canva
Markets

ആറ് മാസത്തിനിടയിലെ മോശം പ്രകടനം; റിയൽ എ​സ്റ്റേറ്റ് ഓഹരികളിൽ വൻ ഇടിവിന് കാരണമെന്ത്?

ചൊവ്വാഴ്ചത്തെ വ്യാപാരത്തിൽ 10 ശതമാനത്തോളം വരെ ഇടിവാണ് പ്രധാന റിയൽ എ​സ്റ്റേറ്റ് ഓഹരികളിൽ കുറിച്ചിരിക്കുന്നത്.

Dhanam News Desk

ഇന്ത്യൻ വിപണിയിലെ റിയൽ എ​സ്റ്റേറ്റ് ഓഹരികളിൽ വൻ ഇടിവ് തുടരുന്നു. ബിഎസ്ഇയുടെയും എൻഎസ്ഇയുടെയും റിയാൽറ്റി സെക്ടറൽ സൂചികയുടെ ഭാ​ഗമായിട്ടുള്ള പത്ത് ഓഹരികളും ചൊവ്വാഴ്ചത്തെ വ്യാപാരത്തിൽ നഷ്ടം രേഖപ്പെടുത്തി. 0.40 ശതമാനം മുതൽ 10 ശതമാനത്തോളം വരെ ഇടിവാണ് ഈ റിയൽ എ​സ്റ്റേറ്റ് ഓഹരികളിൽ കുറിച്ചിരിക്കുന്നത്.

എൻഎസ്ഇയുടെ സെക്ടറൽ സൂചികയായ നിഫ്റ്റി റിയാൽറ്റിയിൽ 5.04 ശതമാനവും ബിഎസ്ഇയുടെ സെക്ടറൽ സൂചികയായ ബിഎസ്ഇ റിയാൽറ്റിയിൽ 5.21 ശതമാനം വീതവും നഷ്ടം ഇന്നത്തെ (2026 ജനുവരി 20) വ്യാപാരത്തിനൊടുവിൽ രേഖപ്പെടുത്തി. കഴി‍ഞ്ഞ ആറ് മാസത്തിനിടെ റിയൽ എ​സ്റ്റേറ്റ് ഓ​ഹരികൾ കാഴ്ചവെച്ച ഏറ്റവും മോശം പ്രകടനവുമാണിത്. ഇതോടെ ജനുവരി മാസത്തിൽ ഇതുവരെയായി എട്ട് ശതമാനത്തിലേറെ ഇടിവ് നിഫ്റ്റി റിയാൽറ്റി സൂചികയിൽ നേരിട്ടു.

ഇടിവ് നേരിട്ട പ്രമുഖ റിയാൽറ്റി ഓഹരികൾ

വൻകിട റിയൽ എ​സ്റ്റേറ്റ് കമ്പനികളായ ശോഭ ലിമിറ്റഡിന്റെ ഓഹരി 10.26 ശതമാനവും ഒബ്റോയ് റിയാൽറ്റിയുടെ ഓഹരി 7.69 ശതമാനത്തിലേറെയും ഇടിഞ്ഞു. മറ്റ് മുൻനിര റിയൽ എ​സ്റ്റേറ്റ് ഓഹരികളായ ലോധ ഡെവലപ്പേസ് 6.32 ശതമാനവും ​ഗോദ്റേജ് പ്രോപ്പർട്ടീസ് 5.95 ശതമാനവും പ്രസ്റ്റീജ് എ​സ്റ്റേറ്റ്സ് പ്രോജക്ട്സ് 5.83 ശതമാനവും വീതവും നഷ്ടം രേഖപ്പെടുത്തി. ഡിഎൽഎഫ്, അനന്ത്‍ രാജ് ലിമിറ്റഡ് 4.23 ശതമാനം വീതവും ചൊവ്വാഴ്ചത്തെ വ്യാപാരത്തിൽ ഇടിവ് നേരിട്ടു.

അതേസമയം 0.68 ശതമാനം മാത്രം താഴ്ന്ന സി​ഗ്നേച്ചർ​ഗ്ലോബൽ (ഇന്ത്യ) എന്ന ഓഹരിയാണ് നിഫ്റ്റി റിയാൽറ്റി സൂചികയുടെ ഭാ​ഗമായ ഓഹരികളുടെ കൂട്ടത്തിൽ കുറഞ്ഞ നഷ്ടം കുറിച്ചത്. ലോധ ഡെവലപ്പേഴ്സ്, ​ഗോദ്റേജ് പ്രോപ്പർട്ടീസ്, ബ്രി​ഗേഡ് എന്റർപ്രൈസസ്, ആദിത്യ ബിർള റിയൽ എ​സ്റ്റേറ്റ് തുടങ്ങിയ മുൻനിര റിയൽ എ​സ്റ്റേറ്റ് ഓഹരികൾ 52 ആഴ്ച കാലയളവിലെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും വീണു.

എന്തുകൊണ്ടാണ് ഇടിവ്?

2025-26 സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ (2025 ഒക്ടോബർ - ഡിസംബർ) റിയൽ എ​സ്റ്റേറ്റ് കമ്പനികൾ കാഴ്ചവെച്ച പുതിയ യൂണിറ്റുകളുടെ വിൽപ്പന കണക്കുകൾ നിരാശപ്പെടുത്തിയതാണ് പ്രധാനമായും തിരിച്ചടിയായത്. രാജ്യത്തെ സമ്പദ്ഘടനയുടെ മൊത്തത്തിലുള്ള ആരോ​ഗ്യസ്ഥിതിയും റിയൽ എ​സ്റ്റേറ്റ് മേഖലയുടെ ഡിമാൻഡിനെ നേരിട്ട് സ്വാധീനിക്കുന്നതാണ്. ഇതിനോടൊപ്പം ഓഹരി വിപണി ചാഞ്ചാട്ടത്തിന്റെ പാതയിലേക്ക് വീണുപോയതും തിരിച്ചടിയായെന്നും മാർക്കറ്റ് അനലി​സ്റ്റുകൾ ചൂണ്ടിക്കാട്ടി. അതേസമയം വിൽപ്പനയിലെ ഏറ്റക്കുറച്ചിൽ താത്കാലികമാണെന്നും മുന്നോട്ട് ശുഭാപ്തി വിശ്വാസമാണുള്ളതെന്നും റിയൽ എ​സ്റ്റേറ്റ് കമ്പനികളുടെ വക്താക്കൾ പറഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT