Entertainment

വിവാദങ്ങള്‍ മുറുകെപ്പിടിച്ച സൈക്കോളജിക്കല്‍ മൂവ്, മാര്‍ക്കറ്റിംഗ് മികവില്‍ ബ്രഹ്‌മാണ്ഡ കളക്ഷന്‍; ഹിറ്റാണ് എമ്പുരാന്റെ വിപണന തന്ത്രങ്ങള്‍, സിനിമ ഒരു പക്കാ കമ്മോഡിറ്റി

മലയാള സിനിമയ്ക്ക് അപ്രാപ്യമെന്ന് കരുതിയ 250 കോടി എമ്പുരാന്‍ മറികടന്നു. അതിസമര്‍ത്ഥമായ വിപണന തന്ത്രങ്ങളിലൂടെയാണ് സിനിമ ഈ അപൂര്‍വ നേട്ടം കൈവരിച്ചത്

Sajil Sreedhar

''ചെമ്മീന്‍ തുള്ളിയാല്‍ മുട്ടോളം...

അതിലും തുള്ളിയാല്‍ ചട്ടിയോളം'' എന്നൊരു ചൊല്ലുണ്ട്. മലയാള സിനിമയുടെ ബിസിനസ് സാധ്യതകളെക്കുറിച്ചുള്ള പൊതുധാരണ ഏതാണ്ട് അപ്രകാരമായിരുന്നു. ഒരു കാലത്ത് കേവലം 35 തിയേറ്ററുകളിലാണ് ഒരു മലയാളം പടം റിലീസ് ചെയ്തിരുന്നത്. ബി, സി തിയേറ്ററുകള്‍ അപ്രത്യക്ഷമാവുകയും മള്‍ട്ടിപ്ലക്സും ഷോപ്പിംഗ് മാളുകളില്‍ തിയേറ്ററുകളും വരുകയും ചെയ്തതോടെയാണ് വൈഡ് റിലീസ് എന്ന കോണ്‍സപ്റ്റ് സാര്‍വത്രികമായത്. ഒറ്റയടിക്ക് സിനിമ പരമാവധി തിയേറ്ററുകളില്‍ റിലീസ് ചെയ്ത് പണം വാരുക എന്ന തന്ത്രം.

സിനിമ നല്ലതായാലും മോശമായാലും

സാമൂഹ്യമാധ്യമങ്ങളിലൂടെ നല്‍കുന്ന പ്രചാരണ തന്ത്രങ്ങള്‍ വഴി പരമാവധി ആളുകളെ പ്രലോഭിപ്പിച്ച് തിയേറ്ററുകളില്‍ എത്തിച്ച് ഒറ്റയടിക്ക് പണം വാരുന്നു. അങ്ങനെ 300ഉം 400ഉം തിയേറ്ററുകളില്‍ പടം റിലീസ് ചെയ്യുന്ന സമ്പ്രദായം വന്നു. ടിക്കറ്റ് നിരക്ക് കൂടി ഗണ്യമായി വര്‍ധിച്ചതോടെ രണ്ട് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ സിനിമയ്ക്ക് മികച്ച ഷെയര്‍ വന്ന് തുടങ്ങി. ഇതിന് പുറമെ അന്യസംസ്ഥാനങ്ങളില്‍ മലയാള സിനിമകള്‍ മൊഴിമാറ്റി പ്രദര്‍ശിപ്പിക്കാനും തുടങ്ങി. ഇംഗ്ലീഷ് സബ് ടൈറ്റിലുകളോടെ വിദേശത്തും ഈ സിനിമകള്‍ റിലീസ് ചെയ്തു.

കോടികള്‍ കിലുങ്ങുന്നു

തമിഴ്-തെലുങ്ക്-ഹിന്ദി സിനിമകള്‍ 100 കോടി ക്ലബ്ബ് എന്നൊക്കെ അവകാശപ്പെടുമ്പോള്‍ നമ്മള്‍ കൊതിയോടെ നോക്കിനിന്നിരുന്ന കാലമുണ്ടായിരുന്നു. അന്ന് വലിയ വിഷ്വല്‍ മാജിക്ക് എന്ന് അവകാശപ്പെടുന്ന തരം മെഗാ സിനിമകള്‍ നിര്‍മിക്കാനുള്ള ബജറ്റും സാഹചര്യവും മലയാള സിനിമയ്ക്ക് ഉണ്ടായിരുന്നില്ല. പല കാരണങ്ങള്‍ കൊണ്ട് വലിയ പടങ്ങള്‍ നമ്മുടെ സ്വപ്നങ്ങള്‍ക്കപ്പുറത്താണ്.

ആ ഘട്ടത്തിലാണ് ആന്റണി പെരുമ്പാവൂര്‍ എന്ന സമര്‍ത്ഥനായ നിര്‍മാതാവ് 'ഇംഗ്ലീഷ് പടങ്ങള്‍ക്ക് നമ്മുടെ നാട്ടില്‍ വന്ന് ഇത്ര വലിയ കളക്ഷന്‍ കൊയ്യാമെങ്കില്‍ എന്തുകൊണ്ട് നമുക്ക് വിദേശത്ത് നിന്ന് വലിയ കളക്ഷന്‍ നേടിക്കൂടാ... അവര്‍ക്ക് കൂടി രുചിക്കുന്ന വിധത്തില്‍ ആഗോള സാധ്യതയുള്ള സിനിമകള്‍ നിര്‍മിച്ചു കൂടെ' എന്ന വാദം മൂന്നോട്ട് വെച്ചത്. പിന്നീട് ആന്റണിയുടെ മുന്നില്‍ ചില ബെഞ്ച്മാര്‍ക്ക് സിനിമകളുണ്ടായിരുന്നു. 2000ത്തില്‍ ഒരുകോടി

മുടക്കി അദ്ദേഹം ആദ്യമായി നിര്‍മിച്ച നരസിംഹം വാരിക്കൂട്ടിയത് 20 കോടിക്ക് മുകളിലാണ്. വലിയസിനിമകള്‍ എന്ന സ്വപ്നത്തിലേക്കുള്ള ഒരു എത്തിനോട്ടം മാത്രമായിരുന്നു നരസിംഹം.

ആദ്യത്തെ 100 കോടി ക്ലബ്ബ് സിനിമ

2013ല്‍ ആന്റണി പെരുമ്പാവൂരിന്റെ ആശിര്‍വാദ് സിനിമാസ് ദൃശ്യം നിര്‍മിക്കുമ്പോള്‍ അഞ്ച് കോടിയില്‍ താഴെയായിരുന്നു സിനിമയുടെ ബജറ്റെന്ന്

പറയപ്പെടുന്നു. തിയേറ്ററുകളില്‍ നിന്ന് മാത്രം സിനിമ 75 കോടിയിലധികം നേടി. ഒടിടി അടക്കമുള്ള മറ്റ് വരുമാന സ്രോതസുകള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ 100 കോടി പിന്നിടും.

മൊത്തത്തില്‍ മലയാളത്തില്‍ സംഭവിച്ച ആദ്യത്തെ 100 കോടി ക്ലബ്ബ് ചിത്രം എന്ന് ഇതിനെ വിശേഷിപ്പിക്കാം. അപ്പോഴും തിയേറ്ററുകളില്‍ നിന്ന് മാത്രമായി 100 കോടി ലഭിച്ചിട്ടില്ല. ഈ വിജയത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പുലിമുരുകന്‍ എന്ന മോഹന്‍ലാല്‍ ചിത്രം രൂപപ്പെടുന്നത്. 25-30 കോടിയില്‍ തീര്‍ത്ത

സിനിമ അന്നത്തെ നിലയില്‍ മലയാളത്തിലെ ഒരു ബിഗ് ബജറ്റ് സിനിമ തന്നെയായിരുന്നു. 152 കോടിയോളം സിനിമ മൊത്തത്തില്‍ നേടിയിരുന്നു.

സ്വപ്‌നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കി

ഇത്തരം മെഗാ പ്രൊജക്ടുകള്‍ക്ക് തുടര്‍ച്ചകളുണ്ടായില്ല എന്നത് ശ്രദ്ധേയമാണ്. പല കാരണങ്ങള്‍ കൊണ്ടാണിത് സംഭവിച്ചത്. ഒന്നാമത് ഗോകുലം മൂവീസ് പോലെ അപൂര്‍വം ചില ബാനറുകള്‍ ഒഴികെ വന്‍ മുതല്‍മുടക്കില്‍ സിനിമകള്‍ നിര്‍മിക്കാന്‍ കഴിവുള്ള നിര്‍മാതാക്കള്‍ മലയാളത്തിലില്ല. ഉള്ളവര്‍ക്ക് പോലും വലിയ റിസ്‌കെടുക്കാന്‍ താല്‍പ്പര്യവുമില്ല.

ഇവിടെയാണ് ആന്റണി പെരുമ്പാവൂര്‍ എന്ന നിര്‍മാതാവിന്റെ പ്രസക്തി. ആന്റണി ഗോകുലം പോലെ ഒരു കോര്‍പ്പറേറ്റ് സ്ഥാപനത്തിന്റെ ബാക്ക് അപ് ഉള്ള നിര്‍മാതാവല്ല.

ലൂസിഫറില്‍ മോഹന്‍ലാലിന്റെ താരമൂല്യവും പൃഥ്വിയുടെ വിഷനും തനിക്ക് വലിയ നേട്ടങ്ങള്‍ കൊണ്ടുതരുമെന്ന് ആന്റണി വിശ്വസിച്ചു. തിയേറ്ററില്‍ നിന്ന് മാത്രം 127 കോടി രൂപ സ്വന്തമാക്കിയ ലൂസിഫര്‍ മറ്റ് അവകാശങ്ങള്‍ അടക്കം 200 കോടി രൂപയോളംനേടിയതായാണ് റിപ്പോര്‍ട്ട്. ദുല്‍ക്കര്‍ സല്‍മാന്‍ ചിത്രമായ കുറുപ്പും 81 കോടി രൂപ തിയേറ്ററുകളില്‍ നിന്ന് മാത്രം നേടുകയും മറ്റ് വരുമാനങ്ങള്‍ ഉള്‍പ്പെടെ 100 കോടിയോളം നേടുകയും ചെയ്തു. ടോവിനോ ചിത്രം 2018ന്റെ ബജറ്റ് 26 കോടി രൂപയാണ്. ഗ്രോസ് കളക്ഷന്‍ 177 കോടിയും മറ്റ് വരുമാനമാര്‍ഗങ്ങള്‍ അടക്കം ആകെയുള്ള നേട്ടം 200 കോടി രൂപയുമാണ്. ഈ സിനിമകളെ എല്ലാം കടത്തിവെട്ടിക്കളഞ്ഞു 2024ല്‍ റിലീസായ മഞ്ഞുമ്മല്‍ ബോയ്സ്. താരമൂല്യമില്ലാതിരുന്നിട്ടും സിനിമ ആഗോള വിപണിയില്‍ നിന്നും കൊണ്ടുവന്നത് 242 കോടി രൂപയാണ്.

ബിഗ് ബജറ്റ് മൂവി

മലയാളം കണ്ട ഏറ്റവും ബിഗ് ബജറ്റ് മൂവിഎന്നതായിരുന്നു എമ്പുരാന്റെ പ്രാഥമിക പ്രചാരണ ആയുധം. ബജറ്റ് 180 കോടി രൂപവരെ എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനെ

ആദ്യം തള്ളിപ്പറഞ്ഞവരുമുണ്ട്. എന്തായാലും 150 കോടിക്ക് മുകളില്‍ നില്‍ക്കുന്ന സിനിമയാണ്. മോഹന്‍ലാല്‍, മഞ്ചു വാര്യര്‍, പൃഥ്വിരാജ്, ടൊവിനോ തോമസ് എന്നിങ്ങനെ കോടികള്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളെ അണിനിരത്തി മാസങ്ങളോളം വിദേശ രാജ്യങ്ങളില്‍ വരെ പോയി ഷൂട്ട് ചെയ്ത ഒരു സിനിമയുടെ ബജറ്റ് ചെറുതാകാന്‍ വഴിയില്ല. സാധാരണ ഗതിയില്‍ ഒരു മലയാള സിനിമ റിലീസ് ചെയ്യുന്നതിന്റെ ഇരട്ടി തിയേറ്ററുകളിലാണ് കേരളത്തില്‍ മാത്രം എമ്പുരാന്‍ റിലീസ് ചെയ്തത്; ഏകദേശം 750 തിയേറ്ററുകളില്‍. ലോകത്താകമാനം ആയിരക്കണക്കിന് തിയേറ്ററുകളില്‍ പടം റിലീസ് ചെയ്തു. എറണാകുളത്ത് മാത്രം 35 തിയേറ്ററുകളിലാണ് പടം കളിച്ചത്. കോട്ടയത്ത് എല്ലാ തിയേറ്ററുകളിലും എമ്പുരാനായിരുന്നു.

ഹൈപ്പ് കൊടുത്ത് കളക്ഷന്‍ കൂട്ടി

സിനിമയ്ക്ക് വലിയ ഹൈപ്പ് കൊടുത്ത് ഒറ്റയടിക്ക് കിട്ടുന്ന കളക്ഷന്‍ മുതലാക്കുക എന്ന തന്ത്രം തന്നെയായിരുന്നു ഇതിന് പിന്നില്‍. ഹോളിവുഡ് സിനിമകളെ വെല്ലുന്ന ചിത്രം എന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുകയും ഒരു ഇംഗ്ലീഷ് സിനിമയുടെ പ്രതീതി ജനിപ്പിക്കുന്ന ടീസര്‍ റിലീസ് ചെയ്ത് ആ വിശ്വാസം ഊട്ടിയുറപ്പിക്കുകയും ചെയ്തു. മോഹന്‍ലാലും പൃഥ്വിരാജും ബിബിസി ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കി

സിനിമ ഒരു മഹാസംഭവമാണെന്ന പ്രതീതി ജനിപ്പിച്ചു. ഈ സിനിമ കണ്ടില്ലെങ്കില്‍ എന്തോ വലിയ കുറവ് സംഭവിക്കും എന്ന തോന്നല്‍ മനുഷ്യമനസില്‍ ജനിപ്പിക്കും വിധമായിരുന്നു മാര്‍ക്കറ്റിംഗ്.

പ്രീറിലീസ് ബുക്കിംഗ് എന്ന സ്ട്രാറ്റജി വഴി 65 കോടിയില്‍ പരം രൂപയുടെ കളക്ഷന്‍ റിലീസിന് മൂമ്പേ നേടിയതായും നിര്‍മാതാക്കള്‍ അവകാശപ്പെട്ടു. ഇതെല്ലാം സിനിമയ്ക്ക് അസാധാരണമായ ഹൈപ്പ് നേടിക്കൊടുത്തു. ഇത് ഏതോ മഹാസംഭവമാണെന്ന പ്രതീതി ജനിപ്പിക്കപ്പെട്ടു. മാധ്യമങ്ങള്‍ ഈ വാര്‍ത്ത ശരിക്കും ആഘോഷിച്ചു.

ഷോകളുടെ എണ്ണം വര്‍ധിപ്പിക്കുക എന്നതായിരുന്നുമറ്റൊരു തന്ത്രം. സാധാരണ ഗതിയില്‍ ഒരു സിനിമ പ്രതിദിനം പരമാവധി നാല് ഷോയാണ് കളിക്കുക. ആ സ്ഥാനത്ത് എമ്പുരാന്‍ വെളുപ്പിന് നാല് മണിക്കും ചിലയിടങ്ങളില്‍ ആറ് മണിക്കും തുടങ്ങി രാത്രി 12.30ന് വരെ ഷോ സംഘടിപ്പിച്ചു. ഈ ഷോ അവസാനിക്കുക വെളുപ്പിന് 3.30ന് ആവും. പല തിയേറ്ററുകളിലും ദിവസം ഏഴ് ഷോ വരെ നടന്നതായി അറിയുന്നു.

ശരാശരി സിനിമയ്ക്ക് ബ്രഹ്‌മാണ്ഡ കളക്ഷന്‍

ആദ്യ ദിവസം എമ്പുരാന്‍ സിനിമ കണ്ട പലരും മൂക്കത്ത് വിരല്‍വെച്ചു. സാങ്കേതിക മേന്മ മാത്രമുള്ള ഒരു ശരാശരി സിനിമയായിരുന്നു എമ്പുരാന്‍. മോഹന്‍ലാല്‍ എന്ന മഹാനടന്‍ മൂന്ന് മണിക്കുര്‍ ദൈര്‍ഘ്യമുള്ള പടത്തില്‍ ആകെ 40 മിനിറ്റ് മാത്രമാണ് രംഗത്തുള്ളത്. അഞ്ചോ

ആറോ പഞ്ച് ഡയലോഗ് പറയുക എന്നതാണ് അദ്ദേഹത്തിന്റെ ദൗത്യം. സിനിമ വിചാരിച്ചത്ര നന്നായില്ലെന്നും ബുക്ക് മൈ ഷോയില്‍ ക്യാന്‍സലേഷന് സാധ്യതയുണ്ടെന്നും തിരിച്ചറിഞ്ഞ നിര്‍മാതാക്കള്‍ കളം മാറ്റിച്ചവിട്ടി. അവര്‍ വിവാദങ്ങളെ മുറുകെ പിടിച്ചു. പല രാഷ്ട്രീയനേതാക്കളും സാംസ്‌കാരിക പ്രവര്‍ത്തകരും സിനിമയിലെ മറ്റ് സഹപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ സിനിമാ മേഖല മുഴുവന്‍ മറ്റ് അഭിപ്രായഭിന്നതകള്‍ മറന്ന് എമ്പുരാന് വേണ്ടി കൈകോര്‍ത്തു. ഗുജറാത്ത് കലാപം പോലെ ഒരു പൊള്ളുന്ന വിഷയം സിനിമയുടെ മധ്യത്തില്‍ പ്രതിഷ്ഠിച്ചത് പോലും അതിനെച്ചൊല്ലി വിവാദങ്ങളുണ്ടാകുമെന്നും എതിര്‍ത്തും അനുകൂലിച്ചും ആളുകള്‍ രംഗത്തിറങ്ങുമെന്നും അത് തിയേറ്റര്‍ നിറയ്ക്കാന്‍ സഹായകമാകുമെന്നും മുന്നില്‍ക്കണ്ട് തന്നെയാവണം. ഏതായാലും നിയമസഭയിലും പാര്‍ലമെന്റിലുമെല്ലാം എമ്പുരാന്‍ തരംഗം നിലനിര്‍ത്തുന്നതില്‍ നിര്‍മാതാക്കള്‍ വിജയിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ തിയേറ്ററില്‍ കുടുംബസമേതം പോയി എമ്പുരാന്‍ കണ്ടതും വാര്‍ത്തയാക്കി.

വിവാദങ്ങള്‍ വിപണന തന്ത്രമാകുന്നു

സിനിമ ചില രാഷ്ട്രീയത്തെ അപഹസിക്കുകയും മറ്റ് ചിലതിനെ അനുകൂലിക്കുകയും ചെയ്യുന്നുവെന്ന തരത്തില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നു. ചാനല്‍ സംവാദങ്ങള്‍ കൊഴുത്തപ്പോള്‍ സിനിമയെ ആദ്യം സിനിമയായി കാണണമെന്ന് പറഞ്ഞ നേതാക്കള്‍ പിന്നീട് എതിര്‍ക്കുകയും ചെയ്തു.

അങ്ങനെ മുമ്പ് ഒരിക്കലും കാണാത്ത തരം വിപണന തന്ത്രങ്ങള്‍ ഈ സിനിമയ്ക്കായി ഉപയോഗിക്കപ്പെട്ടു. മോഹന്‍ലാല്‍, പൃഥ്വിരാജ്, മുരളി ഗോപി, ഗോകുലം ഗോപാലന്‍ തുടങ്ങിയവരെ ചുറ്റിപ്പറ്റിയാണ് വിവാദങ്ങള്‍ കൊഴുത്തത്. വിഷയത്തില്‍ പരസ്യമായ ക്ഷമാപണവുമായി മോഹന്‍ലാല്‍ എത്തുകയും ചെയ്തിരുന്നു. ഒടുവില്‍ സിനിമയിലെ ചില രംഗങ്ങള്‍ വെട്ടിമാറ്റാനും കഥാപാത്രത്തിന്റെ പേര് മാറ്റാനും നിര്‍ബന്ധിതരായി. വെട്ടിമാറ്റിയ സിനിമ വരുന്നതിന് മുമ്പ് ബുക്കിംഗ് വളരെ കൂടുതലായിരുന്നത് പെട്ടെന്ന് 250 കോടി ക്ലബ്ബിലേക്കെത്താന്‍ സിനിമയെ സഹായിച്ചു. പിന്നീട് പുതിയ പതിപ്പിറങ്ങിയപ്പോഴും തിയേറ്ററുകളില്‍ ആളുകള്‍ കയറി. സിനിമ അത്ര സംഭവമൊന്നുമല്ലെങ്കിലും ഈ വിവാദങ്ങളൊക്കെ വന്ന സ്ഥിതിക്ക് ആരും ഒന്ന് കാണാന്‍ പോകും. മറ്റുള്ളവരോട് കാണാന്‍ പോകാന്‍ പറയുകയും ചെയ്യും. ഇതായിരുന്നു എമ്പുരാന്‍ ടീമിന്റെ വിജയം. വലിയ അഭിപ്രായമില്ലാത്ത സിനിമയായിട്ട് പോലും അത് കാണാന്‍ ആളുകളെ മാനസികമായി പാകപ്പെടുത്തുക എന്ന സൈക്കോളജിക്കല്‍ മൂവായിരുന്നു അതിസമര്‍ത്ഥമായ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിലൂടെ ഇവര്‍ നടത്തിയത്.

മാര്‍ക്കറ്റിംഗ് മികവ്

ദുര്‍ബല മനസുള്ള നമ്മുടെ ജനതയുടെ മനസില്‍ തിരയിളക്കം സൃഷ്ടിച്ചുകൊണ്ട് ഏതൊരു ഉല്‍പ്പന്നവും വിപണനം ചെയ്യുക എന്ന ബിസിനസ് തന്ത്രം പരീക്ഷിക്കുക മാത്രമാണ് എമ്പുരാന്റെ അണിയറ ശില്‍പ്പികള്‍ ചെയ്തത്. ഉല്‍പ്പന്നം അത്ര മികച്ചതല്ലാതിരുന്നിട്ട് പോലും മാര്‍ക്കറ്റിംഗിലെ മികവ് കൊണ്ട് അത് ഒരു വലിയ സംഭവമാണെന്ന് തോന്നിപ്പിച്ച് ആളുകളെ തിയേറ്ററില്‍ എത്തിക്കുന്ന പ്രവണതയുടെ വിജയമായിരുന്നു അത്. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരുന്ന ഒരു വസ്തുതയുണ്ട്. സിനിമ കണ് പലരും പറഞ്ഞ ഒരു കാര്യം ആദ്യ ഭാഗമായ ലൂസിഫറായിരുന്നു ഇതിലും മെച്ചമെന്നാണ്. എമ്പുരാന്‍ കുറേക്കൂടി മികച്ച ഒരു സിനിമയായിരുന്നെങ്കില്‍ ഉറപ്പായും മൗത്ത് പബ്ലിസിറ്റി വഴി കൂടുതല്‍ കളക്ഷന്‍ നേടുമായിരുന്നു. എന്നാല്‍ കൊട്ടിഘോഷം വഴി ഈ കുറവിനെയും മറികടന്നിരിക്കുകയാണ് എമ്പുരാന്‍ ടീം. സാധാരണ ഗതിയില്‍ ഒരു സിനിമ മോശമായാല്‍ പരിചിതരുടെ ഭാഗത്ത് നിന്നുള്ള ഒരു സ്ഥിരം പ്രതികരണമുണ്ട്.

'പടം കത്തിയാ കേട്ടോ, വെറുതെ കാശ് കളയണ്ട' എമ്പുരാന്‍ ഈ ട്രെന്‍ഡിനെയും മറികടന്ന് എന്തായാലും ഒന്ന് പോയി കാണ് എന്ന് പറയുന്ന തലത്തിലേക്ക് മാറി.

ഫാന്‍സുകളെ ഒന്നിപ്പിച്ച സിനിമ

മറ്റൊരു അതിശയകരമായ സംഗതിയും ഈ സിനിമ യാഥാര്‍ത്ഥ്യമാക്കി. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും സിനിമകള്‍ റിലീസ് ചെയ്യുന്ന ഘട്ടത്തില്‍ ഇരുവരുടെയും ഫാന്‍സ് ചേരിതിരിഞ്ഞ് അടികൂടുന്ന കാഴ്ച കഴിഞ്ഞ ഒരു ദശകമായി സമൂഹമാധ്യമങ്ങളില്‍ പതിവായിരുന്നു. എന്നാല്‍ എമ്പുരാന്റെ റിലീസ് ഘട്ടത്തില്‍ ഈ തരംഗം ഉണ്ടായില്ല. മോഹന്‍ലാലിന്റെ സ്ഥിരം പ്രേക്ഷകര്‍ക്കൊപ്പം എതിര്‍ഭാഗത്ത് നില്‍ക്കുന്നവരും ആവേശത്തോടെ സിനിമയ്ക്ക് കയറി.

മലയാള സിനിമാ ചരിത്രത്തില്‍ മുന്‍കാലങ്ങളില്‍ ആരും പരീക്ഷിക്കാത്ത വിപണന തന്ത്രങ്ങളാണ് എമ്പുരാന്‍ ടീം നിരന്തരം പയറ്റിക്കൊണ്ടിരുന്നത്. അതുകൊണ്ട് തന്നെ ഒരു മലയാള സിനിമയ്ക്ക് സ്വപ്നം കാണാന്‍ കഴിയാത്ത വിജയം കൊണ്ടുവരാന്‍ ഈ ചിത്രത്തിന് കഴിഞ്ഞു. റിലീസ് ചെയ്ത് 12 ദിവസത്തിനുള്ളില്‍ 255 കോടി വേള്‍ഡ്വൈഡ് കളക്ഷന്‍ സ്വന്തമാക്കിയ പടം 50 ദിവസമെത്തുമ്പോള്‍ എത്ര നേടുമെന്ന് ആകാംക്ഷയോടെ ഉറ്റുനോക്കുകയാണ് ചലച്ചിത്ര ലോകം. എമ്പുരാന്‍ നല്‍കുന്ന പാഠമിതാണ് - സിനിമയെയും ഒരു പക്കാ കമ്മോഡിറ്റിയായി കണ്ട് സാധ്യമായ എല്ലാ വഴികളിലുടെ

അതിനെ നന്നായി മാര്‍ക്കറ്റ് ചെയ്താല്‍ അചിന്ത്യമായ റിസള്‍ട്ട് ഉണ്ടാക്കിയെടുക്കാന്‍ സാധിക്കും. മലയാള സിനിമയുടെ എല്ലാ പരിമിതികളെയും മറികടന്ന് ആഗോളതലത്തില്‍ പോലും ചലനങ്ങള്‍ സൃഷ്ടിക്കുന്ന തലത്തിലേക്ക് സിനിമയെ അപ്‌ലിഫറ്റ് ചെയ്തിരിക്കുകയാണ് നിര്‍മാതാക്കള്‍.

ആന്റണി പെരുമ്പാവൂരിന്റെയും പൃഥ്വിരാജിന്റെയും ദീര്‍ഘവീക്ഷണത്തിനും കാഴ്ചപ്പാടുകള്‍ക്കും പരിശ്രമങ്ങള്‍ക്കും ലഭിച്ച അംഗീകാരം കുടിയാണ് എമ്പുരാന്റെ മിന്നുന്ന വിജയം.

(സിനിമാ സംബന്ധിയായ കോളമിസ്റ്റാണ് ലേഖകന്‍)

**ധനം മാഗസീന്‍ 2025 ഏപ്രില്‍ 30 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്

Read DhanamOnline in English

Subscribe to Dhanam Magazine

SCROLL FOR NEXT