Image : Canva 
Markets

ഐപിഒയ്ക്ക് അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കുന്നില്ലേ? കാരണം ഇതാണ്

ഐപിഒ അലോട്ട്‌മെന്റിന് അപേക്ഷിക്കുമ്പോള്‍ ഈ പിഴവുകള്‍ ഒഴിവാക്കൂ

Dr. Sanesh Cholakkad

നിക്ഷേപകര്‍ വിവിധ കമ്പനികളുടെ ഐപിഒ അലോട്ട്മെന്റിന് അപേക്ഷിക്കാറുണ്ടെങ്കിലും പലര്‍ക്കും ഓഹരി ലഭിക്കാറില്ല. അലോട്ട്‌മെന്റ് എന്തുകൊണ്ടാണ് ലഭിക്കാത്തതെന്നും, ഐപിഒ ലഭിക്കാന്‍ എന്തൊക്കെയാണ് നിക്ഷേപകര്‍ ചെയ്യേണ്ടതെന്നും വിശദമായി നോക്കാം.

ഒരു കമ്പനിയുടെ ഐപിഒയ്ക്ക് ഓവര്‍ സബ്സ്‌ക്രിപ്ഷന്‍ വരുമ്പോള്‍ അപേക്ഷിച്ച എല്ലാവര്‍ക്കും ഓഹരികള്‍ അനുവദിക്കാന്‍ സാധിക്കില്ല. കൂടുതല്‍ അപേക്ഷകര്‍ ഒരേ വിലയ്ക്ക് അപേക്ഷിച്ചാല്‍ ലോട്ടറി സംവിധാനം വഴിയാകും ഒഹരികള്‍ ആര്‍ക്ക് അനുവദിക്കണം എന്നത് തീരുമാനിക്കുക. പ്രസ്തുത സമയത്ത് നറുക്ക് വീഴുന്നവര്‍ക്കാണ് ഓഹരികള്‍ ലഭിക്കുക.

ഉദാ: ആകെ നാല് ഓഹരികളാണ് ഒരു കമ്പനിക്ക് അനുവദിക്കാനുള്ളത്. എട്ട് നിക്ഷേപകര്‍ ഐപിഒയ്ക്കായി അപേക്ഷിക്കുമ്പോള്‍, പലരും വ്യത്യസ്ത എണ്ണം ഓഹരികള്‍ക്കാണ് അപേക്ഷിക്കുക. ആകെ 20 ഓഹരികള്‍ക്ക് അപേക്ഷ വന്നിട്ടുണ്ടെങ്കില്‍, നാല് ഓഹരികള്‍ മാത്രമേ കമ്പനിക്ക് പരമാവധി നല്‍കാന്‍ സാധിക്കുകയുള്ളൂ എങ്കില്‍ അലോട്ട്മെന്റ് നടത്താന്‍ ലോട്ടറി സംവിധാനം വഴി നാല് നിക്ഷേപകരെ പാന്‍ നമ്പര്‍ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കും.

2,5,6,8 എന്നീ നമ്പറുകള്‍ ഉള്ള നിക്ഷേപകരെയാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ അവര്‍ക്ക് ഒരു ഓഹരി വീതം അനുവദിക്കുകയും ബാക്കി അപേക്ഷകള്‍ തള്ളുകയും ചെയ്യും. അപ്പോള്‍ നിക്ഷേപകന്‍ ആഗ്രഹിച്ച അത്ര എണ്ണം ഓഹരി ലഭിച്ചെന്നും വരില്ല.

ഐപിഒ അപേക്ഷയില്‍ പിഴവ് സംഭവിച്ചാലും ഓഹരികള്‍ അനുവദിക്കില്ല. പാന്‍ കാര്‍ഡ് തെറ്റായി പൂരിപ്പിക്കുക, പേര് തെറ്റായി ചേര്‍ക്കുക, പാന്‍ കാര്‍ഡിലെയും ബാങ്കിലെയും പേരുകളില്‍ വ്യത്യാസം ഉണ്ടാകുക തുടങ്ങിയ കാരണങ്ങള്‍ ഐപിഒ ലഭിക്കാതിരിക്കാനുള്ള കാരണങ്ങളാണ്.

സാധ്യത എങ്ങനെ വര്‍ധിപ്പിക്കാം

ഐപിഒ അലോട്ട്മെന്റ് ലഭിക്കാന്‍ മാന്ത്രിക വഴികളൊന്നുമില്ല. ഒരു ഐപിഒയ്ക്ക് അപേക്ഷിക്കുമ്പോള്‍ ഐപിഒ ഗ്യാരണ്ടിയോട് കൂടി ലഭിക്കുമെന്ന് ഉറപ്പിക്കാന്‍ സാധിക്കില്ല. ഒരു ഐപിഒ കിട്ടാനുള്ള സാധ്യത പ്രധാനമായും വ്യക്തി ഏത് വിഭാഗത്തിലാണ് അപേക്ഷിച്ചത് എന്നും, ഐപിഒയുടെ സബ്സ്‌ക്രിപ്ഷന്‍ സംബന്ധിച്ചുള്ള വിവരങ്ങളും അടിസ്ഥാനപ്പെടുത്തിയിരിക്കും. എന്നിരുന്നാലും താഴെ പറയുന്ന മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ ഐപിഒ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.

റീറ്റെയ്ല്‍ ഇന്‍വെസ്റ്റര്‍ വിഭാഗത്തില്‍ അപേക്ഷിക്കുമ്പോള്‍ പാന്‍ നമ്പര്‍ അടിസ്ഥാനത്തിലാണ് അപേക്ഷകരെ തരംതിരിക്കുന്നത്. ഒന്നിലേറെ ഡീമാറ്റ് അക്കൗണ്ട് ഒരു വ്യക്തിക്ക് ഉണ്ടെങ്കിലും അതുവഴി അപേക്ഷിച്ചാലും പാന്‍ നമ്പര്‍ ഒന്ന് മാത്രം ഉള്ളതിനാല്‍ ഈ അപേക്ഷകള്‍ എല്ലാം ഒറ്റ പാന്‍ നമ്പര്‍ ആയാണ് പരിഗണിക്കുക. അതുകൊണ്ട് ഒന്നിലേറെ ഡീമാറ്റ് അക്കൗണ്ട് ഉപയോഗിച്ച് നടത്തിയ അപേക്ഷകള്‍ നിരസിക്കപ്പെടും.

കുടുംബാംഗങ്ങളുടെ പേരില്‍ (ഭാര്യ, മാതാപിതാക്കള്‍, മക്കള്‍) ഡീമാറ്റ് അക്കൗണ്ട് ഉണ്ടെങ്കില്‍ അതുവഴി അപേക്ഷിച്ചാല്‍ അവര്‍ക്ക് പ്രത്യേകം പാന്‍ നമ്പര്‍ ആയതിനാല്‍ ലോട്ടറി സംവിധാനം പ്രകാരം അലോട്ട്‌മെന്റ് നടത്താന്‍ തീരുമാനിച്ചാല്‍ സാധ്യത കൂട്ടാം.

അപേക്ഷ വൈകിക്കുന്നത് നല്ലതല്ലെങ്കിലും മൊത്തത്തിലുള്ള അപേക്ഷകളുടെ ഒരു ചിത്രം കിട്ടുന്നതിന് ക്ഷമയോടെ കാത്തിരിക്കുക. അപേക്ഷിക്കാനുള്ള അവസാന ദിവസം ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി അപേക്ഷിക്കുക.

അപേക്ഷിക്കുമ്പോള്‍ പിഴവ് വരുത്താതെ നോക്കണം. ചില കമ്പനികള്‍ക്ക് പാരന്റ് കമ്പനിയും കൂടാതെ സബ്സിഡിയറി കമ്പനിയും ഉണ്ടാകും. ഇതില്‍ സബ്സിഡിയറി കമ്പനികളുടെ ഐപിഒ പാരന്റ് കമ്പനിയില്‍ ഷെയര്‍ ഹോള്‍ഡര്‍ ആയിട്ടുള്ള നിക്ഷേപകര്‍ക്ക് ഓഹരി പ്രത്യേകം നീക്കിവെച്ചിട്ടുണ്ടാകും. സബ്സിഡിയറി കമ്പനിയുടെ ഐപിഒയ്ക്ക് മുമ്പായി പാരന്റ് കമ്പനിയുടെ ഓഹരി വാങ്ങിവെച്ച് സബ്സിഡിയറി കമ്പനിയുടെ ഓഹരിക്ക് അപേക്ഷിക്കുമ്പോള്‍ അലോട്ട്‌മെന്റ് ലഭിക്കാനുള്ള സാധ്യത കൂടാം.

ഐപിഒയ്ക്ക് അപേക്ഷിക്കുമ്പോള്‍ ബിഡ് സമര്‍പ്പിക്കുന്നത് 'Cut Off Price'ല്‍ ആകുന്നതാണ് നല്ലത്. അല്ലെങ്കില്‍ ബിഡ്ഡിംഗ് ഏറ്റവും ഉയര്‍ന്ന വില നിലവാരത്തില്‍ ആക്കുക. അല്ലാത്ത പക്ഷം ബിഡ്ഡിംഗ് പ്രൈസ് അപേക്ഷകന്റേത് കുറവാണെന്ന കാരണം കൊണ്ട് അപേക്ഷ തള്ളിപ്പോകാം.

- റീറ്റെയ്ല്‍ ഇന്‍വെസ്റ്റര്‍ വിഭാഗത്തില്‍ അപേക്ഷിക്കുമ്പോള്‍ ഒരു വിഭാഗത്തിലേക്ക് മാത്രം അപേക്ഷിക്കുക. ഓവര്‍ സബ്സ്‌ക്രൈബ്ഡ് ആകുന്ന ഐപിഒ, ഒരു നറുക്ക് മാത്രമാകും പരമാവധി റീറ്റെയ്ല്‍ നിക്ഷേപകര്‍ക്ക് ലഭിക്കുക.

ധനം മാഗസിന്‍ ഓഗസ്റ്റ് 1 ലക്കം പ്രസിദ്ധീകരിച്ചത്

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT