canva
Markets

ടിസിഎസ് 9% വീണു, ഇൻഫോസിസിനും വിപ്രോയ്ക്കും രക്ഷയില്ല; ഐടി ഓഹരികൾ ഇന്ന് വൻ തിരിച്ചടി നേരിടുന്നത് എന്തുകൊണ്ട്?

നിഫ്റ്റി ഐടി സൂചികയുടെ ഭാ​ഗമായ 10 ഐടി ഓഹരികളും 3 മുതൽ 9 ശതമാനം വരെയുള്ള കനത്ത നഷ്ടം നേരിടുന്നു

Dhanam News Desk

ഇന്ത്യൻ വിപണിയിൽ വീണ്ടും ഐടി കമ്പനികളുടെ ഓഹരികളിൽ കൂട്ടത്തകർച്ച. നിലവിൽ നിഫ്റ്റി ഐടി സൂചിക 5.5 ശതമാനത്തിലേറെ ഇടിവാണ് രേഖപ്പെടുത്തുന്നത്. ഇന്നത്തെ (ജൂൺ 3) താഴ്ന്ന നിലവാരത്തിന് സമീപമാണ് വ്യാപാരം പുരോ​ഗമിക്കുന്നത്. സൂചികയുടെ ഭാ​ഗമായ 10 ഐടി ഓഹരികളും കനത്ത നഷ്ടം നേരിടുന്നു. ഇതിൽ ഇന്ത്യയിലെ ഏറ്റവും വലിയ ഐടി സ്ഥാപനമായ ടി.സി.എസിന്റെ ഓഹരികളാണ് 9 ശതമാനത്തോളം ഇടിവ് നേരിട്ട്, ഇന്നത്തെ നഷ്ടക്കണക്കിൽ മുന്നിലുള്ളത്.

അതുപോലെ എൽ.ടി.എം ലിമിറ്റഡ് 8 ശതമാനവും പെർസി​സ്റ്റന്റ് സി​സ്റ്റംസ്, കൊഫോർജ് എന്നിവയുടെ വില 6 ശതമാനം വീതവും താഴ്ന്നു. ഇൻഫോസിസും എച്ച്.സി.എൽ ടെക്നോളജീസും 4 ശതമാനത്തിലേറെയും നഷ്ടം കുറിച്ചു. 3.5 ശതമാനം നഷ്ടത്തിലുള്ള വിപ്രോ ആണ്, ഐടി ഓഹരികളുടെ കൂട്ടത്തിൽ കുറവ് പരിക്കേറ്റിട്ടുള്ളത്. ഇന്ന് ഐടി ഓഹരികളിൽ ഇടിവ് നേരിടാനുള്ള പ്രധാനപ്പെട്ട 3 കാരണങ്ങൾ ചുവടെ ചേർക്കുന്നു.

തിരിച്ചടി നേരിടാനുള്ള 3 കാരണങ്ങൾ

1. ലാഭമെടുപ്പ്: കഴിഞ്ഞ നാല് വ്യാപാര സെഷനുകളിൽ നിന്നായി ഐടി സൂചിക 10 ശതമാനത്തിലേറെ നേട്ടം കരസ്ഥമാക്കിയിരുന്നു. ഇന്നലെ മാത്രം നിഫ്റ്റി ഐടി സൂചിക 4 ശതമാനത്തിലധികം വർധന കുറിച്ചിരുന്നു. യു.എസിലെ ടെക് കമ്പനികളിൽ നിന്നും പ്രതീക്ഷിച്ചതിലും മികച്ച പ്രവർത്തനഫലം വന്നതും എഐ ഭീഷണിയിൽ നിന്നു അയവു ലഭിച്ചതിന്റേയും രൂപയുടെ മൂല്യം താഴ്ന്നതിലൂടെയുള്ള നേട്ടത്തിന്റേയും പശ്ചാത്തലത്തിൽ, ഇന്നലെ എല്ലാ ഐടി ഓഹരികളും ഇൻട്രാഡേയിലുള്ള ഉയർന്ന നിലവാരത്തിന് സമീപമാണ് ക്ലോസിങ് രേഖപ്പെടുത്തിയത്.

എന്നാൽ ബുധനാഴ്ച വിശാല വിപണിയിൽ കനത്ത തിരിച്ചടി നേരിട്ടതോടെയും ടെക്നിക്കൽ ഇൻഡിക്കേറ്ററുകളിൽ 'ഓവർബോട്ട്' തെളിഞ്ഞതിന്റെയും പശ്ചാത്തലത്തിൽ, ഒരുവിഭാ​ഗം നിക്ഷേപകർ ലാഭമെടുപ്പിന് തുനിഞ്ഞതാണ് ഇന്ന് ഐടി ഓഹരികളിൽ കനത്ത ഇടിവ് നേരിടാൻ കാരണമെന്ന് മാർക്കറ്റ് അനലി​സ്റ്റുകൾ സൂചിപ്പിച്ചു.

2. ബെയറിഷ് ട്രേഡ് വർധിക്കുന്നു: ഐടി ഓഹരികളുടെ ഡെറിവേറ്റീവ്സ് (ഫ്യൂച്ചേഴ്സ് & ഓപ്ഷൻസ്) വിഭാ​ഗത്തിൽ പുതിയ ഷോർട്ട്സെൽ (Fresh Short Sell) പൊസിഷനുകൾ വരുന്നത്, ക്യാഷ് വിഭാ​ഗത്തിലുള്ള (equity spot market) ഓഹരികളുടെ വിപണി വിലയിൽ സമ്മർദമുണ്ടാക്കുന്നതായും അനലി​സ്റ്റുകൾ ചൂണ്ടിക്കാട്ടി. ഡെറിവേറ്റീവ്സ് കോൺട്രാക്ടുകളിലെ ഓപ്പൺ ഇന്ററ​സ്റ്റ് (open interest) വർധിക്കുന്നതിന്റേയും വിപണി വില താഴേക്ക് നീങ്ങുന്നതിന്റേയും പശ്ചാത്തലത്തിലാണ് പുതിയ ഷോർട്ട്സെൽ വീഴുന്നുണ്ടെന്ന നി​ഗമനം. മിഡ് ക്യാപ്, ലാർജ് ക്യാപ് ഐടി ഓഹരികളുടെ ഡെറിവേറ്റീവ്സ് കോൺട്രാക്ടുകളിൽ ഇത് പ്രകടമാണ്.

3. ടെക്നിക്കൽ റെസി​സ്റ്റൻസ്: മുൻനിര ഐ.ടി ഓഹരികളെല്ലാം തന്നെ പ്രധാന ലോങ്-ടേം മൂവിങ് ആവറേജ് നിലവാരത്തിന് താഴെയാണ് വ്യാപാരം ചെയ്യപ്പെടുന്നത്. തുടർച്ചയായ തിരിച്ചടി നേരിട്ടുകൊണ്ടിരിക്കവേ പൊടുന്നനേ ഓഹരിയിൽ ഒരു മുന്നേറ്റം ഉണ്ടാകുമ്പോൾ ട്രെൻഡ്‍ലൈൻ റെസി​സ്റ്റൻസിൽ നിന്നുള്ള പ്രതിരോധം നേരിടുന്നത് സ്വാഭാവികമാണ്. ട്രെൻഡ്‍ലൈൻ റെസി​സ്റ്റൻസ് മറികടക്കാനുള്ള ഊ‌ർജവും പിൻബലവും ഇല്ലെങ്കിൽ അത് പരാജയപ്പെട്ട ഒരു റീബൗൺസ് (Failed Rebounds) നീക്കമായി ചുരുങ്ങിപ്പോകും. അത്തരമൊരു പ്രകടനമാണ് ഐടി ഓഹരികളിലും ഇപ്പോൾ പ്രകടമാകുന്നത് എന്നും അനലി​സ്റ്റുകൾ വിശദീകരിച്ചു.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT