Image : Canva 
Lifestyle

ഇന്ത്യ ബിരിയാണി കൊതിയന്മാരുടെ നാട്; ചിക്കന്‍ ബിരിയാണി ഒത്തിരി ഇഷ്ടം

ജാപ്പനീസ് വിഭവങ്ങള്‍ക്കും വലിയ പ്രിയം

Dhanam News Desk

ഓരോ സെക്കന്‍ഡിലും രണ്ടര ബിരിയാണി! ഈ വര്‍ഷം ഇന്ത്യക്കാര്‍ സ്വിഗ്ഗിയില്‍ ഓര്‍ഡര്‍ ചെയ്ത ബിരിയാണിക്കണക്കാണിത്. ബിരിയാണി എത്ര കഴിച്ചാലും മതിവരാത്ത കൊതിയന്മാരായി ഇന്ത്യക്കാര്‍ മാറിയോ? ഭക്ഷണ വിതരണ കമ്പനിയായ സ്വിഗ്ഗിക്ക് തുടര്‍ച്ചയായി എട്ടാം വര്‍ഷവും ഏറ്റവും അധികം ഓര്‍ഡറുകള്‍ ലഭിച്ച ഭക്ഷണം ബിരിയാണിയാണെന്ന് 2023ലെ കണക്കും വ്യക്തമാക്കുന്നു. ഓരോ 5.5 ചിക്കന്‍ ബിരിയാണി ഓര്‍ഡര്‍ ലഭിക്കുമ്പോള്‍ വെജ് ബിരിയാണിക്ക് ലഭിച്ചത് ഒരു ഓര്‍ഡര്‍ മാത്രം.

ഹൈദരാബാദികള്‍ക്കാണ് ബിരിയാണിയോട് പ്രിയം കൂടുതല്‍. ഒരു ഉപഭോക്താവ് 1,633 ബിരിയാണികളാണ് ഈ വര്‍ഷം ഓര്‍ഡര്‍ നല്‍കിയത്. ഇന്ത്യ-പാക്കിസ്ഥാന്‍ ലോകകപ്പ് ക്രിക്കറ്റ് മത്സരം നടന്നപ്പോള്‍ ഒരു കുടുംബം 70 പ്ലേറ്റ് ഒരുമിച്ച് ഓര്‍ഡര്‍ നല്‍കി. ചെന്നൈ, ഡല്‍ഹി നഗരങ്ങളിലും ബിരിയാണിക്ക് ഡിമാന്‍ഡ് കൂടുതലായിരുന്നു.

മധുര പലഹാരങ്ങള്‍ക്ക് പ്രിയം

ഉത്സവ കാലങ്ങളില്‍ ഈ വര്‍ഷം തിളങ്ങിയത് ഗുലാബ് ജാമുനാണ്. 77 ലക്ഷം ഓര്‍ഡറുകള്‍. നവരാത്രി ദിനങ്ങളില്‍ ഏറ്റവും അധികം വിറ്റത് മസാല ദോശയും. കേക്ക് വില്‍പനയില്‍ ഒന്നാംസ്ഥാനത്ത് ബംഗളുരുവാണ്. ലഭിച്ചത് 83 ലക്ഷം ഓര്‍ഡറുകള്‍. വാലന്റൈൻസ് ദിനത്തില്‍ ഒരു മിനിറ്റില്‍ 271 കേക്കുകള്‍ വിറ്റഴിഞ്ഞു. നാഗ്പൂരില്‍ ഒരു ഉപഭോക്താവ് ഒരു ദിവസം 92 കേക്കുകള്‍ ഓര്‍ഡര്‍ ചെയ്തു.

ജാപ്പനീസ് ഭക്ഷ്യ വിഭവങ്ങള്‍ക്ക് മുന്‍വര്‍ഷത്തെക്കാള്‍ രണ്ടിരട്ടിയില്‍ അധികം ഓര്‍ഡറുകള്‍ 2023ല്‍ ലഭിച്ചു. ചെറു ധാന്യങ്ങളുടെ (Millets) അന്താരാഷ്ട്ര വര്‍ഷമായി ആഘോഷിക്കുന്ന 2023ല്‍ അവയുടെ ഓര്‍ഡര്‍ 124% വര്‍ധിച്ചുവെന്നും സ്വിഗ്ഗി പറയുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT