canva
Markets

ഐടി വീഴുമ്പോൾ പൊതുമേഖല ബാങ്ക് ഓഹരികൾ പച്ചത്തുരുത്തായോ? സമീപകാല മുന്നേറ്റത്തിനുള്ള കാരണമെന്ത്?

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വളർച്ചയുടെ ആശങ്കയിൽ ഐടി ഓഹരികൾ വൻ തിരിച്ചടി നേരിടുന്നത്, പി.എസ്.യു ബാങ്ക് ഓഹരികളിലേക്ക് കൂടുമാറാൻ നിക്ഷേപകർക്ക് പ്രേരണയേകുന്നുണ്ടോ?

Dhanam News Desk

പൊതുമേഖല ബാങ്കുകളുടെ (PSU Bank) ഓഹരികളിൽ ശക്തമായ മുന്നേറ്റം തുടരുന്നു. തിങ്കളാഴ്ചത്തെ (2026 ഫെബ്രുവരി 23) വ്യാപാരത്തിൽ ആറ് പൊതുമേഖല ബാങ്കുകളുടെ ഓഹരികളാണ് 52 ആഴ്ചയിലെ ഉയർന്ന നിലവാരം തിരുത്തിക്കുറിച്ച് മുന്നേറിയത്. ഇതിനെ തുടർന്ന് എൻഎസ്ഇയുടെ പ്രധാന സെക്ടറൽ സൂചികയിലൊന്നായ (Sectoral index) നിഫ്റ്റി പി.എസ്.യു ബാങ്ക്, 9,846.80ലെത്തി പുതിയ സർവകാല റെക്കോഡും ഇന്ന് രേഖപ്പെടുത്തി.

എന്തുകൊണ്ടാണ് പി.എസ്.യു ബാങ്ക് ഓഹരികളിൽ വൻ മുന്നേറ്റം കാണപ്പെടുന്നത്? ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) വളർച്ചയുടെ ആശങ്കയിൽ ഐടി ഓഹരികൾ വൻ തിരിച്ചടി നേരിടുന്നത്, പി.എസ്.യു ബാങ്ക് ഓഹരികളിലേക്ക് കൂടുമാറാൻ നിക്ഷേപകർക്ക് പ്രേരണയേകുന്നുണ്ടോ?

52 ആഴ്ച ഉയരത്തിലെത്തിയ ഓഹരികൾ

  • എസ്.ബി.ഐ:- കഴി‍ഞ്ഞ ഒരു മാസത്തിനിടെ 19% മുന്നേറ്റം; നിലവിലെ ഓഹരി വില 1,228 രൂപ.

  • യൂണിയൻ ബാങ്ക്:- ഒരു മാസത്തിനിടെ 14% കുതിപ്പ്; ഇപ്പോഴത്തെ ഓഹരി വില 198 രൂപ.

  • ഇന്ത്യൻ ബാങ്ക്:- കഴി‍ഞ്ഞ ഒരു മാസത്തിനിടെ 12% മുന്നേറ്റം; നിലവിലെ ഓഹരി വില 983 രൂപ.

  • ബാങ്ക് ഓഫ് മഹാരാഷ്ട്ര:- ഒരു മാസത്തിനിടെ 9% കുതിപ്പ്; ഇപ്പോഴത്തെ ഓഹരി വില 70 രൂപ.

  • ബാങ്ക് ഓഫ് ഇന്ത്യ:- കഴി‍ഞ്ഞ ഒരു മാസത്തിനിടെ 12% മുന്നേറ്റം; നിലവിലെ ഓഹരി വില 983 രൂപ.

  • ബാങ്ക് ഓഫ് ബറോഡ:- ഒരു മാസത്തിനിടെ 4% കുതിപ്പ്; ഇപ്പോഴത്തെ ഓഹരി വില 313 രൂപ.

എന്തുകൊണ്ടാണ് ഓഹരി മുന്നേറ്റം?

രാജ്യത്തെ ഏറ്റവും വലിയ വാണിജ്യ ബാങ്കും പൊതുമേഖല സ്ഥാപനവുമായ ​സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ), ഈ മാസമാ​ദ്യം പുറത്തുവിട്ട നടപ്പ് സാമ്പത്തിക വർഷത്തിലെ മൂന്നാം പാദഫലം വിപണി പ്രതീക്ഷിച്ചതിലും മികച്ച നിലവാരത്തിലായിരുന്നു. ഇതിന് പിന്നാലെയാണ് പൊതുമേഖല ബാങ്കിം​ഗ് ഓഹരികളിലൊന്നാകെയുള്ള മുന്നേറ്റം ദൃശ്യമായതെങ്കിലും അടിസ്ഥാനപരമായ നിരവധി പോസിറ്റീവ് ഘടകങ്ങൾ കുതിപ്പിനുളള നിലമൊരുക്കിയിരുന്നു.

ബാങ്കുകളുടെ അസറ്റ് ക്വാളിറ്റി മെച്ചപ്പെട്ടതും കിട്ടാക്കടമാകുന്ന പുതിയ വായ്പകളുടെ തോത് കുറഞ്ഞതു കാരണം നിഷ്ക്രിയ ആസ്തി അനുപാതം (NPA) താഴ്ന്നതും ഇതോടെ ബാങ്കുകളുടെ ബാലൻസ് ഷീറ്റ് ശക്തിപ്പെട്ടതും നിക്ഷേപകരെ ആകർഷിക്കുന്ന ഘടകങ്ങളാണ്. കൂടാത രാജ്യത്ത് വായ്പ വിതരണം ഉയരുന്നതും അതുവഴി ബാങ്കുകളുടെ ഭാവി വരുമാന സാധ്യത മെച്ചപ്പെട്ടതും പോസിറ്റീവ് ഘടകങ്ങളാണ്. ഇതിന് പുറമെ സമീപകാലത്ത് റിസർവ് ബാങ്കിന്റെ (RBI) പണനയത്തിലെ ഇളവുകൾ (സി.ആർ.ആർ കുറച്ചത് പോലുള്ള) കാരണം ബാങ്കിന്റെ ലിക്വിഡിറ്റി വർധിച്ചതും ശ്രദ്ധേയമാണ്. കൂടാതെ മൂല്യമതിപ്പിൽ (വാല്യൂവേഷൻ) നീതികരിക്കാവുന്ന നിലവാരത്തിൽ ഓഹരികളുടെ വില നിൽക്കുന്നതും പൊതുമേഖല ബാങ്ക് ഓഹരികളിൽ നിക്ഷേപക താത്പര്യം വർധിപ്പിക്കുന്നു.

ഐടിയുടെ തളർച്ചയും ​ഗുണകരമാകുന്നോ?

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) മുന്നേറ്റത്തിൽ പരമ്പരാ​ഗത സോഫ്റ്റ്‍വെയർ മേഖലയുടെ വരുമാന സ്രോതസ്സുകളിൽ കടുത്ത സമ്മർദം അനുഭവപ്പെട്ടേക്കും എന്ന നി​ഗമനം ഐടി കമ്പനികളുടെ ഓഹരികളെ സമ്മർദത്തിലാഴ്ത്തിയിട്ടുണ്ട്. ഐടി സെക്ടറിൽ ബെയറിഷ് ട്രെൻഡ് പ്രകടവുമാണ്. കൂടാതെ അനിശ്ചിതത്വം എന്ന് മാറുമെന്ന വിഷയത്തിലും വ്യക്തത കൈവരിച്ചിട്ടില്ല.

ഈയൊരു പശ്ചാത്തലത്തിൽ മൂല്യമതിപ്പിൽ നീതികരിക്കാനാകാതെ ഉയർന്നുനിന്നിരുന്ന ഐടി ഓഹരികളിൽ കടുത്ത വിൽപ്പന സമ്മർദം പ്രകടമാണ്. ഇത്തരത്തിൽ പിൻവലിക്കപ്പെടുന്ന നിക്ഷേപത്തിന്റെ ഒരുപങ്ക് (സെക്ടർ റൊട്ടേഷൻ) താരതമ്യേന മികച്ച നിലയിലുള്ള പൊതുമേഖല ബാങ്ക് ഓഹരികളെ തേടിയെത്തുന്നുമുണ്ടെന്ന് മാർക്കറ്റ് അനലി​സ്റ്റുകൾ സൂചിപ്പിച്ചു.

Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ടസാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT