image:@dhanamfile 
Markets

കഴിഞ്ഞ വർഷം സീറോധയുടെ കാമത്ത് സഹോദരങ്ങൾ പ്രതിഫലമായി വാങ്ങിയത് ₹144 കോടി; ഈ വര്‍ഷം അത് 10 ഇരട്ടിയായേക്കും 


ഇന്ത്യന്‍ ശതകോടീശ്വര പട്ടികയില്‍ 40-ാം സ്ഥാനത്താണ് കാമത്ത് സഹോദരന്മാര്‍

Dhanam News Desk

പ്രമുഖ ഓണ്‍ലൈന്‍ ബ്രോക്കറേജ് സ്ഥാപനമായ സീറോധയിലൂടെ ഓഹരി നിക്ഷേപകർക്കിടയിൽ പേരെടുത്തവരാണ് നിഖില്‍ കാമത്തും നിതിന്‍ കാമത്തും. ഡിസ്‌കൗണ്ട് ബ്രോക്കറേജിലൂടെ ചുരുങ്ങിയ കാലം കൊണ്ട് വളര്‍ച്ച നേടിയ ഇവർ ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ശമ്പളം വാങ്ങുന്ന എക്സിക്യൂട്ടിവുമാരിൽ മുൻ നിരയിലാണ്.

സീറോധയുടെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള വാര്‍ഷിക റിട്ടേണ്‍ പ്രകാരം 2023 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ പ്രമോട്ടര്‍മാര്‍മാർക്ക് പ്രതിഫലമായി  നൽകിയത് 180 കോടി രൂപയാണ്. ഇതില്‍ 120 കോടിയും ശമ്പളവും ബാക്കി മറ്റ് അലവൻസുകളുമാണ്.

 സീറോധയുടെ സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായ നിതിന്‍ കാമത്തിന്റെയും  കമ്പനിയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ  നിഖില്‍ കാമത്തിന്റെയും പ്രതിഫലം 72 കോടി രൂപ വീതമാണ്. ഇതിൽ 48 കോടി രൂപ ശമ്പളവും ബാക്കി മറ്റ് അലവന്‍സുകളുമാണ്. 

നിതിന്‍ കാമത്തിന്റെ പങ്കാളിയും സീറോധയുടെ മുഴുവന്‍സമയ ഡയറക്ടറുമായ സീമ പട്ടീല്‍ 2022-23 സാമ്പത്തിക വര്‍ഷം വാങ്ങിയത് 36 കോടി രൂപയാണ്. ഇതില്‍ 24 കോടി രൂപയാണ് ശമ്പളം. ബാക്കി അലവന്‍സുകളാണ്.

₹1,544 കോടിയുടെ ഓഹരി ബൈബാക്ക് 

2023 വാർഷിക ജനറൽ മീറ്റിംഗ് (എ.ജി.എം ) നോട്ടീസ് പ്രകാരം കമ്പനിക്ക്‌ കണക്കാക്കിയിരിക്കുന്ന മൂല്യം 30,887 കോടി രൂപയാണ്. നിതിന് കമ്പനിയിൽ 3.26 കോടി ഓഹരികളുണ്ട്. അതായത് 44 ശതമാനം ഓഹരി പങ്കാളിത്തം. ഇത്രയും ഓഹരികളുടെ മൂല്യം 13,750 കോടി രൂപ വരും. നിഖിലിന്  39 ശതമാനം അഥവാ  2.89 കോടി ഓഹരികളാനുള്ളത്.  ഇതിന് 12,153 കോടിരൂപ മൂല്യം വരും. സീമ പട്ടീലിന് 16 ശതമാനവും. മൂവരും ചേര്‍ന്നാണ് കമ്പനിയുടെ 99.59 ശതമാനം ഓഹരികളും കൈവശം വച്ചിരിക്കുന്നത്.

സെപ്റ്റംബറിൽ നടന്ന എ.ജി.എമ്മിലെ പ്രധാന അജണ്ടകളിലൊന്ന് 1,544 കോടി രൂപ മൂല്യം വരുന്ന ഓഹരികളുടെ ബൈബാക്ക് (തിരിച്ചുവാങ്ങൽ) ആയിരുന്നു. പ്രമോട്ടര്‍മാരുടെ കൈവശമാണ് 99.59 ശതമാനം ഓഹരികളുമെന്നതിനാല്‍  മൂവര്‍ക്കും ഗുണകരമാണ് ഈ നീക്കം.

ബോർഡ് ഇത് അംഗീകരിക്കുകയും 2024 മാര്‍ച്ചിനകം ബൈബാക്ക് പൂര്‍ത്തിയാക്കുകയും ചെയ്താൽ ഓഹരി ബൈ ബാക്ക്, ശമ്പളം എന്നിവ ഉൾപ്പെടെ ഇവരുടെ ഈ വർഷത്തെ മൊത്ത വരുമാനം കഴിഞ്ഞ വർഷത്തേക്കാൾ 10 ഇരട്ടിയോളമാകും.

ശമ്പളത്തില്‍ മുന്നിലുള്ള യുവ എക്‌സിക്യൂട്ടീവുകള്‍

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരന്‍മാരുടെ നിരയിലുള്ള കാമത്ത് സഹോദരന്മാര്‍ 2010ലാണ് സീറോദധ സ്ഥാപിക്കുന്നത്. ഇപ്പോള്‍ സീറോധയ്ക്ക് 64.8 ലക്ഷം സജീവ ഇടപാടുകാരാണുള്ളത്. ഫോബ്‌സ് അടുത്തിടെ പുറത്തുവിട്ട ഇന്ത്യന്‍ ശതകോടീശ്വര പട്ടികയില്‍ 40-ാം സ്ഥാനത്താണ് കാമത്ത് സഹോദരങ്ങൾ. ഫോബ്‌സിന്റെ കണക്ക് പ്രകാരം ഇവരുടെ മൊത്തം ആസ്തി  550 കോടി ഡോളറാണ് (ഏകദേശം 45,000 കോടി രൂപ).

മറ്റ് സ്റ്റാര്‍ട്ടപ്പുകളെ പോലെ സീറോദധയുടെ ഓഹരികള്‍ വില്‍ക്കാന്‍ കാമത്ത് സഹോദരങ്ങള്‍ക്ക് പദ്ധതിയില്ല. കഴിഞ്ഞ സാമ്പത്തിക വർഷം 6,875 കോടി രൂപയ്ക്കടുത്ത് വരുമാനം നേടിയ സീറോധയുടെ നികുതിക്കു ശേഷമുള്ള ലാഭം 2,900 കോടി രൂപയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT