അക്ഷയ് അഗര്‍വാള്‍, എം.ഡി, അക്യുമെന്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റ്‌സ്‌  Akshay Agarwal, MD, Acumen Capital
Markets

ഒരു വർഷത്തിനുള്ളിൽ 24% വരെ നേട്ടം; ഓണം പോർട്ട്ഫോളിയോയിൽ ഉൾപ്പെടുത്താൻ ഇതാ 3 കരുത്തുറ്റ ഓഹരികൾ

എൻബിഎഫ്‌സി, ഓട്ടോ കമ്പോണന്റ്, പ്രിസിഷൻ എഞ്ചിനീയറിങ് മേഖലകളിലെ പ്രമുഖ കമ്പനികളുടെ ഓഹരികളിൽ ഉയർന്ന നേട്ട സാധ്യത പ്രവചിച്ച് അക്യുമെൻ ക്യാപിറ്റൽ

Dhanam News Desk

ഇന്ത്യൻ ഓഹരി വിപണിയിൽ ദീർഘകാല നിക്ഷേപകർക്ക് മികച്ച മുന്നേറ്റ സാധ്യത നൽകുന്ന മൂന്ന് പ്രമുഖ ഓഹരികൾ നിർദേശിച്ച് അക്യുമെൻ ക്യാപിറ്റൽ മാർക്കറ്റ്സ് എംഡി അക്ഷയ് അഗർവാൾ. എൻബിഎഫ്‌സി, ഓട്ടോമൊബൈൽ ഘടക നിർമാണം, എയ്‌റോസ്‌പേസ് എഞ്ചിനീയറിങ് മേഖലകളിൽ നിർണായക സാന്നിധ്യമുള്ള കമ്പനികളാണ് ഇവ. വിപണിയിലെ ചാഞ്ചാട്ടങ്ങൾക്കിടയിലും കൃത്യമായ ബിസിനസ് അടിത്തറയും സാമ്പത്തിക ഭദ്രതയും നിലനിർത്തുന്ന ഈ കമ്പനികൾ ഒരു വർഷത്തിനുള്ളിൽ 20 മുതൽ 24 ശതമാനം വരെ ലാഭം നൽകുമെന്നാണ് വിലയിരുത്തൽ.

1. മഹീന്ദ്ര & മഹീന്ദ്ര ഫിനാഷ്യൽ സർവീസസ് ലിമിറ്റഡ് (M&M Financial Services Ltd)

  • റെക്കമെന്റഡ് പ്രൈസ്‌: ₹370

  • ലക്ഷ്യ വില (1 വർഷം): ₹440

  • പ്രതീക്ഷിക്കുന്ന നേട്ടം: 21%

ഇന്ത്യയിലെ ഗ്രാമീണ, അർധനഗര മേഖലകളിൽ ശക്തമായ സാന്നിധ്യമുള്ള പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമാണ് മഹീന്ദ്ര ഫിനാൻസ്. 1,300-ലേറെ ശാഖകളും 1.1 കോടിയിലധികം ഉപഭോക്താക്കളുമുള്ള കമ്പനിയുടെ ആസ്തി ഗുണനിലവാരം നിലവിൽ എട്ട് വർഷത്തെ ഏറ്റവും മികച്ച നിരക്കിലാണ്. ആകെ കിട്ടാക്കടം (Gross Stage 3) 3.45 ശതമാനമായും അറ്റ കിട്ടാക്കടം (Net Stage 3) 1.48 ശതമാനമായും കുറഞ്ഞിട്ടുണ്ട്.

കുറഞ്ഞ ക്രെഡിറ്റ് ചെലവുകളും കൃത്യമായ വായ്പ പരിശോധനയും ഭാവിയില്‍ കമ്പനിയുടെ ലാഭക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വാഹന വായ്പ ബിസിനസ് പൂര്‍ണമായും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റിയതിനൊപ്പം നിര്‍മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള വായ്പ പരിശോധനയും വിശകലനവും നടപ്പാക്കിയതും പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാനും ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനും പ്രവര്‍ത്തനച്ചെലവ് കുറക്കാനും സഹായിച്ചു.

സമീപകാലത്ത് നടപ്പാക്കിയ റൈറ്റ്സ് ഇഷ്യൂ കമ്പനിയുടെ മൂലധന സ്ഥിതി മെച്ചപ്പെടുത്തുകയും വായ്പ ചെലവ് കുറക്കുകയും ചെയ്തു. ഇന്ത്യയിലെ എന്‍ബിഎഫ്സി മേഖലയുടെ ഭാവി മികച്ചതാണ്.

റീറ്റെയ്ല്‍, കാര്‍ഷിക വായ്പകളുടെ അടിസ്ഥാനത്തില്‍ എന്‍ബിഎഫ്സി വായ്പ വളര്‍ച്ച 14.2 ശതമാനമാണെന്ന് ആര്‍ബിഐ കണക്കുകള്‍ വ്യക്തമാക്കുന്നു. ഗ്രാമീണ മേഖലയിലെ ഡിമാന്‍ഡ് വര്‍ധിക്കുന്നത്, റീറ്റെയ്ല്‍ വായ്പകളുടെ വ്യാപനം, ഡിജിറ്റല്‍ സംവിധാനങ്ങളുടെ വേഗത്തിലുള്ള വളര്‍ച്ച തുടങ്ങിയ കാര്യങ്ങള്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍ഷ്യല്‍ സര്‍വീസസിന് നേട്ടമാകും.

2026 സാമ്പത്തിക വര്‍ഷത്തിലും 2027 സാമ്പത്തിക വര്‍ഷത്തെ ഒന്നാം പാദത്തിലും മഹീന്ദ്ര ഫിനാന്‍സ് മികച്ച പ്രവര്‍ത്തന ഫലമാണ് കാഴ്ചവെച്ചത്. ഓഹരി ഉടമകളുടെ ആദായം 9.8 ശതമാനത്തില്‍ നിന്ന് 14.3 ശതമാനമായി മെച്ചപ്പെട്ടു. 370 രൂപ വിലയുള്ള ഈ ഓഹരിയുടെ പി/ഇ അനുപാതം 15.1 മടങ്ങും പി/ബിവി അനുപാതം 1.86 മടങ്ങുമാണ്. ഒരു വര്‍ഷത്തിനകം ഇതിന്റെ വില 440 രൂപയിലെത്തുമെന്നും നിലവിലെ വിലയില്‍ നിന്ന് 21% നേട്ടം കൈവരിക്കുമെന്നും പ്രതീക്ഷിക്കുന്നു.

2. സുന്ദരം ഫാസ്റ്റ്‌നേഴ്‌സ് ലിമിറ്റഡ് (Sundram Fasteners Ltd)

  • റെക്കമെന്റഡ് പ്രൈസ്‌: ₹960

  • ലക്ഷ്യ വില (1 വർഷം): ₹1,150

  • പ്രതീക്ഷിക്കുന്ന നേട്ടം: 20%

ടിവിഎസ് ഗ്രൂപ്പിന് കീഴിലുള്ള മുൻനിര വാഹന ഘടക നിർമാതാക്കളായ സുന്ദരം ഫാസ്റ്റ്‌നേഴ്‌സ്, ഇന്ത്യയിലെ പ്രിസിഷൻ ഫാസ്റ്റ്‌നേഴ്‌സ് വിപണിയുടെ 40 ശതമാനവും കൈയാളുന്നു. പരമ്പരാഗത ഐസിഇ (ICE) എൻജിൻ വാഹനങ്ങളിൽ നിന്നുള്ള ആശ്രയത്വം കുറച്ച് ഇലക്ട്രിക് വാഹനം (EV), എയ്‌റോസ്‌പേസ്, പ്രതിരോധം, പുനരുപയോഗ ഊർജം എന്നീ മേഖലകളിലേക്ക് കമ്പനി ബിസിനസ് വൈവിധ്യവത്കരിക്കുകയാണ്.

ഈ വൈവിധ്യവല്‍ക്കരണം കമ്പനിയുടെ വരുമാനത്തിലെ ഏറ്റക്കുറച്ചിലുകള്‍ കുറക്കുകയും ദീര്‍ഘകാല വളര്‍ച്ചക്ക് പുതിയ വഴികള്‍ തുറക്കുകയും ചെയ്യുന്നു. ഇലക്ട്രിക് വാഹന ഘടകങ്ങളുടെയും പവര്‍ട്രെയിന്‍ സാങ്കേതികവിദ്യയുടെയും വികസനത്തിനായി കമ്പനി വര്‍ഷംതോറും 250 മുതല്‍ 350 കോടി രൂപ വരെ നിക്ഷേപിക്കുന്നുണ്ട്.

തമിഴ്നാട്, പുതുച്ചേരി, തെലങ്കാന, ആന്ധ്രാപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലും ചൈനയിലും യുകെയിലും കമ്പനിക്ക് നിര്‍മാണ യൂണിറ്റുകളുണ്ട്. കൂടാതെ, ആഭ്യന്തര, അന്തര്‍ദേശീയ വാഹന നിര്‍മാതാക്കളുമായി കമ്പനിക്ക് ദീര്‍ഘകാലത്തെ ബന്ധമുണ്ട്.

വിപണിയിലെ മുന്‍നിര സ്ഥാനം, സ്ഥിരമായ ലാഭവളര്‍ച്ച, മികച്ച സാമ്പത്തിക ഭദ്രത എന്നിവകാരണം ഓട്ടോ കംപോണന്റ് രംഗത്ത് സുന്ദരം ഫാസ്റ്റ്നേഴ്സിന് മികച്ച മൂല്യമുണ്ട്. വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങള്‍, ആഗോള സാന്നിധ്യം, ഇലക്ട്രിക് വാഹനം, എയ്റോസ്പേസ്, പുനരുപയോഗ ഊര്‍ജം തുടങ്ങിയ വളര്‍ന്നുവരുന്ന മേഖലകളിലെ സാന്നിധ്യം എന്നിവ ഈ ഉയര്‍ന്ന മൂല്യത്തെ സാധൂകരിക്കുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിക്ഷേപകര്‍ക്ക് മികച്ച ലാഭം നല്‍കാന്‍ ഇത് സഹായിക്കും.

നിലവില്‍ 960 രൂപ വിലയുള്ള ഈ ഓഹരിയുടെ പി/ഇ അനുപാതം 33.5 മടങ്ങും പി/ബിവി അനുപാതം 4.7 മടങ്ങുമാണ്. ഒരു വര്‍ഷത്തിനകം ഇതിന്റെ വില 1,150 രൂപയിലെത്തുമെന്നും നിലവിലെ വിലയില്‍ നിന്ന് 20% നേട്ടം കൈവരിക്കാനാകുമെന്നും പ്രതീക്ഷിക്കുന്നു.

3. റെയ്മണ്ട് ലിമിറ്റഡ് (Raymond Ltd)

  • റെക്കമെന്റഡ് പ്രൈസ്‌: ₹580

  • ലക്ഷ്യ വില (1 വർഷം): ₹720

  • പ്രതീക്ഷിക്കുന്ന നേട്ടം: 24%

ലൈഫ്‌സ്റ്റൈൽ, റിയൽ എസ്റ്റേറ്റ് ബിസിനസുകൾ വേർപെടുത്തിയതോടെ പൂർണമായും ഒരു എന്‍ജിനീയറിങ് കമ്പനിയായി മാറിയിരിക്കുകയാണ് റെയ്മണ്ട് ലിമിറ്റഡ്. ഹൈ-വാല്യൂ പ്രിസിഷന്‍ എന്‍ജിനീയറിങ്, ഓട്ടോമൊബൈല്‍ ഘടകങ്ങള്‍, എയ്റോസ്പേസ് & പ്രതിരോധ നിര്‍മാണ മേഖലകളിലാണ് കമ്പനി ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കമ്പനിയുടെ എന്‍ജിനീയറിങ് വിഭാഗം മികച്ച പ്രകടന ശേഷിയുള്ള ട്രാന്‍സ്മിഷന്‍ ഘടകങ്ങള്‍, വ്യാവസായിക ഫയലുകള്‍, പവര്‍ ടൂളുകള്‍,സങ്കീര്‍ണമായ ഓട്ടോമോട്ടീവ് അസംബ്ലികള്‍ എന്നിവനിര്‍മിക്കുന്നു. ഇതിന്റെ എയ്റോസ്പേസ് അനുബന്ധസ്ഥാപനമായ ജെകെ മെയ്നി ഗ്ലോബല്‍ എയ്റോസ്പേസ് വഴി അന്താരാഷ്ട്ര എയ്റോസ്പേസ് പദ്ധതികള്‍ക്ക് ആവശ്യമായ ഘടകങ്ങളും പ്രതിരോധ ഉപകരണങ്ങളും നല്‍കുന്നുണ്ട്.

2,350 കോടി രൂപയിലധികം വരുന്ന ശക്തമായ അഞ്ച് വര്‍ഷത്തെ ഓര്‍ഡര്‍ ബുക്കുള്ള ജെകെ മെയ്നി ഗ്ലോബല്‍ എയ്റോസ്പേസ് വഴി എയ്റോസ്പേസ് മേഖലയിലെ സാന്നിധ്യം റെയ്മണ്ട് ശക്തിപ്പെടുത്തിവരികയാണ്. വര്‍ധിച്ചുവരുന്ന ആഗോള വിമാനങ്ങളുടെ ആവശ്യം, സപ്ലൈ ചെയിന്‍ വൈവിധ്യവല്‍ക്കരണം, ഇന്ത്യയുടെ പ്രതിരോധ സ്വയം പര്യാപ്തത എന്നീ ലക്ഷ്യങ്ങള്‍ കമ്പനിക്ക് നേട്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു.

ജര്‍മന്‍ പ്രിസിഷന്‍ എന്‍ജിനീയറിങ് സ്ഥാപനമായ ഡെഹാര്‍ഡെയെ (Deharde) ഏറ്റെടുക്കുന്നതിനുള്ള അന്തിമ ചര്‍ച്ചകളിലാണ് കമ്പനി. ഈ ഏറ്റെടുക്കലിലൂടെ ഏകദേശം 450 കോടി രൂപയുടെ നിര്‍മാണ അവസരങ്ങള്‍ ലഭിക്കുമെന്നും എയര്‍ബസ്, ബോയിങ് തുടങ്ങിയ ആഗോള എയ്റോസ്പേസ് ഭീമന്മാരുമായി നേരിട്ട് ടിയര്‍-1 ബന്ധം സ്ഥാപിക്കാന്‍ സാധിക്കുമെന്നും പ്രതീക്ഷിക്കുന്നു.

ഇന്ത്യയുടെ എന്‍ജിനീയറിങ്, എയ്റോസ്പേസ്, പ്രതിരോധ മേഖലകളുടെ ഭാവി വളരെ അനുകൂലമാണ്. ആഭ്യന്തര നിര്‍മാണത്തെ പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നയങ്ങളും 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയും പ്രിസിഷന്‍ എന്‍ജിനീയറിങ് കമ്പനികള്‍ക്ക് വലിയ അവസരങ്ങള്‍ നല്‍കുന്നുണ്ട്. 2026 സാമ്പത്തിക വര്‍ഷത്തില്‍ റെയ്മണ്ട് മികച്ചപ്രവര്‍ത്തന മികവ് പുലര്‍ത്തുകയും ഭാവിയിലെ വളര്‍ച്ചക്കായി നിക്ഷേപം തുടരുകയും ചെയ്തിട്ടുണ്ട്. ആകെ ഏകീകൃത വരുമാനം 2,312 കോടി രൂപയായിരുന്നു. ഇബിഡിടിഎ 335 കോടി രൂപയും അറ്റാദായം 53 കോടി രൂപയുമാണ്. കടമില്ലാത്ത ബാലന്‍സ് ഷീറ്റും വര്‍ധിച്ചുവരുന്ന ഓര്‍ഡറുകളും പ്ലാന്‍ ചെയ്തിട്ടുള്ള വിപുലീകരണങ്ങളും ഭാവിയില്‍ മികച്ച വരുമാന വളര്‍ച്ചക്ക് സാധ്യത നല്‍കുന്നു. നിലവിലെ വിപണി വിലയില്‍ നിന്ന് 24% വര്‍ധനയോടെ ഒരു വര്‍ഷത്തെ ലക്ഷ്യവില 720 രൂപയാണ്.

(ഓഹരി നിക്ഷേപം വിപണിയിലെ റിസ്‌കുകള്‍ക്ക് വിധേയമാണ്. നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുന്നതിന് മുമ്പ് സ്വയം പഠനങ്ങള്‍ നടത്തുകയോ ഒരു വിദഗ്ധന്റെ സേവനം തേടുകയോ ചെയ്യുക)

ധനം മാഗസീന്‍ 2026 ഓണപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്. ചില ഓഹരികള്‍ ഇതിനകം തന്നെ ലക്ഷ്യവില മറികടന്നിട്ടുണ്ട്. അതിനാല്‍ ഇനി വിലയില്‍ കാര്യമായൊരു തിരുത്തല്‍ (significant correction) വന്നാല്‍ മാത്രം നിക്ഷേപകര്‍ക്ക് ആ ഓഹരികള്‍ പരിഗണിക്കുന്നതാണ് ഉചിതം.

Market experts identify Mahindra Finance, Sundram Fasteners, and Raymond as prime investment picks with potential returns up to 24 percent.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT