യെന്നിന്റെ മൂല്യം 1986 ഡിസംബറിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തിയ സാഹചര്യത്തിൽ, ബാങ്ക് ഓഫ് ജപ്പാൻ പലിശനിരക്ക് വീണ്ടും ഉയർത്താനുള്ള സാധ്യത വർധിച്ചു. ഇതോടെ യെൻ കാരി ട്രേഡിന്മേലുള്ള റിസ്കും ഉയരുകയാണ്. യെന്നിൽ കുറഞ്ഞ പലിശയ്ക്ക് വായ്പയെടുത്ത ആഗോള ഹെഡ്ജ് ഫണ്ടുകൾക്ക് തിരിച്ചടവ് ചെലവേറുകയാണെങ്കിൽ ഇന്ത്യ പോലുള്ള വളരുന്ന വിപണികളിൽ നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക് വർധിക്കാം.
യു.എസ് ഡോളറിനെതിരായ ജപ്പാന്റെ കറൻസിയായ യെന്നിന്റെ (Japanese Yen) വിനിമയ മൂല്യം 40 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണുള്ളത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചത്തെ (ജൂലൈ 21) വ്യാപാരത്തിനിടെ 163.25 എന്ന നിലവാരത്തിലേക്ക് വീണതോടെയാണ് ജപ്പാനീസ് യെന്നിൽ 1986 ഡിസംബറിനു ശേഷമുള്ള ഏറ്റവും താഴ്ന്ന നിലവാരം രേഖപ്പെടുത്തിയത്. ജൂൺ മാസത്തിൽ ജപ്പാൻ പ്രതീക്ഷിച്ചതിലും വലിയ വ്യാപാര കമ്മി (40,690 കോടി യെൻ) നേരിട്ടതാണ് കറൻസിക്ക് തിരിച്ചടിയായത്.
അതേസമയം രാജ്യത്ത് വർധിക്കുന്ന പണപ്പെരുപ്പം തടയുന്നതിനായി ബാങ്ക് ഓഫ് ജപ്പാൻ (BOJ) പലിശ നിരക്കുകൾ ഉയർത്താൻ തയാറെടുക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. ഇതോടെ ജൂലൈ 31-ന് ബാങ്ക് ഓഫ് ജപ്പാൻ പ്രഖ്യാപിക്കാൻ പോകുന്ന പുതിയ പണനയത്തിലേക്ക് ആഗോള നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ്. ആഗോള സാമ്പത്തിക രംഗത്തും വലിയ ചലനങ്ങൾക്ക് സാധ്യതയുള്ളതിനാൽ ഇത് ഇന്ത്യൻ നിക്ഷേപകരും ഗൗരവമായി നിരീക്ഷിക്കേണ്ട ഒന്നായി മാറുന്നു. എന്തുകൊണ്ടെന്ന് അറിയാം.
വർഷങ്ങളായി ജപ്പാനിലെ പലിശനിരക്കുകൾ പൂജ്യത്തോടടുത്ത് നിന്നിരുന്നതിനാൽ, ആഗോള ഹെഡ്ജ് ഫണ്ടുകളും വൻകിട നിക്ഷേപകരും കുറഞ്ഞ പലിശയ്ക്ക് യെൻ വായ്പയെടുത്ത്, ഉയർന്ന റിട്ടേൺ നൽകുന്ന അമേരിക്കൻ ഓഹരികളിലും സർക്കാർ കടപ്പത്രങ്ങളിലും ഇന്ത്യ പോലുള്ള വളരുന്ന സമ്പദ്ഘടനകളിലെ വിപണികളിലും (Emerging Markets) നിക്ഷേപിച്ചിരുന്നു. ഇതിനെയാണ് 'യെൻ കാരി ട്രേഡ്' (Yen Carry Trade) എന്ന് വിശേഷിപ്പിക്കുന്നത്. ജപ്പാന്റെ കേന്ദ്ര ബാങ്ക് അടുത്തയാഴ്ച ചേരുന്ന പണനയ യോഗത്തിൽ പലിശനിരക്ക് ഉയർത്തുകയോ യെന്നിന്റെ മൂല്യം ശക്തിപ്പെടുകയോ ചെയ്താൽ, താരതമ്യേന കുറഞ്ഞ റിസ്കിൽ ചെയ്തിരുന്ന ഈ ലാഭകരമായ നിക്ഷേപ തന്ത്രത്തിന് തിരിച്ചടി നേരിടും.
എട്ട് വർഷത്തോളം നെഗറ്റീവ് നിലവാരത്തിൽ നിന്നിരുന്ന പലിശ നിരക്കിൽ ആദ്യമായ വർധന വരുത്തിയത് 2024 മാർച്ചിലായിരുന്നു. തുടർന്ന് 2024 ജൂലൈയിലും ജപ്പാൻ പലിശനിരക്ക് ഉയർത്തിയപ്പോൾ യെന്നിന്റെ മൂല്യം അതിവേഗം ഉയർന്നു. ഇതോടെ യെനിൽ വായ്പയെടുത്ത വൻകിട നിക്ഷേപകർ അവരുടെ പൊസിഷനുകൾ വിറ്റഴിക്കാൻ (Yen Carry Unwind) നിർബന്ധിതരാവുകയും യു.എസ്, ജപ്പാൻ, ഇന്ത്യൻ വിപണികളിൽ പൊടുന്നനേ വലിയ ഇടിവുണ്ടാവുകയും ചെയ്തിരുന്നു. നിലവിൽ ജപ്പാനിലെ പലിശ നിരക്ക് ഒരു ശതമാനത്തിലാണുള്ളത്. 1995-ന് ശേഷമുള്ള ഉയർന്ന നിലവാരമാണിത്.
ഇന്ത്യൻ ഓഹരി വിപണിയിലെ മൊത്തം വിദേശ നിക്ഷേപത്തിൽ (FPI) ജപ്പാന്റെ വിഹിതം പരിമിതമാണ്. വിദേശ നിക്ഷേപകരുടെ കൈവശമുള്ള മൊത്തം ഓഹരി നിക്ഷേപത്തിന്റെ നിലവിലെ വിപണി മൂല്യം ഏകദേശം 72 ലക്ഷം കോടി രൂപയാണ്. ഇതിന്റെ 2.7 ശതമാനം മാത്രമാണ് ജപ്പാനിൽ നിന്നും നേരിട്ടുള്ള ഓഹരി നിക്ഷേപ വിഹിതമായി (ഏകദേശം 1.94 ലക്ഷം കോടി രൂപ) ഇപ്പോൾ രേഖപ്പെടുത്തുന്നത്. അതിനാൽ പലിശ വർധന കാരണം ജപ്പാനിൽ നിന്നുള്ള നേരിട്ടുള്ള നിക്ഷേപം പിൻവലിച്ചാലും അത് വലിയ തോതിൽ പ്രതിസന്ധി ഉണ്ടാക്കിയേക്കില്ലെന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തൽ.
എന്നാൽ യെൻ ക്യാരി ട്രേഡിൽ നിന്നുള്ള പിന്മാറ്റം കാരണം ഇന്ത്യൻ വിപണിയിൽ നേരിടാവുന്ന യഥാർത്ഥ അപകടസാധ്യത മറ്റൊരു രീതിയിലാകും തലപൊക്കാൻ സാധ്യതയെന്നാണ് അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നത്. ജപ്പാനിൽ പലിശനിരക്ക് ഉയരുമ്പോൾ വായ്പ തിരിച്ചടവ് ചെലവേറുകയും യെന്നിന്റെ മൂല്യം കൂടുകയും ചെയ്യാനുമുള്ള വഴിതെളിയും. ഇതോടെ ആഗോള ഹെഡ്ജ് ഫണ്ടുകൾ എടുത്തിട്ടുള്ള യെൻ വായ്പകൾ വേഗത്തിൽ തിരിച്ചടയ്ക്കാൻ നിർബന്ധിതരാകുകയും അവർ ഇന്ത്യൻ വിപണിയിലുള്ള നിക്ഷേപങ്ങൾ വിറ്റഴിക്കാനുള്ള (Deleveraging) സാധ്യത വർധിക്കുകയും ചെയ്യുന്നു. ഇത് വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ പുറത്തേക്കുള്ള പണമൊഴുക്ക് (Outflow) വർധിപ്പിക്കാനും രൂപയുടെ മൂല്യത്തിൽ സമ്മർദ്ദം ചെലുത്താനും കാരണമായേക്കാം.
നിലവിൽ വിദേശ നിക്ഷേപകർ ഇന്ത്യൻ വിപണിയിൽ അമിതമായി പണം ഇറക്കിയിട്ടില്ലാത്തതിനാൽ പെട്ടെന്ന് വൻതോതിലുള്ള വിറ്റഴിക്കൽ (Panic Selling) സാധ്യത കുറവായിരിക്കുമെന്നാണ് അനലിസ്റ്റുകളുടെ പൊതു അനുമാനം. അതുപോലെ മാസംതോറും സഹസ്ര കോടിക്കണക്കിന് രൂപയുടെ നിക്ഷേപം എസ്.ഐ.പി വഴി മ്യൂച്വൽ ഫണ്ടുകളിലേക്ക് തുടർച്ചയായി എത്തിക്കൊണ്ടിരിക്കുന്നതിനാൽ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ (DII) ശക്തമായ വാങ്ങൽ താത്പര്യം, വിദേശ നിക്ഷേപകരുടെ പിൻവാങ്ങൽ മൂലമുണ്ടാകുന്ന താത്കാലിക ഇടിവുകളെ ചെറുക്കാൻ വിപണിയെ സഹായിച്ചേക്കും. ചുരുക്കത്തിൽ ബാങ്ക് ഓഫ് ജപ്പാൻ പലിശ നിരക്ക് എത്രത്തോളം വേഗത്തിൽ ഉയർത്തുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ആഗോള വിപണിയിലെയും ഇന്ത്യൻ ഓഹരി വിപണിയിലെയും വരുംദിവസങ്ങളിലെ ചലനങ്ങൾ നിശ്ചയിക്കപ്പെടുക.
(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)
Read DhanamOnline in English
Subscribe to Dhanam Magazine