Stock market canva
Markets

4 കാരണങ്ങൾ; ബജറ്റ് വേദന മറന്ന് ഓഹരി വിപണിയിൽ ഇന്ന് വമ്പൻ കുതിപ്പ്; നിഫ്റ്റി വീണ്ടും 25,000-ത്തിന് മുകളിൽ

രാവിലെ ഒരു ഘട്ടത്തിൽ തിരിച്ചടി നേരിട്ട് താഴേക്ക് പതിച്ചുവെങ്കിലും പ്രധാന ഓഹരി സൂചികകൾ സാവധാനം താളംകണ്ടെത്തുകയും ഉച്ചയ്ക്കു ശേഷമുള്ള സെഷനിൽ ശക്തമായ മുന്നേറ്റവും പ്രകടമാക്കി.

Dhanam News Desk

ഫ്യൂച്ചേഴ്സ്, ഓപ്ഷൻസ് (F&O) വിഭാ​ഗങ്ങൾക്കുള്ള എസ്ടിടി വർധനയും പ്രതീക്ഷിച്ചതിലും ഉയർന്ന സർക്കാർ കടമെടുപ്പും ഒക്കെ ഉൾക്കൊള്ളിച്ച പൊതുബജറ്റ്-2026 അവതരണത്തെ തുടർന്ന് കഴിഞ്ഞ ദിവസം കനത്ത തിരിച്ചടി നേരിട്ട ഓഹരി വിപണിയിൽ ഇന്ന് (2026 ഫെബ്രുവരി 2) വമ്പൻ മുന്നേറ്റം. പ്രധാന അടിസ്ഥാന ഓഹരി സൂചികകളായ എൻഎസ്ഇയുടെ നിഫ്റ്റിയും ബിഎസ്ഇയുടെ സെൻസെക്സും ഒരു ശതമാനത്തിലേറെ നേട്ടം കരസ്ഥമാക്കിയാണ് തിങ്കളാഴ്ച ക്ലോസിങ് കുറിച്ചത്.

രാവിലെ ഒരു ഘട്ടത്തിൽ തിരിച്ചടി നേരിട്ട് താഴേക്ക് പതിച്ചുവെങ്കിലും പ്രധാന ഓഹരി സൂചികകൾ സാവധാനം താളംകണ്ടെത്തുകയും ഉച്ചയ്ക്കു ശേഷമുള്ള സെഷനിൽ ശക്തമായ മുന്നേറ്റവും പ്രകടമാക്കി. തിങ്കളാഴ്ചത്തെ വ്യാപാരത്തിനൊടുവിൽ നിഫ്റ്റി സൂചിക 263 പോയിന്റ് (1.06%) നേട്ടത്തോടെ 25,088 നിലവാരത്തിലും സെൻസെക്സ് സൂചിക 944 പോയിന്റ് (1.17%) വർധനയോടെ 81,666 നിലവാരത്തിലും ക്ലോസിങ് രേഖപ്പെടുത്തി.

എന്തുകൊണ്ട് മുന്നേറ്റം?

തെരഞ്ഞെടുത്ത ഓഹരികളിലെ നിക്ഷേപം: കഴിഞ്ഞ ​ദിവസങ്ങളിലെ തിരുത്തലോടെ മൂല്യമതിപ്പിൽ (വാല്യൂവേഷൻ) ആകർഷകമായ ഓഹരികളിൽ നിക്ഷേപക താത്പര്യം ഉരുത്തിരിഞ്ഞത് വിപണിയുടെ തിരിച്ചുവരവിന് കളമൊരുക്കിയ അനുകൂല ഘടകങ്ങളിലൊന്നാണ്.

ക്രൂഡോയിൽ വില താഴ്ന്നത്: യുഎസ് - ഇറാൻ സംഘർഷത്തിന് അയവുണ്ടായേക്കുമെന്ന സൂചന ലഭിച്ചതോടെ രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില താഴേക്കിറങ്ങി. ബ്രെൻഡ് ക്രൂഡോയിലിന്റെ വിപണി വിലയിൽ നാല് ശതമാനത്തിലേറെ തിരിച്ചടി നേരിട്ടു. എണ്ണ ആവശ്യകതയുടെ 80 ശതമാനത്തിലേറെയും ഇറക്കുമതിയിലൂടെ കണ്ടെത്തുന്ന ഇന്ത്യയെ സംബന്ധിച്ച് ക്രൂഡോയിൽ വില താഴുന്നത് ​​ഗുണകരമാണ്.

ബജറ്റിൽ പുനർചിന്തനം: ഇത്തവണത്തെ ബജറ്റ് പ്രഖ്യാപനങ്ങൾ രാജ്യത്തിന്റെ ദീർഘകാല വളർച്ചയെ ലക്ഷ്യമിട്ടുള്ളതാണെന്ന വിലയിരുത്തൽ ഒരുകോണിൽ നിന്നും ഉയർന്നിട്ടുള്ളത് നിക്ഷേപക മനോഭാവത്തെ സ്വാധീനിക്കുന്നു. മാനുഫാക്ചറിങ് വർധിപ്പിക്കാനും ഡേറ്റ സെന്ററുകൾക്ക് ദീർഘകാല നികുതി ഇളവ് അനുവദിച്ചതും ടൂറിസത്തിനും ക‍ൃഷിക്കും പിന്തുണ നൽകിയതും പോസിറ്റീവ് ഘടകമായി നിക്ഷേപകർ കണക്കിലെടുക്കുന്നു. അതുപോലെ എസ്ടിടി നിരക്ക് വർധിപ്പിച്ചത് ഇക്വിറ്റി ക്യാഷ് മാർക്കറ്റിലെ പങ്കാളിത്തത്തിനെ പ്രോത്സാഹിപ്പിക്കുമെന്നും വിലയിരുത്തുന്നു.

രൂപ നില മെച്ചപ്പെടുത്തി: യുഎസ് ഡോളറിനെതിരായ ഇന്ത്യൻ രൂപയുടെ വിനിമയ മൂല്യം ശക്തിപ്പെട്ടതും വിപണിക്ക് തുണയേകി. ബജറ്റ് അവതരണിത്തിനുശേഷം രൂപയുടെ വിനിമയനിരക്ക് നില മെച്ചപ്പെടുത്തി 91.56 നിലവാരത്തിലേക്ക് എത്തിച്ചേർന്നു.

തിളങ്ങിയ ഓഹരികൾ

എൻഎസ്ഇയുടെ സെക്ടറൽ സൂചികകളായ നിഫ്റ്റി ഓട്ടോ, നിഫ്റ്റി ഓയിൽ & ​ഗ്യാസ് എന്നിവ രണ്ട് ശതമാനത്തിലേറെയും നിഫ്റ്റി മെറ്റൽ, നിഫ്റ്റി എഫ്എംസിജി, നിഫ്റ്റി റിയാൽറ്റി എന്നിവ ഒരു ശതമാനത്തിലേറെ നേട്ടവും ഇന്ന് രേഖപ്പെടുത്തി. പ്രധാന സെക്ടറൽ സൂചികകളുടെ കൂട്ടത്തിൽ നിഫ്റ്റി ഐടി, നിഫ്റ്റി ഹെൽത്ത്കെയർ എന്നിവ മാത്രമാണ് നഷ്ടം നേരിട്ടത്. പൊതുമേഖല ബാങ്ക് ഓഹരികൾ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചെങ്കിലും സ്വകാര്യ ബാങ്കുകളുടെ ഓഹരികൾ തിളങ്ങിയില്ല. അതിനാൽ ബാങ്ക് നിഫ്റ്റി സൂചികയിൽ ഇന്ന് കാര്യമായ മുന്നേറ്റം പ്രകടമായില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT