ഇന്ത്യൻ നിക്ഷേപകലോകം ഏറെ ആവേശത്തോടെ ചർച്ചചെയ്യുന്ന വിഷയങ്ങളിലൊന്നാണ്, നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ (എൻഎസ്ഇ) പ്രാരംഭ പൊതു ഓഹരി വിൽപ്പന (ഐപിഒ). കഴിഞ്ഞയാഴ്ചയോടെ രാജ്യത്തെ ഓഹരി വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെബിയിൽ (SEBI) നിന്നും എൻഎസ്ഇ ഐപിഒയ്ക്ക് നേരിട്ടിരുന്ന ഏറ്റവും വലിയ തടസ്സങ്ങളിലൊന്ന് ഉടൻ നീങ്ങിക്കിട്ടിയേക്കും എന്ന വ്യക്തമായ സൂചന ലഭിച്ചതോടെ ആഭ്യന്തര വിപണിയിലും അതിന്റെ ചില പ്രതിഫലനങ്ങൾ പ്രകടമാകുന്നുണ്ട്.
ബാങ്കിതര ധനകാര്യ സേവന മേഖലയിൽ പ്രവർത്തിക്കുന്ന ഐഎഫ്സിഐയുടെ (IFCI) ഓഹരിയിൽ വൻ മുന്നേറ്റമാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ അഞ്ച് വ്യാപാര ദിനങ്ങൾക്കിടെ ഈ പൊതുമേഖല ഓഹരിയുടെ വിപണി വിലയിൽ 25 ശതമാനത്തിലേറെ വർധനയാണ് കുറിച്ചത്. ജനുവരി 9-ലെ വ്യാപാരത്തിനൊടുവിൽ 49 രൂപയിൽ നിന്ന ഐഎഫ്സിഐ ഓഹരി ജനുവരി 19-ന് ക്ലോസിങ് രേഖപ്പെടുത്തിയിരിക്കുന്നത് 62 രൂപ നിലവാരത്തിലാണ്. എന്താണ് എൻഎസ്ഇ ഐപിഒയും പൊതുമേഖല സ്ഥാപനമായ ഐഎഫ്സിഐ ഓഹരിയും തമ്മിലുള്ള ബന്ധം? വിശദമായി നോക്കാം.
രാജ്യത്തെ പ്രാഥമിക വിപണിയിൽ വൈകാതെ അരങ്ങേറ്റം കുറിക്കുമെന്ന് കരുതപ്പെടുന്ന എൻഎസ്ഇ ഐപിഒയെ സംബന്ധിച്ച് നിക്ഷേപക ലോകത്ത് വൻ പ്രതീക്ഷയാണുള്ളത്. ഐഎഫ്സിഐ ഭൂരിപക്ഷം ഓഹരികൾ സ്വന്തമാക്കിയിട്ടുള്ള സ്റ്റോക്ക് ഹോൾഡിങ് കോർപറേഷൻ ഓഫ് ഇന്ത്യ (SHCIL), നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ 4.4 ശതമാനം ഓഹരി വിഹിതം കരസ്ഥമാക്കിയിട്ടുണ്ട്. അതുകൊണ്ട് എൻഎസ്ഇ ഐപിഒയിൽ നിന്നുള്ള നേട്ടം പരോക്ഷമായി നേടാനുള്ള അവസരമായാണ് ഐഎഫ്സിഐ ഓഹരികളെ പൊതുവിൽ കണക്കാക്കുന്നത്.
നിലവിൽ അനൗദ്യോഗിക വിപണിയിൽ (അൺലിസ്റ്റഡ് മാർക്കറ്റ്) 2,100 രൂപ നിലവാരത്തിലാണ് എൻഎസ്ഇ ഓഹരികളുടെ വില രേഖപ്പെടുത്തുന്നത്. ഇതനുസരിച്ച് നോക്കിയാൽ സ്റ്റോക്ക് ഹോൾഡിങ് കോർപറേഷൻ ഓഫ് ഇന്ത്യയുടെ കൈവശമുള്ള എൻഎസ്ഇ ഓഹരികളുടെ മൂല്യം 23,000 കോടി രൂപയാണ്. അതേസമയം കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഐഎഫ്സിഐ ഓഹരികൾ 25 ശതമാനത്തിലേറെ മുന്നേറ്റം നേടിയിട്ടും ഐഎഫ്സിഐയുടെ നിലവിലെ വിപണി മൂല്യം (മാർക്കറ്റ് ക്യാപിറ്റലൈസേഷൻ) 16,700 കോടി രൂപയിലെ എത്തിയിട്ടുള്ളൂ എന്നതും ഇതിനോട് കൂട്ടിവായിക്കാം.
2015 കാലത്ത് ഉയർന്നുവന്ന വമ്പൻ വിവാദങ്ങളായ കൊ-ലൊക്കേഷൻ, ഡാർക്ക് ഫൈബർ കേസുകളിൽ ഒത്തുതീർപ്പാക്കാത്തതാണ് ഐപിഒ നടപടികളിലേക്ക് കടക്കാനാകാതെ എൻഎസ്ഇയ്ക്ക് ഇതുവരെ പിൻവലിഞ്ഞു നിൽക്കേണ്ടിവന്നത്. എന്നാൽ കഴിഞ്ഞയാഴ്ച ഡൽഹിയിൽ നടന്നൊരു ചടങ്ങിനിടെ സെബി അധ്യക്ഷനായ തുഹിൻ കാന്ത പാണ്ഡെ, വൻ തുക പിഴ നൽകിക്കൊണ്ട് ഈ രണ്ടു വ്യത്യസ്ത കേസുകളിലും ഒത്തുതീർപ്പാക്കാൻ തയ്യാറാണെന്ന് നിലവിലെ എൻഎസ്ഇ നേതൃത്വം മുന്നോട്ടുവെച്ച വ്യവസ്ഥകളിൽ സെബിക്ക് തത്വത്തിൽ എതിർപ്പില്ല എന്ന് വെളിപ്പെടുത്തുകയുണ്ടായി. കഴിഞ്ഞ രണ്ട് വർഷത്തിലേറെയായി ഐപിഒയ്ക്കുള്ള കഠിന പരിശ്രമം എൻഎസ്ഇയെ സംബന്ധിച്ച് ഇതൊരു വലിയ ആശ്വാസ വാർത്തയായും മാറി.
Read DhanamOnline in English
Subscribe to Dhanam Magazine