രാജ്യത്തെ രണ്ടാമത്തെ വലിയ ഐ.ടി കമ്പനിയായ ഇൻഫോസിസിന്റെ (BSE: 500209, NSE: INFY) ഓഹരികളിൽ വൻ ഇടിവ്. വെള്ളിയാഴ്ചത്തെ വ്യാപാരത്തിൽ ഓഹരിയുടെ വിലയിൽ 7% നഷ്ടം രേഖപ്പെടുത്തി. ഇതോടെ ഇൻഫോസിസ് ഓഹരികൾ ഒരു വർഷത്തെ താഴ്ന്ന നിലയിലേക്കും പതിച്ചു. നിലവിൽ 1,155 രൂപ നിലവാരത്തിലാണ് ഈ ലാർജ് ക്യാപ് ഐ.ടി ഓഹരി വ്യാപാരം ചെയ്യപ്പെടുന്നത്. ഈ വർഷം തുടങ്ങിയതിനുശേഷം ഇൻഫോസിസ് ഓഹരിയിൽ നേരിട്ട നഷ്ടം 30 ശതമാനത്തോളമാണ്.
കഴിഞ്ഞ ദിവസം ഇൻഫോസിസ് പ്രസിദ്ധീകരിച്ച മാർച്ച് പാദഫലം (Q4 Result) താരതമ്യേന മികച്ചതായിരുന്നെങ്കിലും 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കമ്പനിയുടെ വളർച്ച അനുമാനം വിപണി പ്രതീക്ഷിച്ചതിലും താഴെയായിരുന്നു. 1.5% മുതൽ 3.5% വരെയുള്ള വരുമാന വളർച്ചയാണ് നടപ്പ് സാമ്പത്തിക വർഷത്തിലേക്ക് ഇൻഫോസിസ് നേതൃത്വം പ്രതീക്ഷിക്കുന്നത്. എന്നാൽ ഒരു മുൻനിര ഐ.ടി കമ്പനിയെ സംബന്ധിച്ച് ശരാശരിയിലും താഴ്ന്ന വളർച്ച അനുമാനമാണിത് എന്ന വികാരമാണ് വിപണിയിൽ പ്രതിഫലിച്ചത്. ഇതിനെ തുടർന്നാണ് ഇന്ന് ഓഹരിയിൽ കനത്ത തിരിച്ചടി നേരിട്ടത്.
ജെഫറീസ് — ജാഗ്രത
റേറ്റിങ്: ഹോൾഡ് (നിലവിലെ ഓഹരി ഉടമകൾ കൈവശം വെക്കുക; പുതിയതായി വാങ്ങാൻ ഉദ്ദേശിക്കുന്നവർ കാത്തിരുന്ന് കാണുക എന്ന അർത്ഥത്തിൽ).
ലക്ഷ്യവില: 1235 രൂപ.
മുഖ്യ പ്രതികൂല ഘടകങ്ങൾ: പുതിയ കരാർ വിജയിക്കുന്നതിൽ വാർഷികമായി 19% ഇടിവ്; ജോലിക്കാരുടെ എണ്ണം മുൻ പാദത്തേക്കാൾ 3% താഴ്ന്നു (സെക്ടറിലെ താഴ്ന്ന ഡിമാൻഡിനെ കുറിക്കുന്നു); മറ്റ് മാക്രോ ഇക്കോണമിക് ഘടകങ്ങളും ആഗോള സംഘർഷം കാരണമുള്ള റിസ്കുകളും.
നൽകുന്ന സൂചന: വളർച്ചയുടെ വേഗം കുറയുന്നു.
മോർഗൻ സ്റ്റാൻലി — നിസ്സംഗത
റേറ്റിങ്: ഈക്വൽ-വെയിറ്റ് (പ്രത്യേക പരിഗണനയില്ല).
ലക്ഷ്യവില: 1,760 രൂപയിൽ നിന്നും 1,380 രൂപയിലേക്ക് താഴ്ത്തി.
മുഖ്യ പ്രതികൂല ഘടകങ്ങൾ: വളർച്ചയുടെ വേഗത്തോത് നഷ്ടമായി; യൂറോപ്യൻ ഉപഭോക്താക്കളിൽ വലിയ ഇടിവ്; എ.ഐ വിലപേലശൽ ശേഷിയെ ബാധിക്കുന്നു.
നൽകുന്ന സൂചന: കമ്പനിക്ക് എതിരാളികൾക്ക് മേലുണ്ടായിരുന്നു മേന്മ നഷ്ടമായി.
മോത്തിലാൽ ഓസ്വാൾ — ബുള്ളിഷ്
റേറ്റിങ്: ബൈ (വാങ്ങുന്നത് പരിഗണിക്കാം).
ലക്ഷ്യവില: 1,450 രൂപ.
മുഖ്യ കാഴ്ചപ്പാട്: എ.ഐ പ്രഭാവം കമ്പനിയുടെ വളർച്ചയെ ബാധിക്കുന്നു; എന്നിരുന്നാലും ദീർഘമായ കാലയളവിൽ കമ്പനിക്ക് സാധ്യതകൾ ഇപ്പോഴുമുണ്ട്.
നൽകുന്ന സൂചന: ഹ്രസ്വകാലയളവിൽ തിരിച്ചടി നേരിടാം; ദീർഘമായ കാലയളവിൽ അതിജീവിക്കാനുള്ള സാധ്യത.
എച്ച്.ഡി.എഫ്.സി സെക്യൂരിറ്റീസ് — അനുകൂലം (യാഥാർത്ഥ്യം ഉൾക്കൊണ്ട്)
റേറ്റിങ്: ബൈ (വാങ്ങുന്നത് പരിഗണിക്കാം).
ലക്ഷ്യവില: 1,550 രൂപ.
മുഖ്യ കാഴ്ചപ്പാട്: ഉപഭോക്താക്കൾ ചെലവ് ചുരുക്കലിന് മുൻഗണന നൽകുന്നു; വളർച്ച അനുമാനം പരിമിതപ്പെടുത്തി.
നൽകുന്ന സൂചന: ഡിമാൻഡ് കുറയും; എന്നിരുന്നാലും തകർന്നുപോകില്ല.
ഇൻഫോസിസ് കമ്പനിയുടെ പ്രകടനം സ്ഥിരതയാർന്ന നിലയിലാണെങ്കിലും ഭാവി വളർച്ചയെ കുറിച്ചുള്ള കാഴ്ചപ്പാട് ദുർബലമാണ്. കൂടാതെ എ.ഐ പ്രഭാവം ശക്തിപ്പെടുന്നതും വിലപേശൽ ശേഷി കുറയുന്നതും ഡിമാൻഡ് താഴുന്നതും കാരണം കമ്പനിക്കുമേൽ ഘടനാപരമായ സമ്മർദവും നേരിടുന്നു. ഇവയെല്ലാം കൂട്ടിവായിച്ചാൽ ഓഹരിയുടെ മൂല്യമതിപ്പ് (വാല്യൂവേഷൻ) പുനഃക്രമീകരിക്കേണ്ടിവരുന്നു. ഹ്രസ്വകാലയളവിൽ ഓഹരി വില കുതിച്ചുയരാനുള്ള ശക്തമായ പോസിറ്റീവ് ഘടകങ്ങളുടെ അഭാവം നിഴലിക്കുന്നു. ഇടക്കാലയളവിലേക്കുള്ള ഓഹരിയുടെ സാധ്യതകൾ എ.ഐ-യെ എങ്ങനെ വരുമാന മാർഗമാക്കി മാറ്റുമെന്നതിനെ ആശ്രയിച്ചിരിക്കുന്നു. ദീർഘമായ കാലയളവിലേക്ക് പഴയപോലെ എതിരാളികളേക്കാൾ മേന്മ പറയാൻ അത്ര എളുപ്പമാകില്ല.
(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)
Read DhanamOnline in English
Subscribe to Dhanam Magazine