പശ്ചിമേഷ്യൻ സംഘർഷം, ക്രൂഡോയിൽ വിലക്കയറ്റം, പണപ്പെരുപ്പ ഭീഷണി, കറൻസി വിനിമയ നിരക്കിലെ മാറ്റങ്ങൾ എന്നിങ്ങനെയുള്ള വിവിധ ആഗോള റിസ്ക് ഘടകങ്ങളാകും മിക്ക ഇന്ത്യൻ നിക്ഷേപകരും ഇപ്പോൾ കൂടുതലായി ശ്രദ്ധിക്കുന്നത്. എന്നാൽ ഇതിനോളം പോന്ന മറ്റൊരു അപകട സാധ്യത തീർത്തും നിശബ്ദമായി, ഇന്ത്യൻ വിപണിയിൽ ഉറഞ്ഞുകൂടുന്നുണ്ട്. മാർജിൻ ട്രേഡിങ് ഫെസിലിറ്റി (എം.ടി.എഫ്.) എന്ന സൗകര്യം പ്രയോജനപ്പെടുത്തി കൊണ്ടുള്ള ലിവറേജ്ഡ് ട്രേഡിങ്, കഴിഞ്ഞ ഒരു വർഷത്തിനിടെ ആഭ്യന്തര വിപണിയിൽ വളരെയധികം വർധിച്ചിട്ടുണ്ട്.
അടുത്തിടെ വിപണിയിൽ തിരിച്ചടി രൂക്ഷമായതിന്റേയും ഏപ്രിൽ ഒന്ന് മുതൽ നടപ്പാക്കേണ്ട റിസർവ് ബാങ്കിന്റെ (ആർ.ബി.ഐ) പുതിയ നിയമങ്ങളുടെയും പശ്ചാത്തലത്തിൽ ഇന്ത്യൻ വിപണിയിൽ ശക്തമായൊരു തിരുത്തൽ നേരിടുന്നതിലേക്ക് എം.ടി.എഫ്. ട്രേഡിങ് വഴിയൊരുക്കുമോ എന്നാണ് ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. എന്തുകൊണ്ടാണ് എം.ടി.എഫ് വഴി എടുത്തിട്ടുള്ള ഓഹരികളിലെ പൊസിഷൻ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ വൻ തിരിച്ചടിക്കുള്ള കളമൊരുക്കുന്നതെന്ന് വിശദമായി നോക്കാം.
ബ്രോക്കറേജ് സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന വായ്പ തരപ്പെടുത്തി ഓഹരി വാങ്ങാൻ നിക്ഷേപകർക്ക് അവസരം നൽകുന്ന പ്രത്യേക സേവനമാണ് മാർജിൻ ട്രേഡിങ് ഫെസിലിറ്റി. ഉദ്ദാഹരണത്തിന്, 25 രൂപ കൈവശമുള്ള നിക്ഷേപകന് 75 രൂപ ബ്രോക്കറേജ് സ്ഥാപനം വായ്പയായി നൽകുന്നു. മൊത്തം 100 രൂപയുടെ ഓഹരി വാങ്ങാനുള്ള സൗകര്യമാണ് നിക്ഷേപകന് ലഭിക്കുന്നത്. ഇതിലൂടെ 4 മടങ്ങ് എക്സ്പോഷർ സൃഷ്ടിക്കപ്പെടുന്നു. തുടർന്ന് വിപണി വിചാരിച്ചതുപോലെ മുന്നേറുകയാണെങ്കിൽ നിക്ഷേപകന്റെ ലാഭം കുത്തനെ വർധിക്കും. മറിച്ച്, തിരിച്ചടി നേരിട്ടാൽ നഷ്ടത്തിന്റെ ആഘാതവും കൂടുതലാണ്.
എം.ടി.എഫ് മുഖേന വാങ്ങിയ ഓഹരിയുടെ വില നിശ്ചിത ശതമാനത്തിന് താഴെയാകുമ്പോൾ ബ്രോക്കറേജ് സ്ഥാപനത്തിൽ നിന്നുള്ള മാർജിൻ കോൾ വരും. ഒന്നുകിൽ നിക്ഷേപകൻ ലിവറേജ് കുറയ്ക്കുന്നതിനായി അധിക തുക നൽകണം, ഇല്ലെങ്കിൽ വായ്പ തിരികെ പിടിക്കുന്നതിനായി ബ്രോക്കറേജ് സ്ഥാപനം ആ ഓഹരി നിർബന്ധിതമായി വിൽക്കും. ഇത്തരത്തിൽ എം.ടി.എഫ് ഓഹരികളിൽ വ്യാപകമായ തോതിൽ നിർബന്ധിത വിൽപ്പന നടത്തേണ്ട സാഹചര്യം വരുമ്പോഴാണ് വിപണിയേയും ബാധിക്കുന്ന റിസ്ക് ഘടകമായി അതിന്റെ ഭാവം മാറുന്നത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ എം.ടി.എഫ് ലോൺ ബുക്ക് വലിയ തോതിൽ വളർന്നു. 2025 ഏപ്രിലിൽ 69,000 കോടി രൂപയുണ്ടായിരുന്ന എം.ടി.എഫ് വായ്പ 2026 മാർച്ച് ആയപ്പോഴേക്കും 1.1 ലക്ഷം കോടി രൂപയായി വർധിച്ചു. ഒരു വർഷത്തിനിടെ 60 ശതമാനം വളർച്ച. എന്നാൽ ഇതേകാലയളവിൽ ഇന്ത്യൻ വിപണിയിൽ കാര്യമായ മുന്നേറ്റം ഉണ്ടായിട്ടില്ല. അതായത് വിപണിയുടെ വളർച്ച നിരക്കിനേക്കാളും വേഗത്തിലാണ് ലിവറേജ് ട്രേഡിംഗിലെ വർധനയെന്ന് സാരം. ഇത് സമീപകാല വിപണി മുന്നേറ്റത്തിന്റെ ഒരുഭാഗം പുതിയതായി കടന്നെത്തിയ നിക്ഷേപത്തേക്കാൾ ഉപരിയായി ലിവറേജ് ട്രേഡിംഗിൽ നിന്നാണെന്ന് സൂചിപ്പിക്കുന്നു.
എന്നാൽ വലിയൊരു അപകടം ഇതിൽത്തന്നെ മറഞ്ഞിരിപ്പുണ്ട് — എം.ടി.എഫ് വഴി കൂടുതലായും വാങ്ങിയിരിക്കുന്നത് സ്മോൾ ക്യാപ്, മിഡ് ക്യാപ് ഓഹരികളാണ്. ഇത്തരം ചില ഓഹരികളിലെ എം.ടി.എഫ് പൊസിഷൻസ്, ആ ഓഹരിയുടെ ദിവസേനയുള്ള വ്യാപാര ഇടപാടുകളുടെ (വോളിയം) 10 മടങ്ങ് വരെയാണ്. ഏതെങ്കിലും സാഹചര്യത്തിൽ (വിപണി ഇനിയും 5-8% ഇടിയുക പോലെ) ബ്രോക്കറുടെ ഭാഗത്തുനിന്നും മാർജിൻ കോൾ വരികയാണെങ്കിൽ, ഇത്തരം ഓഹരികളിൽ മതിയായ അളവിൽ മറുവശത്ത് വാങ്ങാൻ ആളുണ്ടാവില്ലെന്ന സ്ഥിതിവിശേഷം സംജാതമാകും. ഇത്തരമൊരു നിർബന്ധിത വിൽപ്പന, ആ ഓഹരിയെ കൂടുതൽ താഴ്ചയിലേക്ക് തള്ളിവിടും.
ഇതുവരെ വലിയ തകർച്ച ഉണ്ടാകാതിരുന്നത്, ഓഹരി വില 15 മുതൽ 20 ശതമാനം വരെ താഴെ പോകുമ്പോഴാണ് സാധാരണ ഗതിയിൽ എം.ടി.എഫ് മാർജിൻ കോളുകൾ ട്രിഗർ ചെയ്യാറുള്ളൂ എന്നതുകൊണ്ടാണ്. എന്നാൽ ഏപ്രിൽ ഒന്ന് മുതൽ റിസർവ് ബാങ്കിന്റെ (ആർ.ബി.ഐ) പുതിയ നിയമങ്ങൾ നടപ്പിലാകുകയാണ്. ഇതോടെ കൂടുതൽ മാർജിനും പണവും നിക്ഷേപകർ കരുതേണ്ടിവരും. കൂടാതെ എം.ടി.എഫിന് ബാങ്കുകളിൽ നിന്നുള്ള ഫണ്ടിംഗ് കുറയും. പകരം എൻ.ബി.എഫ്.സി.കളാണ് കടന്നുവരുന്നതെങ്കിൽ പലിശ നിരക്ക് ഉയരും. അതായത്, വിവിധ ജിയോപൊളിറ്റിക്കൽ റിസ്ക് ഘടകങ്ങൾ കാരണം ഇന്ത്യൻ വിപണിയിൽ തിരിച്ചടി നേരിടുന്ന ഘട്ടത്തിൽ തന്നെയാണ്, എം.ടി.എഫിൽ നിന്നുള്ള അധിക വിൽപ്പന സമ്മർദം കൂടി തലപൊക്കുന്നതെന്ന് സാരം. ഇത് ആഭ്യന്തര വിപണിയെ തള്ളി താഴേക്കിടുമോ എന്ന് കാത്തിരുന്ന് കാണാം.
Disclaimer: ഈ ലേഖനം പഠനാവശ്യാർത്ഥം നൽകുന്നതാണ്. ഇത് എന്തെങ്കിലും നിക്ഷേപം നടത്തുന്നതിനായോ വിൽക്കുന്നതിനോ ഉള്ള ഉപദേശമോ ശുപാർശയോ അല്ല. ഓഹരി വിപണിയിലെ നിക്ഷേപം ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണ്. വായനക്കാർ നിക്ഷേപ സംബന്ധമായ തീരുമാനം എടുക്കുന്നതിന് മുമ്പ് സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരിൽ നിന്നും മാർഗനിർദേശം തേടുകയോ അല്ലെങ്കിൽ വിപണിയെ കുറിച്ച് സ്വന്തം നിലയിൽ കൂടുതൽ പഠിക്കുകയോ ചെയ്യണം.
Read DhanamOnline in English
Subscribe to Dhanam Magazine