ഓഹരി വിപണിയിലെ ഐ.പി.ഒ പൂക്കാലത്തിനിടയില്‍ വേറിട്ടൊരു ആവേശം സൃഷ്ടിച്ചിരിക്കുകയാണ് ഭാരത് കോക്കിങ് കോള്‍ (Bharat Coking Coal Limited BCCL) ഐപിഒ. വെറും 1,071 കോടി രൂപയുടെ ഈ പ്രാരംഭ ഓഹരി വില്‍പനക്ക് ലഭിച്ചത് ഏകദേശം ₹1.1 ലക്ഷം കോടി മൂല്യമുള്ള ബിഡുകള്‍. ഇഷ്യു സൈസിന്റെ ഏകദേശം 147 മടങ്ങ്. അടുത്ത കാലത്തെ പൊതുമേഖല സ്ഥാപന ഐപിഒകളില്‍ ഏറ്റവും വലിയ പ്രതികരണങ്ങളില്‍ ഒന്നാണിത്. റീട്ടെയില്‍ നിക്ഷേപകര്‍, വലിയ സ്ഥാപന നിക്ഷേപകര്‍, അതിസമ്പന്നര്‍ വ്യക്തികള്‍ - എല്ലാ വിഭാഗങ്ങളും ഒരുപോലെ ഐപിഒയിലേക്ക് ഒഴുകിയെത്തി.
ലഭ്യമായ കണക്കുകള്‍ പ്രകാരം മൊത്തം സബ്സ്‌ക്രിപ്ഷന്‍ ഏകദേശം 147 മടങ്ങാണെങ്കില്‍ ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേഴ്‌സ് (QIB) വിഭാഗത്തില്‍ ഇത് 300 മടങ്ങിന് മുകളിലെത്തി. സ്ഥാപനേതര നിക്ഷേപകര്‍ 250 മടങ്ങോളം. റീട്ടെയില്‍ നിക്ഷേപകര്‍ ഏകദേശം 49 മടങ്ങ്. ആകെ അപേക്ഷകളുടെ എണ്ണം 90 ലക്ഷം കടന്നത് രാജ്യവ്യാപകമായ നിക്ഷേപക പങ്കാളിത്തത്തിന്റെ സൂചന.
താരതമ്യേന ചെറിയൊരു പി.എസ്.യുവിന് ഇത്ര വലിയ പ്രതികരണം ലഭിച്ചത് എന്തുകൊണ്ട്? ഇഷ്യു വലുപ്പത്തില്‍ ചെറുതായിരുന്നെങ്കിലും, ഭാരത് കോക്കിങ് കോള്‍ ഐപിഒയ്ക്ക് പിന്നില്‍ ശക്തമായ ചില ഘടകങ്ങളുണ്ട്.
സ്റ്റീല്‍ നിര്‍മാണത്തിന് അനിവാര്യമായ കോക്കിങ് കോള്‍ ഇന്ത്യയില്‍ വന്‍തോതില്‍ ലഭ്യമല്ല. ഈ സാഹചര്യത്തില്‍ രാജ്യത്തെ ആഭ്യന്തര കോക്കിങ് കോള്‍ ഉല്‍പാദനത്തിന്റെ ഏകദേശം 58% ഭാരത് കോക്കിങ് കോളില്‍ നിന്നാണ്. ഏകദേശം 7.9 ബില്യണ്‍ ടണ്‍ കരുതല്‍ ശേഖരമുള്ള കമ്പനിക്ക്, ഈ മേഖലയില്‍ കുത്തക സ്ഥാനം തന്നെയുണ്ട്. സ്റ്റീല്‍ മേഖലയില്‍ ദീര്‍ഘകാല ആവശ്യകത ഉറപ്പുള്ളതിനാല്‍, കമ്പനിയുടെ അസാധാരണ മൂല്യമാണ് നിക്ഷേപകരെ ആകര്‍ഷിച്ചതെന്ന് വിപണി നിരീക്ഷകര്‍ പറയുന്നു.
ഓഹരി വില 21-23 എന്ന പരിധിയിലായിരുന്നു. ഇതിലൂടെ കമ്പനിയുടെ മൂല്യനിര്‍ണയം ഏകദേശം 10,700 കോടി ആയി. ഖനന, കമോഡിറ്റി മേഖലകളിലെ മറ്റ് കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ വിലനിര്‍ണയം അമിതമല്ലെന്ന വിലയിരുത്തലാണ് നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം നല്‍കിയത്. പബ്ലിക് ഇഷ്യുവിന് മുന്‍പ് നടന്ന ആങ്കര്‍ ഇന്‍വെസ്റ്റര്‍ റൗണ്ട് പൂര്‍ണമായും സബ്സ്‌ക്രൈബ് ആയിരുന്നു. പ്രമുഖ ധനകാര്യ സ്ഥാപനങ്ങളുടെ ഈ പങ്കാളിത്തം, ഐപിഒയ്ക്ക് വിശ്വാസ്യത നല്‍കിയ പ്രധാന ഘടകമായി മാറി. കല്‍ക്കരി ഖനനം മാത്രമല്ല, കോള്‍ വാഷറികള്‍, ഗുണമേന്മ വര്‍ധിപ്പിക്കുന്ന അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിലേക്കും BCCL ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഇത് ദീര്‍ഘകാലത്ത് മാര്‍ജിനുകള്‍ മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന പ്രതീക്ഷയും നിക്ഷേപകരിലുണ്ട്.
ഗ്രേ മാര്‍ക്കറ്റിലെ ശക്തമായ പ്രീമിയവും വന്‍ സബ്സ്‌ക്രിപ്ഷനും കണക്കിലെടുക്കുമ്പോള്‍, ഓഹരികള്‍ ലിസ്റ്റ് ചെയ്യുമ്പോള്‍ പ്രീമിയം ലഭിക്കാനുള്ള സാധ്യത ഉയര്‍ന്നതാണ്. ഓഹരികള്‍ BSE, NSE എന്നിവയില്‍ ജനുവരി 16-ഓടെ ലിസ്റ്റ് ചെയ്യുമെന്നാണ് പ്രതീക്ഷ. (ജനുവരി 15-ലെ അവധി കാരണം തീയതിയില്‍ മാറ്റം വന്നേക്കാം). എന്നാല്‍ ഗ്രേ മാര്‍ക്കറ്റ് പ്രീമിയം ഉറപ്പായ ലാഭത്തിന്റെ സൂചനയല്ലെന്നും, ലിസ്റ്റിങ്ങിന് ശേഷം വിലയില്‍ ചാഞ്ചാട്ടം ഉണ്ടാകാമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഭാരത് കോക്കിങ് കോള്‍ ഐപിഒ, പി.എസ്.യു ഓഹരികളോടുള്ള നിക്ഷേപക മനോഭാവം മാറുന്നുവെന്നതിന്റെ ശക്തമായ സൂചനയാണ്. തന്ത്രപ്രധാനമായ മേഖലയിലെ ശക്തമായ സ്ഥാനം, ന്യായമായ വിലനിര്‍ണയം, സ്ഥാപനപരമായ പിന്തുണ - ഇവയാണ് ഐപിഒയെ റെക്കോര്‍ഡ് വിജയമാക്കിയത്. അതേസമയം, കല്‍ക്കരി-സ്റ്റീല്‍ മേഖലകളുടെ സ്വഭാവവും നയപരമായ മാറ്റങ്ങളും കണക്കിലെടുത്ത്, ലിസ്റ്റിങ്ങിന് ശേഷമുള്ള നിക്ഷേപ തീരുമാനങ്ങള്‍ സൂക്ഷ്മമായി എടുക്കണം എന്നതാണ് വിപണിയുടെ പൊതുവായ മുന്നറിയിപ്പ്.
Read DhanamOnline in English
Subscribe to Dhanam Magazine