Image courtesy: Canva
Markets

സ്വർണവില കുതിച്ചുയരുന്നു: കാരണങ്ങൾ വ്യക്തമാക്കി വേൾഡ് ഗോൾഡ് കൗൺസിൽ

ഇന്ത്യയിൽ 2025 ൽ സ്വർണത്തിന് 711 ടൺ ആവശ്യകതയുണ്ടായി. സ്വർണക്കട്ടികളിലും നാണയങ്ങളിലുമുള്ള നിക്ഷേപം 17 ശതമാനം വർദ്ധിച്ചു

Dhanam News Desk

ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളും (Geopolitical risks) ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന കടബാധ്യതകളെക്കുറിച്ചുള്ള ആശങ്കകളുമാണ് സ്വർണവില ഉയരാനുള്ള പ്രധാന കാരണങ്ങളെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ. പ്രധാനമായും മൂന്ന് ഘടകങ്ങളാണ് സ്വർണവിപണിയെ സ്വാധീനിക്കുന്നതെന്നും കൗൺസിൽ സിഇഒ ഡേവിഡ് ടൈറ്റ് പറഞ്ഞു. 2026 ലെ റൈസിംഗ് ഭാരത് സമ്മിറ്റിൽ സംസാരിക്കവെയാണ് അദ്ദേഹം സ്വർണവിപണിയിലെ ഈ മാറ്റങ്ങളെക്കുറിച്ച് വിശദീകരിച്ചത്.

വില കൂടുന്നതെന്തുകൊണ്ട്?

സെൻട്രൽ ബാങ്കുകളുടെ ഇടപെടൽ: ലോകമെമ്പാടുമുള്ള സെൻട്രൽ ബാങ്കുകൾ കഴിഞ്ഞ മൂന്ന് വർഷമായി ഏകദേശം 1,000 ടൺ സ്വർണം വീതം പ്രതിവർഷം വാങ്ങിക്കൂട്ടുന്നുണ്ട്. പാശ്ചാത്യ രാജ്യങ്ങളിലെ സെൻട്രൽ ബാങ്കുകളുടെ ശേഖരത്തിന് ഒപ്പമെത്താൻ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളും സ്വർണശേഖരം വർദ്ധിപ്പിക്കുകയാണ്.

കടബാധ്യതയെക്കുറിച്ചുള്ള ഭയം: ആഗോളതലത്തിൽ ഗവൺമെന്റുകളുടെ വർദ്ധിച്ചുവരുന്ന കടബാധ്യതകളും സാമ്പത്തിക അസ്ഥിരതയും നിക്ഷേപകർക്കിടയിൽ വലിയ ആശങ്കയുണ്ടാക്കുന്നു. ഇത് സ്വർണത്തെ ഒരു സുരക്ഷിത നിക്ഷേപമായി (Safe haven) കാണാൻ പ്രേരിപ്പിക്കുന്നു.

നിക്ഷേപ ആവശ്യകത: ഇന്ത്യയിൽ 2025 ൽ സ്വർണത്തിന് 711 ടൺ ആവശ്യകതയുണ്ടായി. വില ഉയർന്നത് കാരണം ആഭരണങ്ങളുടെ വിൽപന കുറഞ്ഞെങ്കിലും, സ്വർണക്കട്ടികളിലും നാണയങ്ങളിലുമുള്ള നിക്ഷേപം 17 ശതമാനം വർദ്ധിച്ചു.

സാംസ്കാരിക ഘടകങ്ങൾ ഇന്ത്യയിലെ സ്വർണ വിപണിക്ക് വലിയ പിന്തുണ നൽകുന്നുണ്ടെന്ന് ഡേവിഡ് ടൈറ്റ് നിരീക്ഷിച്ചു. പെൻഷൻ, ഇൻഷുറൻസ് ഫണ്ടുകൾ സ്വർണത്തിൽ നിക്ഷേപം വർദ്ധിപ്പിക്കുന്നത് ഭാവിയിൽ വിപണിക്ക് കൂടുതൽ കരുത്തുപകരും. യുഎസ് സമ്പദ്‌വ്യവസ്ഥയിൽ അസാധാരണമായ വളർച്ചയുണ്ടാകുകയും കടബാധ്യതകൾ കുറയുകയും ചെയ്താൽ മാത്രമേ ഇനി വില കുറയാൻ സാധ്യതയുളളൂവെന്നും ഡേവിഡ് ടൈറ്റ് പറയുന്നു.

Geopolitical tensions, rising global debt, and strong central bank buying are driving gold prices higher, says the World Gold Council.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT