Image : Canva and Freepik 
Markets

പുതിയ ഡെറിവേറ്റീവ് കോൺട്രാക്ടുകൾക്ക് സെബി അനുമതി; ബിഎസ്ഇ ഓഹരികളിൽ ഇന്ന് വൻ കുതിപ്പ്

സെൻസെക്സ് നെക്സ്റ്റ്-30 സൂചികയിൽ ഡെറിവേറ്റീവ് കോൺട്രാക്ടുകൾ ആരംഭിക്കാൻ സെബി അനുമതി നൽകിയതോടെ ബിഎസ്ഇ ഓഹരികളിൽ കുതിപ്പ്. പുതിയ ട്രേഡിങ് അവസരങ്ങളും എക്സ്ചേഞ്ച് വരുമാന വർധനയും പ്രതീക്ഷിക്കുന്നു.

Dhanam News Desk

ഇന്ത്യൻ മൂലധന വിപണിയിൽ ഏറെ നിർണായക സ്ഥാനമുള്ളതും ആഭ്യന്തര വിപണിയിലെ ഇടപാടുകളുടെ കണക്കിൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ​സ്റ്റോക്ക് എക്സ്ചേഞ്ചുമായി ബിഎസ്ഇയുടെ ഓഹരിയിൽ ഇന്ന് (2026 മാർച്ച് 5) വൻ കുതിപ്പ്. വ്യാഴാഴ്ചത്തെ വ്യാപാരം പുരോ​ഗമിക്കവെ നാല് ശതമാനത്തിലേറെ നേട്ടവുമായി 2,740 രൂപ നിലവാരം ബിഎസ്ഇ ഓഹരി മറികടന്നു. ഇന്നത്തെ ഉയർന്ന വിലനിലവാരത്തിലാണ് ഈ ലാർജ് ക്യാപ് ഓഹരിയുടെ വ്യാപാരം ഇപ്പോൾ അരങ്ങേറുന്നത്. പുതിയൊരു സൂചികയിൽ (Index) കൂടി ഡെറിവേറ്റീവ് കോൺട്രാക്ടുകൾ (F&O) പുറത്തിറക്കാൻ രാജ്യത്തെ മൂലധന വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെബി (SEBI) അനുവദിച്ചതിനെ തുടർന്നാണ് ബിഎസ്ഇ ഓഹരികളിലെ മുന്നേറ്റം.

സെബി അനുമതി - എന്തുകൊണ്ട് നേട്ടം?

ബിഎസ്ഇ സെൻസെക്സ് നെക്സ്റ്റ്-30 സൂചികയിൽ ഡെറിവേറ്റ് കോൺട്രാക്ടുകൾ (ഫ്യൂച്ചേഴ്സ്, ഓപ്ഷൻസ്) പുറത്തിറക്കുന്നതിനും വ്യാപാരം അനുവദിക്കുന്നതിനുമാണ് സെബി ഇപ്പോൾ ബിഎസ്ഇ ​സ്റ്റോക്ക് എക്സ്ചേഞ്ചിന് അനുമതി നൽകിയിരിക്കുന്നത്. ഇതോടെ സെൻസെക്സ് നെക്സ്റ്റ്-30 സൂചികയിൽ ഇൻഡക്സ് ഫ്യൂച്ചേഴ്സ്, ഇൻഡക്സ് ഓപ്ഷൻസ് എന്നിവയുടെ മാസക്കാലയളവിലെ കോൺട്രാക്ടുകൾ ബിഎസ്ഇയ്ക്ക് ആരംഭിക്കാം. കാഷ് സെറ്റിൽമെന്റ് ആയിരിക്കും. എല്ലാ മാസത്തിലേയും അവസാന വ്യാഴാഴ്ചയായിരിക്കും ഈ കോൺട്രാക്ടുകളുടെ എക്സ്പയറി ദിനം.

ഇതോടെ നിക്ഷേപകർക്ക് കൂടുതൽ ട്രേഡിങ് അവസരങ്ങൾ ലഭിക്കും. അതുപോലെ വിപണി ചാഞ്ചാട്ടത്തിന്റെ പാതയിലാകുമ്പോൾ റിസ്ക് കുറയ്ക്കുന്നതിനുള്ള കൂടുതൽ ഹെഡ്ജിങ് അവസരങ്ങളും ഇനി ലഭ്യമാകും. മൊത്തത്തിൽ ബിഎസ്ഇയുടെ ഡെറിവേറ്റീവ്സ് വിഭാ​ഗത്തിലെ വ്യാപാരത്തിന് ഊർജം പകരാൻ സെൻസെക്സ് നെക്സ്റ്റ്-30 സൂചികയിൽ കൂടി ഡെറിവേറ്റീവ്സ് കോൺട്രാക്ടുകൾ എത്തുന്നതോടെ കഴിയും. ഇതിലൂടെ എൻഎസ്ഇയുമായുള്ള മത്സരം മുറുക്കാനും എക്സ്ചേഞ്ച് ഫീസ് ഇനത്തിലുള്ള വരുമാനം വർധിപ്പിക്കാനും ബിഎസ്ഇയ്ക്ക് കഴിയുമെന്നാണ് വിലയിരുത്തൽ.

എന്താണ് സെൻക്സ് നെക്സ്റ്റ് 30?

ബിഎസ്ഇ ​സ്റ്റോക്ക് എക്സ്ചേഞ്ചിന് കീഴിലുള്ള പ്രത്യേക ലാർജ് ക്യാപ് ഓഹരി സൂചികയാണ് ബിഎസ്ഇ സെൻക്സ് നെക്സ്റ്റ്-30 (BSE SENSEX Next 30). ബിഎസ്ഇയുടെ ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാന ഓഹരി സൂചികയായ ബിഎസ്ഇ സെൻക്സിന്റെ ഭാ​ഗമാകാത്തതും എന്നാൽ ഉയർന്ന ലിക്വിഡിറ്റിയും ഡെറിവേറ്റീവ് കോൺട്രാക്ടുകൾ ലഭ്യമായിട്ടുള്ളതും വിപണി മൂല്യത്തിന്റെ റാങ്കിം​ഗിൽ ആദ്യ നൂറിനുള്ളിൽ ഉൾപ്പെടുന്ന കമ്പനികളെ അടിസ്ഥാനവുമാക്കിയുള്ള ബിഎസ്ഇ 100 സൂചികയുടെ മധ്യനിരയിൽ ഉൾപ്പെടുന്ന 30 ലാർജ് ക്യാപ് ഓഹരികളെ കൂട്ടിച്ചേ‌ർത്തുള്ളതാണ് ബിഎസ്ഇ സെൻക്സ് നെക്സ്റ്റ്-30 സൂചിക.

ഫ്ലോട്ട് അ‍ഡ്ജ​സ്റ്റഡ് മാർക്കറ്റ് ക്യാപിറ്റലൈസേഷൻ ആണ് ഈ സൂചിക അടിസ്ഥാനമാക്കിയിട്ടുള്ളത്. വർഷത്തിൽ രണ്ട് തവണ (ജൂണിലും ഡിസംബറിലും) സെൻക്സ് നെക്സ്റ്റ്-30 സൂചികയിൽ റിബാലൻസിങ് നടത്തുന്നു. ചുരുക്കത്തിൽ ഇന്ത്യയിലെ വൻകിട ലി​സ്റ്റഡ് കമ്പനികളുടെ ഒരു കൂട്ടം തന്നെയാണ് സെൻസെക്സ് നെക്സ്റ്റ്-30 സൂചികയിൽ ഉള്ളതെന്ന് സാരം.

സെൻക്സ് നെക്സ്റ്റ്-30 ഓഹരികൾ

ഹിൻഡാൽകോ ഇൻഡസ്ട്രീസ്, കോൾ ഇന്ത്യ, വേദാന്ത, പിഎഫ്സി, വരുൺ ബിവറേജസ്, ടാറ്റ പവർ, ശ്രീറാം ഫിനാൻസ്, ഒഎൻജിസി, ഡോ റെഡ്ഡീസ്, ജെഎസ്ഡബ്ല്യൂ ​സ്റ്റീൽ, ബ്രിട്ടാനിയ, സിപ്ല, ബജാജ് ഓട്ടോ, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ്, ഐഷർ മോട്ടോഴ്സ്, അപ്പോളോ ഹോസ്പിറ്റൽസ്, ഡിവീസ് ലാബ്, ടിവിഎസ് മോട്ടോഴ്സ്, ​ഗ്രാസീം, ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ്, ജിയോ ഫിനാൻസ്, നെസ്ലെ ഇന്ത്യ, മാക്സ് ഹെൽത്ത്, വിപ്രോ, ടാറ്റ കൺസ്യൂമർ പ്രോഡക്ട്സ്, സുസ്ലോൺ, എച്ച്ഡിഎഫ്സി ലൈഫ്, അദാനി എന്റർപ്രൈസസ്, ഇന്ത്യ ഹോട്ടൽസ് എന്നിവയാണ് നിലവിൽ ബിഎസ്ഇ സെൻക്സ് നെക്സ്റ്റ്-30 സൂചികയുടെ ഭാ​ഗമായിട്ടുള്ള 30 ലാ‌ർജ് ക്യാപ് ഓഹരികൾ.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT