Canva
Markets

45 രൂപയുടെ ഈ ട്രെൻഡിങ് ഓഹരി വിദേശ നിക്ഷേപകർ വാങ്ങുന്നത് എന്തുകൊണ്ട്?

2026 ജനുവരി — മാർച്ച് ത്രൈമാസ കാലയളവിൽ സുസ്ലോൺ എനർജിയുടെ 1.68 കോടി ഓഹരികളാണ് വിദേശ നിക്ഷേപകർ അധികമായി വാങ്ങിയത്.

Dhanam News Desk

കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യൻ ഓഹരി വിപണിയിൽ ശക്തമായ വിൽപ്പന സമ്മർദം ഉയർത്തുന്ന നീക്കമാണ് വിദേശ നിക്ഷേപകരുടെ (എഫ്.ഐ.ഐ) ഭാ​ഗത്തുനിന്നും കാണാനായിട്ടുള്ളത്. എന്നാൽ മറഞ്ഞിരിക്കുന്ന അവസരങ്ങൾ ഫലപ്രദമായി ഉപയോ​ഗപ്പെടുത്തുന്നതിന് തന്ത്രപൂർവമായ നിക്ഷേപങ്ങൾ നടത്തുന്നതിന്റെയും നേർസാക്ഷ്യം കണ്ടെത്താനാകും. കാറ്റിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാൻ സഹായിക്കുന്ന വിൻഡ് ടർബൈൻ ജനറേറ്ററുകൾ നിർമിക്കുന്ന രാജ്യത്തെ മുൻനിര കമ്പനിയായ സുസ്ലോൺ എനർജി ലിമിറ്റഡിലാണ് (BSE: 532667, NSE: SUZLON) ഇക്കഴിഞ്ഞ മാർച്ച് സാമ്പത്തിക പാദത്തിനിടെ വിദേശ നിക്ഷേപകർ ഓഹരി വിഹിതം വർധിപ്പിച്ചത്.

2026 ജനുവരി — മാർച്ച് ത്രൈമാസ കാലയളവിൽ 1.68 കോടി ഓഹരികളാണ് വിദേശ നിക്ഷേപകർ അധികമായി വാങ്ങിയത്. ഇതോടെ സുസ്ലോൺ എനർജിയിൽ വിദേശ നിക്ഷേപകരുടെ ഓഹരി പങ്കാളിത്തം 22.34 ശതമാനത്തിൽ നിന്നും 22.42 ശതമാനമായി ഉയർന്നു. ഇന്ത്യൻ വിപണിയിൽ തുടർച്ചയായി നിക്ഷേപം പിൻവലിക്കുന്ന വിദേശ നിക്ഷേപകർ എന്തുകൊണ്ടാണ് സുസ്ലോൺ എനർജി ഓഹരികൾ വീണ്ടും വാങ്ങിക്കൂട്ടിയത്? വിശദമായി നോക്കാം.

അനുകൂല ഘടകങ്ങൾ

പ്രധാനമായും നാല് അനുകൂല ഘടകങ്ങളാണ് വിദേശ നിക്ഷേപകരെ സുസ്ലോൺ എനർജിയിലേക്ക് ആകർഷിക്കാൻ കാരണമായതെന്നാണ് മാർക്കറ്റ് അനലി​സ്റ്റുകൾ സൂചിപ്പിക്കുന്നത്. ഇതിൽ കമ്പനിക്ക് തുടർച്ചയായി ലഭിക്കുന്ന പുതിയ ഓർഡറുകളും പുനരുപയോ​ഗ ഊർജ മേഖലയിലെ സംരംഭങ്ങൾക്ക് സർക്കാർ തലത്തിൽ ലഭിക്കുന്ന പിന്തുണയും ശ്രദ്ധേയമാണ്. നിലവിൽ 6,500 മെ​ഗാവാട്ട് വൈദ്യുതി കാറ്റിൽ നിന്നും ഉത്പാദിപ്പിക്കാനുള്ള വിൻഡ് ടർബൈൻ ജനറേറ്ററുകളുടെ കരാറാണ് സുസ്ലോണിന്റെ കൈവശം ഉള്ളത്. ഇതിലൂടെ ഭാവി വരുമാനവും ഉറപ്പാക്കുന്നു.

കൂടാതെ, സമീപകാലത്ത് കടബാധ്യത ​ഗണ്യമായി താഴ്ത്തിക്കൊണ്ടുവന്ന് ബാലൻസ് ഷീറ്റ് മെച്ചപ്പെടുത്താൻ കഴിഞ്ഞിട്ടുള്ളതും മറ്റൊരു പോസിറ്റീവ് ഘടകമാണ്. ഇക്കഴിഞ്ഞ ഡിസംബർ സാമ്പത്തിക പാദത്തിൽ കമ്പനിയുടെ വരുമാനത്തിൽ 42 ശതമാനവും ലാഭത്തിൽ 15 ശതമാനം വീതവും വർധന കുറിച്ചു. അതുപോലെ മാർച്ച് സാമ്പത്തിക പാദത്തിനിടെ വിപണിയിൽ നേരിട്ട തിരിച്ചടിക്കൊപ്പം സുസ്ലോൺ എനർജി ഓഹരിയിൽ 25 ശതമാനം തിരുത്തൽ നേരിട്ടു. ഇതോടെ വാല്യൂവേഷൻ അടിസ്ഥാനത്തിലും ഓഹരി കൂടുതൽ ആകർഷകമായെന്നും മാർക്കറ്റ് അനലി​സ്റ്റുകൾ ചൂണ്ടിക്കാട്ടി.

ക്രൂഡ് ഓയിൽ വിലക്കയറ്റവും തുണച്ചു

ആ​ഗോള തലത്തിൽ പെട്രോളിയം ഉത്പന്നങ്ങൾക്കായി ഏറെ ആശ്രയിക്കുന്ന പശ്ചിമേഷ്യയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് വിതരണ ശൃംഖല താറുമാറായതോടെ, രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വിപണി വിലയിലും വൻ വർധന രേഖപ്പെടുത്തി. ഇതോടെ ഇന്ധനത്തിനായി ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കാറ്റ്, സോളാർ പോലെയുള്ള പുനരുപയോ​ഗ ഊർജ സ്രോതസ്സുകളെ ബദൽ മാർ​ഗമെന്ന നിലയിൽ പ്രോത്സാഹിപ്പിക്കുന്നു. അടിസ്ഥാനപരമായി ക്രൂഡ് ഓയിൽ വിലക്കയറ്റം ബദൽ ഊർജ മാർ​ഗങ്ങളുടെ ആവശ്യകതയും ലാഭക്ഷമതയും വർധിപ്പിക്കുന്നതാണ്.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ നഷ്ടസാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT