ഇന്ത്യന്‍ കമോഡിറ്റി വിപണിയില്‍ വെള്ളി വിലയില്‍ ഉണ്ടായ അതിശക്തമായ കുതിപ്പും പിന്നാലെയുണ്ടായ കുത്തനെ ഇടിവും തിരിച്ചു കയറ്റവും നിക്ഷേപക ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. ഓണ്‍ലൈന്‍ ബ്രോക്കിംഗ് സ്ഥാപനമായ സെറോധ (Zerodha)യുടെ സഹസ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ നിതിന്‍ കാമത്ത് ഈ ചാഞ്ചാട്ടത്തെക്കുറിച്ച് വ്യക്തമായ മുന്നറിയിപ്പുമായി രംഗത്ത്.
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ X-ല്‍ പങ്കുവെച്ച കുറിപ്പിലാണ് അദ്ദേഹം മുന്നറിയിപ്പ് പങ്കുവെച്ചത്. ഇതുപോലുള്ള ചാഞ്ചാട്ടം പല ട്രേഡര്‍മാരുടെയും സ്വപ്നമാണെങ്കിലും, ശരിയായ റിസ്‌ക് മാനേജ്‌മെന്റില്ലെങ്കില്‍ അത് വലിയ സാമ്പത്തിക ആഘാതമായി മാറാമെന്നും കാമത്ത് വ്യക്തമാക്കി. പൊസിഷന്‍ സൈസിംഗ് ശരിയായില്ലെങ്കില്‍ കളി ദുഃസ്വപ്നമായി മാറും.
മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചില്‍ (MCX) വെള്ളി ഫ്യൂച്ചേഴ്സ് വില ആദ്യം റെക്കോര്‍ഡ് ഉയരത്തിലെത്തിയ ശേഷം ശക്തമായ ഇടിവ് രേഖപ്പെടുത്തുകയായിരുന്നു. വീണ്ടും തിരിച്ചു കയറി. ഈ അസ്ഥിരതയ്‌ക്കൊപ്പം കമ്മോഡിറ്റി ട്രേഡിംഗ് വോളിയത്തിലും വന്‍ വര്‍ധനയുണ്ടായതായി കാമത്ത് ചൂണ്ടിക്കാട്ടി.
വിപണിയുടെ ദിശ പലപ്പോഴും ശരിയായി കണക്കാക്കുന്ന ട്രേഡര്‍മാര്‍ക്കുപോലും, അമിതമായ പൊസിഷന്‍ എടുത്താല്‍ മുന്‍പുണ്ടായ ലാഭം പൂര്‍ണമായും ഇല്ലാതാകാമെന്നതാണ് ഇത്തരം സംഭവങ്ങള്‍ വീണ്ടും ഓര്‍മിപ്പിക്കുന്നത്.
വിലയില്‍ വന്‍ ചാഞ്ചാട്ടം ഉണ്ടാകുന്ന ഘട്ടങ്ങളില്‍ ലാഭസാധ്യത ഉയര്‍ന്നതുപോലെ തന്നെ അപകടസാധ്യതയും വര്‍ധിക്കുമെന്നതിനാല്‍, വെള്ളി പോലുള്ള കമ്മോഡിറ്റികളില്‍ ഇടപെടുന്ന നിക്ഷേപകരും ട്രേഡര്‍മാരും അതീവ ജാഗ്രത പാലിക്കണമെന്ന് വിപണി വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine