canva
Lifestyle

ജോലിഭാരം കൂടുമ്പോൾ മനസ്‌ തളരുന്നുണ്ടോ? ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

തൊഴിൽസമ്മർദ്ദം മൂലമുള്ള ശാരീരിക-മാനസിക തളർച്ചയെ ചെറുക്കാം

Dhanam News Desk

തൊഴിലിടങ്ങളിലെ കടുത്ത മാനസികസമ്മർദ്ദവും അമിത ജോലിഭാരവും കാരണം ജീവനക്കാർ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് 'ബേണ്‍ഔട്ട്‌' (Burnout). കേവലമൊരു താത്കാലിക ക്ഷീണമോ മടിയോ അല്ല ഇത്. ദീർഘകാലമായി അനുഭവപ്പെടുന്ന അമിത സമ്മർദ്ദവും മാനസിക തളർച്ചയും കാരണം ശരീരത്തിന്റെയും മനസിന്റെയും ശേഷി പൂർണ്ണമായി ചോർന്നുപോകുന്ന അവസ്ഥയാണിത്. മാനസികാരോഗ്യ സംഘടനയായ യുകെ മെന്റൽ ഹെൽത്ത് ഫൗണ്ടേഷൻ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, 'ബേണ്‍ഔട്ട്‌' കൃത്യസമയത്ത് തിരിച്ചറിഞ്ഞു പരിഹരിച്ചില്ലെങ്കിൽ അത് ഹൃദ്രോഗം, വിഷാദരോഗം തുടങ്ങിയ ഗുരുതര ആരോഗ്യ പ്രശ്നങ്ങളിലേക്ക് വഴിതെളിച്ചേക്കാം.

പ്രധാന ലക്ഷണങ്ങൾ തിരിച്ചറിയാം

ബേണ്‍ഔട്ടിന്റെ ലക്ഷണങ്ങളെ പ്രധാനമായും നാലായി തരംതിരിക്കാം:


ശാരീരിക ലക്ഷണങ്ങൾ: എപ്പോഴും അനുഭവപ്പെടുന്ന കടുത്ത ക്ഷീണം, ഉറക്കമില്ലായ്മ, വിട്ടുമാറാത്ത തലവേദന, പേശിവേദന, ദഹനപ്രശ്നങ്ങൾ, രോഗപ്രതിരോധ ശേഷി കുറയുന്നത്.

വൈകാരിക ലക്ഷണങ്ങൾ: തൊഴിലിനോടുള്ള വിരക്തി, ആത്മവിശ്വാസക്കുറവ്, വിഷാദം, പെട്ടെന്ന് ദേഷ്യം വരികയോ വൈകാരികമായി തളരുകയോ ചെയ്യുക.

മാനസിക ലക്ഷണങ്ങൾ: ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരിക, ഏത് കാര്യത്തിലും നിഷേധാത്മക നിലപാട് സ്വീകരിക്കുക, കാര്യങ്ങൾ സങ്കീർണ്ണമായി ചിന്തിക്കുക.

പെരുമാറ്റത്തിലെ മാറ്റങ്ങൾ: പതിവ് ജോലികളിൽ നിന്ന് വിട്ടുനിൽക്കുക, കാര്യക്ഷമത കുറയുക, വ്യക്തിബന്ധങ്ങളിൽ നിന്ന് അകന്നുനിൽക്കുക.

അമിതമായ ജോലിഭാരവും വ്യക്തതയില്ലാത്ത ഉത്തരവാദിത്തങ്ങളുമാണ് 'ബേണ്‍ഔട്ടിന്റെ പ്രധാന കാരണം. എപ്പോഴും ഉൽപ്പാദനക്ഷമത വേണമെന്ന തൊഴിലുടമകളുടെ അനാവശ്യ പ്രതീക്ഷകൾ, കുറഞ്ഞ വേതനം, തൊഴിലിടങ്ങളിൽ മാനസിക പിന്തുണ ലഭിക്കാത്ത സാഹചര്യം, വ്യക്തിജീവിതവും ഔദ്യോഗിക ജീവിതവും തമ്മിൽ സന്തുലിതാവസ്ഥ ഇല്ലാതാകുന്നത് എന്നിവയെല്ലാം ബർൺഔട്ടിലേക്ക് നയിക്കുന്നു.

ബേണ്‍ഔട്ടിൽ നിന്ന് എങ്ങനെ തിരിച്ചുവരാം?

'ബേണ്‍ഔട്ട്‌' സ്വയം മാറുന്ന ഒന്നല്ല; കൃത്യമായ മുൻകരുതലുകളും മാറ്റങ്ങളും ഇതിന് ആവശ്യമാണ്.

  • സീമകൾ നിശ്ചയിക്കുക: ജോലിസമയവും വിശ്രമസമയവും കൃത്യമായി വേർതിരിക്കുക. ജോലി സമയം കഴിഞ്ഞും സന്ദേശങ്ങൾക്കും കോളുകൾക്കും മറുപടി നൽകുന്ന ശീലം നിയന്ത്രിക്കുക.

  • ആരോഗ്യകരമായ ജീവിതശൈലി: കൃത്യമായ ഉറക്കം, പോഷകാഹാരം, വ്യായാമം എന്നിവ ഉറപ്പാക്കുക.

  • മനസിന് ആശ്വാസം നൽകുന്ന കാര്യങ്ങളിൽ ഏർപ്പെടുക: യോഗ, ധ്യാനം, പ്രകൃതിയോടൊപ്പം സമയം ചെലവഴിക്കൽ, ലളിതമായ വിനോദങ്ങൾ എന്നിവ സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും.

  • തുറന്നു സംസാരിക്കുക: തൊഴിൽസമ്മർദ്ദം പരിധിക്കപ്പുറമാകുമ്പോൾ മേലധികാരികളോടോ കൗൺസിലർമാരോടോ കുടുംബാംഗങ്ങളോടോ തുറന്നു സംസാരിക്കുക.

ഫ്രീലാൻസർമാർ, സ്റ്റാർട്ടപ്പ് സംരംഭകർ, ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നവർ എന്നിവർക്കിടയിൽ ജോലി സമയത്തിന് കൃത്യമായ അതിർവരമ്പുകളില്ലാത്തത് വലിയ മാനസിക വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ജീവനക്കാരുടെ മനോവീര്യവും ആരോഗ്യവും നിലനിർത്താൻ സൗഹാർദ്ദപരമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കേണ്ടത് സ്ഥാപനങ്ങളുടെ വളർച്ചയ്ക്കും അത്യാവശ്യമാണ്.

A comprehensive overview of workplace burnout signs, underlying causes, and actionable recovery strategies based on Mental Health Foundation guidelines.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT