Background vector created by rawpixel.com - www.freepik.com 
Markets

കമ്മോഡിറ്റി മാ‌ർക്കറ്റ് അനാലിസിസ്: സ്വർണവും വെള്ളിയും കരകയറുമോ? ക്രൂഡ് ഓയിൽ മുന്നേറ്റം തുടരുമോ?

യു.എസ് ഫെ‍ഡറൽ റിസർവിൽ നിന്നും ഭാവി പണനയത്തെയും പലിശ നിരക്കിനെയും സംബന്ധിച്ച് കർക്കശ സമീപനം സ്വീകരിച്ചേക്കുമെന്ന സൂചനകൾ നൽകാതിരുന്നത് ഡോളറിന്റെ കരുത്തു ചോ‌ർത്തുന്ന ഘടകമായേക്കും. ഇത് വിലയേറിയ ലോഹങ്ങളുടെ പ്രകടനത്തെ പിന്തുണയ്ക്കുന്നതായി മാറും.

Jose Mathew T

ഒട്ടനവധി ഇക്കോണമിക് ഡാറ്റകൾ പ്രസിദ്ധീകരിക്കാനിരിക്കുന്നതിനാലും വിവിധ വിപണികളിൽ വ്യാപാര അവധി ദിനങ്ങൾ കടന്നുവരുന്നതിനാലും ഈയാഴ്ചയിൽ കമ്മോഡിറ്റി വിപണിയിൽ ജാ​ഗ്രത നിഴലിക്കാനാണ് സാധ്യത. ​ഗ്ലോബൽ പി.എം.ഐ ഡാറ്റ (യു.എസ്, യൂറോപ്പ്, ഏഷ്യ) ആകും വിപണി ഉറ്റുനോക്കുന്നത്. ഇതിൽ യു.എസ്, ഇന്ത്യ എന്നിവടങ്ങളിൽ നിന്നുള്ള മികച്ച സാമ്പത്തിക ‍‍ഡാറ്റകൾ വ്യാവസായിക കമ്മോഡിറ്റികളിലെ ഡിമാൻഡിനെ കുറിച്ചുള്ള സൂചനകൾ നൽകുന്നതാണ്. അതേസമയം യൂറോപ്യൻ, ചൈനീസ് വിപണികളിൽ നിന്നും ദുർബല സൂചനകൾ എത്തിയാൽ വിപണിയുടെ തിരിച്ചുവരവിനുള്ള സാധ്യതകളെ പരിമിതപ്പെടുത്തുന്നതായി മാറും.

യു.എസ് ഫെ‍ഡറൽ റിസർവിൽ നിന്നും ഭാവി പണനയത്തെയും പലിശ നിരക്കിനെയും സംബന്ധിച്ച് കർക്കശ സമീപനം സ്വീകരിച്ചേക്കുമെന്ന സൂചനകൾ നൽകാതിരുന്നത് ഡോളറിന്റെ കരുത്തു ചോ‌ർത്തുന്ന ഘടകമായേക്കും. ഇത് വിലയേറിയ ലോഹങ്ങളുടെ പ്രകടനത്തെ പിന്തുണയ്ക്കുന്നതായി മാറും. അതേസമയം ട്രേഡ് ബാലൻസ്, ഫാക്ടറി ഓർഡറുകൾ, യു.എസ് സാമ്പത്തിക സൂചകങ്ങൾ, ഐ.എസ്.എം നോൺ മാനുഫാക്ചറിങ് പി.എം.ഐ ഡാറ്റ എന്നിവ മികച്ച നിലയിൽ പുറത്തുവന്നാൽ വിലയേറിയ ലോഹങ്ങളുടെ പ്രകടനത്തെ പ്രതികൂലമായി ബാധിക്കാനും ഇടയാക്കും. എനർജി വിഭാ​ഗത്തിൽ എ.പി.ഐ, ഇ.ഐ.എ എന്നിവയിൽ നിന്നുള്ള സംഭരംണത്തിന്റെ അളവുകണക്കുകളാകും ട്രെൻഡ് നിശ്ചയിക്കാൻ സ്വാധീനിക്കുക.

സ്വർണം — ഇനിയെന്ത്?

കഴിഞ്ഞയാഴ്ച 2 ശതമാനം നഷ്ടത്തോടെയാണ്, രാജ്യാന്തര വിപണിയിൽ സ്വർണത്തിന്റെ ഡെറിവേറ്റീവ് കോൺട്രാക്ട് ക്ലോസ് ചെയ്തത്. ഒരു ഔൺസ് സ്വർണം 4,614 ഡോളറിൽ വ്യാപാരം അവസാനിപ്പിച്ചു. ടെക്നിക്കൽ അനാലിസിസ് പ്രകാരം, ഈയാഴ്ചയിൽ പ്രതീക്ഷിക്കാവുന്ന സപ്പോർട്ട് നിലവാരം 4,405 ഡോളറിലും ഇതിന് താഴെ ശക്തമായ പിന്തുണയുള്ള 4,099 ഡോളറിലുമാണ്. മറിച്ച് ഇവിടെ നിന്നും മുന്നേറ്റത്തിന് ശ്രമിക്കുകയാണെങ്കിൽ മറികടക്കേണ്ട ആദ്യ പ്രതിരോധ കടമ്പ 4,891 ഡോളറിലും ഇതിന് മുകളിൽ 5,419 ഡോളറിൽ നിന്നുമാണ്.

കഴിഞ്ഞയാഴ്ച സ്വർണത്തിൽ നേരിട്ട നീക്കങ്ങളുടെ അടിസ്ഥാനത്തിൽ, ഉയർന്ന നിലവാരങ്ങളിൽ തങ്ങിനിൽക്കാൻ സാധിക്കുന്നില്ലെങ്കിൽ ഈയാഴ്ചയിൽ ഇടിവിനുള്ള പ്രവണത കാണിക്കുന്ന നെ​ഗറ്റീവ് ബയാസോടെയുള്ള കൺസോളിഡേഷൻ തുടരാനാണ് സാധ്യത. 4,891 ഡോളറിന് താഴെ സ്വർണം നിലനിൽക്കുന്നിടത്തോളം തിരുത്തലിനുള്ള സമ്മർദം തുടരാം. എങ്കിൽ 4,405 ഡോളറിലുള്ള പിന്തുണയുടെ ബലം പരീക്ഷിക്കപ്പെടാം. അതേസമയം തൊട്ടുമുന്നിലുള്ള പ്രതിരോധം ശക്തിയോടെ ഭേദിക്കാനായെങ്കിൽ മാത്രമേ ഹ്രസ്വകാലയളവിലേക്ക് സ്വർണത്തിൽ ഒരു തിരിച്ചുവരവിനുള്ള കളമൊരുങ്ങുകയുള്ളൂ.

വെള്ളി — ഇനിയെന്ത്?

കഴിഞ്ഞയാഴ്ച വെള്ളിയുടെ ഡെറിവേറ്റീവ് കോൺട്രാക്ട് 0.46 ശതമാനം താഴ്ന്ന് 75.31 ഡോളറിലാണ് വ്യാപാരം അവസാനിപ്പിച്ചത്. കഴിഞ്ഞയാഴ്ചയിലുടന്നീളം നിറംമങ്ങിയ പ്രകടനമാണ് വെള്ളിയിൽ കാണാനായത്. ടെക്നിക്കൽ അനാലിസിസ് പ്രകാരം, നിലവിൽ വെള്ളിയുടെ തൊട്ടടുത്തുള്ള പ്രധാന സപ്പോർട്ട് നിലവാരം 70.85 ഡോളറിലും ഇതിന് താഴെ 65.50 ഡോളറിൽ നിന്നും ശക്തമായ പിന്തുണയും പ്രതീക്ഷിക്കുന്നു. മറുവശത്ത് 80.80 ഡോളറിൽ നിന്നും ഇതു മറികടക്കാൻ കഴിഞ്ഞാൽ 90 ഡോളർ നിലവാരത്തിൽ നിന്നും ഒരു മുന്നേറ്റത്തിന് ശ്രമിക്കുകയാണെങ്കിൽ പ്രതിരോധം നേരിടാം.

വെള്ളിയിൽ ട്രേഡ് ചെയ്യുന്നവർക്കിടയിൽ നിലനിൽക്കുന്ന കടുത്ത അനിശ്ചിതത്വവും സമീപകാലത്ത് തലപൊക്കിയ ചാഞ്ചാട്ടവുമാണ് കഴിഞ്ഞയാഴ്ചയിലെ പ്രകടനം ലയിരുത്തിയാൽ മനസ്സിലാകുക. 70.85 ഡോളർ നിലവാരത്തിന് മുകളിൽ തുടരുന്നിടത്തോളം വെള്ളിയിൽ കൺസോളിഡേഷനുള്ള സാധ്യത നിലനിൽക്കുന്നു. ഇവിടം തകർന്നാൽ വെള്ളി വില 65.50 ഡോളറിലേക്ക് പിന്തള്ളപ്പെടാം. മറുവശത്ത് 80.80 ഡോളറിന് മുകലിലേക്ക് എത്തിപ്പെടാനായാൽ മാത്രമാണ് വീണ്ടും നിക്ഷേപക താത്പര്യം ഉടലെടുക്കാൻ സാധ്യതയുള്ളൂ. ഇത് ഹ്രസ്വകാലയളവിലേക്ക് വെള്ളിയെ പോസിറ്റീവ് ട്രെൻഡിലേക്ക് കൊണ്ടുപോകുകയും ചെയ്യാം.

ക്രൂഡ് ഓയിൽ — ഇനിയെന്ത്?

കഴിഞ്ഞയാഴ്ച ബ്രെന്റ് ഇനം ക്രൂഡ് ഓയിൽ കോൺട്രാക്ടുകളിൽ വൻ നേട്ടമാണ് കുറിച്ചത്. ആഴ്ച കാലയളവിൽ 9.30 ശതമാനം വർധനയോടെ 109.21 ഡോളറിലാണ് ക്രൂഡ് ഓയിൽ വ്യാപാരം അവസാനിപ്പിച്ചത്. ടെക്നിക്കൽ അനാലിസിസ് പ്രകാരം, ക്രൂഡ് ഓയിലിന്റെ സപ്പോർട്ട് നിലവാരം 100.95 ഡോളറിലും ഇതിന് താഴെ 92.30 ഡോളറിലുമാണ് പ്രതീക്ഷിക്കുന്നത്. മറുവശത്ത് 114.70 ഡോളറിലും 125 ഡോളർ നിലവാരത്തിൽ നിന്നും പ്രതിരോധവും പ്രതീക്ഷിക്കുന്നു. കഴിഞ്ഞയാഴ്ചയിലെ മികച്ച പ്രകടനം നൽകുന്ന ഊർജം കാരണം ഈയാഴ്ചയിലെ വ്യാപാരത്തിലും ക്രൂഡ് ഓയിലിൽ കുതിപ്പിന്റെ പ്രവണതയുള്ള ബുള്ളിഷ് മൊമന്റം പ്രതിഫലിക്കാം. 100.95 ഡോളർ നിലവാരത്തിന് മുകളിൽ ക്രൂഡ് ഓയിൽ വ്യാപാരം തുടരുന്നിടത്തോളം പോസിറ്റീവ് ട്രെൻഡ് നിലനിൽക്കും. ഇത് 114.70 ഡോളറിലേക്ക് മുന്നേറാനും വഴിയൊരുക്കാം. എന്നിരുന്നാലും ഉയർന്ന നിലവാരത്തിൽ പിടിച്ചുനിൽക്കാൻ സാധിക്കുന്നില്ലെങ്കിൽ നിക്ഷേപകർ ലാഭമെടുപ്പിന് തുനിയാനുള്ള സാധ്യതയുമുണ്ട്.

നാച്വറൽ ​ഗ്യാസ് — ഇനിയെന്ത്?

കഴിഞ്ഞയാഴ്ച 6.18 ശതമാനം നേട്ടത്തോടെ 2.91 ഡോളർ നിലവാരത്തിലാണ് നാച്വറൽ ​ഗ്യാസ് ഡെറിവേറ്റീവ് കോൺട്രാക്ടുകൾ ക്ലോസിങ് രേഖപ്പെടുത്തിയത്. ടെക്നിക്കൽ അനാലിസിസ് പ്രകാരം, തൊട്ടടുത്ത സപ്പോർട്ട് നിലവാരം 2.67 ഡോളറിലും ഇതിന് താഴെ നിർണായകമായ 2.46 ഡോളർ നിലവാരത്തിൽ നിന്നും പിന്തുണ പ്രതീക്ഷിക്കുന്നു. മറുവശത്ത് മുന്നേറ്റത്തിനുള്ള ശ്രമത്തിൽ 2.96 ഡോളറിൽ നിന്നും 3.14 ഡോളർ നിലവാരത്തിൽ നിന്നും പ്രതിരോധം നേരിടാനുള്ള സാധ്യതയുമുണ്ട്.

കഴിഞ്ഞയാഴ്ചയിൽ താഴ്ന്ന നിലവാരത്തിൽ നിന്നും തിരികെ കയറാൻ സാധിച്ചത് നാച്വറൽ ​ഗ്യാസിൽ ക്രമേണ ഉയർന്നുവരുന്ന ശക്തിയെ കുറിക്കുന്നതാണ്. 2.67 ഡോളർ നിലവാരത്തിന് മുകളിൽ തുടരുന്നിടത്തോളം കുതിപ്പിനുള്ള സാധ്യത നിലനിൽക്കും. എന്നിരുന്നാലും പ്രതിരോധ കടമ്പ മറികടക്കാനായില്ലെങ്കിൽ നാച്വറൽ ​ഗ്യാസിൽ വീണ്ടും വിൽപ്പന സമ്മർദം നേരിടാനുള്ള സാധ്യതയുമുണ്ട്. ഇത് നിശ്ചിത പരിധിക്കുള്ളിൽ തങ്ങിനിൽക്കുന്ന ഒരു കൺസോളിഡേഷൻ പാതയിലേക്ക് നാച്വറൽ ​ഗ്യാസിനെ തള്ളിവിടാം.

[ലേഖനം തയ്യാറാക്കിയത്: റിസർച്ച് ഡെസ്ക്; മൈഇക്വിറ്റിലാബ്.കോം (MyEquityLab.com​); സെബി അം​ഗീക‍ൃത റിസർച്ച് അനലി​സ്റ്റ് (Registration No: INH000023843).]

(Disclaimer: ഈ ലേഖനം പഠനാവശ്യാർത്ഥം നൽകുന്നതാണ്. ഇത് എന്തെങ്കിലും നിക്ഷേപം നടത്തുന്നതിനായോ വിൽക്കുന്നതിനോ ഉള്ള ഉപദേശമോ ശുപാർശയോ അല്ല. കമ്മോഡിറ്റി വിപണിയിലെ നിക്ഷേപം ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണ്. വായനക്കാർ നിക്ഷേപ സംബന്ധമായ തീരുമാനം എടുക്കുന്നതിന് മുമ്പ് സെബി (SEBI) അം​ഗീകൃത സാമ്പത്തിക വിദ​ഗ്ധനെ മാർ​ഗനിർദേശം തേടുകയോ അല്ലെങ്കിൽ വിപണിയെ കുറിച്ച് സ്വന്തം നിലയിൽ കൂടുതൽ പഠിക്കുകയോ ചെയ്യണമെന്ന് നിർദ്ദേശിക്കുന്നു.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT