പ്രതീകാത്മക ചിത്രം Image courtesy: Canva
Markets

ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ ഓഹരി വാങ്ങലിൽ വൻ കുറവ്; ഐ.പി.ഒ.കളുടെ തള്ളിക്കയറ്റമോ പശ്ചിമേഷ്യൻ ആശങ്കയോ?

എൻ.എസ്.ഇ ലഭ്യമാക്കിയ പ്രാഥമിക കണക്കുകൾ പ്രകാരം, ജൂലൈ 23 വരെ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾ സെക്കൻഡറി വിപണിയിൽ നിന്നും 24,500 കോടി രൂപയുടെ ഓഹരികൾ മാത്രമാണ് വാങ്ങിയിട്ടുള്ളത്

Dhanam News Desk

ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ സെക്കൻഡറി വിപണിയിൽ നിന്നുള്ള ഓഹരി വാങ്ങൽ 16 മാസത്തെ താഴ്ന്ന നിലയിൽ. മേയ്, ജൂൺ മാസങ്ങളിലെ 80,000 കോടിയിലധികം നിക്ഷേപവുമായി താരതമ്യം ചെയ്യുമ്പോൾ ജൂലൈയിൽ 24,500 കോടിയിലേക്ക് ഇടിഞ്ഞു. ഐ.പി.ഒ/ക്യു.ഐ.പി വഴിയുള്ള വൻ വിഭവ സമാഹരണം, യു.എസ്-ഇറാൻ സംഘർഷം, ക്രൂഡ് ഓയിൽ വിലവർധന, ഒന്നാം പാദ ഫലങ്ങളിലെ അനിശ്ചിതത്വം എന്നിവ ജാഗ്രതയ്ക്ക് കാരണമായി.

ഇന്ത്യൻ ഓഹരി വിപണിയുടെ നെടുംതൂണുകളിലൊന്നായ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ (DII) ഓഹരി വാങ്ങൽ തന്ത്രങ്ങളിൽ പ്രകടമായ മാറ്റം. മ്യൂച്വൽ ഫണ്ടുകളും ഇൻഷുറൻസ് കമ്പനികളും പെൻഷൻ ഫണ്ടുകളും ബാങ്കുകളും ഒക്കെ ഉൾപ്പെടുന്ന ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾ സെക്കൻഡറി വിപണിയിൽ (ലി​സ്റ്റ് ചെയ്ത കമ്പനികളുടെ ഓഹരി വ്യാപാരം നടക്കുന്ന വിപണി) നിന്നും ഓഹരികൾ വാങ്ങുന്നത് 16 മാസത്തെ താഴ്ന്ന നിലയിലേക്ക് എത്തിച്ചേർന്നു. ഒരുവശത്ത് വിദേശ നിക്ഷേപക സ്ഥാപനങ്ങൾ (FII) തുടർച്ചയായി വിൽപ്പന സമ്മർദം സൃഷ്ടിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ നിക്ഷേപ തന്ത്രത്തിലും മാറ്റമെന്നതും ശ്രദ്ധേയം.

ആഭ്യന്തര വിപണിയിൽ നിഴലിക്കുന്ന അനിശ്ചിതത്വങ്ങളും പ്രാഥമിക വിപണിയിലേക്ക് (Primary Market) വൻകിട കമ്പനികളുടെ പ്രാഥമിക പൊതു ഓഹരി വിൽപ്പനകൾ അഥവാ ഐ.പി.ഒകൾ (IPO) തുടർച്ചയായി എത്തുന്നതുമാണ് ഫണ്ട് മാനേജർമാരെ ജാഗ്രത പാലിക്കാൻ പ്രേരിപ്പിച്ചതെന്നാണ് അനലി​സ്റ്റുകളുടെ വിലയിരുത്തൽ.

കണക്കുകൾ പറയുന്നതെന്ത്?

നാഷണൽ ​സ്റ്റോക്ക് എക്സ്ചേഞ്ച് (NSE) ലഭ്യമാക്കിയ പ്രാഥമിക കണക്കുകൾ പ്രകാരം, ജൂലൈ 23 വരെ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾ സെക്കൻഡറി വിപണിയിൽ നിന്നും 24,500 കോടി രൂപയുടെ ഓഹരികൾ മാത്രമാണ് വാങ്ങിയിട്ടുള്ളത്. മേയ് മാസത്തിൽ 82,669 കോടി രൂപയും ജൂൺ മാസത്തിൽ 85,800 കോടി രൂപയും വീതമാണ് സെക്കൻഡറി വിപണിയിൽ നിന്നും നേരിട്ട് ഓഹരികൾ വാങ്ങാൻ ആഭ്യന്തര ഫണ്ടുകൾ ചെലവഴിച്ചത്. അതുമായി താരതമ്യം ചെയ്യുമ്പോൾ ജൂലൈ മാസത്തിലെ നിക്ഷേപ കണക്കുകളിൽ വലിയൊരു ഇടിവാണ് രേഖപ്പെടുത്തുന്നത്.

രാജ്യത്തെ മൂലധന വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെബി (SEBI) നൽകുന്ന വിവരങ്ങൾ പ്രകാരം മ്യൂച്വൽ ഫണ്ടുകൾ ഈ മാസം 11,769 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്. ഇത് 2026 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണ്. അതേസമയം സജീവമായ ഇക്വിറ്റി മ്യൂച്വൽ ഫണ്ട് സ്കീമുകളിലേക്കുള്ള എസ്.ഐ.പി തുകയിൽ ഇടിവുണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

പണം എങ്ങോട്ട് വഴിമാറി?

സെക്കൻഡറി വിപണിയിൽ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ ഭാ​ഗത്തുനിന്നുമുള്ള തണുപ്പൻ പ്രതികരണത്തിനുള്ള പ്രധാന കാരണം ഐ.പി.ഒ/ ക്യു.ഐ.പി (QIP) വഴിയുള്ള വൻകിട കമ്പനികളുടെ വിഭവ സമാഹരണമാണ്:

  • ഐ.പി.ഒകൾ: ഈ മാസം വിപണിയിലെത്തിയ 9 ഐ.പി.ഒകൾ വഴി കമ്പനികൾ സമാഹരിച്ചത് മൊത്തം 17,283 കോടി രൂപയാണ്.

  • ക്യു.ഐ.പി: 6 കമ്പനികൾ ക്യു.ഐ.പി വഴി 20,800 കോടി രൂപയും സമാഹരിച്ചു.

ജാ​ഗ്രതയ്ക്ക് പിന്നിലെ മറ്റു കാരണങ്ങൾ

ചെറിയൊരു ഇടവേളയ്ക്കുശേഷം യു.എസ്-ഇറാൻ സംഘർഷം രൂക്ഷമാകുന്നതും രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും 100 ഡോളർ നിലവാരത്തിലേക്ക് ഉയരുന്നതും ഇന്ത്യൻ വിപണിയിൽ ആശങ്ക പരത്തിയിട്ടുണ്ട്. കൂടാതെ, കോർപറേറ്റ് കമ്പനികളുടെ നടപ്പ് സാമ്പത്തിക വർഷത്തിലെ ഒന്നാം പാദ പ്രവർത്തന ഫലങ്ങൾ (Q1FY27) പുറത്തുവരുന്ന സാഹചര്യത്തിൽ ഫണ്ട് മാനേജർമാർ ജാ​​ഗ്രത പാലിക്കുന്ന സമീപനം സ്വീകരിച്ചതും സെക്കൻഡറി വിപണിയിലെ നിക്ഷേപം കുറയ്ക്കുന്നതിന് കാരണമായെന്നും വിലയിരുത്തപ്പെടുന്നു.

എന്നിരുന്നാലും ന്യായമായ വാല്യുവേഷനിൽ നിൽക്കുന്ന സ്വകാര്യ ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുടെ ഓഹരികളിൽ ആഭ്യന്തര ഫണ്ടുകൾ നിക്ഷേപം തുടരുന്നുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT