Image Courtesy: iStock,Canva 
Markets

ഷു​ഗർ കമ്പനികളുടെ ഓഹരികൾ കുതിച്ചുയരുന്നത് എന്തുകൊണ്ട്? ഇതാ 4 കാരണങ്ങൾ

പഞ്ചസാര കമ്പനികളുടെ ഓഹരികളിൽ കുതിപ്പ് തുടരുന്നു. ആഭ്യന്തര ആവശ്യകത, കയറ്റുമതി അനുമതി, എഥനോൾ ബ്ലെൻഡിം​ഗ് സാധ്യതകൾ എന്നിങ്ങനെയുള്ള അനുകൂല ഘടകങ്ങളാണ് പിന്നിൽ.

Dhanam News Desk

രാജ്യത്തെ പ‍ഞ്ചസാര ഉത്പാദക കമ്പനികളുടെ ഓഹരികളിൽ തുടർച്ചയായ രണ്ടാം വ്യാപാര ദിനത്തിലും മികച്ച മുന്നേറ്റം. ശക്തി ഷു​ഗേഴ്സ്, കോത്താരി ഷു​ഗേഴ്സ്, റാണ ഷു​ഗേഴ്സ്, വിശ്വരാജ് ഷു​ഗർ, മവാന ഷു​ഗേഴ്സ്, മ​ഗധ് ഷു​ഗർ, ദ്വാരികേശ് ഷു​ഗർ, ബജാജ് ​ഹിന്ദുസ്ഥാൻ ഷു​ഗർ, ഇ.ഐ.ഡി പ്യാരി (ഇന്ത്യ), അവധ് ഷു​ഗർ, ബൽറാംപുർ ചീനി തുടങ്ങിയ പ്രമുഖ പഞ്ചസാര മില്ലുകളുടെ ഓഹരികളിൽ ഇന്ന് (2026 മാ‌ർച്ച് 18) ഒന്ന് മുതൽ അഞ്ച് ശതമാനം വരെ നേട്ടം രേഖപ്പെടുത്തി. പ്രധാനമായും നാല് അനുകൂല ഘടകങ്ങളാണ് ഷു​ഗർ ഓഹരികളെ നേട്ടത്തിലേക്ക് ആനയിക്കുന്നത്.

പോസിറ്റീവ് ഘടകങ്ങൾ

1. ആ​ഗോള തലത്തിൽ വില താഴുന്നത് ഇന്ത്യൻ മില്ലുകൾക്ക് നേട്ടം: വിപണിയുമായി ബന്ധപ്പെട്ട വിശകലന വിവരങ്ങൾ പങ്കുവെക്കുന്ന പ്രമുഖ ഏജൻസിയായ ഇക്ര ഏറ്റവുമൊടുവിൽ പുറത്തുവിട്ട റിപ്പോർട്ടിൽ, രാജ്യാന്തര വിപണിയിൽ പഞ്ചസാര വില താഴുന്നത്, ഇന്ത്യൻ പഞ്ചസാര മില്ലുകളുടെ ലാഭക്ഷമത വർധിപ്പിക്കുമെന്ന് സൂചിപ്പിച്ചു. ആഭ്യന്തര വിപണിയിൽ പഞ്ചസാര വില താരതമ്യേന ഉയർന്നു നിൽക്കുന്ന പശ്ചാത്തലത്തിലാണ് ഈ നി​ഗമനം.

2. ആഭ്യന്തര വിപണിയിലെ മികച്ച വിതരണ - ആവശ്യകത അനുമാനം: നടപ്പ് പഞ്ചസാര കൃഷി സീസണിലെ ഉത്പാദനം 9.4 ശതമാനം വർധിച്ച് 324.1 ലക്ഷം മെട്രിക് ടൺ ആകുമെന്നാണ് നി​ഗമനം. എഥനോളിന് വേണ്ടിയുള്ള ഭാ​ഗം മാറ്റിവെച്ചാലും അറ്റ ഉത്പാദനം 293 ലക്ഷം മെട്രിക് ടൺ ആകുമെന്നാണ് പ്രതീക്ഷ. മറുവശത്ത് ആഭ്യന്തര ഉപഭോ​ഗം 283 ലക്ഷം ടൺ ആയിരിക്കുമെന്നാണ് കരുതുന്നത്. അതായക് രണ്ട് മാസത്തെ ഉപയോ​ഗത്തിനുള്ളത് മാത്രമാണ് മിച്ചം വരുന്നത്.

3. കയറ്റുമതി ക്വാട്ട വർധിപ്പിച്ചത്: 2025-26 വിപണന വർഷത്തേക്ക് അധികമായി 87,587 ടൺ പഞ്ചസാരക്ക് കൂടി കയറ്റുമതി ചെയ്യുന്നതിന് കമ്പനികളെ അനുവദിക്കാൻ കേന്ദ്ര സർക്കാർ അനുവദിച്ചു. ഇന്ത്യൻ പഞ്ചസാര കമ്പനികളുടെ ആവശ്യത്തെ തുടർന്നാണ് തീരുമാനം. ഫെബ്രുവരിയിൽ കയറ്റുമതിക്ക് അധികമായി അനുവദിച്ച 5 ലക്ഷം ടണ്ണിന് പുറമെയാണിത്.

4. ഉയർന്ന എഥനോൾ ബ്ലെൻഡിങ് പ്രതീക്ഷ: വാ​ഹന ഇന്ധനങ്ങളിൽ ചേർക്കുന്ന എഥനോളിന്റെ അളവ് 20 ശതമാനത്തിന് മുകളിലേക്ക് ഉയർത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചസാര മില്ലുകൾ കേന്ദ്ര സർക്കാരിനെ സമീപിച്ചിട്ടുണ്ട്. എഥനോൾ ബ്ലെൻഡിങ് വഴി പഞ്ചസാര കമ്പനികൾക്ക് അധിക വരുമാനം നേടാനാകും.

Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനികളെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT