കഴിഞ്ഞ ഏതാനും മാസങ്ങളായി വിദേശ നിക്ഷേപക സ്ഥാപനങ്ങൾ (എഫ്.ഐ.ഐ) ഇന്ത്യൻ കമ്പനികളുടെ ഓഹരികളിൽ കടുത്ത വിൽപ്പന സമ്മർദമാണ് സൃഷ്ടിക്കുന്നത്. 2025 ജൂണിനുശേഷം ഇതുവരെയുള്ള കാലയളവിനിടെ രണ്ട് മാസങ്ങളിൽ മാത്രമാണ് വിദേശ നിക്ഷേപകർ വാങ്ങുന്ന പക്ഷത്ത് നിലയുറപ്പിച്ചിട്ടുള്ളത്. ബാക്കിയുള്ളതിലെ ആറ് മാസങ്ങളിൽ 30,000 കോടി രൂപയിലേറെ വീതമാണ് പ്രതിമാസ വിൽപ്പനക്കണക്ക്. അതേസമയം മറുവശത്ത് ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾ (ഡി.ഐ.ഐ) വൻ തോതിൽ ഇന്ത്യൻ വിപണിയിലേക്ക് പണമൊഴുക്കുന്നുണ്ട്.
കഴിഞ്ഞ 10 മാസത്തിനിടെ രണ്ട് തവണ മാത്രമാണ് ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ പ്രതിമാസ നിക്ഷേപം 50,000 കോടി രൂപയിൽ താഴെയായിട്ടുള്ളത്. അതുകൊണ്ട് വിപണിയെ വലിയ തകർച്ചയിൽ നിന്നും രക്ഷപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിക്കാൻ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾക്ക് കഴിഞ്ഞുവെന്ന് പറയാം. കഴിഞ്ഞ ഒരു വർഷക്കാലയളവിലെ എൻ.എസ്.ഇ.യുടെ മുഖ്യ ഓഹരി സൂചികയായ നിഫ്റ്റിയുടെ പ്രകടനം നോക്കിയാൽ ഒരു ശതമാനം മാത്രം നേട്ടത്തിലാണ് നിൽക്കുന്നത്. എന്നിരുന്നാലും റീട്ടെയിൽ നിക്ഷേപകർക്ക് ഏറെ സാന്നിധ്യമുള്ള മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളിൽ മിക്കവയും നഷ്ടം നേരിടുകയുമാണ്.
ഇവിടെ സൂചിപ്പിച്ചുവന്ന വിഷയം, പൊതുവായി മാധ്യമങ്ങളിലോ സോഷ്യൽ മീഡിയയിലോ അല്ലെങ്കിൽ പൊതുയിടങ്ങളിലോ പ്രത്യക്ഷരാകുന്ന മാർക്കറ്റ് അനലിസ്റ്റുകളിൽ നിന്നും ഇപ്പോൾ വിറ്റുമാറാം എന്ന സൂചനയോടെ ഓഹരികൾക്ക് നിർദേശിക്കുന്ന 'സെൽ റേറ്റിംഗ്' വളരെ വിരളമായാണ് ഉണ്ടാകാറുള്ളത്. വിദേശ നിക്ഷേപകർ ശക്തമായ വിൽപ്പന സമ്മർദം ഉയർത്തുന്ന വേളയിലും ഇപ്പോൾ വാങ്ങാം എന്ന സൂചനയോടെ ഓഹരികൾക്ക് 'ബൈ റേറ്റിംഗ്' നിർബാധം നൽകുമ്പോഴാണിത് എന്നതും ശ്രദ്ധേയം.
ലാഭം കിട്ടാവുന്ന അവസരങ്ങൾക്ക് മാത്രമാണ് ഹെഡ്ജ് ഫണ്ടുകളും ഗ്ലോബൽ ഫണ്ടുകളും ഒക്കെ ഉൾപ്പെടുന്ന വിദേശ നിക്ഷേപകർ പ്രഥമ പരിഗണന നൽകുന്നത്. മികച്ച അവസരം കണ്ടെത്തിയാൽ ലോകത്തെ ഏത് വിപണിയിൽ വേണമെങ്കിലും നിക്ഷേപിക്കാനുള്ള അവസരവും സൗകര്യവും വിദേശ നിക്ഷേപകർക്കുണ്ട്. അതുപോലെ ഓഹരിയിൽ നിന്നുള്ള നേട്ടം തങ്ങളുടെ കറൻസിയിലേക്ക് (മുഖ്യമായും ഡോളർ) മാറ്റുമ്പോൾ ലാഭകരമല്ലെങ്കിൽ നിക്ഷേപം പിൻവലിക്കാനോ മാറിനിൽക്കാനോ വിദേശ നിക്ഷേപകർ ശ്രമിക്കുകയും ചെയ്യും.
എന്നാൽ മ്യൂച്വൽ ഫണ്ടുകളും പി.എം.എസ് സേവനദാതാക്കളും ഇൻഷുറൻസ് കമ്പനികളും ഒക്കെ ഉൾപ്പെടുന്ന ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾക്ക് ആകട്ടെ, ഇന്ത്യയ്ക്കകത്തു നിന്നുവേണം നിക്ഷേപ അവസരം കണ്ടെത്തേണ്ടത്. കൂടാതെ സഹസ്രകോടികൾ എസ്.ഐ.പി സ്കീമുകൾ വഴി പ്രതിമാസം മ്യൂച്വൽ ഫണ്ടുകളിലേക്ക് ഒഴുകിയെത്തുന്നതിനാലും സ്കീമുകളിലേക്ക് എത്തുന്ന പണം കൈവശം വെക്കുന്നതിനും വിന്യസിക്കുന്നതിനുമുള്ള നിയമങ്ങൾ സെബി (SEBI) പരിഷ്കരിച്ചതിനാലും ഏത് സാഹചര്യത്തിലും നിക്ഷേപം നടത്താൻ പ്രധാന ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളിലൊന്നായ മ്യൂച്വൽ ഫണ്ടുകൾ നിർബന്ധിതരാണെന്ന്, സർട്ടിഫൈഡ് ഫിനാൻഷ്യൽ പ്ലാനർ ആയ രതീഷ് കണ്ണങ്കര പറഞ്ഞു.
കൂടാതെ, ഇന്ത്യൻ സമ്പദ്ഘടനയുടെ ദീർഘകാല വളർച്ച സാധ്യതകൾ പൊതുവേ ശക്തമാണ്. അതിനാൽ സ്വാഭാവികമായി തന്നെ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾ വിദേശ നിക്ഷേപകരേക്കാളും കൂടുതൽ ദീർഘമായ കാലയളവിലേക്കായിരിക്കും നിക്ഷേപം നടത്തുക. എസ്.ഐ.പി മുഖേന റുപ്പി-കോസ്റ്റ് ആവറേജിംഗ് നടക്കുന്നതിനാലും സാവകാശം ലഭിക്കുന്നതിനാലും ദീർഘകാലയളവിൽ ഇവരുടെ നിക്ഷേപം നല്ല നിലയിലേക്ക് എത്തിച്ചേർന്നേക്കാം. അതുപോലെ ഇവരുടെ ലാഭം രൂപയിൽ തന്നെ കണക്കുകൂട്ടുന്നതിനാൽ വിനിമയ മൂല്യത്തിലെ ഉയർച്ച താഴ്ചകൾ പ്രതികൂലമായി ബാധിക്കുകയുമില്ല. എന്നാൽ വിദേശ നിക്ഷേപകർക്ക് ഇത്രത്തോളം ദീർഘകാലം കാത്തിരുന്ന് ലാഭം നേടുന്നതിനേക്കാളും മികച്ച മികച്ച അവസരം ഇപ്പോൾ എവിടുണ്ടോ അവിടേക്ക് പായുന്നതിനാണ് മുൻഗണന നൽകുന്നതെന്നും കറൻസിയുടെ മൂല്യം അവരുടെ ലാഭക്ഷമതയെ ബാധിക്കുന്ന ഘടകമാണെന്നും രതീഷ് കണ്ണങ്കര പറഞ്ഞു.
ഇന്ത്യയിലെ ഇൻവെസ്റ്റ്മെന്റ് അഡ്വൈസറി സെക്ടറിലെ ഭൂരിഭാഗവും ദീർഘകാല നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾക്ക് വിപണിയിൽ പിടിച്ചുനിൽക്കേണ്ടതും അനിവാര്യമാണ്. അതിനാൽ വിപണിയിലെ തിരുത്തലുകളെ ‘അവസരങ്ങൾ’ ആയി ചിത്രീകരിക്കാനാണ് ഇവർ താൽപ്പര്യപ്പെടുന്നത്. എന്നിരുന്നാലും 'സെലക്ടീവ് ബൈയിംഗ്', 'ദീർഘകാല നിക്ഷേപകർക്ക് പരിഗണിക്കാം', 'ന്യൂട്രൽ റേറ്റിംഗ്', 'പ്രീമിയം നീതീകരിക്കാവുന്ന ക്വാളിറ്റി ഓഹരികൾ', 'ഹോൾഡ് ചെയ്യാം' എന്നിങ്ങനെ മൃദുവായ പ്രയോഗങ്ങളിലൂടെയാണ് നിലവിലെ വാല്യൂവേഷൻ പ്രതികൂലമാണെന്ന് ബ്രോക്കറേജ് സ്ഥാപനങ്ങളും അനലിസ്റ്റുകളും സൂചിപ്പിക്കാറുള്ളത് എന്നും രതീഷ് കണ്ണങ്കര വ്യക്തമാക്കി.
Read DhanamOnline in English
Subscribe to Dhanam Magazine