image courtesy: canva
Markets

ഈയാഴ്ച ഇന്ത്യൻ വിപണി തിരികെ പിടിക്കുമോ? നിഫ്റ്റിയിൽ ഇനി ശ്രദ്ധിക്കേണ്ട ലെവലുകൾ ഏതൊക്കെ?

നിഫ്റ്റി, ബാങ്ക് നിഫ്റ്റി, സെൻസെക്സ് തുടങ്ങിയ പ്രധാന ഓഹരി സൂചികകളുടെ ഈയാഴ്ചയിലേക്കുള്ള ടെക്നിക്കൽ അനാലിസിസ്.

Jose Mathew T

ആഗോളതലത്തിലെ അനിശ്ചിതത്വങ്ങളുടേയും ക്രൂഡ് ഓയിൽ വിലക്കയറ്റത്തിന്റേയും പശ്ചാത്തലത്തിൽ, ഈയാഴ്ചയിലും ഇന്ത്യൻ ഓഹരി വിപണി നേരിയ നെഗറ്റീവ് പ്രവണതയോടെ വ്യാപാരം നടത്താനാണ് സാധ്യത. ആഗോള വിപണികളിലെ തളർച്ച, വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ (FIIs) ഭാ​ഗത്തു നിന്നുമുള്ള തുടർച്ചയായ ഓഹരി വിൽപ്പന, കരുത്താർജിക്കുന്ന യുഎസ് ഡോളർ എന്നിവ വിപണിയുടെ പൊതുവാ വികാരത്തെ പ്രതികൂലമായി ബാധിച്ചേക്കാം.

പണപ്പെരുപ്പ സമ്മർദ്ദം വർധിപ്പിക്കുന്നതിനും കമ്പനികളുടെ ലാഭക്ഷമതയെ ബാധിക്കുന്നതിനും ഇടയാക്കും എന്നതിനാൽ ക്രൂഡ് ഓയിൽ വിലക്കയറ്റമാണ് ആഭ്യന്തര വിപണിയെ ആശങ്കപ്പെടുത്തുന്ന മുഖ്യ ഘടകം. ഇത് രൂപയുടെ മൂല്യത്തിലും ഇടിവുണ്ടാക്കിയേക്കാം. ഈയൊരു പശ്ചാത്തലത്തിൽ നിഫ്റ്റി, ബാങ്ക് നിഫ്റ്റി, സെൻസെക്സ് തുടങ്ങിയ പ്രധാന ഓഹരി സൂചികകളുടെ ഈയാഴ്ചയിലേക്കുള്ള ടെക്നിക്കൽ അനാലിസിസ് വിശദമായി നോക്കാം.

നിഫ്റ്റി — ഇനിയെന്ത്?

ടെക്നിക്കൽ അനാലിസിസ് പ്രകാരം, മൊമന്റം ഇൻഡിക്കേറ്ററുകളിൽ നിന്നും ദുർബലതയുടെ ലക്ഷണങ്ങൾ പ്രകടമാകുന്നുണ്ടെങ്കിലും ഷോർട്ട്-ടേം മൂവിങ് ആവറേജ് നിലവാരത്തിന് മുകളിലായി നിഫ്റ്റി സൂചികയുടെ വ്യാപാരം തുടരുന്നതിനാൽ, അടിസ്ഥാനപരമായി മുന്നേറ്റത്തിനുള്ള പ്രവണത (Positive Bias) മറഞ്ഞിരിപ്പുണ്ട് എന്നും അനുമാനിക്കാം. ആഴ്ച കാലയളവിലെ (Weekly Chart) ചാർട്ടിൽ ബെയറിഷ് ക്യാൻഡിൽ രൂപപ്പെട്ടതും ആഴ്ചയിലെ താഴ്ന്ന നിലവാരത്തിന് സമീപം ക്ലോസിങ് കുറിച്ചതും കണക്കിലെടുക്കുമ്പോൾ സമീപഭാവിയിലേക്ക് നിഫ്റ്റിയിൽ ഒരു ​നെ​ഗറ്റീവ് ട്രെൻഡ് പ്രകടമാകാനുള്ള സാധ്യതയുമുണ്ട്.

കഴിഞ്ഞയാഴ്ചത്തെ വ്യാപാരത്തിനിടെ 24,000 എന്ന നിർണായക നിലവാരം തകർക്കപ്പെട്ടു. അത് ഷോർട്ട്-ടേം ട്രെൻ‍ഡ് ദുർബലമാക്കി. ഈയാഴ്ചയിൽ നിഫ്റ്റി സൂചിക 24,000 നിലവാരത്തിന് താഴെ തുടരുകയാണെങ്കിൽ 23,500 - 23,150 നിലവാരങ്ങളിലേക്ക് താഴാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. എന്നാൽ 24,000 നിലവാരത്തിന് മുകളിലേക്ക് നിഫ്റ്റിക്ക് മടങ്ങിയെത്താനും നിലനിൽക്കാനും സാധിച്ചാൽ പോസിറ്റീവ് ട്രെൻഡ് വീണ്ടെടുക്കാനും സാധിക്കും.

ബാങ്ക് നിഫ്റ്റി — ഇനിയെന്ത്?

എൻ.എസ്.ഇ.യുടെ ബാങ്കിം​ഗ് ഓഹരികളുടെ മുഖ്യ സൂചികയായ ബാങ്ക് നിഫ്റ്റി, കഴിഞ്ഞയാഴ്ചത്തെ വ്യാപാരത്തിനൊടുവിൽ 0.80% നഷ്ടം നേരിട്ട് 56,090 നിലവാരത്തിലായിരുന്നു ക്ലോസിങ് കുറിച്ചത്. ബാങ്കിം​ഗ് വിഭാ​ഗം ഓഹരികളിലെ ദുർബലതയെ ഇതു വെളിവാക്കുന്നു. എന്നിരുന്നാലും മൂവിങ് ആവറേജ് നിലവാരം ഇപ്പോഴും വിശാലമായ പോസിറ്റീവ് ട്രെൻ‍ഡിനെ പിന്തുണയ്ക്കുന്നുണ്ട്. മൊമന്റം ഇൻഡിക്കേറ്ററും ആഴ്ച കാലയളവിലെ സൂചികയുടെ പ്രകടനവും ചെറിയ ദുർബലതയെയാണ് സൂചിപ്പിക്കുന്നത്.

ബാങ്ക് നിഫ്റ്റി സൂചികയുടെ തൊട്ടടുത്ത സപ്പോർട്ട് നിലവാരം 56,000 ആണ്. ഈ നിലവാരത്തിന് മുകളിൽ ബാങ്ക് നിഫ്റ്റി തുടരുന്നിടത്തോളം പൊതുവായ അപ്ട്രെൻഡ് (കുതിപ്പിനുള്ള പ്രവണത) അന്തർലീനമായുണ്ടാകും. എന്നാൽ 56,000 നിലവാരത്തിലെ പിന്തുണ നഷ്ടപ്പെട്ട് ബാങ്ക് നിഫ്റ്റി സൂചിക താഴെയെത്തിയാൽ കൂടുതൽ തിരുത്തലിന് വഴിതെളിച്ചേക്കും. മറുവശത്ത്, തൊട്ടുത്ത റെസി​സ്റ്റൻസ് നിലവാരം ഭേദിച്ച് മുകളിൽ തുടരാനായാൽ മാത്രമാണ് മുന്നേറ്റത്തിനുള്ള ശക്തി വീണ്ടെടുക്കാൻ കഴിയുകയുള്ളൂ.

സെൻസെക്സ് — ഇനിയെന്ത്?

കഴിഞ്ഞ വ്യാപാര ആഴ്ചയിൽ ബി.എസ്.ഇ.യുടെ മുഖ്യ അടിസ്ഥാന ഓഹരി സൂചികയായ സെൻസെക്സ് 2.33 ശതമാനം ഇടിവ് നേരിട്ട് 76,664 നിലവാരത്തിലാണ് ക്ലോസിങ് രേഖപ്പെടുത്തിയത്. സൂചികയുടെ ഹ്രസ്വകാല സാധ്യതകൾ ബലഹീനമായിട്ടുണ്ട്. നിർണ്ണായക സപ്പോർട്ട് നിലവാരമായ 77,000-ത്തിന് താഴേക്ക് സെൻസെക്സ് എത്തിയത്, വിപണിയിലെ നെഗറ്റീവ് പ്രവണതയെയാണ് സൂചിപ്പിക്കുന്നത്.

അതേസമയം സെൻസെക്സ് 77,000 നിലവാരത്തിന് താഴെ വ്യാപാരം തുടരുന്നിടത്തോളം വിപണിയിൽ വിൽപ്പന സമ്മർദം തുടരാൻ സാധ്യതയുണ്ട്. അടുത്ത പ്രധാന സപ്പോർട്ട് നിലവാരം 74,500-ലാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ സൂചികയ്ക്ക് 77,000 നിലവാരത്തിന് മുകളിലേക്ക് തിരികെ കയറാൻ സാധിച്ചാൽ, വീണ്ടും പോസിറ്റീവ് ട്രെൻഡ് ശക്തിപ്പെടാൻ സഹായിച്ചേക്കും. ടെക്നിക്കൽ ഇൻഡിക്കേറ്ററുകളിൽ നിന്നുള്ള സൂചനകൾ പ്രകാരം, വിപണി താഴേക്ക് വീഴാനുള്ള പ്രവണതയോടെയുള്ള (Downward bias) ഒരു കൺസോളിഡേഷൻ ഘട്ടത്തിലൂടെ കടന്നുപോകാനുള്ള സാധ്യത നിലനിൽക്കുന്നു.

നിക്ഷേപകർ എന്ത് ചെയ്യണം?

അടുത്തിടെ കാഴ്ചവെച്ച ശക്തമായ മുന്നേറ്റത്തിന് ശേഷം ഒരു ഹ്രസ്വകാല തിരുത്തൽ ഘട്ടത്തിലേക്ക് (Corrective phase) വിപണി ഇപ്പോൾ പ്രവേശിച്ചിരിക്കുന്നത്. ആഗോള ഘടകങ്ങളിൽ നിന്നുള്ള സമ്മർദവും നിക്ഷേപകർ ലാഭമെടുപ്പിന് തുനിയുന്നതും വിപണിയുടെ ​ഗതിയെ സ്വാധീനിക്കുന്നുണ്ട്. വിപണിയുടെ പൊതുവായ ട്രെൻഡ് പോസിറ്റീവ് ആയി തുടരുമ്പോഴും, തൊട്ടുമുന്നിലുള്ള പ്രധാന പ്രതിരോധ കടമ്പകൾ മറികടക്കുന്നത് വരെ സമീപകാലയളവിലേക്ക് വിപണിയിൽ ബലഹീനത തുടരാം. നിക്ഷേപകർ ജാഗ്രത പാലിക്കണമെന്നും താഴ്ന്ന സപ്പോർട്ട് നിലവാരങ്ങളിലേക്ക് വിപണി എത്തുമ്പോൾ തിര‍ഞ്ഞെടുത്ത മികച്ച ഓഹരകിൾ വാങ്ങാനുള്ള അവസരങ്ങളായി പരി​ഗണിക്കാനുമാണ് ടെക്നിക്കൽ അനാലിസിസ് നിർദേശിക്കുന്നത്.

[ലേഖനം തയ്യാറാക്കിയത്: റിസർച്ച് ഡെസ്ക്; മൈഇക്വിറ്റിലാബ്.കോം (MyEquityLab.com​); സെബി അം​ഗീക‍ൃത റിസർച്ച് അനലി​സ്റ്റ് (Registration No: INH000023843).]

(Disclaimer: ഈ ലേഖനം പഠനാവശ്യാർത്ഥം നൽകുന്നതാണ്. ഇത് എന്തെങ്കിലും നിക്ഷേപം നടത്തുന്നതിനായോ വിൽക്കുന്നതിനോ ഉള്ള ഉപദേശമോ ശുപാർശയോ അല്ല. ഓഹരി വിപണിയിലെ നിക്ഷേപം ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണ്. വായനക്കാർ നിക്ഷേപ സംബന്ധമായ തീരുമാനം എടുക്കുന്നതിന് മുമ്പ് സെബി (SEBI) അം​ഗീകൃത സാമ്പത്തിക വിദ​ഗ്ധരിൽ നിന്നും മാർ​ഗനിർദേശം തേടുകയോ അല്ലെങ്കിൽ വിപണിയെ കുറിച്ച് സ്വന്തം നിലയിൽ കൂടുതൽ പഠിക്കുകയോ ചെയ്യണം.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT