Canva
Markets

വിപണിയിൽ ഇടിവ്; പക്ഷേ ഐ.ടി ഓഹരികളിൽ വൻ മുന്നേറ്റം; കാരണമെന്ത്?

ഇൻഫോസിസ്, വിപ്രോ, ടി.സി.എസ്, എച്ച്.സി.എൽ ടെക്നോളജീസ്, എൽ.ടി.ഐ മൈൻഡ്ട്രീ, കൊഫോർജ്, പെർസി​സ്റ്റന്റ് സി​സ്റ്റംസ്, എംഫസിസ്, ടെക് മഹീന്ദ്ര എന്നിവ 4 ശതമാനം മുന്നേറ്റം വരെ രേഖപ്പെടുത്തി

Dhanam News Desk

വെള്ളിയാഴ്ചത്തെ (2026 മേയ് 29) വ്യാപാരത്തിൽ ഇന്ത്യൻ ഓഹരി വിപണി നേട്ടത്തോടെ ആരംഭിച്ചശേഷം, തിരിച്ചടി നേരിട്ട് നഷ്ടക്കയത്തിലേക്ക് മുങ്ങിപ്പോയെങ്കിലും വമ്പൻ മുന്നേറ്റവുമായി ഐ.ടി ഓഹരികൾ തിളങ്ങിനിന്നത് ശ്രദ്ധേയമായി. പ്രധാന ഐ.ടി ഓഹരികളായ ഇൻഫോസിസ്, വിപ്രോ, ടി.സി.എസ്, എച്ച്.സി.എൽ ടെക്നോളജീസ്, എൽ.ടി.ഐ മൈൻഡ്ട്രീ, കൊഫോർജ്, പെർസി​സ്റ്റന്റ് സി​സ്റ്റംസ്, എംഫസിസ്, ടെക് മഹീന്ദ്ര എന്നിവ 4 ശതമാനം വരെ മുന്നേറ്റം രേഖപ്പെടുത്തി.

ഇതേ തുടർന്ന് എൻ.എസ്.ഇയുടെ പ്രധാന സെക്ടറൽ സൂചികകളിലൊന്നായ നിഫ്റ്റി ഐടി 2.5 ശതമാനത്തിലേറെ നേട്ടവും കരസ്ഥമാക്കി. കമ്പനിയുടെ മുഖ്യ പ്രവർത്തനങ്ങൾ ഓട്ടോമേറ്റ് ചെയ്യുന്നതിനായി 'ഏജന്റിക് എ.ഐ' (Agentic AI) സംയോജിപ്പിക്കുമെന്ന് വിപ്രോ പ്രഖ്യാപിച്ചതാണ് ഐ.ടി. ഓഹരികളിൽ പൊതുവായൊരു മുന്നേറ്റം ഇന്ന് കാണപ്പെടുപ്പാനുള്ള പ്രധാന കാരണമെന്ന് മാർക്കറ്റ് അനലി​സ്റ്റുകൾ വിലയിരുത്തി.

പോസിറ്റീവ് ഘടകങ്ങൾ

  • വിപ്രോ — സർവീസ്നൗ സഹകരണം: വലിയ സ്ഥാപനങ്ങളുടെ മുഖ്യ ബിസിനസ് പ്രവർത്തനങ്ങൾ ഓട്ടോമേറ്റ് (താനെ പ്രവർത്തിക്കുന്ന) ചെയ്യുന്നതിനും മാനേജ് ചെയ്യുന്നതിനും സഹായിക്കുന്ന ക്ലൗഡ് അധിഷ്ഠിത സോഫ്റ്റ്‍വെയർ പ്ലാറ്റ്ഫോം ആയ സർവീസ്നൗ (ServiceNow) കമ്പനിയുമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ (എഐ) സഹകരണ പങ്കാളിത്തം പ്രഖ്യാപിച്ചതാണ് വിപ്രോയ്ക്ക് തുണയായത്. വിപ്രോയുടെ മുഖ്യ ബിസിനസ് പ്രവർത്തനങ്ങൾ ഓട്ടോമേറ്റ് ചെയ്യുന്നതിനായി 'ഏജന്റിക് എ.ഐ' സജ്ജമാക്കുന്നതിനാണ് സർവീസ്നൗ സഹായിക്കുന്നത്.

  • എ.ഐ നിർവഹണത്തിൽ പ്രതീക്ഷ: വിപ്രോ—സർവീസ്നൗ സഹകരണം, ഇന്ത്യയിലെ ഐ.ടി കമ്പനികൾ നേരിടുന്ന എ.ഐ വെല്ലുവിളിയെ അഭിസംബോധന ചെയ്യുന്നതാണ്. കമ്പനിയുടെ ഭരണനിർവഹണത്തിൽ വലിയ തോതിൽ എ.ഐ ഉപയോ​ഗപ്പെടുത്താൻ സാധിക്കുമെന്നതാണ് വിപ്രോ തെളിയിക്കുന്നത്.

  • ആകർഷകമായ വാല്യൂവേഷൻ: സമീപകാലത്ത് കനത്ത തിരുത്തൽ നേരിട്ടതോടോ മിക്ക ഐ.ടി ഓഹരികളും മൂല്യമതിപ്പിൽ ആകർഷകമായ (ചീപ്പ് വാല്യൂവേഷൻ) നിലവാരത്തിലേക്ക് എത്തിയിട്ടുണ്ട്. എ.ഐ ഭീഷണി നിലനിൽക്കുമ്പോഴും ഒരുവിഭാ​ഗം നിക്ഷേപകർ ഇതിൽ അവസരം കാണുന്നതും ഐ.ടി ഓഹരികൾക്ക് തുണയേകുന്നു എന്ന് മാർക്കറ്റ് അനലി​സ്റ്റുകൾ സൂചിപ്പിച്ചു.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT