Image courtesy: Canva
Markets

രാജ്യത്ത് 12 കോടിയോളം ക്രിപ്റ്റോ നിക്ഷേപകര്‍; പടരുന്ന ക്രിപ്‌റ്റോ ജ്വരം: ഭാവിയെന്ത്?

ക്രിപ്റ്റോ കറന്‍സികളെ വിനിമയത്തിനുള്ള ഉപാധിയായി ഇന്ത്യ അംഗീകരിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തി ഏറുന്നു

Dhanam News Desk

വാസുദേവ ഭട്ടതിരി

നാളെയുടെ നാണയം ഏതായിരിക്കും? അത് ക്രിപ്റ്റോ കറന്‍സിയായിരിക്കുമോ? പരമ്പരാഗത നിക്ഷേപ മാര്‍ഗങ്ങളോടുള്ള ആഭിമുഖ്യത്തെ തള്ളിപ്പറയുന്ന ജെന്‍ സീ (1997 മുതല്‍ 2012 വരെ ജനിച്ചവര്‍), ജെന്‍ ആല്‍ഫ (2013 മുതല്‍ 2024 വരെ ജനിച്ചവര്‍) യുടേതാണ് നാളെയെങ്കില്‍, നാളെയുടെ നാണയവും ക്രിപ്റ്റോ കറന്‍സിയായിക്കൂടെന്നില്ല. അവര്‍ക്കിടയില്‍ അത്രയ്ക്ക് വ്യാപകമായാണ് ക്രിപ്റ്റോ പ്രചാരം നേടുന്നത്. കേരളത്തിലെ യുവതലമുറ ഇക്കാര്യത്തില്‍ ബഹുദൂരം മുന്നിലെത്തിയിരിക്കുന്നു. രാജ്യത്തെ 12 കോടിയോളം ക്രിപ്റ്റോ നിക്ഷേപകരില്‍ കേരളത്തില്‍ നിന്നുള്ളവരുടെ എണ്ണം അവിശ്വസനീയമാണെങ്കിലും 50,00,000-70,00,000 (അനൗദ്യോഗിക കണക്ക്) എത്തിയിരിക്കുന്നുവെന്നാണ് ക്രിപ്റ്റോ വിപണിയുമായി ബന്ധപ്പെട്ടവരില്‍ നിന്ന് ലഭിക്കുന്ന കണക്ക്.

20 ശതമാനവും ഇന്ത്യയില്‍

രാജ്യത്തെ ക്രിപ്റ്റോ കറന്‍സി നിക്ഷേപകരുടെ ആകെ എണ്ണവും അതിശയിപ്പിക്കുന്നത് തന്നെ. 11.90 കോടി നിക്ഷേപകര്‍ ബിറ്റ്കോയിനിലും വിവിധ ഓള്‍ട്ടര്‍നേറ്റ് കോയിനു (ഓള്‍ട്ട് കോയിന്‍ എന്നും പറയാം) കളിലുമായി പണം മുടക്കിയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ലോകമെങ്ങുമുള്ള ക്രിപ്റ്റോ നിക്ഷേപകരുടെ 20 ശതമാനവും ഇന്ത്യയിലാണത്രെ.

അടുത്ത കാലത്തായി ഉന്നത ആസ്തിയുള്ളവര്‍ (എച്ച്എന്‍ഐ) വലിയ തോതില്‍ ക്രിപ്റ്റോ നിക്ഷേപത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നുണ്ട്. ഫാമിലി ഓഫീസുകളില്‍ നിന്നുള്ള ക്രിപ്റ്റോ നിക്ഷേപവും വലിയ അളവിലാണ്. പരമ്പരാഗത നിക്ഷേപമാര്‍ഗങ്ങളോട് ആഭിമുഖ്യമില്ലാത്ത യുവതലമുറക്കാര്‍ വലിയ തോതില്‍ ക്രിപ്റ്റോകളിലേക്ക് ആകര്‍ഷിക്കപ്പെടുമ്പോള്‍ അവരില്‍ അതിസമ്പന്നരോ സമ്പന്നരോ അല്ലാത്ത സാധാരണക്കാരും ഏറെയാണ്.

ബിറ്റ്കോയിന്‍, എഥേറിയം എന്നിവയാണ് ബഹുഭൂരിപക്ഷത്തിന്റെയും ഇഷ്ടകോയിനുകളെങ്കിലും മറ്റുള്ളവയ്ക്കും ആനുപാതിക പരിഗണന നിക്ഷേപകരില്‍ നിന്നു ലഭിക്കുന്നു. 2024ലെ കണക്കനുസരിച്ച് ക്രിപ്റ്റോ നിക്ഷേപകരുടെ എണ്ണം ഏറ്റവും വേഗം വര്‍ധിക്കുന്നത് ഇന്ത്യയിലാണ്. രാജ്യത്തെ ക്രിപ്റ്റോ നിക്ഷേപകരില്‍ 90 ശതമാനത്തോളവും ചില്ലറക്കാരാണെങ്കിലും പ്രതിദിന ഇടപാടുകളിലെ മൂല്യത്തിന്റെ 30-35 ശതമാനം മാത്രമാണ് അവരുടേത്. ബാക്കി വന്‍കിടക്കാരുടേതാണ്.

വാങ്ങാം, വില്‍ക്കാം, പക്ഷേ...

ജിയോട്ടസ്, കോയിന്‍ഡിസിഎക്‌സ്, മുഡ്‌റെക്‌സ്, കോയിന്‍സ്വിച്ച് തുടങ്ങിയവയാണ് ഇന്ത്യയില്‍ ക്രിപ്റ്റോ രംഗത്തുള്ള പ്രമുഖ പ്ളാറ്റ്ഫോമുകള്‍. പ്രചാരം കൂടിവരുന്ന പശ്ചാത്തലത്തില്‍ ക്രിപ്റ്റോ കറന്‍സികളെ വിനിമയത്തിനുള്ള ഉപാധിയായി ഇന്ത്യ അംഗീകരിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തി ഏറിയിരിക്കുകയാണ്. ആദായ നികുതി വകുപ്പ് ക്രിപ്റ്റോ കറന്‍സികളെ വെര്‍ച്വല്‍ ഡിജിറ്റല്‍ അസറ്റ് (വിഡിഎ) എന്നാണ് നിര്‍വചിച്ചിട്ടുള്ളത്. അവ വാങ്ങാം, വില്‍ക്കാം, കൈവശം വെയ്ക്കാം എന്നൊക്കെയല്ലാതെ പണമടവിനുള്ള നിയമവിധേയമായ കറന്‍സിയായി ഉപയോഗിക്കാന്‍ പാടില്ലെന്നും വ്യവസ്ഥയുണ്ട്. ഇവയുടെ കൈമാറ്റത്തില്‍ നിന്നുള്ള നേട്ടത്തിന് 30 ശതമാനമാണ് ആദായ നികുതി നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. കൂടാതെ നാല് ശതമാനം സെസും ഉണ്ടാകും.

ഇടപാട് നഷ്ടം മറ്റ് ആസ്തികളുടെ ലാഭത്തില്‍ നിന്ന് കുറയ്ക്കാന്‍ നികുതി നിയമം അനുവദിക്കുന്നില്ല. എക്സ്ചേഞ്ചുകളും മറ്റ് സേവനദാതാക്കളും കെവൈസി നിബന്ധനകള്‍ പാലിച്ചിരിക്കണമെന്നതും നിര്‍ബന്ധം.

തട്ടിപ്പുകളും കൂടുന്നു

പ്രചാരം ഏറുന്നതിനൊപ്പം ക്രിപ്റ്റോകളുമായി ബന്ധപ്പെട്ട തട്ടിപ്പുകളും വ്യാപകമാകുന്നുണ്ട്. 'മോറിസ് കോയിന്‍' എന്ന സാങ്കല്‍പ്പിക ക്രിപ്റ്റോ കറന്‍സിയുടെ പേരില്‍ മലപ്പുറം സ്വദേശിയായ നിഷാദ് എന്ന വ്യക്തി നടത്തിയ 1,200 കോടി രൂപയുടെ തട്ടിപ്പ് 2022ല്‍ വാര്‍ത്തകളില്‍ സ്ഥാനംപിടിച്ചിരുന്നു. ക്രിപ്റ്റോകളില്‍ നിന്ന് വന്‍ ലാഭം വാഗ്ദാനം ചെയ്തു റിച്ഫെറിമാന്‍, ഡീല്‍എഫ്എക്‌സ് എന്നീ ഷെല്‍ കമ്പനികള്‍ കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ നിന്നുള്ള നിക്ഷേപകരില്‍ നിന്ന് കോടിക്കണക്കിന് രൂപ തട്ടിയെടുത്ത സംഭവവും മറക്കാറായിട്ടില്ല. 31 ലക്ഷം രൂപയുടെ മറ്റൊരു തട്ടിപ്പ് ഇക്കഴിഞ്ഞ ഓഗസ്റ്റില്‍ തിരുവനന്തപുരം സൈബര്‍ ക്രൈം പൊലീസ് പിടികൂടിയതായും വാര്‍ത്തയുണ്ടായിരുന്നു.

യുഎസിലെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍പ്പെട്ടയാളും ലിത്വാനിയക്കാരനുമായ അലക്സേജ് ബോസിയോകോവ് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അറസ്റ്റിലായതും കേരളത്തില്‍ നിന്നായിരുന്നു. വിവിധ രാജ്യങ്ങളിലായി 8,00,000 കോടി രൂപയുടെയെങ്കിലും തട്ടിപ്പ് ഇയാള്‍ നടത്തിയിട്ടുണ്ടെന്നാണ് യുഎസ് പൊലീസിന്റെ അനുമാനം. ദേശീയ തലത്തിലും രാജ്യാന്തര തലത്തിലും അരങ്ങേറിയിട്ടുള്ള ക്രിപ്റ്റോ തട്ടിപ്പിന്റെ കഥകളും കുറച്ചൊന്നുമല്ല.

എന്തായാലും ഡൊണാള്‍ഡ് ട്രംപും പുടിനും മറ്റും ക്രിപ്റ്റോകളുടെ വക്താക്കളായി മാറിയതോടെ ബിറ്റ്കോയിന് മാത്രമല്ല ഡോജികോയിന്‍, എഥേറിയം, സൊലാന, ഷിബ ഇനു സൂയി, ചെയിന്‍ലിങ്ക്, യൂനിസ്വാപ്, കര്‍ഡാനോ, അവലാഞ്ച്, പോള്‍ക്കഡോട് തുടങ്ങിയവയ്ക്കെല്ലാം പല അളവിലാണെങ്കിലും വിശ്വാസ്യത കൈവന്നിരിക്കുന്നു. എന്നാല്‍ ട്രംപിന്റെ തന്നെ പകരച്ചുങ്ക പ്രഖ്യാപനം ലോക സമ്പദ്‌വ്യവസ്ഥയെ ദുര്‍ബലമാക്കിയിരിക്കുന്നതിന്റെ പ്രത്യാഘാതം ക്രിപ്റ്റോ കറന്‍സികളുടെ വിലനിലവാരത്തെയും ബാധിച്ചിരിക്കുകയാണ്. 1,11,000 ഡോളര്‍ വരെ വില രേഖപ്പെടുത്തിയ ബിറ്റ്കോയിന്റേതുള്‍പ്പെടെ എല്ലാ ക്രിപ്റ്റോകളുടെയും വില ഇടിയുന്നു. ഈ ലേഖനം തയാറാക്കുമ്പോള്‍ ബിറ്റ്കോയിന്‍ വില 84,464 ഡോളറിലേക്ക് താഴ്ന്നിരുന്നു.

പ്രധാനമായും മൂന്ന് കാര്യങ്ങള്‍ രാജ്യത്തെ ക്രിപ്റ്റോ കറന്‍സി രംഗത്തെ സ്വാധീനിക്കും. കേന്ദ്ര ബാങ്ക് നയങ്ങളും നിലപാടുകളുമാണ് ഇതില്‍ പ്രധാനം. റിസര്‍ങ്കിന്റെ ഉന്നത പദവിയില്‍ നിന്ന് അടുത്തിടെ വിരമിച്ച ഉന്നത ഉദ്യോഗസ്ഥന്‍ ഒരു സ്വകാര്യ സംഭാഷണത്തില്‍ ക്രിപ്റ്റോ കറന്‍സി 'ഫ്രോഡ് സംവിധാന'മാണെന്നാണ് അഭിപ്രായപ്പെട്ടത്.

വിലയിലെ ചാഞ്ചാട്ടം ക്രിപ്റ്റോ കറന്‍സിയുടെ മുഖമുദ്രയാണ്. പക്ഷേ വില വന്‍തോതില്‍ ഇടിവ് തുടര്‍ന്നാല്‍ നിക്ഷേപകരുടെ ആവേശം തണുക്കാനും സാധ്യതയുണ്ട്. സൈബര്‍ ക്രൈം ആണ് മറ്റൊന്ന്. പണം നഷ്ടപ്പെടുമെന്ന ആശങ്ക നിക്ഷേപകരില്‍ പലര്‍ക്കുമുണ്ട്. 

(മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനാണ് ലേഖകന്‍)

(Originally published in Dhanam Magazine December 15, 2025 issue.)

Disclaimer: ക്രിപ്റ്റോ കറന്‍സി നിക്ഷേപ രംഗത്തെ രാജ്യത്തെ അവസരങ്ങള്‍ പരിചയപ്പെടുത്തുന്നതിനുള്ള ലേഖനമാണിത്. ഈ ലേഖനം നിക്ഷേപ മാര്‍ഗനിര്‍ദേശമായോ, സാമ്പത്തിക ഉപദേശമായോ സ്വീകരിക്കരുത്.

The Spreading Crypto Fever: What Does the Future Hold?

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT