image courtesy: cmpdi.co.in
Markets

ലി​സ്റ്റിം​ഗ് പാളി; അരങ്ങേറ്റത്തിൽ തകർന്നടിഞ്ഞ് കോൾ ഇന്ത്യ ഉപകമ്പനിയുടെ ഓഹരി; എന്തുകൊണ്ട് ഈ തിരിച്ചടി?

ഇഷ്യൂ വിലയേക്കാളും 7% താഴെ 160 രൂപയിൽ സി.എം.പി.ഡി.ഐ ഓഹരിയുടെ ലി​സ്റ്റിങ് നടന്നതിന് പിന്നിൽ കമ്പനിയുമായി ബന്ധപ്പെട്ടും ഐ.പി.ഒ. സമയത്തെ ചില ഘടകങ്ങളും കൂടി കാരണമായിട്ടുണ്ടെന്നാണ് അനലി​സ്റ്റുകളുടെ വിലയിരുത്തൽ.

Dhanam News Desk

മിനിരത്ന പദവിയുള്ള കേന്ദ്ര പൊതുമേഖല സ്ഥാപനവും കോൾ ഇന്ത്യയുടെ ഉപകമ്പനിയുമായ സെൻട്രൽ മൈൻ പ്ലാനിം​ഗ് & ഡിസൈൻ ഇൻസ്റ്റിട്യൂട്ട് ലിമിറ്റഡിന് (സി.എം.പി.ഡി.ഐ) ഓഹരി വിപണിയിൽ​ നിറംമങ്ങിയ അരങ്ങേറ്റം. ഇന്ന് (2026 മാർച്ച് 30) രാവിലെ എൻ.എസ്.ഇ, ബി.എസ്.ഇ ​സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ നിശ്ചയിച്ചിരുന്ന ലി​സ്റ്റിങ്ങിൽ, നഷ്ടം നേരിട്ടുകൊണ്ടാണ് സി.എം.പി.ഡി.ഐ (BSE: 544739, NSE: CMPDI) ഓഹരിയുടെ വ്യാപാരത്തിന് തുടക്കം കുറിച്ചത്. പിന്നീടും കരകയറാൻ കഴിയാതിരുന്ന സി.എം.പി.ഡി.ഐ ഓഹരി ഉച്ചയോടെ 10% ഇടിഞ്ഞ് 155 രൂപയിലേക്ക് കൂപ്പുകുത്തി.

എന്തുകൊണ്ട് ലി​സ്റ്റിങ്ങിൽ തിരിച്ചടി?

തിങ്കളാഴ്ചത്തെ വ്യാപാരത്തിൽ ഇന്ത്യൻ വിപണിയൊന്നാകെ കനത്ത വിൽപ്പന സമ്മർദം നേരിടുന്ന സാഹചര്യം, സി.എം.പി.ഡി.ഐ ഓഹരിയുടെ ലി​സ്റ്റിങ്ങിനേയും പ്രതികൂലമായി സ്വാധീനിച്ചിട്ടുണ്ട്. എന്നിരുന്നാലും ഇഷ്യൂ വിലയേക്കാളും 7% താഴെ 160 രൂപ നിലവാരത്തിൽ ഓഹരിയുടെ ലി​സ്റ്റിങ് (എൻ.എസ്.ഇ.) നടന്നതിന് പിന്നിൽ കമ്പനിയുമായി ബന്ധപ്പെട്ടും ഐ.പി.ഒ. സമയത്തെ ചില ഘടകങ്ങളും കൂടി കാരണമായിട്ടുണ്ടെന്നാണ് മാർക്കറ്റ് അനലി​സ്റ്റുകളുടെ പൊതുവായ വിലയിരുത്തൽ.

ഇതിൽ പ്രധാനം, വരുമാനത്തിന്റെ 90 ശതമാനത്തിനും സി.എം.പി.ഡി.ഐ. ആശ്രയിക്കുന്നത് കോൾ ഇന്ത്യയെ ആണെന്നുള്ളതാണ്. ഇതിലൂടെ സെക്ടർ കേന്ദ്രീകൃത റിസ്ക് എന്ന പ്രതികൂല ഘടകം ഐ.പി.ഒ വേളയിൽ കണക്കിലെടുത്തതോടെ നിക്ഷേപകരുടെ പങ്കാളിത്തവും കുറഞ്ഞുപോയി. സി.എം.പി.ഡി.ഐ ഐ.പി.ഒ.യിലേക്ക് ആകെ എത്തിയത് ലഭ്യമായ ഓഹരിയുടെ 1.05 മടങ്ങ് അപേക്ഷകൾ (ബിഡ്ഡിങ്) മാത്രമാണ്. വമ്പൻ വ്യക്തി​ഗത നിക്ഷേപകരും സ്ഥാപന നിക്ഷേപകരും ഐ.പി.ഒയിൽ സജീവമായിരുന്നില്ല.

കൂടാതെ ഫ്രഷ് ഇഷ്യൂവിന് പകരം ഓഫർ ഫോർ സെയിൽ (ഒ.എഫ്.എസ്) മുഖേനയാണ്, കമ്പനി ഐ.പി.ഒ നടത്തിയതെന്നതും വിപണിയിൽ നിന്നുള്ള നിക്ഷേപക പങ്കാളിത്തം ശുഷ്കിക്കുന്നതിന് കാരണമായി. അതുപോലെ ബ്രോക്കറേജ് സ്ഥാപനങ്ങളിൽ നിന്നും പുറത്തുവന്ന സമ്മിശ്ര റേറ്റിങ്ങുകളും വിലയിരുത്തലുകളും കൂടിയായപ്പോൾ സി.എം.പി.ഡി.ഐ ഓഹരികളുടെ ലി​സ്റ്റിങ് ദിനത്തിലെ പ്രകടനം നിറംമങ്ങിപ്പോകുകയായിരുന്നു. മാർച്ച് 20-24 വരെയായിരുന്നു ഐ.പി.ഒ നടന്നത്. 172 രൂപയിലാണ് നിക്ഷേപകർക്ക് സി.എം.പി.ഡി.ഐ ഓ​ഹരി ഇഷ്യൂ ചെയ്തത്.

ഇനിയെന്ത് ചെയ്യണം?

പശ്ചിമേഷ്യയിലെ യുദ്ധവും ക്രൂഡ് ഓയിൽ വിലക്കയറ്റവും ഒക്കെ കാരണം ആഭ്യന്തര വിപണിയിലെ പൊതുസാഹചര്യം മോശമായതും സി.എം.പി.ഡി.ഐ ഓഹരിയുടെ പ്രകടനത്തെ സ്വാധീനിക്കുന്നുണ്ട് എന്നാണ് മാർക്കറ്റ് അനലി​സ്റ്റുകൾ സൂചിപ്പിച്ചത്. എന്നിരുന്നാലും കമ്പനിയുടെ ഫണ്ടമെന്റൽ ഘടകങ്ങൾ താരതമ്യേന ശക്തമാണ്. അതിനാൽ ദീർഘകാലയളവിലേക്ക് മികച്ചൊരു ഓപ്ഷനാണ്.

പക്ഷേ, ​ഹ്രസ്വകാല പ്രകടനം അനിശ്ചിതത്വം നിറഞ്ഞതാണ്. അതിനാൽ സി.എം.പി.ഡി.ഐ ഓഹരിയിലെ പുതിയ നിക്ഷേപം, വരുന്ന 2-3 സാമ്പത്തിക പാദങ്ങളിലെ കമ്പനിയുടെ ബിസിനസ് പ്രകടനം വിലയിരുത്തിയശേഷം പരി​ഗണിക്കുന്നതാകും ഉചിതം. എന്നാൽ ഐ.പി.ഒയിൽ ഓഹരി ലഭിച്ചവർ അത് നിലനിർത്തുന്നതാകും ഭേദമെന്നാണ് അനലി​സ്റ്റുകൾ പറയുന്നത്.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ നഷ്ടസാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT