ഒരു പ്രമുഖ സംരംഭകന്റെ മൊബൈല്‍ ഫോണ്‍ ഒരു ദിവസം പെട്ടെന്ന് തകരാറിലായി. ജോലികള്‍ തടസപ്പെടാതിരിക്കാന്‍ അദ്ദേഹം ഉടന്‍ സര്‍വീസ് സെന്ററിലെത്തി. കാരണം, ഒരു ദിവസം പോലും ഫോണില്ലാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.
പക്ഷേ മാസങ്ങളായി ഉറക്കക്കുറവും മാനസിക ക്ഷീണവും അനുഭവിച്ചുകൊണ്ടിരുന്ന സ്വന്തം മനസിന് ഒരു ദിവസത്തെ വിശ്രമം പോലും അദ്ദേഹം നല്‍കിയിരുന്നില്ല. നമ്മുടെ മൊബൈലിന്റെ ബാറ്ററി 10 ശതമാനമാകുമ്പോള്‍ ചാര്‍ജ് ചെയ്യാന്‍ നാം മറക്കാറില്ല. എന്നാല്‍ നമ്മുടെ മനസിന്റെ ഊര്‍ജം തീര്‍ന്നു പോകുമ്പോഴും 'ഈ ഒരു ജോലി കൂടി തീര്‍ക്കട്ടെ' എന്ന് പറഞ്ഞ് നമ്മള്‍ അതിനെ വീണ്ടും വീണ്ടും തളര്‍ത്തുന്നു.
ഇതാണ് ഇന്നത്തെ പല സംരംഭകരുടെയും ജീവിത യാഥാര്‍ത്ഥ്യം.
ബിസിനസ് വളര്‍ത്താനുള്ള ഓട്ടത്തിനിടെ ലാഭവും നഷ്ടവും ജീവനക്കാരുടെ കാര്യങ്ങളും ഉപഭോക്താക്കളുടെ പ്രതീക്ഷകളും സാമ്പത്തിക ബാധ്യതകളും മത്സരങ്ങളും എല്ലാം ശ്രദ്ധിക്കുന്നു. പക്ഷേ ഇതെല്ലാം നിയന്ത്രിക്കുന്ന മനസിനെ ശ്രദ്ധിക്കാന്‍ പലപ്പോഴും മറക്കുന്നു.
ഒരു സ്ഥാപനത്തിന്റെ ഏറ്റവും വലിയ ആസ്തി അതിന്റെ കെട്ടിടമോ, മൂലധനമോ അല്ല; അതിനെ നയിക്കുന്ന മനസാണ്. നിങ്ങളുടെ ബിസിനസിന് സമൃദ്ധിയുണ്ടാകുന്നത് പോലെ ശാന്തമായ മനസിലും സന്തുലിതമായ ജീവിതത്തിലും അത് വേണം. ഇപ്പോള്‍ നിങ്ങളുടെ ബിസിനസിന് മാത്രമല്ല, നിങ്ങളുടെ മനസിനും ഒരു പുതിയ തുടക്കം സമ്മാനിക്കൂ. വേരുകള്‍ ശക്തമാണെങ്കില്‍ മാത്രമെ വൃക്ഷം ഉയരത്തില്‍ വളരൂ. അതുപോലെ, മനക്കരുത്തുള്ള മനസാണ് ദീര്‍ഘകാല വിജയത്തിന്റെ യഥാര്‍ത്ഥ രഹസ്യം.
സമ്മര്‍ദ്ദം ജീവിതത്തിന്റെ ഭാഗമാണ്. എന്നാല്‍ അതിനെ അവഗണിക്കുമ്പോഴാണ് അത് തീരുമാനങ്ങളെ ബാധിക്കുകയും ബന്ധങ്ങളില്‍ അകല്‍ച്ച സൃഷ്ടിക്കുകയും ജോലിയിലെ സന്തോഷം നഷ്ടപ്പെടുത്തുകയും ചെയ്യുന്നത്. അതുകൊണ്ടു തന്നെ ഓരോ സംരംഭകനും വളര്‍ത്തേണ്ട ഏറ്റവും വലിയ നേതൃത്വശേഷിയാണ് മാനസിക പ്രതിരോധശേഷി (Mental Resilience). തിരിച്ചടികള്‍ ഉണ്ടായാലും വീണ്ടും ഉയര്‍ന്നുവരാനും പ്രതിസന്ധികള്‍ക്കിടയിലും വ്യക്തതയോടെ തീരുമാനമെടുക്കാനുമുള്ള കഴിവാണത്. ഇതിന് സഹായിക്കുന്ന 10 ശീലങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
വെല്ലുവിളികളെ സ്വീകരിക്കുക: പ്രശ്നങ്ങള്‍ ജീവിതത്തിന്റെ ഭാഗമാണ്. ഓരോ വെല്ലുവിളിയും ഒരു പുതിയ പാഠമായി കാണാന്‍ പഠിക്കുക.
നിയന്ത്രിക്കാനാകുന്ന കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക: വിപണിയെയോ, മത്സരത്തെയോ നിയന്ത്രിക്കാന്‍ കഴിയില്ല. എന്നാല്‍ നിങ്ങളുടെ ചിന്തകളെയും തീരുമാനങ്ങളെയും നിയന്ത്രിക്കാന്‍ കഴിയും.
ശരീരത്തെ പരിപാലിക്കുക: ഉറക്കം, വ്യായാമം, പോഷകാഹാരം എന്നിവ മാനസിക കരുത്തിന്റെ അടിത്തറയാണ്.
മനസിന് വിശ്രമം നല്‍കുക: ദിവസവും 10 മിനിറ്റ് ധ്യാനമോ, ആഴത്തിലുള്ള ശ്വസനമോ നിശ്ശബ്ദതയോ പരിശീലിക്കുക. അത് മനസിനെ പുനരുജ്ജീവിപ്പിക്കും.
എല്ലാം ഒറ്റക്ക് ചെയ്യരുത്: ടീമിനെ വിശ്വസിക്കുക. ചുമതലകള്‍ പങ്കുവെക്കുക. നല്ല നേതൃത്വം എന്നത് എല്ലാം സ്വയം ചെയ്യുന്നവരല്ല.
പരാജയങ്ങളെ പാഠമാക്കുക: ഓരോ തിരിച്ചടിയും അടുത്ത വിജയത്തിനുള്ള തയാറെടുപ്പാണ്.
വികാരങ്ങളെ തിരിച്ചറിയുക: ക്ഷീണം, നിരാശ, ദേഷ്യം എന്നിവ അവഗണിക്കാതെ മനസിലാക്കുകയും ആരോഗ്യകരമായി പ്രകടിപ്പിക്കുകയും ചെയ്യുക.
നന്ദി പറയുക: ദിവസവും നന്ദിയുള്ള മൂന്ന് കാര്യങ്ങള്‍ ഓര്‍ക്കുക. അത് മനസിനെ കൂടുതല്‍ പോസിറ്റീവാക്കും.
കുടുംബത്തിനും സുഹൃത്തുകള്‍ക്കും സമയം നല്‍കുക: ശക്തമായ ബന്ധങ്ങള്‍ മാനസിക പ്രതിരോധശേഷിയുടെ പ്രധാന ഉറവിടമാണ്.
ആവശ്യമെങ്കില്‍ സഹായം തേടുക: ഒരു മെന്ററോടോ, സുഹൃത്തിനോടോ മാനസികാരോഗ്യ വിദഗ്ധനോടോ സംസാരിക്കുന്നത് ബലഹീനതയല്ല, പക്വതയാണ്.
(Live Life by Nija - The Mind Studiobp-sS സ്ഥാപകയും ഐസിഎഫ് സര്‍ട്ടി ഫൈഡ് ലൈഫ് കോച്ചും കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റുമാണ് ലേഖിക)
Read DhanamOnline in English
Subscribe to Dhanam Magazine