ആഗോള സാമ്പത്തിക വിപണികള്‍ക്ക് ഇപ്പോള്‍ വിചിത്രാവസ്ഥ. ഓഹരി വിപണികള്‍ ഇടിവില്‍. രൂപ പോലെ, വികസ്വര രാജ്യങ്ങളുടെ കറന്‍സികള്‍ ദുര്‍ബലം. പശ്ചിമേഷ്യന്‍ യുദ്ധത്തെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നു. സാധാരണയായി ഇത്തരമൊരു സാഹചര്യത്തില്‍ നിക്ഷേപകര്‍ കൂടുതല്‍ സുരക്ഷിതമായ സ്വര്‍ണത്തിനു പിന്നാലെ ഓടുന്നതാണ് പതിവ്. അന്നേരം സ്വര്‍ണവില ഉയരും. എന്നാല്‍ ഇത്തവണ സംഭവിക്കുന്നത് വ്യത്യസ്തമാണ്. സുരക്ഷിത നിക്ഷേപ പെരുമയുള്ള സ്വര്‍ണത്തിന്റെയും വില താഴുകയാണ്. ആഗോള സാമ്പത്തിക അനിശ്ചിതത്വം കൂടുമ്പോഴും സ്വര്‍ണം ഇടിവ് കാണിക്കുന്നതില്‍ നിക്ഷേപകര്‍ക്ക് ആശ്ചര്യം. ഡോളറിന്റെ ശക്തി, ഉയര്‍ന്ന പലിശ നിരക്കുകള്‍, ബോണ്ട് യീല്‍ഡുകളുടെ വര്‍ധന, വിറ്റ് ലാഭം കൊയ്യല്‍ തുടങ്ങിയ ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ അസാധാരണ രീതി സൃഷ്ടിക്കുന്നതെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.
ആഗോള അനിശ്ചിതത്വം ഉയരുമ്പോള്‍ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്കും ഡോളറിലേക്കും മാറാറുണ്ട്. എന്നാല്‍ ഈ തവണ വലിയ തോതില്‍ നിക്ഷേപം ഡോളറിലേക്കും യുഎസ് ട്രഷറി ബോണ്ടുകളിലേക്കുമാണ് പോകുന്നത്. സ്വര്‍ണം ഡോളറില്‍ വിലയിരുത്തപ്പെടുന്നതിനാല്‍ മറ്റു രാജ്യങ്ങളിലെ നിക്ഷേപകര്‍ക്ക് അത് കൂടുതല്‍ ചെലവേറിയതായി മാറുന്നു. ഇതുവഴി സ്വര്‍ണത്തിന് ആവശ്യകത കുറയുകയും വില സമ്മര്‍ദ്ദത്തിലാകുകയും ചെയ്യുന്നു. മറ്റൊരു പ്രധാന ഘടകം സര്‍ക്കാര്‍ ബോണ്ടുകളുടെ യീല്‍ഡ് വര്‍ധന ആണ്.
സ്വര്‍ണം പലിശ നല്‍കുന്ന നിക്ഷേപമല്ല. എന്നാല്‍ സര്‍ക്കാര്‍ ബോണ്ടുകള്‍ നിശ്ചിത വരുമാനം നല്‍കുന്നു. അതിനാല്‍ ബോണ്ട് യീല്‍ഡുകള്‍ ഉയരുമ്പോള്‍ പല നിക്ഷേപകരും സ്വര്‍ണത്തില്‍ നിന്ന് ബോണ്ടുകളിലേക്ക് പണം മാറ്റുന്നു. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്കുകള്‍ ഉയര്‍ന്ന നിലയില്‍ തുടര്‍ന്നേക്കാമെന്ന പ്രതീക്ഷയാണ് ബോണ്ട് യീല്‍ഡുകള്‍ ഉയരാന്‍ കാരണമായത്.
പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 100 ഡോളറിന് മുകളില്‍ വരെ എത്തിയിരുന്നു. എണ്ണവില ഉയരുന്നത് ആഗോള പണപ്പെരുപ്പം വീണ്ടും ഉയരാന്‍ കാരണമാകാം. അതിനാല്‍ കേന്ദ്രബാങ്കുകള്‍ പലിശനിരക്കുകള്‍ കുറക്കുന്നത് വൈകിപ്പിച്ചേക്കും. ഉയര്‍ന്ന പലിശനിരക്കുകള്‍ സാധാരണയായി സ്വര്‍ണത്തിന് പ്രതികൂലമാണ്. സ്വര്‍ണം ഇടിയുന്നതിനുള്ള മറ്റൊരു കാരണം ലാഭക്കൊയ്ത്ത് (profit booking) ആണ്. യുദ്ധം ആരംഭിക്കുന്നതിന് മുന്‍പേ തന്നെ സ്വര്‍ണം വലിയ തോതില്‍ കുതിച്ചിരുന്നു. വില ഉയര്‍ന്ന നിലയില്‍ എത്തിയതോടെ നിരവധി ട്രേഡര്‍മാര്‍ ലാഭം ഉറപ്പാക്കാന്‍ സ്വര്‍ണം വിറ്റതോടെ വിപണിയില്‍ വില്‍പ്പന സമ്മര്‍ദ്ദം വര്‍ധിച്ചു.
വിപണികള്‍ കുലുങ്ങുമ്പോള്‍ നിക്ഷേപകര്‍ പലപ്പോഴും കാഷ് കൈവശം വെക്കാന്‍ ശ്രമിക്കും. ഓഹരി വിപണി ഇടിയുമ്പോള്‍ നഷ്ടം നികത്താനോ മറ്റ് നിക്ഷേപങ്ങളില്‍ മാര്‍ജിന്‍ നിലനിര്‍ത്താനോ പലരും സ്വര്‍ണം ഉള്‍പ്പെടെയുള്ള ആസ്തികള്‍ വിറ്റ് പണം സമാഹരിക്കാറുണ്ട്. ഇത് സ്വര്‍ണവില താല്‍ക്കാലികമായി താഴാന്‍ ഇടയാക്കും.
വിദഗ്ധര്‍ പറയുന്നത് സ്വര്‍ണം തന്റെ സുരക്ഷിത നിക്ഷേപ സ്ഥാനമൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ്. പക്ഷേ ഇപ്പോള്‍ വിപണി ഡോളര്‍, ബോണ്ടുകള്‍, ചില കമ്മോഡിറ്റികള്‍ എന്നിവയിലേക്ക് നിക്ഷേപം വിഭജിക്കുന്ന രീതിയിലേക്കാണ് മാറിയിരിക്കുന്നത്. അതിനാല്‍ പഴയ പോലെ ഓരോ പ്രതിസന്ധിയിലും സ്വര്‍ണം മാത്രം കുതിക്കണമെന്നില്ല. ആഗോള സംഘര്‍ഷം നീണ്ടുനില്‍ക്കുകയോ സാമ്പത്തിക അനിശ്ചിതത്വം വര്‍ധിക്കുകയോ ചെയ്താല്‍ സ്വര്‍ണം വീണ്ടും ശക്തമാകാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine