കേരളത്തിൽ നിന്നുള്ള പ്രമുഖ ലിസ്റ്റഡ് കമ്പനിയും രാജ്യത്തെ മുൻനിര ജ്വല്ലറി ശൃംഖലുമായ കല്യാൺ ജ്വല്ലേഴ്സിന്റെ ഓഹരിയിൽ വൻ ഇടിവ്. ബുധനാഴ്ചത്തെ വ്യാപാരത്തിൽ 12 ശതനമാനത്തിലേറെ ഇടിവ് നേരിട്ട് 397 രൂപ നിലവാരത്തിലാണ് ഈ മിഡ് ക്യാപ് ഓഹരിയുടെ ക്ലോസിങ് കുറിച്ചത്. ഇതോടെ കല്യാൺ ജ്വല്ലേഴ്സ് ഓഹരി കഴിഞ്ഞ 19 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന വിലനിലവാരത്തിലേക്കും വീണു.
തുടർച്ചയായ ഒൻപതാം വ്യാപാര ദിനത്തിലാണ് കല്യാൺ ജ്വല്ലേഴ്സ് ഓഹരി നഷ്ടത്തിൽ അവസാനിക്കുന്നത്. ഈ കാലയളവിനിടെ മാത്രം കല്യാൺ ജ്വല്ലേഴ്സ് ഓഹരിയിൽ 25 ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ജനുവരി ഏഴിന് 520 രൂപയിൽ ക്ലോസിങ് രേഖപ്പെടുത്തിയ ഓഹരിയുടെ വിപണി വില ഇപ്പോൾ 400 രൂപ നിലവാരത്തിനും താഴേക്ക് എത്തിച്ചേർന്നു. എന്തുകൊണ്ടാണ് കല്യാൺ ജ്വല്ലേഴ്സ് ഓഹരിയിൽ വൻ ഇടിവ് നേരിടുന്നത്?
ഒന്നിലധികം പ്രതികൂല ഘടകങ്ങൾ ഒരേസമയം സ്വാധീനം ചെലുത്തിയതാണ് കല്യാൺ ജ്വല്ലേഴ്സ് ഓഹരിയിൽ ഇപ്പോഴുള്ള നിറംമങ്ങിയ പ്രകടനത്തിനു വഴിതെളിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി പ്രധാനപ്പെട്ട മൂവിങ്ആവറേജ് നിലവാരത്തിന് താഴെയായാണ് കല്യാൺ ജ്വല്ലേഴ്സ് ഓഹരിയുടെ വ്യാപാരം നടന്നിരുന്നത്. അങ്ങനെ ഓഹരിയുടെ പ്രധാനപ്പെട്ട സപ്പോർട്ട് നിലവാരങ്ങൾ തകർന്നതോടെ സംജാതമായ കടുത്ത വിൽപ്പന സമ്മർദമാണ് ഇന്നത്തെ ഇടിവിനുള്ള പ്രധാന കാരണങ്ങളിലൊന്ന്.
കഴിഞ്ഞ 20 ദിവസത്തെ ശരാശരിയുടെ നാല് മടങ്ങിനേക്കാളും ഉയർന്ന ഇടപാടുകളുടെ എണ്ണം (വോളിയം) ബുധനാഴ്ചത്തെ വ്യാപാരത്തിൽ കല്യാൺ ജ്വല്ലേഴ്സ് ഓഹരിയിൽ രേഖപ്പെടുത്തിയതും ഇതിനോട് ചേർത്തു വായിക്കാം. ഓഹരിക്ക് ഡെറിവേറ്റീവ് കോൺട്രാക്ടുകൾ കൂടി (F&O) ഉള്ളതിനാൽ കൂടുതൽ ഊഹക്കച്ചവടക്കാരും അവസരം മുതലെടുക്കാൻ രംഗത്തെത്തിയിട്ടുണ്ട്.
രാജ്യാന്തര വിപണിയിൽ സ്വർണ വില സർവകാല റെക്കോഡുകൾ തുടർച്ചയായി തിരുത്തിയെഴുതി മുന്നേറുന്ന പ്രവണത തുടരുന്നതിനാൽ ആഭരണ വിൽപ്പനയിൽ ഇടിവുണ്ടായേക്കുമെന്ന ആശങ്കയും കല്യാൺ ജ്വല്ലേഴ്സ് ഓഹരിക്ക് തിരിച്ചടിയാകുന്നുണ്ട്. നിലവിൽ 24 കാരറ്റ് പരിശുദ്ധിയുള്ള 10 ഗ്രാം തങ്കത്തിന്റെ വില ഏകദേശം 1.6 ലക്ഷം രൂപ നിലവാരത്തിലേക്ക് കുതിച്ചുയർന്നിട്ടുണ്ട്. ഇതിന് പുറമെ ആഭ്യന്തര ഓഹരി വിപണിയിൽ ശക്തമായ ചാഞ്ചാട്ടം പ്രകടമാകുന്നതും കല്യാൺ ജ്വല്ലേഴ്സ് ഓഹരിയിൽ സമ്മർദമേൽപ്പിക്കുന്നുണ്ട്. വിപണിയിൽ അനിശ്ചിതത്വം തലപൊക്കുന്ന വേളയിൽ നിക്ഷേപകർ മറ്റ് ഓഹരി വിഭാഗങ്ങളിലേക്കും ആസ്തികളിലേക്കും ചുവടുമാറ്റുന്നതാണ് ഇതിനു കാരണം.
Read DhanamOnline in English
Subscribe to Dhanam Magazine