Markets

ഫിസിക്‌സ് വാലയുടെ ഐ.പി.ഒയില്‍ നിന്ന് ₹47 കോടി എത്തുക കേരളത്തിലേക്ക്, ദക്ഷിണേന്ത്യന്‍ ശക്തിയാകാന്‍ 'സൈലം ലേണിംഗ്'

സൈലം സ്ഥാപകര്‍ക്ക് പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ നേട്ടത്തിന് അവസരം

Resya Raveendran

ഇന്ത്യയിലെ പ്രമുഖ എഡ്‌ടെക് പ്ലാറ്റ്ഫോമായ ഫിസിക്‌സ്‌വാല (PhysicsWallah) ഓഹരി വിപണിയിലേക്കെത്തുമ്പോള്‍ ഏറ്റവും വലിയ ഗുണഭോക്താക്കളിലൊന്നായി മാറുക കോഴിക്കോട് ആസ്ഥാനമായ സൈലം ലേണിംഗ് പ്രൈവറ്റ് ലിമിറ്റഡ് (Xylem Learning Pvt. Ltd.).

ഐ.പി.ഒ വഴി സമാഹരിക്കുന്ന തുകയില്‍ നിന്ന് 47.17 കോടി സൈലത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്കായാകും വിനിയോഗിക്കുകയെന്ന് ഫിസിക്‌സ്‌വാലയുടെ ഐ.പി.ഒ രേഖകള്‍ (Red Herring Prospec-tus /RHP) വ്യക്തമാക്കുന്നു. മൊത്തം 3,480 കോടി രൂപയാണ് ഫിസിക്‌സ്‌വാല ഐ.പി.ഒ വഴി സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്.

സൈലത്തിനായി പുതിയ ഓഫ്ലൈന്‍ സെന്ററുകള്‍ തുടങ്ങാന്‍ 31.64 കോടി രൂപയാണ് നീക്കി വയ്ക്കുക. കൂടാതെ നിലവിലുള്ള സെന്ററുകള്‍ക്കും ഹോസ്റ്റലുകള്‍ക്കുമുള്ള ലീസ് പേയ്‌മെന്റിനായി 15.52 കോടി രൂപയും വിനിയോഗിക്കും. അതായത് പുതിയ സെന്ററുകള്‍ തുറക്കാനും ഹോസ്റ്റലുകളുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനും ഡിജിറ്റല്‍ പ്ലാറ്റ്ഫോമിനെയും പ്രാദേശിക പഠന സംവിധാനങ്ങളെയും ഏകീകരിക്കാനും സൈലത്തിന് ഈ തുക വിനിയോഗിക്കാനാകും. ഇതിലൂടെ സൈലത്തിന്റെ ഹൈബ്രിഡ് (ഓണ്‍ലൈന്‍ + ഓഫ്ലൈന്‍) പഠന മോഡലിനെ കൂടുതല്‍ ശക്തമാക്കുകയും കേരളത്തിലും ദക്ഷിണേന്ത്യയിലും കൂടുതല്‍ അധ്യയന കേന്ദ്രങ്ങള്‍ വ്യാപിപ്പിക്കുകയുമാണ് ലക്ഷ്യം.

സൈലം ഏറ്റെടുക്കല്‍ നാള്‍വഴികള്‍

2023 ജൂണിലാണ് ഫിസിക്‌സ് വാല സൈലം ലേണിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ 64.98 ശതമാനം ഓഹരി 96.5 കോടി രൂപക്ക് വാങ്ങിയത്. ബാക്കി 35.02 ശതമാനം ഓഹരികള്‍ സൈലം സ്ഥാപകരായ വിനീഷ് കുമാര്‍, ലിജീഷ്‌കുമാര്‍, അനന്തു ശശികുമാര്‍ എന്നിവരുടെ കൈവശമാണ്. സൈലത്തിന്റെ ബോര്‍ഡില്‍ ഇരുവിഭാഗത്തിനും ഡയറക്ടര്‍മാരെ നിയമിക്കാന്‍ ഉള്‍പ്പെടെയുള്ള അവകാശവും സ്ഥാപകരുടെ ഓഹരികള്‍ ട്രാൻസ്ഫർ ചെയ്യുന്നതിനുള്ള നിബന്ധനകളുമൊക്കെ ഏറ്റെടുക്കല്‍ കരാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സെലത്തിന്റെ ദീര്‍ഘകാല വളര്‍ച്ചയിലും മാനേജ്‌മെന്റിലും സ്ഥാപകര്‍ക്ക് പങ്കുവഹിക്കാന്‍ ഇതു വഴി സാധിക്കുന്നു. 2025 ഫെബ്രുവരിയില്‍ സൈലത്തിന് 605 കോടി രൂപയാണ് മൂല്യം കണക്കാക്കിയിരുന്നത്.

വളര്‍ച്ചയ്‌ക്കൊത്ത മൂല്യം സ്ഥാപകര്‍ക്കും

2023 ജൂണില്‍ ഫിസിക്‌സ്‌വാല സൈലം ലേണിംഗ് പ്രൈവറ്റ് ലിമിറ്റഡിനെ ഏറ്റെടുത്തപ്പോള്‍, അവര്‍ കമ്പനിയുടെ 100 ശതമാനം ഓഹരികള്‍ ഒറ്റയടിക്ക് വാങ്ങുകയായിരുന്നില്ല. പകരം, 64.98% ഓഹരികള്‍ മാത്രമാണ് ആദ്യം വാങ്ങിയത്. ബാക്കിയുള്ള 35.02 ശതമാനം ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ക്രമേണ വാങ്ങുന്നതിനായി സൈലം സ്ഥാപകരായ അനന്തു ശശികുമാര്‍, വിനേഷ് കുമാര്‍ കരുവാരത്ത്‌പൊയില്‍, ലിജീഷ്‌കുമാര്‍ വലിയപറമ്പില്‍ എന്നിവരുമായി ഒരു കരാറില്‍ ഒപ്പുവച്ചിച്ചുണ്ട്. അഞ്ച് ഘട്ടങ്ങളായിട്ടാകും ഈ ഓഹരികള്‍ വാങ്ങുക.

2026-ലെ രണ്ടാം ഘട്ടത്തില്‍ (Tranche II) 258 ഓഹരികള്‍ വാങ്ങുന്നതിനായി 20.7 കോടി രൂപ നല്‍കും. തുടര്‍ന്ന് 2027 മുതല്‍ 2030 വരെ (Tranche III-VI) സൈലത്തിന്റെ വരുമാനവും EBITDA പ്രകടനവും അനുസരിച്ചാകും ബാക്കി ഓഹരികള്‍ വാങ്ങുക.

അതായത്, സൈലം വളരുന്നത്രയും സ്ഥാപകര്‍ക്കുള്ള മൊത്തം തുകയും കൂടും. ഇരുപക്ഷത്തിനും ലാഭകരമായ ദീര്‍ഘകാല മോഡല്‍ ആണിത്.

കേരളത്തിലെ എഡ്‌ടെക്ക് രംഗത്തിനൊരു അപൂര്‍വ മാതൃക

കേരളത്തിലെ ഒരു കോച്ചിംഗ് നെറ്റ്വര്‍ക്കിനെ രാജ്യതലത്തിലെ എഡ്‌ടെക് ഭീമന്‍ ഏറ്റെടുത്ത് ഐ.പി.ഒയിലെ ഒരു പ്രധാന ഘടകമാക്കുന്നത് വളരെ അപൂര്‍വമായി സംഭവിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ എഡ്‌ടെക് രംഗത്തെ ഒരു പുതിയ വഴിത്തിരിവായാണ് സൈലം- ഫിസിക്‌സ് വാല കൂട്ടുകെട്ടിനെ വിശേഷിപ്പിക്കപ്പെടുന്നത്. ദേശവ്യാപകമായ ഓണ്‍ലൈന്‍ സാന്നിധ്യവും കേരളത്തിന്റെ പ്രാദേശിക പഠനാനുഭവവും ഒന്നിപ്പിക്കുന്ന മാതൃകയായി ഇത് മാറുന്നു.

ഐ.പി.ഒയ്ക്ക് ആദ്യ ദിനത്തില്‍ തണുപ്പന്‍ പ്രതികരണം

3,100 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 380 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെട്ടതാണ് ഫിസിക്‌സ്‌വാല ഐ.പി.ഒ. ഓഫര്‍ ഫോര്‍ സെയില്‍ വഴി പ്രമോട്ടര്‍മാരും നിലവിലുള്ള ഓഹരിയുടമകളുമാണ് ഓഹരികള്‍ വില്‍ക്കുന്നത്. പ്രമോട്ടര്‍മാരായ അലക് പാണ്ഡെ, പ്രതീക് മഹേശ്വരി എന്നിവര്‍ ഒ.എഫ്.എസ് വഴി ഓഹരി വില്‍ക്കുന്നുണ്ട്. അതേസയമം സ്ഥാപന നിക്ഷേപകരായ വെസ്റ്റ്ബ്രിഡ്ജ്, ലൈറ്റ്‌സ്പീഡ്, ജി.എസ്.വി എന്നിവ ഓഹരി വില്‍ക്കുന്നില്ല.

103-109 രൂപയാണ് ഇഷ്യു വില. 137 ഓഹരികള്‍ ഉള്‍പ്പെട്ട ഒരു ലോട്ടാണ് ചെറുകിട നിക്ഷേപകര്‍ക്ക് വാങ്ങാനാകുക. അതായത് ഏറ്റവും കുറഞ്ഞത് 14,111 രൂപ നിക്ഷേപിക്കണം. ഐ.പി.ഒയുടെ ആദ്യ ദിനമായ ഇന്ന് വെറും ഏഴ് ശതമാനം അപേക്ഷകള്‍ മാത്രമാണ് ലഭിച്ചത്. അനൗദ്യോഗിക വിപണിയില്‍ നിലവില്‍ ഐ.പി.ഒ വിലയേക്കാള്‍ മൂന്ന് രൂപ മാത്രം ഉയര്‍ന്നാണ് ഓഹരിയുടെ വ്യാപാരം. ഇതു പ്രകാരം 2.75 ശതമാനം പ്രീമിയത്തിലാകും ലിസ്റ്റിംഗ് എന്നാണ് കണക്കാക്കുന്നത്. എന്നാല്‍ ഗ്രേ മാര്‍ക്കറ്റ് പ്രീമിയം ഒരു സൂചനയായി മാത്രമേ കണക്കാക്കാനാകുകയുള്ളു. യഥാര്‍ത്ഥ ലിസ്റ്റിംഗ് വില ഇതില്‍ നിന്ന് വ്യത്യസ്തമാകാനാണ് സാധ്യത.

നവംബര്‍ 18ന് ഫിസിക്‌സ്‌വാല ലിമിറ്റഡിന്റെ ഓഹരികള്‍ എന്‍.എസ്.ഇയിലും ബി.എസ്.ഇയിലും ലിസ്റ്റ് ചെയ്യും.

2025 സാമ്പത്തിക വര്‍ഷത്തില്‍ ഫിസിക്‌സ്‌വാലയുടെ നഷ്ടം 243 കോടി രൂപയായി കുറഞ്ഞിട്ടുണ്ട്. തൊട്ട് മുന്‍വര്‍ഷം ഇത് 1,131 കോടി രൂപയായിരുന്നു. 2016ല്‍ ഒരു യൂട്യൂബ് ചാനലായി തുടങ്ങിയ ഫിസിക്‌സ്‌വാല 2020ലാണ് കമ്പനി എന്ന നിലയില്‍ സ്ഥാപിതമായത്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT