ഇന്ത്യൻ വിപണി ഇന്ന് (ജൂൺ 18) ചാഞ്ചാട്ടത്തിന്റെ പാതയിലൂടെയാണ് നീങ്ങുന്നതെങ്കിലും ടെക്സ്റ്റൈൽ വിഭാഗം ഓഹരികളിൽ ശക്തമായ മുന്നേറ്റം പ്രകടമായി. മുൻനിര ടെക്സ്റ്റൈൽസ് കമ്പനികളുടെ ഓഹരികളെല്ലാം തന്നെ മികച്ച നേട്ടത്തോടെയാണ് വ്യാപാരം തുടരുന്നത്. കഴിഞ്ഞ വർഷം ഇന്ത്യയും യു.കെയും തമ്മിൽ ഒപ്പുവെച്ച ചരിത്രപരമായ സമഗ്ര സ്വതന്ത്ര വ്യാപാര കരാർ (FTA), 2026 ജൂലൈ 15 മുതൽ പ്രാബല്യത്തിൽ വരുമെന്ന വാർത്തകളാണ് ടെക്സ്റ്റൈൽ ഓഹരികളുടെ മുന്നേറ്റത്തിന് വഴിതെളിച്ചത്.
കേരളത്തിൽ നിന്നും ലിസ്റ്റ് ചെയ്തിട്ടുള്ള മുൻനിര ടെക്സ്റ്റൈൽ കമ്പനിയായ കിറ്റെക്സ് ഗാർമെന്റ്സിന്റെ ഓഹരി 4% നേട്ടത്തോടെ 161 രൂപയിൽ വ്യാപാരം പുരഗോമിക്കുന്നു. ഹിമത്സിംഘ സായ്ദെ ഓഹരി 8 ശതമാനം കുതിച്ചുയർന്ന് 85 രൂപയിലും ഗോകൽദാസ് എക്സ്പോർട്ട്സ് ഓഹരി 6 ശതമാനം മുന്നേറ്റത്തോടെ 771 രൂപ നിലവാരത്തിലും ഇൻഡോ കൗണ്ട് ഇൻഡസ്ട്രീസ് 5 ശതമാനം വർധനയോടെ 358 രൂപയിലും വ്യാപാരം തുടരുകയാണ്. നിതിൻ സ്പിന്നേഴ്സ് 4 ശതമാനം നേട്ടത്തോടെ 565 രൂപയിലും പേൾ ഗ്ലോബൽ ഇൻഡസ്ട്രീസ് 3 ശതമാനം വർധനയോടെ 1,716 രൂപയിലും ഇപ്പോൾ വ്യാപാരം ചെയ്യപ്പെടുന്നു. അതേസമയം പ്രധാന അടിസ്ഥാന ഓഹരി സൂചികകളായ സെൻസെക്സും നിഫ്റ്റിയും നേരിയ തോതിലുള്ള നഷ്ടവും നേട്ടവും മാറി മാറി കുറിച്ച് ചാഞ്ചാട്ടത്തിൽ തുടരുന്നു.
ഇരുകൂട്ടരും വ്യവസ്ഥകൾ അംഗീകരിച്ചതോടെ ഇന്ത്യ - യു.കെ സ്വതന്ത്ര വ്യാപാര കരാർ ജൂലൈ 15-ന് പ്രാബല്യത്തിൽ വരുമെന്ന് ബ്രിട്ടീഷ് ഹൈ കമ്മീഷണർ ആണ് അറിയിച്ചത്. സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമാകുന്നതോടെ യു.കെയിലേക്ക് കയറ്റുമതി ചെയ്യുന്ന 99 ശതമാനം സാധനങ്ങളുടെയും തീരുവ ഒഴിവാക്കപ്പെടുന്നതാണ്. നിലവിൽ യു.കെയിൽ ഇറക്കുമതി ചെയ്യുന്ന ഇന്ത്യൻ ടെക്സ്റ്റൈൽ ഉത്പന്നങ്ങൾക്ക് 12 ശതമാനം തീരുവ ചുമത്തുന്നുണ്ട്. ഉഭയകക്ഷി കരാർ മൂലം ഇത് ഒഴിവാകുന്നതോടെ യു.കെ വിപണിയിൽ ഇന്ത്യൻ ടെക്സ്റ്റൈൽ ഉത്പന്നങ്ങൾക്ക് ബംഗ്ലാദേശ്, വിയറ്റ്നാം പോലുള്ള എതിരാളികളേക്കാൾ മെച്ചപ്പെട്ട മത്സരക്ഷമത കാഴ്ചവെക്കാൻ സഹായകരമാകും.
ഏകദേശം 2,0004 കോടി ഡോളറിന്റെ തുണിത്തരങ്ങളാണ് (Apparel) പ്രതിവർഷം യു.കെയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. ഇതിൽ 140 കോടി ഡോളർ അഥവാ 7.1 ശതമാനം മാത്രമാണ് ഇന്ത്യൻ കമ്പനികൾക്കുള്ള വിപണി വിഹിതം. ടെക്സ്റ്റൈൽ വിഭാഗത്തിൽ പ്രതിവർഷം 260 കോടി ഡോളറിന്റെ സാധനങ്ങൾ ഇറക്കുമതി ചെയ്യുന്ന യു.കെ വിപണിയിൽ ഇന്ത്യയ്ക്ക് 10.5 ശതമാനം വിപണി വിഹിതമാണുള്ളത്. ചുരുക്കത്തിൽ തീരുവ ഒഴിവാകുന്നതോടെ നിലവിലുള്ളതിനേക്കാളും ആകർഷകമായ വിലയിൽ ഉത്പന്നങ്ങൾ അവതരിപ്പിക്കാൻ കഴിയുന്നതിനാൽ യു.കെയിലെ വിപണി വിഹിതം മെച്ചപ്പെടുത്താനുള്ള സാധ്യത ഇന്ത്യൻ ടെക്സ്റ്റൈൽ കമ്പനികൾക്ക് ലഭിക്കുന്നു.
അതുപോലെ പശ്ചിമേഷ്യയിൽ യു.എസും ഇറാനും സമാധാന കരാരിലേക്ക് എത്തിച്ചേർന്നതും ടെക്സ്റ്റൈൽ ഓഹരികൾക്ക് പിന്തുണയേകുന്നു. കൂടാതെ യൂറോപ്യൻ യൂണിയുമായും വമ്പൻ വ്യാപാര കരാറിൽ ഇന്ത്യ ധാരണയിലെത്തിയിട്ടുണ്ട്. ഇത് യാഥാർത്ഥ്യമാകുമ്പോൾ വികസിത യൂറോപ്യൻ വിപണിയിലേക്കുള്ള ഇന്ത്യൻ കമ്പനികളുടെ പ്രവേശനം കൂടുതൽ എളുപ്പത്തിലാകും. സമാനമായി യു.എസുമായും വ്യാപാര കരാറിൽ ഒപ്പുവെക്കുന്നതിനുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലാണുള്ളത്. ഇതും ഇന്ത്യൻ കമ്പനികളുടെ ഭാവി സാധ്യത ശോഭനമാക്കുന്നു. തൊഴിലാളി ചെലവ് താഴ്ന്നുനിൽക്കുന്നതും യഥേഷ്ടം പരുത്തി ഉൾപ്പെടെയുള്ള അസംസ്കൃത വസ്തുക്കൾ ആഭ്യന്തര വിപണിയിൽ ലഭ്യമാണെന്നതും ടെക്സ്റ്റൈൽ വ്യവസായ മേഖലയ്ക്ക് കരുത്ത് പകരുന്നുണ്ട്.
(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)
Read DhanamOnline in English
Subscribe to Dhanam Magazine