canva
Markets

മുന്നിൽ വൻ തിരിച്ചടിയുണ്ടോ? അതോ ഇന്ത്യൻ വിപണി കരകയറി പോരുമോ?

ഈ ആഴ്ചയിലേക്കുള്ള നിഫ്റ്റി, സെൻസെക്സ്, ബാങ്ക് നിഫ്റ്റി തുടങ്ങിയ പ്രധാന ഓഹരി സൂചികകളുടെ നിർണായക സപ്പോർട്ട് - റെസിസ്റ്റൻസ് നിലവാരങ്ങൾ അറിയാം.

Jose Mathew T

പശ്ചിമേഷ്യൻ യുദ്ധം, ക്രൂഡോയിൽ വിലക്കയറ്റം കാരണമുള്ള പണപ്പെരുപ്പ ഭീഷണി എന്നിങ്ങനെ ആഭ്യന്തരവും വിദേശവുമായ വിവിധ പ്രതികൂല ഘടകങ്ങൾ ഒന്നിച്ചു ചേർന്നതോടെ ഇന്ത്യൻ ഓഹരി വിപണി തിരിച്ചടി നേരിടുകയാണ്. കഴിഞ്ഞയാഴ്ച പ്രധാന അടിസ്ഥാന ഓഹരി സൂചികകളായ എൻഎസ്ഇ നിഫ്റ്റിയും ബിഎസ്ഇ സെൻസെക്സും 5 ശതമാനത്തിലേറെ നഷ്ടം നേരിട്ടു. നിഫ്റ്റി 21,151ലും സെൻസെക്സ് 74,564ലും ആണ് ക്ലോസിങ് കുറിച്ചത്. മാ‌ർച്ച് മാസത്തിലെ മൂന്നാം വ്യാപാര ആഴ്ചയിലേക്ക് കടക്കവേ, ഇന്ത്യൻ ഓഹരി വിപണി കൂടുതൽ തിരിച്ചടി നേരിടുമോ അതോ കരകയറുമോ? പുതിയ വ്യാപാര ആഴ്ചയിലേക്കുള്ള (മാർച്ച് 16 - 20) വിശദമായ ടെക്നിക്കൽ അനാലിസിസ് നോക്കാം.

നിഫ്റ്റി — ടെക്നിക്കൽ അനാലിസിസ്

തുടർച്ചയായ തിരിച്ചടികളോടെ നിഫ്റ്റി സൂചിക ഷോ‌ർട്ട്-ടേം മൂവിങ് ആവറേജ് നിലവാരങ്ങൾക്ക് താഴെയായതും മൊമന്റം സൂചകങ്ങളിൽ ദുർബലത പ്രകടമായതും കാരണം സമീപ ഭാവിയിലേക്കും ഇന്ത്യൻ വിപണിയിൽ ഇടിവ് നേരിടാനുള്ള പ്രവണതയാണ് (Bearish Bias) നിഴലിക്കുന്നത്. ആഴ്ച കാലയളവിലെ ചാർട്ടിൽ (Weekly Chart) കഴിഞ്ഞയാഴ്ചത്തെ വ്യാപാരത്തിനൊടുവിൽ ബെയറിഷ് ക്യാൻഡിലാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞയാഴ്ചയിലെ താഴ്ന്ന നിലവാരത്തിന് സമീപമായിരുന്നു നിഫ്റ്റിയുടെ ക്ലോസിങ് കുറിച്ചിരുന്നതും. വിപണിയിൽ നേരിടുന്ന വിൽപ്പന സമ്മർദത്തിന്റെ സൂചനയാണിത്.

അതേസമയം നിഫ്റ്റി സൂചികയ്ക്ക് ഇനി മുന്നേറുന്നതിനുള്ള ആദ്യ പ്രതിബന്ധം 23,300 നിലവാരത്തിൽ നിന്നാകും നേരിടുക. എന്നാൽ ഈ നിലവാരത്തിന് താഴെ നിഫ്റ്റി തുടരുന്നിടത്തോളം വിപണിയുടെ ട്രെൻഡ് നെ​ഗറ്റീവ് ആയി തുടരാനാണ് സാധ്യത. മറുവശത്ത് നിഫ്റ്റി താഴേക്ക് വീഴുകയാണെങ്കിൽ 22,700 നിലവാരമാണ് തൊട്ടടുത്ത സപ്പോർട്ട് മേഖല. ഇതിന് താഴെ 22,000 നിലവാരത്തിൽ നിന്നും നിഫ്റ്റിക്ക് പിന്തുണ പ്രതീക്ഷിക്കാം. ചുരുക്കത്തിൽ, 23,300 നിലവാരം ഭേദിച്ച് നിഫ്റ്റി സൂചികയ്ക്ക് ക്ലോസ് ചെയ്യാൻ സാധിച്ചാൽ മാത്രമാണ് ഹ്രസ്വകാലയളവിലേക്ക് ഒരു തിരികെ കയറ്റം (Short-term recovery) പ്രതീക്ഷിക്കാൻ സാധിക്കുകയുള്ളൂ.

ബാങ്ക് നിഫ്റ്റി — ടെക്നിക്കൽ അനാലിസിസ്

എൻഎസ്ഇയുടെ പ്രധാന ഓഹരി വിഭാ​ഗം സൂചികകളിലൊന്നായ ബാങ്ക് നിഫ്റ്റി, കഴിഞ്ഞയാഴ്ച 7 ശതമാനം നഷ്ടമാണ് രേഖപ്പെടുത്തിയത്. സൂചികയുടെ ടെക്നിക്കൽ സൂചകങ്ങൾ നൽകുന്ന ലക്ഷണങ്ങളും മൂവിങ് ആവറേജ് നിലവാരങ്ങളും സമീപ ഭാവിയിലേക്ക് വിപണിയിൽ ദുർബലത തുടരുമെന്നാണ് സൂചിപ്പിക്കുന്നത്. ബാങ്ക് നിഫ്റ്റിയുടെ തൊട്ടടുത്ത സപ്പോർട്ട് നിലവാരം 53,500 ആണ്. ഇവിടം തകരുകയും ഈ നിലവാരത്തിന് താഴെയായി സൂചിക വ്യാപാരം ചെയ്യപ്പെടുകയുമാണെങ്കിൽ ബാങ്ക് നിഫ്റ്റിയിൽ കൂടുതൽ കനത്ത തിരിച്ചടി നേരിടാനുള്ള സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ പിന്നീട് ബാങ്ക് നിഫ്റ്റിക്ക് പിന്തുണ പ്രതീക്ഷിക്കാവുന്ന മേഖല 52,000 ആണ്.

അതേസമയം ബാങ്ക് നിഫ്റ്റിക്ക് മുന്നേറണമെങ്കിൽ ആദ്യം മറികടക്കേണ്ട കടമ്പ 55,800 നിലവാരമാണ്. ഈ പ്രതിരോധം മറികടന്ന് സൂചികയ്ക്ക് നിലനിൽക്കാൻ സാധിച്ചാൽ, കൂടുതൽ ഉയരങ്ങളിലേക്ക് മുന്നേറാനുള്ള ശ്രമവും ബാങ്ക് നിഫ്റ്റി പോസിറ്റീവ് മൊമന്റം വീണ്ടെടുക്കുകയും ചെയ്യാം.

സെൻസെക്സ് — ടെക്നിക്കൽ അനാലിസിസ്

ബിഎസ്ഇയുടെ മുഖ്യ സൂചികയായ സെൻസെക്സ്, കഴിഞ്ഞ ആഴ്ചയിൽ 5.52 ശതമാനം നഷ്ടമാണ് കുറിച്ചത്. നിലവിലെ ടെക്നിക്കൽ അനാലിസിസ് പ്രകാരം സെൻസെക്സ്, ഹ്രസ്വകാലയളവിലേക്കും കൂടി സമ്മർദം നേരിടാമെന്ന സൂചനകളാണ് പ്രകടമാക്കുന്നത്. സൂചികയാകട്ടെ നിർണായക പ്രതിരോധ മേഖലയ്ക്ക് താഴെയായാണ് വ്യാപാരം ചെയ്യപ്പെടുന്നത് എന്നതും ഇതിനോട് ചേർത്തുവായിക്കാം.

മുന്നോട്ടേക്കുള്ള യാത്രയിൽ സെൻസെക്സിന് മുൻപിലുള്ള ആദ്യ പ്രതിരോധം 77,000 നിലവാരത്തിൽ നിന്നും പ്രതീക്ഷിക്കാം. ഈ നിലവാരത്തിന് താഴെ സെൻസെക്സ് തുടരുന്നിടത്തോളം കൂടുതൽ തിരിച്ചടി നേരിടാനുള്ള സാധ്യതയുണ്ട്. നെ​ഗറ്റീവ് ട്രെൻഡ് തുടരാം. അതേസമയം താഴേക്കിറങ്ങാൻ സെൻസെക്സ് സമ്മർദം നേരിടുകയാണെങ്കിൽ 71,300 - 70,300 മേഖലയിൽ നിന്നായിരിക്കും ഏറ്റവും നിർണായക പിന്തുണ ലഭിക്കാൻ സാധ്യതയുള്ളത്.

[ലേഖനം തയ്യാറാക്കിയത്: റിസർച്ച് ഡെസ്ക്; മൈഇക്വിറ്റിലാബ്.കോം (MyEquityLab.com​); സെബി അം​ഗീക‍ൃത റിസർച്ച് അനലി​സ്റ്റ് (Registration No: INH000023843).]

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT