Markets

നിഫ്റ്റി-50യില്‍ ഐസ്‌ക്രീം ട്വിസ്റ്റ്! വില ഇടിഞ്ഞിട്ടും പുറത്താകാതെ ക്വാളിറ്റി വാള്‍സ്, എന്തുകൊണ്ട്?

ഐസ്‌ക്രീം ബിസിനസില്‍ സ്വതന്ത്രമായി വളര്‍ച്ച തെളിയിച്ച് സൂചികയില്‍ സ്ഥിരം ഇടം പിടിക്കുമോ? അല്ലെങ്കില്‍ അടുത്ത റിവ്യൂവില്‍ പുറത്താകുമോ? അത് കാത്തിരുന്നു കാണേണ്ട കാര്യം

Dhanam News Desk

ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഐസ്‌ക്രീം ബിസിനസ് വേര്‍തിരിച്ച് സ്വതന്ത്ര കമ്പനിയായി രൂപവല്‍ക്കരിച്ചതാണ് ക്വാളിറ്റി ഐസ്‌ക്രീം വാള്‍സ് ഇന്ത്യ ലിമിറ്റഡ്. ലിസ്റ്റിംഗിന്റെ ആദ്യ ദിനത്തില്‍ ഓഹരികള്‍ പ്രതീക്ഷിച്ചതിലും താഴെയാണ് വ്യാപാരം തുടങ്ങിയത്. ഇത്തരത്തില്‍ കനത്ത ഇടിവ് രേഖപ്പെടുത്തിയെങ്കിലും, പ്രധാന സൂചികയായ നിഫ്റ്റി-50യില്‍ നിന്ന് പുറത്തായില്ല. കുറഞ്ഞ വിപണി മൂല്യം, വേര്‍പെടുത്തലിനു ശേഷമുള്ള അനിശ്ചിതത്വം -ഇതിനിടയില്‍ ഇതെങ്ങനെ സാധിച്ചു? ലളിതമായി പരിശോധിക്കാം.

ഐസ്‌ക്രീം ബിസിനസ് ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ ആകെ വരുമാനത്തില്‍ ചെറിയൊരു വിഹിതം മാത്രം. അതുകൊണ്ടാണ് സ്വതന്ത്ര കമ്പനിയെന്ന നിലയില്‍ ഐസ്‌ക്രീം വാള്‍സ് നല്ല വളര്‍ച്ചയും ലാഭവും ഉണ്ടാക്കുമെന്ന ആശങ്ക നിക്ഷേപകരില്‍ ഉണ്ടായത്. സീസണല്‍ സ്വഭാവം ഈ മേഖലയിലെ മത്സരവും സമ്മര്‍ദ്ദം കൂട്ടുന്ന ഘടകമാണ്.

നിഫ്റ്റി-50യില്‍ തുടരാന്‍ കാരണം എന്ത്?

രാജ്യത്തെ പ്രമുഖ കമ്പനികളുടെ ഗ്രൂപ്പായ നിഫ്റ്റി-50യില്‍ ഉള്‍പ്പെടാന്‍ ഒരു കമ്പനിക്ക് ഉയര്‍ന്ന വിപണി മൂല്യവും മികച്ച ലിക്വിഡിറ്റിയും ആവശ്യമാണ്. വിപണി മൂല്യം കുറഞ്ഞാല്‍ അടുത്ത പുനഃപരിശോധനയില്‍ പുറത്താകുന്നതും സാധാരണം. അതേസമയം, ലയനം, വിഭജനം പോലുള്ള കോര്‍പറേറ്റ് നടപടികള്‍ ഉണ്ടാകുമ്പോള്‍ സൂചിക നിര്‍മാതാക്കള്‍ പരമ്പരാഗത രീതിയാണ് പിന്തുടരുന്നത്. അതിനു കാരണമുണ്ട്.

പെട്ടെന്നുള്ള ഒഴിവാക്കല്‍ ഇന്‍ഡക്സ് ഫണ്ടുകളെ നിര്‍ബന്ധിത വിറ്റഴിക്കലിലേക്ക് നയിക്കും. വിപണിയില്‍ അമിതമായ ചാഞ്ചാട്ടം സൃഷ്ടിക്കും. നിക്ഷേപകരുടെ നഷ്ടം കൂടാന്‍ സാധ്യതയുണ്ട്. അതുകൊണ്ട്, വേര്‍പെടുത്തലിനു പിന്നാലെ ക്വാളിറ്റി വാള്‍സിനെ താല്‍ക്കാലികമായി സൂചികയില്‍ തുടരാന്‍ അനുവദിച്ചു.

നിഫ്റ്റി 50യുടെ പുനഃക്രമീകരണം വര്‍ഷത്തില്‍ രണ്ടു തവണ മാത്രമാണ് നടക്കുന്നത്. അടുത്ത ഔദ്യോഗിക റിവ്യൂവിലാണ് കമ്പനി മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് വിലയിരുത്തുക. അത് വരെ ക്വാളിറ്റി വാള്‍സ് സൂചികയിലെ അംഗമായിത്തന്നെ തുടരും.

നിക്ഷേപകര്‍ക്കുള്ള സന്ദേശം

ഇപ്പോഴത്തെ നിലയില്‍ ഇന്‍ഡക്സ് ഫണ്ടുകള്‍ ഓഹരികള്‍ ഉടന്‍ വിറ്റഴിക്കേണ്ട സാഹചര്യമില്ല. അതുവഴി ലിസ്റ്റിംഗിന് പിന്നാലെയുള്ള അധിക സമ്മര്‍ദ്ദം കുറയാം. എന്നാല്‍ അടുത്ത റിവ്യൂവില്‍ വിപണി മൂലധനം, ലിക്വിഡിറ്റി തുടങ്ങിയ മാനദണ്ഡങ്ങള്‍ പരിശോധിക്കപ്പെടും. അവ പാലിക്കാനാകാതെ വന്നാല്‍ പുറത്താകാനുള്ള സാധ്യത നിലനില്‍ക്കും.

ചുരുക്കത്തില്‍, നിഫ്റ്റി-50യില്‍ ക്വാളിറ്റി വാള്‍സിന്റെ സാന്നിധ്യം ആ കമ്പനിയുടെ വിപണി ശക്തിയുടെ പ്രതിഫലനമല്ല. സൂചികയുടെ നിയമാവലി പ്രകാരമുള്ള നിലനിര്‍ത്തലാണ്. വേര്‍പെടുത്തലിനു തൊട്ടു പിന്നാലെ പുറത്താക്കാതെ, വിപണിക്ക് സ്ഥിരത നല്‍കാനാണ് ഈ ഇടക്കാല സംവിധാനം.

ഇനി ചോദ്യം ഒന്ന് മാത്രം: ഐസ്‌ക്രീം ബിസിനസില്‍ സ്വതന്ത്രമായി വളര്‍ച്ച തെളിയിച്ച് സൂചികയില്‍ സ്ഥിരം ഇടം പിടിക്കുമോ? അല്ലെങ്കില്‍ അടുത്ത റിവ്യൂവില്‍ പുറത്താകുമോ? അത് കാത്തിരുന്നു കാണേണ്ട കാര്യം.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT