സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിൽ വെച്ച് കഴിഞ്ഞ ദിവസം യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വൺ ഡേർ ലെയ്ൻ, ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ഉടൻ യാഥാർത്ഥ്യമാകും എന്നുള്ള വ്യക്തമായ സൂചന നൽകി. 2007ൽ തുടക്കമിടുകയും എന്നാൽ കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി വഴിമുട്ടി നിൽക്കുകയുമായിരുന്ന വ്യാപാര കരാർ ചർച്ചകൾ പൊളിറ്റിക്കൽ സെൻസിറ്റീവ് മേഖലകളായ കൃഷി, ക്ഷീരോത്പന്നം എന്നിവയെ ഒഴിവാക്കിയതോടെയാണ് യോജിപ്പിലേക്ക് എത്തിയത്.
അതുകൊണ്ട് തന്നെ ഇന്ത്യയും യൂറോപ്യൻ യൂണിയനും (ഇയു) തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ ഇപ്പോഴത്തെ നിലയിൽ യാഥാർത്ഥ്യമായാൽ, അതിൽ നിന്നുണ്ടാകാവുന്ന സാമ്പത്തിക സ്വാധീനം കൃഷിയുമായി ബന്ധപ്പെട്ട വിഭാഗങ്ങളേക്കാൾ കൂടുതൽ വ്യാവസായിക ഉത്പന്നങ്ങളിലും സേവനങ്ങളിലുമാകും പ്രകടമാകുക. അത്തരം സെക്ടറുകൾ ഏതൊക്കെയെന്നും ഇന്ത്യ - ഇയു വ്യാപാര കരാർ ഓഹരി വിപണിയെ എങ്ങനെ സ്വാധീനിക്കാമെന്നും വിശദമായി നോക്കാം.
ഉയർന്ന താരിഫ് ഏർപ്പെടുത്തിയതു കാരണം ഇന്ത്യൻ കമ്പനികൾ കനത്ത വെല്ലുവിളി നേരിടുന്ന യുഎസ് വിപണിക്കൊരു പ്രായോഗിക ബദൽ എന്ന നിലയിൽ യൂറോപ്യൻ വിപണി മാറാനുള്ള ശക്തമായ സാധ്യതയും ശേഷിയും ഉള്ളതിനാൽ ആഭ്യന്തര വിപണി ഇന്ത്യ - ഇയു സ്വതന്ത്ര വ്യാപാര കരാറിനോട് പോസിറ്റീവായി പ്രതികരിക്കുമെന്നാണ് വിപണി വിദഗ്ധർ പൊതുവിൽ അഭിപ്രായപ്പെടുന്നത്. 1990-ന് ശേഷമുള്ള ഏറ്റവും വലിയ വിപണി പരിഷ്കരണ നീക്കമായി ഇതിനെ വിലയിരുത്താമെന്നും ഒരുവിഭാഗം അനലിസ്റ്റുകൾ സൂചിപ്പിച്ചു.
പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങളിലൊന്നായ ജെഫറീസ് പുറത്തിറക്കിയ ഇക്വിറ്റി സ്ട്രാറ്റജി റിപ്പോർട്ട് പ്രകാരം, ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള മൊത്തം വ്യാപാരം 20,200 കോടി ഡോളർ ആണ്. ഇതിൽ വ്യാവസായിക ഉത്പന്നങ്ങളുടെ വ്യാപാരം 13,000 കോടി ഡോളറാകുന്നു. ഇതിലെ ട്രേഡ് ബാലൻസ് നോക്കിയാൽ ഇന്ത്യയ്ക്ക് 1,000 മുതൽ 1,500 കോടി ഡോളറിന്റെ വ്യാപാര മിച്ചം പിടിക്കാൻ സാധിക്കുന്നുണ്ട്. പെട്രോളിയം ഉത്പന്നങ്ങളുടെ കയറ്റുമതിയാണ് ഇതിനു സഹായിച്ചത്. അതുപോലെ യൂറോപ്യൻ യൂണിയനുമായുള്ള വാണിജ്യ സേവനങ്ങളിൽ മൊത്തം 7,200 കോടി ഡോളറിന്റെ ഇടപാടുകളും ഇതിൽ നിന്നും 900 കോടി ഡോളർ വ്യാപാര മിച്ചം പിടിക്കാനും ഇന്ത്യക്ക് കഴിയുന്നുണ്ട്.
ടെക്സ്റ്റൈൽ, അപ്പാരൽ സെക്ടറിനാകും ഇന്ത്യയും യൂറോപ്യൻ യൂണിയനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമായാൽ ഏറ്റവുമധികം നേട്ടം ലഭിക്കാൻ സാധ്യതയുള്ളത്. ഇന്ത്യൻ വസ്ത്ര ഉത്പന്നങ്ങൾക്ക് ഇപ്പോൾ 10 ശതമാനം വരെ ഇറക്കുമതി തീരുവ ചുമത്തുന്നുണ്ട്. കരാറോടെ ഇത് ഒഴിവായി കിട്ടുന്നത് എതിരാളികളായ പാക്കിസ്ഥാനും ബംഗ്ലാദേശുമായി മത്സരിക്കാൻ ഇന്ത്യൻ കമ്പനികൾക്കും പ്രാപ്തി നൽകും. സമാനമായി ഐടി മേഖലയ്ക്കും വൻ ഉണർവേകാൻ കരാറിനാകും. യുഎസ് വിപണിയിലുള്ള ആശ്രയത്വം കുറയ്ക്കാൻ കഴിയുമെന്നതിനാൽ പ്രത്യേകിച്ചും.
അതുപോലെ ഫാർമസ്യൂട്ടിക്കൽസ്, ഹെൽത്ത്കെയർ സെക്ടറിനും ഇന്ത്യ - ഇയു വ്യാപാര കരാർ നേട്ടം സമ്മാനിക്കുന്നതാണ്. ഈ മേഖലയിൽ ഇന്ത്യൻ കമ്പനികൾക്ക് കാര്യമായ തീരുവ ഇപ്പോഴില്ലെങ്കിലും സങ്കീർണമായ നിയന്ത്രണ, നിബന്ധന നടപടികൾ ലഘൂകരിച്ച് കിട്ടുമെന്നതാണ് ഗുണകരമാകുന്നത്. സമാനമായി എൻജിനീയറിങ് ഗുഡ്സ്, വ്യാവസായിക ഉപകരണങ്ങൾ എന്നിവയ്ക്ക് 27 അംഗങ്ങളുള്ള യൂറോപ്യൻ വിപണിയിലേക്കുള്ള പ്രവേശനം ലളിതമാകും. അതുപോലെ 2.5 മുതൽ 10 ശതമാനം വരെ ഇപ്പോൾ ഇറക്കുമതി ചുങ്കം നേരിടുന്ന ഏവിയേഷൻ സെക്ടറിൽ എന്തെങ്കിലും ഇളവ് ലഭിച്ചാലും ആ വിഭാഗത്തിലെ ഇന്ത്യൻ കമ്പനികൾക്കത് നേട്ടമാകും. വാഹനാനുബന്ധ വ്യവസായ മേഖലയിൽ പരിമിത നേട്ടത്തിനേ സാധ്യതയുള്ളൂ എന്നും ജെഫറീസിന്റെ ഇക്വിറ്റി സ്ട്രാറ്റജി റിപ്പോർട്ടിൽ സൂചിപ്പിച്ചു.
Read DhanamOnline in English
Subscribe to Dhanam Magazine