canva
Markets

എസ്.ഐ.പി ചെയ്യുമ്പോള്‍ ശ്രദ്ധിക്കാന്‍ ഒരുപാടുണ്ട്; ഇക്കാര്യങ്ങള്‍ മറക്കാതിരിക്കാം

ഓട്ടോ ഡെബിറ്റ് സൗകര്യം കൃത്യമായി ഉപയോഗിച്ചില്ലെങ്കില്‍ പിഴയായി നല്ലൊരു തുക പോകാന്‍ സാധ്യതയുണ്ട്

Dhanam News Desk

ഓഹരി വിപണിയിലെ നിക്ഷേപത്തിലൂടെ സമ്പത്ത് വര്‍ധിപ്പിക്കാന്‍ അനുയോജ്യമായ മാര്‍ഗങ്ങളിലൊന്നാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്.ഐ.പി). ഏറ്റവും ജനപ്രിയമായ നിക്ഷേപ മാര്‍ഗം കൂടിയാണിത്. അച്ചടക്കത്തോടെ കൃത്യമായ ഇടവേളകളില്‍ നിക്ഷേപിക്കാമെന്നതും റിസ്‌ക് താരതമ്യേന കുറവാണെന്നതുമാണ് ഈ രീതിയെ വ്യത്യസ്തമാക്കുന്നത്.

എസ്.ഐ.പി നിക്ഷേപം നടത്തുമ്പോള്‍ ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ അറിഞ്ഞിരിക്കണം. അതിലേറ്റവും പ്രധാനം ഓട്ടോ ഡെബിറ്റ് സൗകര്യം കൃത്യമായി ഉപയോഗിക്കുകയെന്നതാണ്. എല്ലാ മാസവും നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് തുക മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലേക്ക് മാറ്റപ്പെടുന്ന രീതിയാണിത്. എത്രയാണോ എസ്.ഐ.പി തുക അത് കൃത്യമായി അക്കൗണ്ടിലുണ്ടെന്ന് ഉറപ്പുവരുത്തണം. ആവശ്യത്തിന് പണം അക്കൗണ്ടില്‍ ഇല്ലെങ്കില്‍ ബാങ്കിന്റെ പിഴ അടയ്‌ക്കേണ്ടി വരും.

ഓരോ തവണ എസ്.ഐ.പി മുടങ്ങുമ്പോഴും ബാങ്കുകള്‍ പിഴ ഈടാക്കും. 750 രൂപ വരെ ഇത്തരത്തില്‍ പിഴയായി ബാങ്കുകള്‍ ഈടാക്കും. ഓരോ ബാങ്കും വ്യത്യസ്ത ചാര്‍ജുകളാണ് ഇത്തരത്തില്‍ ഈടാക്കുന്നത്. അതേസമയം, എസ്‌ഐപി മുടങ്ങിയാലും അസറ്റ് മാനേജ്‌മെന്റ് കമ്പനി പിഴയൊന്നും ഈടാക്കാറില്ല.

മൂന്നു തവണ മുടങ്ങിയാല്‍

നിങ്ങളുടെ എസ്.ഐ.പി ഒരുതവണ മുടങ്ങിയാല്‍ പ്രത്യേകിച്ചൊന്നും സംഭവിക്കില്ല. എന്നാല്‍ മൂന്നുതവണ തുടര്‍ച്ചയായ അടവ് മുടങ്ങിയാല്‍ എസ്.ഐ.പി റദ്ദാക്കപ്പെടും. അതുവരെ അടച്ച തുക നിങ്ങള്‍ക്ക് നഷ്ടപ്പെടുകയില്ല. അക്കൗണ്ടില്‍ പണമില്ലാത്ത അവസരത്തില്‍ എസ്.ഐ.പി താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കാന്‍ മ്യൂച്വല്‍ ഫണ്ട് കമ്പനികള്‍ അനുവദിക്കും. മൂന്ന് മാസം മുതല്‍ ആറു മാസത്തേക്കാണ് ഈ സൗകര്യം അനുവദിക്കുന്നത്.

എസ്.ഐ.പി തുടങ്ങും മുമ്പ്

1. അടിസ്ഥാന പഠനം നടത്തുക: മ്യൂച്വല്‍ ഫണ്ടുകളും എസ്.ഐ.പി പ്ലാനുകളും നന്നായി മനസിലാക്കുക. വിവിധ ഫണ്ടുകളുടെ റിട്ടേണ്‍സ്, റിസ്‌ക്ക് പ്രൊഫൈല്‍, എക്‌സ്‌പെന്‍സ് റേഷ്യ, ഫണ്ട് മാനേജ്‌മെന്റിന്റെ വിശ്വാസ്യത എന്നിവ പഠിക്കേണ്ടതാണ്.

2. സാമ്പത്തിക ലക്ഷ്യങ്ങള്‍ വ്യക്തമാക്കുക: നിങ്ങളുടെ ആഗ്രഹങ്ങള്‍ക്കും സാമ്പത്തിക ആവശ്യങ്ങള്‍ക്കും അനുസൃതമായി എസ്.ഐ.പി തിരഞ്ഞെടുക്കുക. ദീര്‍ഘകാല നിക്ഷേപമോ അതോ ഹ്രസ്യകാല നിക്ഷേപമോ എന്നത് നിങ്ങള്‍ തന്നെ തീരുമാനിക്കുക. അതിനനുസരിച്ചുള്ള ഫണ്ടുകളില്‍ നിക്ഷേപിക്കുക.

3. ഫണ്ട് തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കുക: കമ്പനിയുടെ ട്രാക്ക് റെക്കോഡ്, ഫണ്ട് മാനേജ്‌മെന്റിന്റെ നിലവാരം, വിപണിയിലെ പ്രകടനം എന്നിവ പരിശോധിക്കുക. ലോങ്ങ്-ടേം പെര്‍ഫോമന്‍സ് വിലയിരുത്തിയ ശേഷമേ ഒരു ഫണ്ടില്‍ നിക്ഷേപിക്കാവു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT