വാട്ടർവേയ്സ് ലെഷർ ടൂറിസം ഓഹരിയുടെ ലിസ്റ്റിംഗ് കഴിഞ്ഞ് വെറും ഒരാഴ്ചയ്ക്കകം 1:10 അനുപാതത്തിൽ സ്റ്റോക്ക് സ്പ്ലിറ്റ് പ്രഖ്യാപിക്കുകയായിരുന്നു. ഇതിലൂടെ റീട്ടെയിൽ നിക്ഷേപകരുടെ താത്പര്യം നിലനിർത്താനും ഓഹരി വില സാധാരണക്കാർക്ക് കൂടി താങ്ങാവുന്ന നിലയിലേക്ക് കൊണ്ടുവരാനും ലിക്വിഡിറ്റി വർധിപ്പിക്കാനുമുള്ള നീക്കമായും വിലയിരുത്തപ്പെടുന്നു.
വിപണിയിൽ അരങ്ങേറ്റം കുറിച്ച് കേവലം ഒരാഴ്ച തികയുമ്പോഴേക്കും ഓഹരി വിഭജനം (Stock Split) പ്രഖ്യാപിച്ച് 'കോർഡേലിയ ക്രൂയിസ്' ഓപ്പറേറ്ററായ വാട്ടർവേയ്സ് ലെഷർ ടൂറിസം ലിമിറ്റഡ് (BSE: 544802, NSE: CORDELIA). സാധാരണയായി കമ്പനികൾ മാസങ്ങളോ വർഷങ്ങളോ കാത്തിരുന്ന ശേഷമാണ് ഇത്തരം തീരുമാനങ്ങൾ എടുക്കാറുള്ളത്. എന്നാൽ ജൂലൈ ഒന്നിന് എൻ.എസ്.ഇയിലും ബി.എസ്.ഇയിലും ലിസ്റ്റ് ചെയ്ത ഈ കമ്പനിയുടെ ജൂലൈ 10ന് ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിൽ സ്റ്റോക്ക് സ്പ്ലിറ്റ് പ്രഖ്യാപിക്കുകയായിരുന്നു.
808 രൂപയ്ക്ക് ഐ.പി.ഒയിൽ ഇഷ്യൂ ചെയ്ത വാട്ടർവേയ്സ് ലെഷർ ടൂറിസം ഓഹരി ജൂലൈ ഒന്നിന് ലിസ്റ്റിംഗ് ദിനത്തിൽ 17 ശതമാനം തിരിച്ചടി നേരിട്ട് 668 രൂപയിലാണ് ക്ലോസ് ചെയ്തത്. എന്നാൽ തൊട്ടുത്ത ദിവസങ്ങളിൽ ശക്തമായ തിരിച്ചുവന്ന ഓഹരി ഇപ്പോൾ 870 രൂപ നിലവാരത്തിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. ഇഷ്യൂ വിലയേക്കാളും 7 ശതമാനം ഉയർന്ന നിരക്കാണിത്. ഒരു ഘട്ടത്തിൽ വാട്ടർവേയ്സ് ലെഷർ ടൂറിസം ഓഹരി 900 രൂപ നിലവാരവും മറികടന്നിരുന്നു.
അതേസമയം സാധാരണക്കാരായ റീട്ടെയിൽ നിക്ഷേപകരെ സംബന്ധിച്ചിടത്തോളം ഒരു സ്മോൾക്യാപ് ഓഹരിക്ക് 800-900 രൂപ വിലയൊക്കെ വളരെ കൂടുതലായാണ് കണക്കാക്കുന്നത്. നിലവിൽ 10 രൂപ മുഖവിലയുള്ള (Face value) ഒരു വാട്ടർവേയ്സ് ലെഷർ ടൂറിസം ഓഹരി 1:10 അനുപാതത്തിൽ വിഭജിക്കുന്നതോടെ മുഖവില ഒരു രൂപയായി കുറയും. ഇത് വാട്ടർവേയ്സ് ലെഷർ ടൂറിസം ഓഹരിയുടെ വിപണി വിലയേയും പത്തിലൊന്നായി കുറയ്ക്കും. എന്നിരുന്നാലും നിക്ഷേപകന്റെ കൈവശമുള്ള ആകെ വിപണി മൂല്യത്തിൽ മാറ്റമുണ്ടാകില്ല എന്നതും ഓർക്കുക.
ലിസ്റ്റിംഗിന് ശേഷം ഓഹരിയുടെ വില 908.30 രൂപ വരെ എന്ന റെക്കോഡ് നിരക്കിലേക്ക് കുതിച്ചുയർന്നിരുന്നു (താഴ്ന്ന വിലയിൽ നിന്നും ഏകദേശം 30 ശതമാനത്തിലധികം വർധനവ്). വാട്ടർവേയ്സ് ലെഷർ ടൂറിസം കമ്പനിയുടെ ഐ.പി.ഒ സമയത്ത് തന്നെ റീട്ടെയിൽ നിക്ഷേപകർക്ക് നീക്കിവെച്ച ഓഹരി ക്വാട്ടയിൽ 4 മടങ്ങിലധികം സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടിരുന്നു. എന്നാൽ സ്ഥാപന നിക്ഷേപകരുടെ (QIB) പങ്കാളിത്തം വെറും 1.01 മടങ്ങേ ഉണ്ടായിരുന്നുള്ളു.
ഈ സാഹചര്യത്തിൽ, റീട്ടെയിൽ നിക്ഷേപകരുടെ താത്പര്യം പരമാവധി നിലനിർത്താനും ഓഹരി വില സാധാരണക്കാർക്ക് താങ്ങാനാവുന്ന പരിധിയിൽ എത്തിക്കാനുമാണ് കമ്പനി ശ്രമിക്കുന്നതെന്നാണ് വിലയിരുത്തൽ. പൊതുവേ സ്റ്റോക്ക് സ്പ്ലിറ്റ് പ്രഖ്യാപനങ്ങളെ, കമ്പനിയുടെ ഭാവി വളർച്ചയെ കുറിച്ചുള്ള മാനേജ്‌മെന്റിന്റെ ആത്മവിശ്വാസമായും വ്യാഖ്യാനിക്കാറുണ്ട്.
കൂടുതൽ ഓഹരി ഉടമകളെ ആകർഷിക്കുക അഥവാ ഷെയർഹോൾഡേഴ്സ് ബേസ് വിപുലപ്പുെടുത്തുക, ട്രേഡിംഗ് വോളിയം (Trading volume) കൂട്ടുക അഥവാ ലിക്വിഡിറ്റി വർധിപ്പിക്കുക എന്നിവയാണ് വാട്ടർവേയ്സ് ലെഷർ ടൂറിസം കമ്പനി സ്റ്റോക്ക് സ്പ്ലിറ്റിനെ സംബന്ധിച്ച് വ്യക്തമാക്കുന്ന കാരണങ്ങൾ. വില കുറയുന്നതോടെ കൂടുതൽ നിക്ഷേപകർക്ക് ചെറിയ മുതൽമുടക്കിൽ കൂടുതൽ എണ്ണം ഓഹരികൾ വാങ്ങാൻ സാധിക്കും. ഇത് കമ്പനിയുടെ മാർക്കറ്റ് ക്യാപിറ്റലൈസേഷനെയോ അന്തർലീനമായ മൂല്യത്തെയോ ബാധിക്കില്ലെന്നതും ഓർക്കുക.
അതേസമയം സ്റ്റോക്ക് സ്പ്ലിറ്റുമായി ബന്ധപ്പെട്ട റെക്കോഡ് തീയതി (Record Date) പ്രഖ്യാപിച്ചിട്ടില്ല. ഓഹരി ഉടമകളുടെ അനുമതി തേടിയശേഷം റെക്കോഡ് തീയതി പ്രഖ്യാപിക്കുമെന്നാണ് അറിയിപ്പ്. ഈ പ്രക്രിയകൾ പൂർത്തിയാകാൻ 2-3 മാസമെടുക്കുമെന്നതിനാൽ, നിക്ഷേപകരുടെ താത്പര്യം വിപണിയിൽ നിലനിർത്താൻ കമ്പനിക്ക് സാധിക്കുമോ എന്നാണ് ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.
(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)
Read DhanamOnline in English
Subscribe to Dhanam Magazine