Image courtesy: ola electric 
Markets

3 ദിവസം കൊണ്ട് 33% നേട്ടം; ഓല ഓഹരി വീണ്ടും ₹30 കടന്നു; ഈ മുന്നേറ്റത്തിന് പിന്നിൽ?

കഴിഞ്ഞ മൂന്ന് ​ദിവസത്തെ മുന്നേറ്റം, ഓല ഇലക്ട്രിക്കിന്റെ വിപണി മൂല്യത്തിൽ 3,360 കോടി രൂപയുടെ വർധന സമ്മാനിച്ചു.

Dhanam News Desk

പ്രമുഖ ഇരുചക്ര വൈദ്യുത വാഹന (ഇ.വി) നിർമാതാക്കളായ ഓല ഇലക്ട്രിക് മൊബിലിറ്റിയുടെ (BSE: 544225, NSE: OLAELEC) ഓഹരിയിൽ വൻ കുതിപ്പ്. കഴിഞ്ഞ മൂന്ന് ദിവസം കൊണ്ട് ഈ ഓഹരിയുടെ വിലയിൽ 33 ശതമാനം വർധന രേഖപ്പെടുത്തി. കഴിഞ്ഞയാഴ്ച 22.50 രൂപ നിലവാരത്തിൽ നിന്നിരുന്ന ഓല ഓഹരി തിങ്കളാഴ്ചത്തെ (2026 ഏപ്രിൽ 6) വ്യാപാരത്തിന്റെ തുടക്കത്തിൽ 30.40 രൂപയിലേക്ക് വരെ കുതിച്ചുയർന്നിരുന്നു. കഴിഞ്ഞ മൂന്ന് ​ദിവസത്തെ മുന്നേറ്റം, ഓല ഇലക്ട്രിക്കിന്റെ വിപണി മൂല്യത്തിൽ 3,360 കോടി രൂപയുടെ വർധനയും സമ്മാനിച്ചു. അതേസമയം മൂന്ന് പ്രധാന ഘടകങ്ങളാണ്, ഓല ഓഹരിയുടെ ഈ കുതിപ്പിന് പിന്നിൽ പ്രവർത്തിക്കുന്നത്.

എന്തുകൊണ്ട് ഓല ഓഹരി മുന്നേറുന്നു?

ഓലയുടെ ഇലക്ട്രിക് ബൈക്കായ റോഡ്​സ്റ്റർ എക്സ് സീരീസിന്റെ മിഡ്-റേഞ്ച് വേരിയന്റ് വിഭാ​ഗത്തിൽ പുതിയതായി അവതരിപ്പിച്ച 4.5 കിലോവാട്ട് ബാറ്ററി ശേഷിയുള്ള 'ഓല റോഡ്​സ്റ്റർ എക്സ്+' എന്ന ഇലക്ട്രിക് മോട്ടോർസൈക്കിൾ മോഡലിനും കേന്ദ്ര സർക്കാരിന്റെ ഉത്പാദന ബന്ധിത ആനുകൂല്യത്തിന് (PLI - Production Linked Incentive) അർഹമാക്കുന്ന സർട്ടിഫിക്കേറ്റ് ലഭിച്ചതാണ് ഓഹരിയുടെ കുതിപ്പിന് പിൻബലമേകുന്ന മുഖ്യ ഘടകം. ഇതോടെ ഉത്പന്ന നിർമാണത്തിന് തദ്ദേശീയ ഘടകങ്ങളെ ആശ്രയിക്കാനുള്ള കമ്പനിയുടെ നീക്കത്തിന് പുത്തനുണ‌ർവ് ലഭിക്കും. ഇതിലൂടെ ലാഭമാർജിൻ മെച്ചപ്പെടുത്താൻ കഴിയുമെന്നാണ് കണക്കുക്കൂട്ടൽ.

അതുപോലെ മാർച്ച് മാസത്തിൽ റിപ്പോർട്ട് ചെയ്ത മികച്ച വിൽപ്പന കണക്കുകളും ഓല ഇലക്ട്രിക് ഓഹരിയിൽ മുന്നേറ്റത്തിനുള്ള വഴിയൊരുക്കി. ഫെബ്രുവരി മാസവുമായി തട്ടിച്ചുനോക്കുമ്പോൾ മാർച്ച് മാസത്തിൽ കമ്പനിയിൽ നിന്നുള്ള പുതിയ വൈദ്യുത വാഹനങ്ങളുടെ രജിസ്ട്രേഷനിൽ 150 ശതമാനം വർധനയാണ് കുറിച്ചിരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി പ്രവർത്തനങ്ങളിൽ നേരിട്ട വെല്ലുവിളിയിൽ നിന്നും സർവീസ് അനുബന്ധ പരാതികളിൽ നിന്നും കമ്പനി കരകയറുന്നതിന്റെ ലക്ഷണമായും മാർച്ച് മാസത്തിൽ ഉയർന്ന വിൽപ്പന കണക്കുകളെ ചേർത്തുവായിക്കാം.

മാർച്ച് മാസത്തെ അവസാന ആഴ്ചയ്ക്കിടെ പ്രതിദിനം 1,000-ത്തിലേറെ യൂണിറ്റികൾക്ക് പുതിയ ഓർഡർ ലഭിച്ചുവെന്നാണ് ഓല കമ്പനി അവകാശപ്പെട്ടത്. അതുപോലെ സർവീസിന് എത്തിക്കുന്ന 80 ശതമാനം വാഹനങ്ങളും അന്നു തന്നെ അറ്റക്കുറ്റപ്പണി ചെയ്ത് ഉപഭോക്താവിന് തിരികെ ഏൽപ്പിക്കാൻ ഓലയ്ക്ക് കഴിയുന്നുവെന്നും റിപ്പോർട്ട് ഉണ്ട്. നേരത്തെ ഉപഭോക്താക്കളിൽ നിന്നും കമ്പനിക്കെതിരേ ഉയർന്ന ഏറ്റവും രൂക്ഷമായ പരാതികളിൽ ഒന്നായിരുന്നു സർവീസിന് വരുന്ന കാലതാമസം.

ഇപ്പോഴും ഐ.പി.ഒ വിലയ്ക്കു താഴെ

കഴി‍ഞ്ഞ മൂന്ന് ദിവസത്തിനിടെ ശക്തമായ മുന്നേറ്റം കഴ്ചവെച്ചുവെങ്കിലും ഐ.പി.ഒ.യിൽ നിക്ഷേപകർക്ക് ഇഷ്യൂ ചെയ്ത വിലയേക്കാളും 60 ശതമാനത്തോളം താഴെയാണ് ഓല ഇലക്ട്രിക് ഓഹരിയുടെ വിപണി വില ഇപ്പോഴുമുള്ളത്. ഐ.പി.ഒ.യിൽ 76 രൂപ നിരക്കിലായിരുന്നു ഓഹരി ഇഷ്യൂ ചെയ്തിരുന്നത്. അതുപോലെ ഓഹരിയിൽ രേഖപ്പെടുത്തിയ സർവകാല റെക്കോഡ് വിലയിൽ നിന്നും 81 ശതമാനം താഴെയാണ് വില ഇപ്പോഴുമുള്ളത്. ഓല ഇലക്ട്രിക് ഓഹരിയുടെ സർവകാല റെക്കോഡ് വില 2024 ഓ​ഗ​സ്റ്റിൽ കുറിച്ച 157.4 രൂപയാണ്.

എന്തായാലും സമീപകാലത്ത് വാഹന വിൽപ്പനയിലുണ്ടായ ഉണർവ്, കേന്ദ്ര സർക്കാരിന്റെ പി.എൽ.ഐ ആനുകൂല്യം, തദ്ദേശീയ ബാറ്ററി നിർമാണം, പ്രവർത്തന ചെലവ് വെട്ടിച്ചുരുക്കിയത് എന്നിങ്ങനെയുള്ള പോസിറ്റീവ് ഘടകങ്ങളുടെ പിൻബലത്തിൽ ഓല ഇലക്ട്രിക് ഓഹരി പഴയകാല പ്രതാപത്തിലേക്ക് മടങ്ങിയെത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ നഷ്ടസാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT