോഹങ്ങളുടെ വിപണി വിലകളെ സ്വാധീനിക്കും.

അതേസമയം ഊർജ്ജ മേഖലയിൽ യു.എസിലെ എണ്ണ സംഭരണ കണക്കുകൾക്കൊപ്പം (എ.പി.ഐ & ഇ.ഐ.എ), ഐ.ഇ.എ, ഇ.ഐ.എ എന്നിവരുടെ പ്രതിമാസ റിപ്പോർട്ടുകളും പുറത്തുവരാനുണ്ട്. എണ്ണ സംഭരണത്തിലുണ്ടാകുന്ന കുറവ് ക്രൂഡ് ഓയിൽ വിലയ്ക്ക് പിന്തുണ നൽകിയേക്കാം.

[ലേഖനം തയ്യാറാക്കിയത്: റിസർച്ച് ഡെസ്ക്; മൈഇക്വിറ്റിലാബ്.കോം (MyEquityLab.com​); സെബി അം​ഗീക‍ൃത റിസർച്ച് അനലി​സ്റ്റ് (Registration No: INH000023843).]

(Disclaimer: ഈ ലേഖനം പഠനാവശ്യാർത്ഥം നൽകുന്നതാണ്. ഇത് എന്തെങ്കിലും നിക്ഷേപം നടത്തുന്നതിനായോ വിൽക്കുന്നതിനോ ഉള്ള ഉപദേശമോ ശുപാർശയോ അല്ല. കമ്മോഡിറ്റി വിപണിയിലെ നിക്ഷേപം ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണ്. വായനക്കാർ നിക്ഷേപ സംബന്ധമായ തീരുമാനം എടുക്കുന്നതിന് മുമ്പ് സെബി (SEBI) അം​ഗീകൃത സാമ്പത്തിക വിദ​ഗ്ധനെ മാർ​ഗനിർദേശം തേടുകയോ അല്ലെങ്കിൽ വിപണിയെ കുറിച്ച് സ്വന്തം നിലയിൽ കൂടുതൽ പഠിക്കുകയോ ചെയ്യണമെന്ന് നിർദ്ദേശിക്കുന്നു.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT