യമുന സിൻഡിക്കേറ്റ് ഓഹരി ഉടമകൾക്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഫൈനൽ ഡിവിഡന്റ് ഇനത്തിൽ പ്രതിയോഹരി ₹500 വീതം നൽകാൻ പോകുകയാണ്. ഈ ഡിവിഡന്റ് ലഭിക്കാനുള്ള റെക്കോഡ് തീയതിയും എക്സ്-ഡിവിഡന്റ് തീയതിയും ഓഗസ്റ്റ് 17 ആകുന്നു. T+1 സെറ്റിൽമെന്റ് പ്രകാരം, നിക്ഷേപകർക്ക് ഈ തീയതിക്ക് മുമ്പ് ഓഹരി വാങ്ങുകയോ റെക്കോഡ് തീയതി വരെ ഓഹരി കൈവശം ഉണ്ടാകുകയും വേണം. നിലവിൽ ₹30,190 നിരക്കിലാണ് ഓഹരിയുടെ വ്യാപാരം.
ഓഹരി നിക്ഷേപകർക്ക് അധിക വരുമാനം നേടാനുള്ള മികച്ച അവസരങ്ങളിലൊന്നാണ് കമ്പനികൾ നൽകുന്ന ഡിവിഡന്റ് (ലാഭവീതം). കമ്പനി കരസ്ഥമാക്കിയ ലാഭത്തിൽ നിന്നോ കൈവശമുള്ള ധനശേഖരത്തിൽ നിന്നോ ഓഹരി ഉടമകൾക്കായി നൽകുന്ന പ്രതിഫലമാണിത്. പണമായോ സൗജന്യ ഓഹരികളായോ (ബോണസ് ഷെയർ) ഇത് വിതരണം ചെയ്യാറുണ്ട്. അടുത്തയാഴ്ച നിക്ഷേപകർക്ക് പ്രതിയോഹരി 500 രൂപ ഡിവിഡന്റ് കൈമാറാൻ പോകുന്ന യുമന സിൻഡിക്കേറ്റ് ലിമിറ്റഡ് (BSE: 540980) എന്ന സ്മോൾ ക്യാപ് ഓഹരിയുടെ കൂടുതൽ വിശദാംശം നോക്കാം.
ഡിവിഡന്റിനായി അർഹതയുള്ളവരെ കണ്ടെത്തുന്നത് പ്രധാനമായും രണ്ട് തീയതികളെ അടിസ്ഥാനമാക്കിയാണ്:
റെക്കോഡ് തീയതി (Record Date): ഡിവിഡന്റ് ലഭിക്കാൻ അർഹതയുള്ള ഓഹരി ഉടമകളുടെ പട്ടിക കമ്പനി അന്തിമമാക്കുന്ന ദിവസം.
എക്സ്-ഡിവിഡന്റ് തീയതി (Ex-Dividend Date): ഈ പട്ടികയിൽ ഇടംനേടാൻ, എക്സ്-ഡിവിഡന്റ് തീയതിക്ക് തൊട്ടുമുമ്പുള്ള ദിവസമെങ്കിലും ഓഹരികൾ വാങ്ങിയിരിക്കണം. ഇന്ത്യൻ വിപണിയിലെ T+1 സെറ്റിൽമെന്റ് രീതി പ്രകാരം, ഓഹരി ഡീമാറ്റ് അക്കൗണ്ടിൽ എത്താൻ ഒരു പ്രവൃത്തിദിനം വേണ്ടിവരും എന്നതിനാലാണിത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഫൈനൽ ഡിവിഡന്റാണ് ഇപ്പോൾ യമുന സിൻഡിക്കേറ്റ് ഓഹരി കൈമാറാൻ പോകുന്നത്. ഇതിനായുള്ള റെക്കോഡ് തീയതിയും എക്സ്-ഡിവിഡന്റ് തീയതിയും ഓഗസ്റ്റ് 17 ആണ്. അതിനാൽ ഡിവിഡന്റ് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന നിക്ഷേപകർ ഈ തീയതികൾ കൃത്യമായി ശ്രദ്ധിക്കേണ്ടതാണ്.
1954-ൽ രൂപീകരിച്ച യമുന സിൻഡിക്കേറ്റ് ലിമിറ്റഡ്, വൈവിധ്യമാർന്ന വാണിജ്യ മേഖലകളിൽ പ്രവർത്തിക്കുന്ന ഒരു ട്രേഡിംഗ് & മാർക്കറ്റിംഗ് കമ്പനിയാണ്. അമറോൺ ഓട്ടോമോട്ടീവ് ബാറ്ററികൾ, വ്യാവസായിക ലൂബ്രിക്കന്റുകൾ, കാർഷിക ഉപകരണങ്ങള്‍, ഉപഭോക്തൃ ഇലക്ട്രോണിക് ഉത്പന്നങ്ങൾ എന്നിവ വിതരണം ചെയ്യുന്നതിലാണ് യമുന സിൻഡിക്കേറ്റ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
എന്നിരുന്നാലും ആഗോളതലത്തിൽ അറിയപ്പെടുന്ന ഹെവി എഞ്ചിനീയറിംഗ് മാനുഫാക്ചറിംഗ് സ്ഥാപനമായ ഐ.എസ്.ജി.ഇ.സി ഹെവി എഞ്ചിനീയറിംഗ് ലിമിറ്റഡിൽ (BSE: 533033, NSE: ISGEC) 45 ശതമാനം തന്ത്രപ്രധാനമായ ഓഹരി പങ്കാളിത്തമുള്ള ഒരു ഹോൾഡിംഗ് കമ്പനിയായും യമുന സിൻഡിക്കേറ്റ് പ്രവർത്തിക്കുന്നുണ്ട്.
ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ് ചെയ്തിട്ടുള്ള ഈ സ്മോൾ ക്യാപ് ഓഹരി, ഏകദേശം 30,190 രൂപ നിരക്കിലാണ് ഇപ്പോൾ വ്യാപാരം ചെയ്യപ്പെടുന്നത്. ഐ.എസ്.ജി.ഇ.സി ഹെവി എഞ്ചിനീയറിംഗ് ലിമിറ്റഡിൽ ഓഹരി പങ്കാളിത്തമുള്ളതിനാൽ യമുന സിൻഡിക്കേറ്റിന്റെ പ്രതിയോഹരി ബുക്ക് വാല്യൂ 41,964 രൂപ നിലവാരത്തിലാണെന്നതും ശ്രദ്ധേയം.
(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)
Read DhanamOnline in English
Subscribe to Dhanam Magazine