Markets

വല്ലതും അറിയുന്നുണ്ടോ? വില മാറ്റമില്ല, പാക്കറ്റിലാണ് മാറ്റം;​ വിലക്കയറ്റത്തിനിടയിൽ അടവു മാറ്റി കമ്പനികൾ

വിലയിൽ മാറ്റമില്ല. തൂക്കം, അതാരു നോക്കുന്നു! ഗ്രാമീണ മേഖലയിൽ പ്രത്യേകിച്ചും, അളവ് അൽപം കുറഞ്ഞാലും വിലയാണ് മാറാതെ നിൽക്കേണ്ടത്

Dhanam News Desk

പശ്ചിമേഷ്യൻ യുദ്ധം സൃഷ്ടിച്ച പ്രതിസന്ധികൾ നിർമാണ ചെലവ് കൂട്ടുകയാണ്. പാക്കറ്റിന്റെ വില കൂട്ടിയാൽ ഉപയോക്താക്കൾ അകന്നു പോയെന്നിരിക്കും. ഇതിനിടയിൽ നിശബ്ദം പഴയ തന്ത്രം വീണ്ടും പുറത്തെടുക്കുകയാണ് കമ്പനികൾ. വിലയിൽ മാറ്റമില്ല; പാക്കറ്റിന്റെ തൂക്കം പക്ഷേ, അൽപം കൂടി കുറയും!

എന്തുകൊണ്ടാണ് കമ്പനികൾ ഈ മാർഗം സ്വീകരിക്കുന്നത്? ഗോതമ്പ്, പഞ്ചസാര, ഭക്ഷ്യഎണ്ണ, പാക്കേജിംഗ് എന്നിവയുടെ ചെലവ് വർധിച്ചു. കോവിഡ് കാലത്തെ ആഘാതങ്ങളും, ആഗോള സംഘർഷങ്ങളും മൂലം വിതരണ ശൃംഖല തകരാറിലായ ചുറ്റുപാട് വീണ്ടുമെത്തി. വിപണിയിലാണെങ്കിൽ കടുത്ത മത്സരം. ഉപയോക്താക്കൾക്കാണെങ്കിൽ, തൂക്കം അൽപം കുറഞ്ഞാലും വേണ്ടില്ല, വില കൂടരുത്! എന്നാൽ അങ്ങനെയാകട്ടെ എന്ന മട്ടിലാണ് കമ്പനികൾ.

നോട്ടുനിരോധനം വന്നിട്ടും കോവിഡ് കടന്നു പോയിട്ടും വില കൂടാത്ത ചില ബിസ്ക്കറ്റ് പാക്കറ്റുകൾ ശ്രദ്ധിച്ചിട്ടില്ലേ? അന്നും ഇന്നും അഞ്ച്, അല്ലെ​ങ്കിൽ പത്ത് രൂപ. ഇൻസ്റ്റന്റ് നൂഡിൽസ്—വില കൂട്ടാതെ അളവ് കുറച്ചു. ഷാംപൂ, പാൻമസാല പാക്കുകളും കാലക്രമേണ ചെറുതായി. പാനീയങ്ങളും ഡയറി ഉൽപ്പന്നങ്ങളും ചെറിയ പാക്കുകളിലേക്ക് മാറി. വിലയിൽ മാറ്റമില്ല. തൂക്കം, അതാരു നോക്കുന്നു! ഗ്രാമീണ മേഖലയിൽ പ്രത്യേകിച്ചും, അളവ് അൽപം കുറഞ്ഞാലും വിലയാണ് മാറാതെ നിൽക്കേണ്ടത്.

വില മാറ്റമില്ല, പക്ഷേ ഓരോ ഗ്രാമിനും നിങ്ങൾ നൽകുന്ന വില കൂടുന്നു. അഥവാ, മുടക്കുന്ന രൂപക്ക് തിരിച്ചു കിട്ടുന്നതിന്റെ മൂല്യം കുറയുന്നു. അതുകൊണ്ട് യഥാർഥ വിലക്കയറ്റം മനസിലാക്കാൻ പ്രയാസമായി. രണ്ടിനുമിടയിൽ ഉപയോക്താവ് വില കൂടുതൽ കൊടുക്കുന്നില്ല എന്ന് ആശ്വസിക്കുന്നു. ലാഭം കുറയുന്നില്ലെന്ന് കമ്പനികൾ ഉറപ്പാക്കുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT