Lifestyle

യാത്ര ചെലവ് ചുരുക്കാൻ ഇതാ 5 മാർഗങ്ങൾ

Dhanam News Desk

ബിസിനസ് ആവശ്യങ്ങൾക്കും അല്ലാതെയും കുടുംബത്തോടൊപ്പവും ഒറ്റയ്ക്കുമെല്ലാം ധാരാളം യാത്രകൾ ചെയ്യേണ്ടി വരുന്നവരാണ് നമ്മളിൽ പലരും. ഇത്തരത്തിൽ തുടർച്ചയായി യാത്ര നടത്തുന്നവർ വർഷാന്ത്യം അവരുടെ യാത്ര ചെലവുകൾ പരിശോധിച്ചാൽ ഒരു കാര്യം മനസിലാകും, കൃത്യമായ പ്ലാനിംഗോടെയാണ് യാത്ര പോകുന്നത് എങ്കിൽ യാത്രാ ചെലവ് പകുതിയിലേറെ കുറയ്ക്കാൻ കഴിയുമെന്നതാണ് യാഥാർഥ്യം. ഇതാ... യാത്ര ചെലവുകൾ ചുരുക്കുന്നതിനായി അഞ്ചു വഴികൾ

1. ഹോട്ടൽ പോഡുകൾ

ഹോട്ടൽ രംഗത്തെ പുതിയ പ്രവണതയാണ് ഹോട്ടൽ പോഡുകൾ. ഒരു രാത്രി തങ്ങുന്നതിനായി മെട്രോ നഗരങ്ങളിലും മറ്റും ഒരു മുറി പൂർണമായി വാടകക്ക് എടുക്കുന്നത് വൻ ചെലവ് ഉണ്ടാക്കും. ഇതിനു പകരമാണ് മുൻനിര ഹോട്ടലുകൾ ഹോട്ടൽ പോഡുകൾ പരിചയപ്പെടുത്തുന്നത്. കട്ടിൽ, വൈഫൈ, ഒരു ഷെൽഫ്, എ സി, ബ്രേക്ക്ഫാസ്റ്റ് എന്നിവയാണ് ഹോട്ടൽ പോഡ് നൽകുന്ന സൗകര്യം. 2030 രൂപ മുതൽ ഹോട്ടൽ പോഡുകൾ ലഭ്യമാകും.

2. സോഷ്യൽ മീഡിയ

ഫേസ്‌ബുക്ക് , ട്വിറ്റര് , ഇൻസ്റ്റാഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയയിൽ എയർ ലൈനുകളെ പിന്തുടരുന്നതിലൂടെ അവയുടെ ലാസ്റ്റ് മിനിറ്റ് ഡിസ്‌കൗണ്ട് സീറ്റിനെ പറ്റി അറിയാനാകും. ഈ ഡിസ്കൗണ്ടുകൾക്ക് അനുസരിച്ച് സീറ്റ് ബുക്ക് ചെയ്യുകയാണ് എങ്കിൽ നല്ലൊരു തുക ലാഭിക്കാനാകും. ഇത്തരത്തിൽ ഹോട്ടൽ റൂമുകളും ഡിസ്‌കൗണ്ട് റേറ്റിൽ നേടാനാകും

3. മികച്ച വിമാനയാത്ര നിരക്കുകൾ

വ്യത്യസ്തങ്ങളായ വിമാന സർവീസുകളുടെ നിരക്കുകളുമായി താരതമ്യം ചെയ്ത ശേഷം , നിരക്ക് കുറഞ്ഞ സർവീസിൽ നിന്നും യാത്രക്കായി ടിക്കെറ്റ് എടുക്കുക. ഗോയിബിബോ, മക്ക മൈ ട്രിപ്പ് , തുടങ്ങിയ വെബ്‌സൈറ്റുകളുടെ സേവനങ്ങൾ ഇതിനായി പ്രയോജനപ്പെടുത്താം. മൊബൈൽ ഫോണുകളുടെ സഹായത്താൽ പോലും മേൽപ്പറഞ്ഞ സർവീസുകളുടെ സേവനം നമുക്ക് നേടാനാകും

4. മണിക്കൂർ വാടകയ്ക്ക് താമസ സൗകര്യം

താമസ സൗകര്യത്തിലെ ഏറ്റവും നൂതനമായ രീതിയാണിത്. യാത്രക്കിടക്ക് നമുക്ക് ചിലപ്പോൾ ചില അസ്ഥലങ്ങളിൽ ഏതാനും മണിക്കൂർ മാത്രം തങ്ങേണ്ട ആവശ്യമേ വരൂ. അപ്പോൾ ദിവസ വാടകയ്ക്ക് മുറിയെടുക്കുന്നത് നഷ്ടമാകും. ഈ സമയത്താണ് മണിക്കൂർ വാടകയ്ക്കുള്ള താമസ സൗകര്യം ഗുണകരമാകുന്നത്. സ്റ്റാർ ഹോട്ടലുകൾ പോലും ഇന്ന് ഇത്തരം സൗകര്യം നൽകിവരുന്നു. മൂന്നു മുതൽ പന്ത്രണ്ട് മണിക്കൂർ വരെയാണ് ഇത്തരത്തിൽ മണിക്കൂർ വാടകയ്ക്ക് മുറികൾ ലഭിക്കുക.

5. ഡിസ്‌കൗണ്ട് സൈറ്റുകൾ

യാത്രികർക്ക് ഹോട്ടൽ, താമസം, യാത്ര സൗകര്യങ്ങൾ ചുരുങ്ങിയ നിരക്കിൽ എത്തിക്കുന്നതിനായി പ്രവർത്തിക്കുന്ന വെബ്‌സൈറ്റുകൾ ധാരാളമുണ്ട്. www.coupondunia.in, www.dealsandyou.com തുടങ്ങിയവ അവയിൽ ചിലതാണ്. ഇവയുടെ ഇൻഡക്സ് പിന്തുടർന്ന് ഹോട്ടൽ ,വാഹന ബുക്കിംഗ് നടത്തുന്നതിലൂടെയും നല്ലൊരു തുക ലാഭിക്കാൻ സാധിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT