2026-27 സാമ്പത്തിക വർഷത്തിലേക്ക് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച പൊതുബജറ്റിൽ പ്രതിരോധ മേഖലയ്ക്കുള്ള മൊത്തം വിഹിതത്തിൽ വൻ വർധന. നടപ്പ് സാമ്പത്തിക വർഷത്തിലെ കണക്കുകളുമായി (2025-26) തട്ടിച്ചുനോക്കുമ്പോൾ ഇത്തവണത്തെ ബജറ്റിൽ പ്രതിരോധ മേഖലയ്ക്ക് അനുവദിച്ച മൊത്തം വിഹിതം 15 ശതമാനം വർധിച്ച് 7.85 ലക്ഷം കോടി രൂപയായി ഉയർന്നു.
അതേസമയം പ്രതിരോധ മേഖലയിൽ നിന്നുള്ള ഓഹരികളിൽ ബജറ്റ് അവതരത്തിനു ശേഷം ഇടിവ് നേരിട്ടു. സ്വകാര്യ, പൊതു മേഖല കമ്പനികളുടെ വേർതിരിവില്ലാതെയാണ് ഓഹരികളിൽ ഇന്ന് തിരിച്ചടി പ്രകടമായത്. ഇതോടെ എൻഎസ്ഇയുടെ പ്രതിരോധ മേഖലയെ പ്രതിനിധാനം ചെയ്യുന്ന സെക്ടറൽ സൂചികയായ നിഫ്റ്റി ഇന്ത്യ ഡിഫൻസ് ഇൻഡക്സ്, ഒരു ഘട്ടത്തിൽ 6 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തി.
പ്രധാനപ്പെട്ട പ്രതിരോധ മേഖലയിൽ നിന്നുള്ള ഓഹരികളായ പരസ് ഡിഫൻസ് & സ്പേസ് ടെക്നോളജീസ്, ഗാർഡൻ റീച്ച് ഷിപ്പ്ബിൽഡേഴ്സ് & എൻജിനീയേഴ്സ്, മസഗോൺ ഡോക്ക് ഷിപ്പ്ബിൽഡേഴ്സ്, ഭാരത് ഇലക്ട്രോണിക്സ് (BEL), ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് (HAL), ഭാരത് ഡൈനാമിക്സ്, ഡേറ്റ പാറ്റേൺസ് (ഇന്ത്യ) ലിമിറ്റഡ്, സെൻ ടെക്നോളജീസ്, അപ്പോളോ മൈക്രോസിസ്റ്റംസ്, കൊച്ചിൻ ഷിപ്പ്‍യാർഡ് എന്നിവ 4 ശതമാനത്തിനുമേൽ നഷ്ടമാണ് ബജറ്റ് ദിനത്തിലെ പ്രത്യേക വ്യപാരത്തിനിടെ നേരിട്ടത്.
ഇത്തവണത്തെ പൊതുബജറ്റിൽ കഴിഞ്ഞ തവണത്തേക്കാൾ പ്രതിരോധ മേഖലയ്ക്ക് നീക്കിവെച്ച വിഹിതത്തിൽ ഇരട്ടയക്ക നിരക്കിൽ വർധന രേഖപ്പെടുത്തുന്നുണ്ടെങ്കിലും ഓപ്പറേഷൻ സിന്ദൂറിന് ശേഷം സേനകളുടെ തയ്യാറെടുപ്പിനായി കേന്ദ്ര സർക്കാർ നൽകിയിരുന്ന പരിഗണനവെച്ചു നോക്കുമ്പോഴുള്ള ആനുപാതിക വർധന കാണാനില്ലാത്തതാണ് വിപണിയെ നിരാശപ്പെടുത്തിയത്. അതുപോലെ പ്രതിരോധ മേഖലയെ കേന്ദ്രീകരിച്ചുള്ള പ്രത്യേക വൻ പദ്ധതികളോ പ്രഖ്യാപനങ്ങളോ ഇല്ലാതിരുന്നതും ഡിഫൻസ് സെക്ടറിൽ നിന്നുള്ള ഓഹരികൾക്ക് തിരിച്ചടിയായി.
സായുധ സേനകളുടെ ആധുനികവത്കരണത്തിനുള്ള മൂലധന ചെലവിലേക്കായി 2.19 ലക്ഷം കോടി രൂപയാണ് ഇത്തവണത്തെ ബജറ്റിൽ നീക്കിവെച്ചിട്ടുള്ളത്. ഇത് വാർഷികമായി 18 ശതമാനം വർധനയാണ്. എന്നാൽ വിപണി പൊതുവിൽ പ്രതീക്ഷിച്ചിരുന്നത് ആധുനികവത്കരണത്തിനായുള്ള ബജറ്റ് നീക്കിയിരുപ്പിൽ 25 ശതമാനമെങ്കിലും വർധന കുറിക്കുമെന്നായിരുന്നു.
മേൽസൂചിപ്പിച്ച ഓഹരികളെ കുറിച്ചുള്ള വിവരം പഠനാവശ്യാർത്ഥം പങ്കുവെച്ചതാണ്. നിക്ഷേപ സംബന്ധമായ തീരുമാനം എടുക്കുന്നതിനുള്ള ശുപാർശയോ നിർദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയുടെ നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ഓഹരി നിക്ഷേപത്തിന് മുൻപ് സ്വന്തം നിലയിൽ കമ്പനിയെ കുറിച്ച് കൂടുതൽ പഠിക്കുകയോ അല്ലെങ്കിൽ സെബി അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ നിങ്ങൾക്ക് ചെയ്യാവുന്നതാണ്.
Read DhanamOnline in English
Subscribe to Dhanam Magazine