150 ദിവസം, തീയറ്ററിലെത്തിയത് 90 സിനിമകള്‍. 2026ന്റെ ആദ്യ പകുതിയില്‍ തീയറ്ററിലേക്ക് ചിത്രങ്ങളുടെ കുത്തൊഴുക്കായിരുന്നു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് തീയറ്ററില്‍ നിന്ന് ഇത്തവണ കൂടുതല്‍ വരുമാനം നേടാന്‍ സിനിമകള്‍ക്ക് സാധിക്കുമ്പോഴും നഷ്ടചിത്രങ്ങളുടെ എണ്ണം കുറയ്ക്കാന്‍ സാധിക്കുന്നില്ലെന്നതാണ് ഇന്‍ഡസ്ട്രിയുടെ പ്രധാന പരിഭവം.
പ്രേക്ഷകര്‍ കൂടുതല്‍ സെലക്ടീവായി മാറിയതോടെ നല്ല അഭിപ്രായം കിട്ടുന്ന സിനിമകള്‍ക്ക് പ്രതീക്ഷിക്കാത്ത കളക്ഷന്‍ ലഭിക്കുകയും അല്ലാത്തവ തകര്‍ന്നു തരിപ്പണമാകുകയും ചെയ്യുന്നതായി ട്രെന്റ്.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2026ലെ ആദ്യത്തെ ആറുമാസം തീയറ്ററിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നുണ്ട്. കൂടുതല്‍ ഇടത്തരം ചിത്രങ്ങള്‍ക്ക് കളക്ഷന്‍ കൂടുന്നത് ഗുണകരമായ മാറ്റമാണെന്ന് സിനിമമേഖല വിശ്വസിക്കുന്നു. ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പണംവാരിയ ചിത്രം വാഴ 2 ആണ്. 234 കോടി രൂപയാണ് ചിത്രം വാരിയത്. വര്‍ഷത്തിന്റെ തുടക്കത്തില്‍ തീയറ്ററുകളെ രക്ഷിച്ചതും വാഴയുടെ അപ്രതീക്ഷിത വിജയമാണ്.
13 കോടി രൂപയായിരുന്നു വാഴ 2ന്റെ ആകെ ബജറ്റ്. ജിയോ ഹോട്ട്‌സ്റ്റാര്‍ ഏകദേശം ഇത്രയും തുകയ്ക്ക് അടുത്ത് നല്കിയാണ് ചിത്രത്തിന്റെ ഒടിടി റൈറ്റ്‌സ് വാങ്ങിയത്. തീയറ്ററിലും ഒടിടിയിലും സാമ്പത്തികമായി മികച്ച പ്രകടനം നടത്തിയ അപൂര്‍വം ചിത്രങ്ങളുടെ പട്ടികയിലാണ് രണ്ടാംനിര താരങ്ങളെ വച്ചെടുത്ത ഈ ചിത്രം ഇടംപിടിച്ചത്.
ഈ വര്‍ഷം ഇതുവരെ ആറ് ചിത്രങ്ങള്‍ 50 കോടി രൂപയ്ക്ക് മുകളില്‍ തീയറ്ററില്‍ നിന്ന് കളക്ഷന്‍ സ്വന്തമാക്കി. ദൃശ്യം 3, ആട് 3 (120 കോടി), പേട്രിയറ്റ് (80 കോടി), അതിരടി (62 കോടി). ഭരതനാട്യം (50) എന്നീ ചിത്രങ്ങളാണ് കളക്ഷനില്‍ മുന്നിലെത്തിയത്. ഇതില്‍ ആട് 3 ബജറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ ചിത്രം തീയറ്ററില്‍ നിന്ന് ലാഭം നേടിയില്ല. പെട്രിയോറ്റും തീയറ്റര്‍ കളക്ഷന്‍ കൊണ്ടുമാത്രം മുടക്കുമുതല്‍ തിരിച്ചു പിടിച്ചില്ല.
റിലീസിംഗിന് മുമ്പ് വലിയ ബിസിനസ് ലഭിച്ചെങ്കിലും മുന്‍ പാര്‍ട്ടുകളുടെ മികവില്ലെന്ന പ്രേക്ഷക വിലയിരുത്തല്‍ ദൃശ്യം 3യുടെ കളക്ഷനെ ബാധിക്കുന്നുണ്ട്. ആദ്യ ദിനത്തില്‍ ഇന്ത്യയില്‍ നിന്ന് 18 കോടി രൂപയോളം കളക്ട് ചെയ്ത ചിത്രം രണ്ടാമത്തെ വ്യാഴാഴ്ച്ചയില്‍ 7 കോടിയിലേക്ക് വീണു.
മേക്കിംഗിലും സ്‌ക്രിപ്റ്റിലും മികവു പുലര്‍ത്താന്‍ സാധിക്കാതെ വന്നതാണ് ദൃശ്യം 3യ്ക്ക് തിരിച്ചടിയായത്. പ്രതീക്ഷിച്ച കളക്ഷന്‍ തീയറ്ററില്‍ നിന്ന് ലഭിക്കില്ലെങ്കിലും നിര്‍മാതാക്കള്‍ക്ക് ചിത്രം വലിയ ലാഭം നേടിക്കൊടുക്കും. ഒടിടി, ഓവര്‍സീസ്, അന്യഭാഷ റൈറ്റ്‌സ് എന്നിവ വലിയ തുകയ്ക്കാണ് നേരത്തെ തന്നെ വിറ്റുപോയത്.
ഒരുകാലത്ത് മലയാള സിനിമയ്ക്ക് കുടുംബങ്ങളുടെ പിന്തുണയുണ്ടായിരുന്നു. കുടുംബ പ്രേക്ഷകരുടെ സാന്നിധ്യമായിരുന്നു ചിത്രങ്ങളെ സാമ്പത്തികമായി തുണച്ചിരുന്നത്. ന്യൂജന്‍ സിനിമകള്‍ കളംപിടിച്ചതോടെ ഫാമിലികള്‍ തീയറ്ററില്‍ നിന്ന് അകന്നു. എന്നാല്‍ കഴിഞ്ഞ രണ്ടുവര്‍ഷമായി ഫാമിലി ഓഡിയന്‍സിനെ ലക്ഷ്യംവച്ചുള്ള ചിത്രങ്ങളുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്.
2026ല്‍ ആദ്യത്തെ അഞ്ചു മാസത്തിനിടെ തീയറ്ററിലെത്തിയത് 90നടുത്ത് ചിത്രങ്ങളാണ്. എന്നാല്‍ ഇതില്‍ 90 ശതമാനം ചിത്രങ്ങളും സാമ്പത്തികമായി തകര്‍ന്നു തരിപ്പണമായി. ആകെ 50,000 രൂപയില്‍ താഴെ മാത്രം കളക്ഷന്‍ ലഭിച്ച ചിത്രങ്ങളും ഇക്കൂട്ടത്തില്‍ പെടുന്നു. കൂടുതല്‍ സിനിമകള്‍ തീയറ്ററിലെത്തുമ്പോഴും പ്രേക്ഷകര്‍ കൂടുതല്‍ സെലക്ടീവായാണ് സിനിമയെ കാണുന്നതെന്ന് സംവിധായകനും നിര്‍മാതാവുമായ പോളി വടക്കന്‍ പറയുന്നു.
ഒടിടി പ്ലാറ്റ്‌ഫോമുകള്‍ റവന്യു ഷെയറിംഗിലൂടെ ചിത്രം വാങ്ങുന്നതും യുട്യൂബ് ചാനലുകളില്‍ ക്ലിപ്‌സായി പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്കുന്നതും വഴി ചെറിയൊരു വരുമാനം നേടാന്‍ ചിത്രങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. എന്നാല്‍ തീയറ്ററില്‍ നിന്ന് ആകെ മുടക്കുമുതലിന്റെ 70 ശതമാനം എങ്കിലും തിരിച്ചുപിടിക്കാന്‍ സാധിച്ചില്ലെങ്കില്‍ ഒടിടി, ഓവര്‍സീസ് വരുമാനം നികത്താന്‍ പറ്റാത്ത അവസ്ഥയാണുള്ളത്.
Read DhanamOnline in English
Subscribe to Dhanam Magazine