ഓഹരി വിപണിയിലെ ഡെറിവേറ്റീവ് വിഭാഗത്തിൽ ഫ്യൂച്ചേഴ്സ് & ഓപ്ഷൻസ് (F&O) ഇടപാടുകൾക്ക് ബാധകമായ സെക്യൂരിറ്റി ട്രാൻസാക്ഷൻ ടാക്സ് അഥവാ എസ്ടിടി (STT) വർധിപ്പിച്ചുകൊണ്ട് ബജറ്റ് പ്രഖ്യാപനം. ഫ്യൂച്ചേഴ്സ് കോൺട്രാക്ടുകളുടെ എസ്ടിടി നിരക്ക് നിലവിലെ 0.02 ശതമാനത്തിൽ നിന്നും 0.05 ശതമാനമായി വർധിപ്പിച്ചതായി ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.
അതുപോലെ ഓപ്ഷൻസ് കോൺട്രാക്ടുകൾക്കുള്ള എസ്ടിടിയും വർധിപ്പിച്ചു. ഓപ്ഷൻസ് പ്രീമിയത്തിനുമേൽ ചുമത്തുന്ന എസ്ടിടി നിരക്ക് 0.10 ശതമാനത്തിൽ നിന്നും 0.15 ശതമാനമായും ഇത്തവണത്തെ ബജറ്റിൽ ഉയർത്തി നിശ്ചയിച്ചു. എക്സ്പയറി ദിനത്തിലുള്ള ഓപ്ഷൻസ് എക്സർസൈസിനു മേലുള്ള എസ്ടിടി നിരക്ക് 0.125 ശതമാനത്തിൽ നിന്നും 0.15 ശതമാനമായും വർധിപ്പിച്ചു. ചുരുക്കത്തിൽ വിപണിയിൽ ശതകോടികളുടെ പണമൊഴുകുന്ന ഡെറിവേറ്റീവ് വിഭാഗത്തിലെ ഇടപാടുകൾക്ക് ഇനി ചെലവേറുമെന്ന് സാരം.
ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് അവതരണത്തിന്റെ ആദ്യഘട്ടത്തി നേട്ടം പ്രകടമാക്കിയിരുന്ന പ്രധാന ഓഹരി സൂചികകൾ ബജറ്റ് പ്രസംഗത്തിൽ എസ്ടിടി നികുതി നിരക്കുകൾ വർധിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചതോടെ നഷ്ടത്തിലേക്ക് വീണു. തുടർന്ന് ബജറ്റ് അവതരണം അവസാനിച്ചതോടെ ഓഹരി സൂചികകളായ എൻഎസ്ഇ നിഫ്റ്റിയിലും ബിഎസ്ഇ സെൻസെക്സിലും വൻ ഇടിവ് നേരിട്ടു.
സെൻസെക്സ് സൂചിക ഒരു ഘട്ടത്തിൽ 2,450 പോയിന്റ് ഇടിഞ്ഞ് 80,000 നിലവാരത്തിലും താഴേക്ക് വീണു. അൽപ്പ സമയത്തിനുശേഷം നില വീണ്ടെടുത്ത് 81,000 നിലവാരത്തിലേക്ക് മടങ്ങിയെത്തി. എങ്കിലും 600 പോയിന്റിലേറെ നഷ്ടമാണ് സെൻസെക്സ് ഇപ്പോഴും നേരിടുന്നത്. അതുപോലെ നിഫ്റ്റി സൂചികയും ഒരു ഘട്ടത്തിൽ 749 പോയിന്റ് ഇടിഞ്ഞ് 24,600 നിലാവരത്തിനും താഴേക്ക് കൂപ്പുകുത്തി. തുടർന്ന് നില മെച്ചപ്പെടുത്തി 25,000 നിലവാരം തിരിച്ചുപിടിച്ചു. നിലവിൽ നിഫ്റ്റി സൂചിക 200-ലേറെ പോയിന്റ് നഷ്ടം കുറിക്കുന്നു.
ഇത്തവണത്തെ കേന്ദ്ര ബജറ്റിൽ വിപണിക്ക് അനുകൂലമായ വമ്പൻ പ്രഖ്യാപനങ്ങളുടെ അഭാവവും ഉറ്റുനോക്കിയിരുന്ന ബജറ്റിലെ ചില ധനകാര്യ കണക്കുകൾ പ്രതീക്ഷിച്ചതിൽ ഉയർന്നതും ഡെറിവേറ്റീവ് വിഭാഗത്തിൽ എസ്ടിടി വർധിപ്പിച്ചു കൊണ്ടുള്ള സർക്കാർ നീക്കവും കൂടിയായപ്പോൾ ഇന്ത്യൻ ഓഹരി വിപണിയിൽ ഇപ്പോൾ വൻ ഇടിവ് നേരിടുകയാണ്.
ഇതിൽ ധനക്കമ്മി (Fiscal deficit) ഇത്തവണത്തെ ബജറ്റിൽ ജിഡിപിയുടെ 4.3 ശതമാനത്തിൽ നിലനിർത്തി. ഇത് വിപണി പ്രതീക്ഷിച്ചിരുന്നതല്ല. അടുത്ത വർഷത്തേക്കുള്ള ധനക്കമ്മി കുറച്ചു നിശ്ചയിക്കുമെന്നാണ് വിപണി കരുതിയിരുന്നത്. കൂടാതെ, 2026-27 സാമ്പത്തിക വർഷത്തിലേക്കുള്ള കടം-ജിഡിപി അനുപാതം 55.6 ശതമാനത്തിലേക്ക് ബജറ്റിൽ ഉയർത്തിയതും വിപണിയുടെ പൊതു പ്രതീക്ഷയ്ക്ക് വിപരീതമായിരുന്നു. ചുരുക്കത്തിൽ നേരത്തെ പ്രതീക്ഷിച്ചതിനേക്കാൾ ഉയർന്ന തോതിൽ അടുത്ത സാമ്പത്തിക വർഷത്തിൽ സർക്കാർ കടമെടുക്കുമെന്ന സ്ഥിതി വന്നതാണ് വിപണി സമ്മർദമേകുന്ന പ്രതികൂല ഘടകമായി.
2026-27 സാമ്പത്തിക വർഷത്തിൽ സർക്കാരിന്റെ കടമെടുപ്പ് 17.2 ലക്ഷം കോടിയായി ഉയരുമെന്നാണ് ബജറ്റിൽ ധനമന്ത്രി സൂചിപ്പിച്ചത്. ഇതോടെ കടപ്പത്ര വിപണിയിൽ ബോണ്ടുകളുടെ ആദായ നിരക്ക് (Bond Yields) വർധനയ്ക്ക് കാരണമാകുമോ എന്ന ആശങ്ക വർധിപ്പിച്ചു. ബോണ്ട് യീൽഡ് വർധിച്ചാൽ ബാങ്കുകളുടെ ട്രഷറി വരുമാനത്തിൽ കുറവുണ്ടാകാം.
പൊതുമേഖല (PSU) ബാങ്കുകളെ സംബന്ധിച്ച് സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യോ (SLR) 18 ശതമാനത്തിൽ നിർത്തണമെന്ന നിബന്ധന പാലിക്കുന്നതിനായി സർക്കാർ ബോണ്ടുകൾ വൻതോതിൽ കൈവശം വെച്ചിട്ടുണ്ട്. എസ്ബിഐ, പിഎൻബി, കാനറ ബാങ്ക്, യൂണിയൻ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ തുടങ്ങിയ പ്രധാന പൊതുമേഖല ബാങ്കുകളുടെ ഓഹരികളെല്ലാം ഇന്ന് വൻ നഷ്ടത്തിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine