ഒരുസമയത്ത്, വലിയ വിപണി ചാഞ്ചാട്ടങ്ങൾക്കും രാഷ്ട്രീയ വിവാദങ്ങൾക്കും കാരണമായിരുന്ന അദാനി ഗ്രൂപ്പ് ഓഹരികൾ, ഇപ്പോൾ വീണ്ടും നിക്ഷേപകരുടെ ശ്രദ്ധാകേന്ദ്രമാകുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ മാത്രം ബ്ലോക്ക് ഡീലുകളിലൂടെ 15,000 കോടി രൂപയിലധികം മൂല്യമുള്ള വിവിധ അദാനി ഗ്രൂപ്പ് ഓഹരികളാണ് വൻകിട നിക്ഷേപകർക്കിടയിൽ കൈമാറ്റം ചെയ്യപ്പെട്ടത്.
ഇതിൽ ക്യാപിറ്റൽ ഇന്റർനാഷണൽ, ക്യാപിറ്റൽ ഗ്രൂപ്പ്, ജി.ക്യു.ജി പാർട്ട്‌ണേഴ്‌സ്, ഖത്തർ ഹോൾഡിംഗ് തുടങ്ങിയ വിദേശ നിക്ഷേപകരും (FIIs) എസ്.ബി.ഐ മ്യൂച്വൽ ഫണ്ട്, ബിർള മ്യൂച്വൽ ഫണ്ട് ഉൾപ്പെടെയുള്ള പ്രമുഖ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളും (DIIs) ആണ് ഇൻഫ്രാസ്ട്രക്ചർ, എനർജി, ലോജിസ്റ്റിക്സ്, യൂട്ടിലിറ്റി ബിസിനസ് തുടങ്ങിയ സെക്ടറുകളിൽ പ്രവർത്തിക്കുന്ന അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികളിൽ വലിയ ഇടപാടുകൾ നടത്തിയത്.
അദാനി പോർട്ട്സ് & സ്പെഷ്യൽ ഇക്കണോമിക് സോൺ (BSE: 532921, NSE: ADANIPORTS) ഓഹരിയിലാണ്, പ്രസ്തുത കാലയളവിലെ ഏറ്റവും വലിയ ബ്ലോക്ക് ഡീൽ നടന്നത്. ഏകദേശം 7,400 കോടി രൂപ മൂല്യംവരുന്ന ബ്ലോക്ക് ഡീലുകളിൽ ഏറ്റവുമധികം അദാനി പോർട്ട്സ് ഓഹരികൾ വാങ്ങിയത് ക്യാപിറ്റൽ ഗ്രൂപ്പ് ആണ്. സമാനമായി അദാനി എന്റർപ്രൈസസ് (BSE: 512599, NSE: ADANIENT) ഓഹരിയിൽ 6,200 കോടി രൂപ വരുന്ന ബ്ലോക്ക് ഡീലുകളാണ് നടന്നത്. ഇതിൽ ഗണ്യമായ ഭാഗവും വാങ്ങിയത് എസ്.ബി.ഐ മ്യൂച്വൽ ഫണ്ട് ആണ്. 2025 സെപ്റ്റംബറിനുശേഷം വീണ്ടും അദാനി എന്റർപ്രൈസസിലെ ഓഹരി വിഹിതം വർധിപ്പിച്ചു.
അതുപോലെ അദാനി എനർജി സൊലൂഷൻസിന്റെ (BSE: 539254, NSE: ADANIENSOL) ഓഹരിയിൽ 1,600 കോടി രൂപയുടെ ബ്ലോക്ക് ഡീലുകളാണ് കഴിഞ്ഞ ഒരു മാസത്തിനിടയിൽ അരങ്ങേറിയത്. ഇതിൽ ഗണ്യമായ ഓഹരികളും വാങ്ങിയത് എസ്.ബി.ഐ മ്യൂച്വൽ ഫണ്ടും ബിർള മ്യൂച്വൽ ഫണ്ടും ആകുന്നു.
അതേസമയം വമ്പൻ നിക്ഷേപകർ വീണ്ടും വാങ്ങൽ താത്പര്യം കാട്ടിയതോടെ അദാനി ഗ്രൂപ്പിന്റെ മൊത്തം ലിസ്റ്റഡ് കമ്പനികളും ചേർന്നുള്ള വിപണി മൂല്യം 20 ലക്ഷം കോടി രൂപ മറികടന്നു. അദാനി എന്റർപ്രൈസസ്, അദാനി പവർ, അദാനി പോർട്ട്സ്, അദാനി എനർജി സൊലൂഷൻസ്, അദാനി ഗ്രീൻ എനർജി എന്നീ ഓഹരികൾ ഒരു വർഷ കാലയളവിലെ ഉയർന്ന നിലവാരം തിരുത്തിക്കുറിച്ച് മുന്നേറ്റം കാഴ്ചവെക്കുന്നു.
അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി, അദ്ദേഹത്തിന്റെ അനന്തരവൻ സാഗർ അദാനി എന്നിവർക്കെതിരായ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച കേസുകൾ യു.എസ് നീതിന്യായ വകുപ്പ് (DoJ) തള്ളിയതോടെ കഴിഞ്ഞ ഏതാനും ആഴ്ചകളായി അദാനി ഗ്രൂപ്പ് ഓഹരികളിൽ ശക്തമായ നിക്ഷേപക താത്പര്യം പ്രകടമായി. വിവാദങ്ങളും കേസുകളും തിരശ്ശീലയ്ക്ക് പിന്നിലായതോടെ, അദാനി ഗ്രൂപ്പ് കമ്പനികളുടെ അടിസ്ഥാനപരമായ ബിസിനസ് ഘടകങ്ങളിലേക്കും ഭാവി സാധ്യകകളിലേക്കും നിക്ഷേപകർ മുൻഗണന നൽകുന്നതാണ് ഇതിനു വഴിതെളിച്ചത്.
വൈദ്യുതി ഉപഭോഗത്തിലെ വർധനവ്, ഗ്രിഡ്—ട്രാൻസ്മിഷൻ വിഭാഗങ്ങളിലെ വൻ നിക്ഷേപങ്ങൾ, തുറമുഖ വിപുലീകരണം, പുനരുപയോഗ ഊർജ്ജം എന്നീ മേഖലകളിൽ ഇന്ത്യ കുതിച്ചുചാട്ടത്തിന് ഒരുങ്ങുമ്പോൾ, ഈ നാല് മേഖലകളിലും സാന്നിധ്യമുള്ള ഏക കോർപ്പറേറ്റ് ഗ്രൂപ്പാണ് അദാനി. ഇന്ത്യയുടെ സാമ്പത്തിക വളർച്ചയിൽ നിന്നുള്ള നേട്ടം കൊയ്യാൻ ലക്ഷ്യമിട്ട് ദീർഘകാലയളവിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്ന വലിയ സ്ഥാപനങ്ങൾക്ക്, അദാനി ഗ്രൂപ്പിനെ മികച്ച പരോക്ഷ അവസരമായാണ് (Proxy Bet) കണക്കാക്കുന്നതെന്ന് അനലിസ്റ്റുകൾ സൂചിപ്പിച്ചു.
അതുപോലെ തുറമുഖങ്ങൾ, എയർപോർട്ടുകൾ, ഊർജ്ജ ഇടനാഴികൾ എന്നിങ്ങനെയുള്ള വമ്പൻ അടിസ്ഥാനസൗകര്യ പദ്ധതികളുടെ നിർമാണം വിവാദങ്ങൾക്കിടയിലും തടസ്സമില്ലാതെ നടന്നു എന്നത് നിക്ഷേപകർക്ക് ആത്മവിശ്വാസം നൽകുന്നു. മെഗാ പ്രോജക്ടുകൾ പൂർത്തിയാക്കാനുള്ള കമ്പനിയുടെ കഴിവിന് ഇതു അടിവരയിടുന്നു. കൂടാതെ ദീർഘകാല കരാറുകളിലൂടെയും റെഗുലേറ്റഡ് വരുമാന മാർഗ്ഗങ്ങളിലൂടെയും സ്ഥിരതയാർന്ന നിലയിൽ ക്യാഷ് ഫ്ലോ ഉറപ്പാക്കാൻ അദാനി ഗ്രൂപ്പിന് സാധിക്കുന്നുണ്ടെന്നതും ശ്രദ്ധേയം.
ചുരുക്കത്തിൽ, അദാനി ഗ്രൂപ്പ് അതിജീവിക്കുമോ എന്നതിലല്ല, മറിച്ച് ഇന്ത്യയുടെ ഭാവി സാമ്പത്തിക വളർച്ചയിൽ അദാനി ഗ്രൂപ്പ് കമ്പനികൾക്ക് എത്രത്തോളം നിയന്ത്രണം കൈപ്പിടിയിലാക്കാൻ കഴിയും എന്നതിലേക്കാണ് നിക്ഷേപക ലോകത്തെ ചർച്ചകൾ ഇന്ന് വഴിമാറിയിരിക്കുന്നത്. വിപണിയിൽ ഇതിനകം തന്നെ അദാനി ഗ്രൂപ്പ് ഓഹരികളുടെ ഒരു ‘റീറേറ്റിംഗ്’ സംഭവിച്ചുകഴിഞ്ഞുവെന്ന് അനലിസ്റ്റുകൾ വ്യക്തമാക്കി. നിക്ഷേപകരെ സംബന്ധിച്ച് ഈ മാറ്റം ലാഭകരമാകുമോ എന്നത് കാലം തെളിയിക്കേണ്ട ഒന്നാണെങ്കിലും, ഇപ്പോഴത്തെ സംഭവവികാസങ്ങൾ ഇന്ത്യൻ കോർപ്പറേറ്റ് ചരിത്രത്തിൽ തന്നെ വലിയൊരു വഴിത്തിരിവാണെന്ന് നിസംശയം പറയാനാകും.
(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)
Read DhanamOnline in English
Subscribe to Dhanam Magazine