Entertainment

ഇന്ത്യക്കാര്‍ക്ക് പ്രിയം കൂടുന്നു; വെറും കാര്‍ട്ടൂണ്‍ അല്ല, അനിമെ ആണ്

നറൂറ്റോ, ഡെത്ത് നോട്ട്, അറ്റാക്ക് ഓണ്‍ ടൈറ്റണ്‍ എന്നിവയ്ക്കാണ് കൂടുതല്‍ ആരാധകര്‍

Dhanam News Desk

അനിമെ എന്നറിയപ്പെടുന്ന ജാപ്പനീസ് കാര്‍ട്ടൂണ്‍ പരമ്പരകള്‍ക്ക് രാജ്യത്ത് പ്രിയമേറുന്നു. ഡിജിറ്റല്‍ എന്റര്‍ടെയ്‌മെന്റ് കമ്പനിയായ ജെറ്റ്‌സിന്തസിസ് നടത്തിയ പഠനം പറയുന്നത് ആനിമേറ്റഡ് കണ്ടന്റുകള്‍ കാണുന്ന 83 ശതമാനം പേര്‍ക്കും അനിമെകളോടാണ് താല്‍പ്പര്യമെന്നാണ്. ആദ്യമായാണ് രാജ്യത്ത് അനിമെയുമായി ബന്ധപ്പെട്ട ഒരു പഠനം നടക്കുന്നത്.

gen z , millenial വിഭാഗത്തിലുള്ളവരാണ് പ്രധാനമായും ഇത്തരം കാര്‍ട്ടൂണ്‍ പരമ്പരകള്‍ കാണുന്നത്. ജെറ്റ്‌സിന്തസിസ് നടത്തിയ പഠനത്തില്‍ പങ്കെടുത്ത 48 ശതമാനം പേരുടെയും പ്രിയപ്പെട്ട അനിമെ നറൂറ്റോ (naruto) ആണ്. ഡെത്ത് നോട്ട്, അറ്റാക്ക് ഓണ്‍ ടൈറ്റണ്‍ എന്നിവയാണ് ഇന്ത്യക്കാര്‍ പ്രധാനമായും കാണുന്ന മറ്റ് അനിമെകള്‍. ഏപ്രില്‍ 15ന് ഇന്ത്യയിലുള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അനിമെ ദിനം ആഘോഷിച്ചിരുന്നു.

അനിമെ കാണുന്ന ഇന്ത്യക്കാര്‍ക്ക് ജാപ്പനീസ് സംസ്‌കാരം, ഭാഷ, ഭക്ഷണം തുടങ്ങിയവയോട് താല്‍പ്പര്യം വര്‍ധിക്കുന്നതായും ജെറ്റ്‌സിന്തസിസ് പറയുന്നു. പഠനത്തില്‍ പങ്കെടുത്ത അനിമെ കാണുന്ന 50 ശതമാനം ആളുകളും ജപ്പാന്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. അനിമെ പരമ്പരുകളുമായി ബന്ധപ്പെട്ട സാധനങ്ങള്‍ (merchandise) വാങ്ങാന്‍ 84 ശതമാനത്തിനും താല്‍പ്പര്യമുണ്ട്. പക്ഷെ അത്തരം ഉല്‍പ്പന്നങ്ങള്‍ വില്‍പ്പനയ്‌ക്കെത്തിക്കുന്നവര്‍ രാജ്യത്ത് കുറവാണ്.

ആഗോള തലത്തില്‍ അനിമെകള്‍ക്കുള്ള ജനപ്രീതി വര്‍ധിച്ചുവരുകയാണ്. ഇന്ത്യയിലെ കണ്ടന്റ് നിര്‍മാതാക്കള്‍ക്കും ഈ രംഗത്ത് വലിയ സാധ്യതകള്‍ ഉണ്ടെന്നാണ് ജെറ്റ്‌സിന്തസിസ് ചൂണ്ടിക്കാട്ടുന്നത്. മെറ്റാവേഴ്‌സ് ഉള്‍പ്പെടെയുള്ള ടെക്‌നോളജികള്‍ വ്യാപകമാവുന്നതോടെ അനിമെ ഉള്‍പ്പെയുള്ള അനിമേഷന്‍ കണ്ടന്റുകളുടെ സാധ്യതകള്‍ വിപുലമാവുമെന്നാണ് വിലയിരുത്തല്‍.

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT